TopTop
Begin typing your search above and press return to search.

മുരുഗനെ കൊന്നത് ആരോഗ്യ മുതലാളിമാര്‍; അടച്ചുപൂട്ടണം ഈ ആശുപത്രികള്‍

മുരുഗനെ കൊന്നത് ആരോഗ്യ മുതലാളിമാര്‍; അടച്ചുപൂട്ടണം ഈ ആശുപത്രികള്‍

7 മണിക്കൂറിനിടയില്‍ കയറിയിറങ്ങിയത് 6 ആശുപത്രികള്‍; തമിഴ്നാട് സ്വദേശിക്ക് ആംബുലന്‍സില്‍ ദാരുണാന്ത്യം. “ആട്ടിപ്പായിച്ചല്ലോ ആ ജീവനെ.. എന്ന മലയാള മനോരമയുടെ ഇന്നത്തെ പ്രധാന വാര്‍ത്ത മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ഒന്നാണ്. രോഗിയുടെ ജീവന്‍ അവസാന ശ്വാസം വരെ പിടിച്ച് നിര്‍ത്താന്‍ ശ്രമിക്കേണ്ട ആതുരാലയങ്ങള്‍ മനുഷ്യത്വം മരവിച്ചവര്‍ നടത്തുന്ന വെറും കച്ചവട സ്ഥാപനങ്ങള്‍ മാത്രമാണ് എന്നു തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്നത്.

മനോരമയുടെ റിപ്പോര്‍ട്ട്; “സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഗുരുതര പരുക്കുകളോടെ എഴുമണിക്കൂര്‍ ആംബുലന്‍സില്‍ കഴിച്ചുകൂട്ടേണ്ടി വന്ന തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം. ദേശീയ പാതയില്‍ ചാത്തന്നൂരിന് സമീപം ഇത്തിക്കര വളവില്‍ ഞായര്‍ രാത്രി 10.30നു ബൈക്ക് അപകടത്തില്‍ പരുക്കേറ്റ തിരുനെല്‍വേലി സ്വദേശി മുരുഗനാണ് (33) ആംബുലന്‍സില്‍ ആറ് ആശുപത്രികള്‍ കയറിയിറങ്ങിയ ശേഷം ഇന്നലെ രാവിലെ 6.15നു മരിച്ചത്”

മുരുഗനെയും അപകടത്തില്‍ പരുക്കേറ്റ മറ്റ് മൂന്നു പേരെയും ഹൈവേ പോലീസ് കൊട്ടിയത്തെ കിംസ് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. മുരുഗന്റെ പരുക്ക് ഗുരുതരമാണെന്നും വെന്റിലേറ്റര്‍ സൌകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നും ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച് സന്നദ്ധ സംഘടനയായ ട്രോമ കെയര്‍ ആന്‍ഡ് റോഡ് ആക്സിഡന്‍റ് എയ്ഡ് സെന്‍റര്‍ ഇന്‍ കൊല്ലം (ട്രാക്ക്) എന്ന സംഘടനയുടെ വെന്റിലേറ്റര്‍ സൌകര്യമുള്ള ആംബുന്‍സിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് കൊല്ലം മെഡിട്രീന ഹോസ്പിറ്റലില്‍ എത്തിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ പറഞ്ഞ കാരണം ന്യൂറോ സര്‍ജന്‍ ഇല്ല എന്നായിരുന്നു. തുടര്‍ന്ന് മെഡിസിറ്റി മെഡിക്കല്‍ കോളേജിലേക്ക്. ആപ്പോഴേക്കും അപകടം നടന്നു ഒരു മണിക്കൂര്‍ കഴിഞ്ഞിരുന്നു. അഡ്മിറ്റ് ചെയ്യാന്‍ സാധിക്കില്ല എന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്. 12 മണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തി. വെന്റിലേറ്റര്‍ ഒഴിവില്ലാത്തതിനാല്‍ അവിടെയും കിടന്നു മൂന്നു മണിക്കൂര്‍. പുലര്‍ച്ചെ 4.45നു പട്ടം എസ് യു ടി ഹോസ്പിറ്റലില്‍. ന്യൂറോ സര്‍ജന്‍ ഇല്ലെന്നു മറുപടി. ആറുമണിയോടടുപ്പിച്ച് അസീസിയ ഹോസ്പിറ്റലില്‍. അവിടെയും ന്യൂറോ സര്‍ജന്‍ ഇല്ല. ഒടുവില്‍ ജില്ലാ ആശുപത്രിയിലേക്ക്. ഒടുവില്‍ 6.15ഓടെ മുരുകന്‍ അന്ത്യശ്വാസം വലിക്കുകയായിരുന്നു.

ചികിത്സ നിഷേധിച്ചത് കുറ്റകരമാണെന്നാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചത്. "പരുക്കേറ്റു ആശുപത്രിയില്‍ എത്തിച്ചയാളെ ആരാണ് കൊണ്ടുവന്നതെന്ന് പോലും നോക്കാതെ ചികിത്സ നല്കണം എന്നാണ് സുപ്രീം കോടതി നിര്‍ദേശം. സമാനമായ നിയമം കേരള നിയമസഭയും പാസാക്കിയിട്ടുണ്ട്. ഇത് രണ്ടും ആശുപത്രികള്‍ ലംഘിച്ചിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു." മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആശുപത്രികള്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഡിജിപി ലോകനാഥ ബെഹ്റ പറഞ്ഞു. കൊല്ലം മെഡിസിറ്റി, മെഡിട്രീന, അസീസിയ, എസ് യു ടി പട്ടം, കിംസ് കൊട്ടിയം എന്നീ ആശുപത്രികള്‍ക്ക് എതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ഐപിസി 304 പ്രകാരമാണ് കേസ്. എഫ് ഐ ആറില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

അതിനിടയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വിശദീകരണവുമായി എത്തി. വെന്റിലേറ്റര്‍ സംവിധാനം ഒഴിവില്ലാത്തതിനാല്‍ ആണ് ചികിത്സ നല്കാന്‍ കഴിയാതെ പോയത് എന്നാണ് മെഡിക്കല്‍ കോളേജിന്റെ വിശദീകരണം. അത്യാഹിത വിഭാഗത്തിലെ സര്‍ജറി ഡ്യൂട്ടി ഡോക്ടര്‍ ആംബുലന്‍സില്‍ എത്തി പരിശോധിച്ചിരുന്നു എന്നും വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു ആംബു ബാഗ് ഉപയോഗിച്ച് ചികിത്സ നടത്താനുള്ള സാധ്യത ഡോക്ടര്‍മാര്‍ ആരാഞ്ഞിരുന്നു എന്നും സൂപ്രണ്ടിന്റെ വിശദീകരണത്തില്‍ പറയുന്നു.

'ഇനിയാര്‍ക്കും വരരുതു മുരുഗന്റെ ഗതി' എന്ന പേരില്‍ മലയാള മനോരമ എഴുതിയ എഡിറ്റോറിയലില്‍ "ആരോഗ്യ രംഗത്ത് കേരള മോഡല്‍ എന്ന പൊങ്ങച്ചം ഉളുപ്പില്ലാതെ ആവര്‍ത്തിക്കുന്ന നമുക്ക് തിരുനെല്‍വേലി സ്വദേശി മുരുഗന്റെ ആത്മാവ് മാപ്പ് തരുമോ?" എന്നു ചോദിക്കുന്നു.

മുരുഗന്റെ മരണം മനഃസാക്ഷി മരവിച്ച ആരോഗ്യ മേഖലയുടെ പൈശാചിക മുഖമാണ് തുറന്നിടുന്നത്. അത് എത്രമാത്രം കച്ചവടത്തിന്റെ നീരാളി കൈകളില്‍ അകപ്പെട്ടിരിക്കുന്നു എന്നും. ഈ ആരോഗ്യ മുതലാളിമാരോട് ചില ചോദ്യങ്ങള്‍ ചോദികേണ്ടിയിരിക്കുന്നു.

അത്യാസന്ന നിലയില്‍ എത്തുന്ന രോഗിയുടെ കൂടെ കൂട്ടിരിപ്പുകാര്‍ വേണമെന്ന് ശാഠ്യം പിടിക്കുന്നത് ശരിയോ? രോഗിക്ക് ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ അടിയന്തര സാഹചര്യം ഒരുക്കുകയല്ലേ വേണ്ടത്? അജ്ഞാതനായ ഒരു രോഗി തങ്ങളുടെ ആശുപത്രിയില്‍ കിടന്ന് പെട്ടെന്നെങ്ങാനും മരണപ്പെട്ടാല്‍ നേരിടേണ്ടി വരുന്ന നിയമപരമായ ബാധ്യതകളാണോ അതോ നല്കിയ ചികിത്സയുടെ കാശ് കിട്ടില്ല എന്ന ഭയമോ ആശുപത്രികളെ അകറ്റുന്നത്? അതോ രോഗിയുടെ കൂടെ വരുന്നവര്‍ ആശുപത്രി തകര്‍ക്കുമെന്ന പേടിയോ? അതോ അന്യ സംസ്ഥാന തൊഴിലാളിയായ ഇയാള്‍ക്ക് ഇത്ര പരിഗണന കൊടുത്താല്‍ മതിയെന്ന ചിന്തയോ?

ഇതൊക്കെയാണ് നിങ്ങളെ നയിക്കുന്നതെങ്കില്‍ ഒരു ആതുരാലയം നടത്താന്‍ നിങ്ങള്‍ യോഗ്യരല്ല.

ഇനി ഗവന്‍മെന്‍റിനോട്. അത്യാസന്ന നിലയിലെത്തുന്ന രോഗിക്ക് വേണ്ട എല്ലാ ചികിത്സയും നല്‍കാന്‍ കഴിയുന്ന ഏകോപിത സംവിധാനം എല്ലാ ജില്ലകളിലും ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അതുപോലെ എല്ലാ ജില്ലാ ആശുപത്രികളിലും അത്യന്താധുനികമായ ട്രോമ കെയര്‍ സംവിധാനങ്ങള്‍ ഒരുക്കുകയും വേണം.

ദേശാഭിമാനി പത്രത്തിനോട്. മലയാള മനോരമയ്ക്കും മാതൃഭൂമിക്കും ഇല്ലാത്ത സ്വകാര്യ മേഖല പേടി എന്തിനാണ് നിങ്ങള്‍ക്ക്? പ്രമുഖ പത്രങ്ങള്‍ എല്ലാം ആശുപത്രികളുടെ പേരുകള്‍ ഉള്‍പ്പെടെ വെച്ചു വാര്‍ത്ത എഴുതിയപ്പോള്‍ നിങ്ങള്‍ക്ക് മാത്രമെന്താണ് സ്വകാര്യ ആശുപത്രികള്‍ മാത്രം ആയത്? ലജ്ജാകരം! കരുതിയിരിക്കുക, നിങ്ങളെ സോഷ്യല്‍ മീഡിയ എടുത്തോളും.

Also Read: നോരമയ്ക്കും മാതൃഭൂമിക്കുമില്ലാത്ത എന്ത് സ്വകാര്യമാണ് ദേശാഭിമാനിക്ക്? ചികിത്സ നിഷേധിച്ച്‌ മരിക്കാന്‍ വിടുന്ന ‘കേരള മോഡല്‍’

സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories