Top

അതെന്താ ഞങ്ങള്‍ ന്യൂനപക്ഷമല്ലേ? ആണോ? മതേതര പാര്‍ട്ടിയായ ലീഗിനെ അമിത് ഷാ എന്തിനു മാറ്റി നിര്‍ത്തി?

അതെന്താ ഞങ്ങള്‍ ന്യൂനപക്ഷമല്ലേ? ആണോ? മതേതര പാര്‍ട്ടിയായ ലീഗിനെ അമിത് ഷാ എന്തിനു മാറ്റി നിര്‍ത്തി?
"മൂന്നു വര്‍ഷത്തെ ബിജെപി സര്‍ക്കാരിന്റെ നയം ഭിന്നിപ്പിച്ചു ഭരിക്കല്‍ നയമാണ്." ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ഇന്നലെ യോഗം ചേര്‍ന്നതിന് ശേഷം കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മുസ്ലീം ലീഗിന്റെ വികാരം പൂര്‍ണ്ണമായും ശരിയെന്ന് മനസിലാക്കാന്‍ മൂന്നു വര്‍ഷത്തെ കാര്യങ്ങള്‍ പരിശോധിക്കേണ്ടതില്ല. അമിത് ഷാ കേരളത്തില്‍ വന്ന മൂന്നു ദിവസത്തെ സംഭവ വികാസങ്ങള്‍ നോക്കിയാല്‍ മതി
.


ജൂണ്‍ രണ്ടിന് കൊച്ചിയില്‍ വന്നിറങ്ങിയ ഉടനെ കേരളത്തിലെ പ്രമുഖ കൃസ്തീയ മത മേലധ്യക്ഷന്‍മാരെ കാണുകയും ചര്‍ച്ച നടത്തുകയും ചെയ്തു. അടച്ചിട്ട മുറിയില്‍ രാഷ്ട്രീയം പറഞ്ഞില്ല എന്നാണ് അച്ചന്‍മാര്‍ പറയുന്നത്. അകത്ത് എന്തായിരിക്കാം സംസാരിച്ചത് എന്നതിനെ കുറിച്ച് പൂര്‍ണ്ണമായ ചിത്രം ആര്‍ക്കുമില്ല. ചര്‍ച്ചയ്ക്കിരുന്നത് ഒരു വശത്ത് അമിത് ഷായും മറുവശത്ത് പുരോഹിതന്‍മാരും ആയതുകൊണ്ട് സംഗതി പകല്‍ വെളിച്ചം പോലെ ഊഹിച്ചെടുക്കാം. അതിനു സിക്സ്ത് സെന്‍സൊന്നും വേണ്ട.


അമിത് ഷായുടെ ഇന്നലത്തെ കൂടിക്കാഴ്ച ഹിന്ദു മത സന്യാസിമാരുമായിട്ടായിരുന്നു. അതില്‍ പിന്നെ അത്ഭുതപ്പെടാനൊന്നും ഇല്ല. ഗുജറാത്തില്‍ സ്ത്രീ പീഡനത്തിന് പിടിയിലായ ആശാറാം ബാപ്പുവിനെ നരേന്ദ്ര മോദി എത്ര തവണ പോയിക്കണ്ടിരിക്കുന്നു. എന്തിന് പറയുന്നു വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹത്തെ കാണാനായി ഇന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടെക്കൊണ്ടു പോയത് 'ഉറക്കത്തില്‍' ലൌകിക ജീവിതം നഷ്ടപ്പെട്ടുപോയ ഗംഗേശാനന്ദനയല്ലേ.


ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് വിശ്വാസം നേടിയെടുക്കണം' എന്നാണ് അമിത് ജി ബിജെപി നേതാക്കളെ ഉപദേശിച്ചത്. അപ്പോള്‍ ഞങ്ങള്‍ ന്യൂനപക്ഷങ്ങള്‍ അല്ലേ എന്ന സ്വാഭാവിക സംശയമാണ് 'വിഭജിച്ച് ഭരിക്കുക നയം' എന്ന വിമര്‍ശനം ഉയര്‍ത്തിക്കൊണ്ട് ലീഗ് ചോദിക്കാന്‍ ശ്രമിക്കുന്നത്. അതങ്ങോട്ട് തുറന്നു പറയാനും പറ്റില്ല. കാരണം മുസ്ലീം ലീഗ് ഒരു മതേതര പാര്‍ട്ടിയാണല്ലോ. സമുദായത്തിലെ എണ്ണം പറഞ്ഞ നേതാക്കള്‍ ഒന്നും പ്രത്യേകിച്ച് അഭിപ്രായം പറയുന്നുമില്ല. ചിലപ്പോള്‍ വിശുദ്ധ മാസമായതുകൊണ്ടായിരിക്കാം
. അമിത് ഷായ്ക്ക് വേണ്ടി വേണമെങ്കില്‍ ഒരു ഇഫ്താര്‍ വിരുന്നെങ്കിലും സംഘടിപ്പിക്കാമായിരുന്നു. അതിന്റെ പേരിലെങ്കിലും അങ്ങോട്ട് കയറി ചെന്ന് ഉന്നക്കായയും ചായയും കുടിച്ച് അമിത്ജിയും കുമ്മനവുമായൊക്കെ സൌഹൃദ സംഭാഷണം നടത്താമായിരുന്നു. എന്തായാലും കഴിഞ്ഞത് കഴിഞ്ഞു. ഇനി നമുക്ക് അല്‍പം രാഷ്ട്രീയം ഉപദേശിച്ചു കളയാം എന്നാണ് ലീഗിന്റെ ചിന്ത.
"ഭക്ഷണത്തില്‍ പോലും ഇടപെടുന്ന ബിജെപിയോട് ന്യൂനപക്ഷം എങ്ങനെ അടുക്കും" എന്ന് പികെ കുഞ്ഞാലിക്കുട്ടി ചോദിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ ചില്ലറ പുള്ളിയല്ല. വേണമെങ്കില്‍ ലോക്സഭയില്‍ മോദിയോട് പോലും നട്ടെല്ല് ഉയര്‍ത്തി നിന്നു ചോദ്യം ചോദിക്കാന്‍ അധികാരമുള്ള ആളാണ്. അതുകൊണ്ട് തന്നെ ബിജെപിക്ക് അങ്ങനെ ഈ കുട്ടിയെ തൃണവത്ഗണിച്ച് കളയാനും പറ്റില്ല. ഏകദേശം ഏഴര ശതമാനം വോട്ടുള്ള പാര്‍ട്ടിയാണ്. ബിജെപിയെക്കാളും മൂന്നു ശതമാനം മാത്രം കുറവ്. ഇനി മുസ്ലീം ജനസാമാന്യത്തിന്റെ ശക്തി നോക്കിയാല്‍ അതും അത്ര മോശമല്ല.
26.5%. ഈ കണക്കുകള്‍ ഒക്കെ കണക്കിലെടുക്കുമ്പോള്‍ അമിത് ഷാ ചെയ്തത് ശരിയാണോ? അതുകൊണ്ടാണ് കുഞ്ഞാലിക്കുട്ടി ഇതും കൂടി പറഞ്ഞത്. "കേരളത്തില്‍ സീറ്റ് വേണമെന്ന് അമിത് ഷാ ദേഷ്യം പിടിച്ചിട്ട് പറഞ്ഞിട്ടു കാര്യമില്ല. ജനം വോട്ട് ചെയ്താലേ സീറ്റ് കിട്ടൂ" മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.


എന്തായാലും ലീഗ് ഒരുങ്ങിത്തന്നെയാണ്. അഭിപ്രായ രൂപീകരണത്തിന്റെ ഭാഗമായി ഗോവയില്‍ ബുദ്ധിജീവികളെ കൂട്ടി ചിന്താശിബിരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്തുകൊണ്ട് ഗോവ എന്നാരും ചോദിക്കരുത്
? ഗോവയില്‍ ലീഗിന് എത്ര വോട്ടുണ്ട് എന്നും ചോദിക്കരുത്. സമാധാനമായി ചിന്തിക്കാന്‍ ഒരിടം, അത്രയേ ഉള്ളൂ. ബിജെപിയാണ് ആവിടെ ഭരിക്കുന്നത് എന്നതൊന്നും ഒരു വിഷയമല്ല. ബുദ്ധിജീവികള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, നിയമ വിദഗ്ധര്‍ അങ്ങനെ നിരവധി പേരെ ഈ യോഗത്തിലേക്ക് വിളിച്ചുകൂട്ടുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൂടെ കൂട്ടുന്ന ഒരു വിഭാഗം കൂടിയുണ്ട്; അടുത്തൂണ്‍ പറ്റിയ ഐഎഎസ് ഉദ്യോഗസ്ഥര്‍.


ബിജെപിക്കെതിരെയുള്ള കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കൂട്ടായ്മ ശുഭകരമാണ് എന്ന മുസ്ലീം ലീഗിന്റെ പ്രസ്താവനയാണ് മലയാള മനോരമയ്ക്ക് ക്ഷ പിടിച്ചത്. "ന്യൂനപക്ഷ ഏകീകരണമല്ല, മത നിരപേക്ഷ കക്ഷികളുടെ ഏകീകരണമാണ്" നടക്കേണ്ടത് എന്നും ലീഗ് പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പറഞ്ഞതില്‍ ഒരു രാഷ്ട്രീയ നിലപാടുണ്ട്. മലപ്പുറം മണ്ഡലത്തില്‍ നിന്ന് റെക്കോര്‍ഡ്  വോട്ട് നേടി വിജയിച്ച് ദേശീയ നേതാവായി ഉയര്‍ന്ന കുഞ്ഞാലിക്കുട്ടി സാഹിബ് മുസ്ലീം ലീഗിന്റെ മതേതര മുഖം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കും എന്ന് പ്രതീക്ഷിക്കാം.

Next Story

Related Stories