TopTop
Begin typing your search above and press return to search.

ചാരക്കേസ്: മുഖ്യ പ്രതി ആര്? പോലീസിനൊപ്പം വേട്ടപ്പട്ടികളെ പോലെ ഏറ്റു കുരച്ച മാധ്യമങ്ങളേ, നിങ്ങള്‍ തന്നെ

ചാരക്കേസ്: മുഖ്യ പ്രതി ആര്? പോലീസിനൊപ്പം വേട്ടപ്പട്ടികളെ പോലെ ഏറ്റു കുരച്ച മാധ്യമങ്ങളേ, നിങ്ങള്‍ തന്നെ

“ചാരക്കേസിന്റെ കാലത്ത് ആരും എന്റെ കൂടെയുണ്ടായിരുന്നില്ല. സര്‍ക്കാര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ – ഇടതും വലതും, മാധ്യമങ്ങള്‍, എല്ലാവരും എതിരായിരുന്നു. ഓരോരുത്തര്‍ക്കും ഓരോ ലക്ഷ്യങ്ങളായിരുന്നു. ഒരു പത്രത്തിന് രമണ്‍ ശ്രീവാസ്തവയോടുള്ള വിരോധം. സര്‍കുലേഷനില്‍ മുന്‍പില്‍ നില്ക്കുന്ന ഒരു പത്രത്തിന് നിലവിലെ മുഖ്യമന്ത്രിയെ താഴെ ഇറക്കുക എന്നതായിരുന്നു ലക്ഷ്യം. പിന്നെ മറ്റു പത്രങ്ങളെ സംബന്ധിച്ചിടത്തോളം, സെന്‍സേഷണലായ ഒരു വാര്‍ത്ത കിട്ടുമ്പോള്‍ അവര്‍ ആഘോഷിക്കാതിരിക്കുമോ?” 2013ലെ ഓണക്കാലത്തെ ഒരു പ്രഭാതത്തില്‍ പെരുന്താന്നിയിലെ സംഗീത എന്ന വീട്ടിലെ സ്വീകരണ മുറിയില്‍ ഇരുന്നു നമ്പി നാരായണന്‍ ഇങ്ങനെ പറഞ്ഞു.

ഇന്നലെ നമ്പിനാരായണന്‍ തന്റെ ആത്മകഥയായ 'ഓര്‍മ്മകളുടെ ഭ്രമണപഥ'വുമായി കേരള സമൂഹത്തിനു മുന്‍പിലേക്ക് വരുമ്പോള്‍ 1994 നവംബര്‍ 30-ന് താന്‍ നേരിട്ട അനീതിയോടുള്ള പ്രതിഷേധം തിളയ്ക്കുന്നുണ്ട് ആ വൃദ്ധന്റെ മുഖത്ത്. പക്ഷേ അദ്ദേഹത്തിന്റെ വാക്കുകള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമങ്ങളോ?

ഐ എസ് ആര്‍ ഒ ചാരക്കേസ് പുനരന്വേഷിക്കണം എന്നാണ് ഇന്നലെ അദ്ദേഹം ആവശ്യപ്പെട്ടത്. അങ്ങനെ സംഭവിച്ചാല്‍ ആരായിരിക്കും ഒന്നാം പ്രതി? സി ഐ എയോ, അതോ നമ്മുടെ പോലീസ്, രഹസ്യാന്വേഷണ വിഭാഗങ്ങളോ? അല്ലെങ്കില്‍ രാഷ്ട്രീയക്കാരോ? ആരാണ് മുഖ്യ പ്രതി?

അത് മറ്റാരുമല്ല. ഭരണകൂടം തെറ്റു ചെയ്യുമ്പോള്‍ അത് തിരുത്താന്‍ കാവല്‍നായയെ പോലെ ജാഗ്രത പാലിക്കുന്നതിന് പകരം വേട്ടപ്പട്ടികളെ പോലെ ഏറ്റു കുരച്ച മാധ്യമങ്ങള്‍ തന്നെ.

'സര്‍ക്കുലേഷന്‍ കൂടിയ പത്ര'വും അന്യന്റെ കിടപ്പറകളിലേക്ക് ഒളിഞ്ഞു നോക്കുന്ന അന്തിപത്രവും എല്ലാം ചേര്‍ന്ന് എത്ര സംഘടിതമായാണ് 50-കാരനായ ഒരു ജീനിയസിനെ അയാളുടെ ജീവിതത്തില്‍ നിന്നും പുറത്താക്കിയത്.

http://www.azhimukham.com/keralam-nambi-narayanan-reveals-sibymathews-role-in-isro-spy-case/

ഇന്നത്തെ ചില പ്രമുഖ പത്രങ്ങളുടെ തലക്കെട്ടും വാചകങ്ങളും നോക്കുക (ഫീലിംഗ് പുച്ഛത്തോടെ);

ചാരക്കേസ് പുനരന്വേഷിക്കണം: നമ്പി നാരായണന്‍ (മലയാള മനോരമ)

“ചാരക്കേസ് കെട്ടിച്ചമച്ചതാണ്. രാജ്യത്തിന് പുറത്തുള്ള ആരോ ആണ് ഈ കേസിന് പിന്നിലെന്ന് ഞാന്‍ സംശയിക്കുന്നു. അവരാണ് കളികളെല്ലാം കളിച്ചത്. അതിനാല്‍ കേസ് വീണ്ടും അന്വേഷിക്കണം.”

സത്യം പുറത്തുവരണം (മാതൃഭൂമി)

“ചാരക്കേസുമായി ബന്ധപ്പെട്ട് താന്‍ അനുഭവിച്ച പീഡനങ്ങളില്‍ ഒരുപാട് പേര്‍ക്ക് പങ്കുണ്ട്. അതിലെ രാഷ്ട്രീയവും മാധ്യമ നീതിയുമല്ല പ്രശ്നം. ഈ കേസുമായി ബന്ധപ്പെട്ട കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുക എന്നുള്ളതാണ്.”

“എന്റെ നഷ്ടങ്ങളെ കുറിച്ചു മറന്നേക്കൂ. രാജ്യത്തിന്നുണ്ടായ വലിയ നഷ്ടം കണക്കിലെടുക്കൂ”

ചാരക്കേസ് കെട്ടിച്ചമച്ചവരെ വെറുതെ വിടരുത് (കേരള കൌമുദി)

“ചാരക്കേസ് വ്യാജമായിരുന്നു. അത് സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. കേസ് കെട്ടിച്ചമച്ചതാണെന്ന് സി ബി ഐ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആരാണ് കെട്ടിച്ചമച്ചതെന്ന് വ്യക്തമല്ല. അത് കണ്ടെത്താനാണ് പുനരന്വേഷണം വേണ്ടത്.”

ഐ എസ് ആര്‍ ഒ ചാരക്കേസ് പുനന്വേഷിക്കണം (ദേശാഭിമാനി)

“കേസ് കെട്ടിച്ചമച്ചതാണ്. ഇതിന് പിന്നില്‍ വൈദേശികശക്തികളാണ്”

മാധ്യമങ്ങളെ, നിങ്ങള്‍ ഒന്നു കുമ്പസരിച്ചാല്‍ വെളിവാകുന്ന രഹസ്യങ്ങളേ ഉള്ളൂ ചാരക്കേസില്‍. അന്ന് തങ്ങള്‍ ആരുടെ താളത്തിനനുസരിച്ചാണ് തുള്ളിയത് എന്നു പുറത്തുപറയുക. ചെയ്ത തെറ്റുകള്‍ക്കുള്ള മാപ്പിരക്കലായി അത് മാറും.

ചാരക്കേസ് കള്ളവും അടിസ്ഥാനരഹിതവുമാണെന്ന് സി.ബി.ഐ കണ്ടെത്തിയിട്ട് 20 വര്‍ഷം കഴിഞ്ഞു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും അന്വേഷണം മാധ്യമങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്നതാണ് സത്യം.

ചാരക്കഥ ഉണ്ടാക്കിയത് സി.ഐ.എ ആയിരുന്നുവെന്ന് 16 വര്‍ഷം മുന്‍പ് Spies for Space: The ISRO Frame –up എന്ന പുസ്തകത്തില്‍ എഴുതിയ ജെ രാജശേഖരന്‍ നായര്‍ എന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ 2014 ഒക്ടോബര്‍ 29ന് അഴിമുഖത്തില്‍ ഇങ്ങനെ എഴുതി; "ചാരക്കഥ പ്രകാരം ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞര്‍ ചെയ്ത കുറ്റങ്ങള്‍ രണ്ടെണ്ണമാണ്. ഒന്ന്, ക്രയോജനിക് സാങ്കേതിക വിദ്യ മാലിവനിതകള്‍ വഴി പാകിസ്ഥാന് കൈമാറി. രണ്ട്, വികാസ് എഞ്ചിന്റെ സാങ്കേതിക വിദ്യ Url ഏവിയേഷന്‍ വഴി റഷ്യയ്ക്ക് കൈമാറി.

രണ്ട് ആരോപണങ്ങളും അടിമുടി അസംബന്ധമാണ്. 1994 ല്‍ ഇന്ത്യയ്ക്ക് ക്രയോജനിക് സാങ്കേതിക വിദ്യ ഇല്ലായിരുന്നു. (ഇന്നും ഇല്ല.) ഇല്ലാത്ത സാങ്കേതിക വിദ്യ എങ്ങനെ ചോര്‍ത്തിക്കൊടുക്കും? വികാസ് എഞ്ചിന്‍ 1977 -ല്‍ ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് നിയമാനുസൃതം കരസ്ഥമാക്കിയ വൈകിംഗ് എന്ന ദ്രവ്യ ഇന്ധന (Liquid Propulsion) എഞ്ചിന്റെ തദ്ദേശീയരൂപമാണ്. Liquid Propulsion System ത്തിന്റെ സാങ്കേതിക വിദ്യ 1977 ന് വളരെ മുമ്പ് തന്നെ സ്വായത്തമാക്കിയ റഷ്യയിലേക്ക് എന്തിനാണ് ഇന്ത്യ രഹസ്യമായി അയച്ചുകൊടുത്തത്?"

http://www.azhimukham.com/j-rajasekharan-nair-isro-spy-case-nambi-narayanan-cia-cryogenic-us-russia-glavkosmos-media-kerala/

ബുദ്ധിപൂര്‍വ്വമായ ചോദ്യങ്ങളെല്ലാം അപ്രസക്തമാക്കിയ ചാരക്കേസില്‍ ഇത്തരം ചോദ്യങ്ങള്‍ പക്ഷേ, ഒരിടത്തു നിന്നും ഉയര്‍ന്നു കേട്ടില്ല.-“ചാരക്കേസ്-ആരാണ് യഥാര്‍ത്ഥ പ്രതി? എന്ന കോളത്തില്‍ രാജശേഖരന്‍ നായര്‍ എഴുതി.

“ഇത്തരമൊരു കഥയ്ക്കു പിന്നാലെ മാധ്യമങ്ങള്‍ എന്തിന് പോയി? ഇന്നലത്തെ വില്ലന്‍മാരെ ഒറ്റയടിക്ക് ഇന്നത്തെ ഹീറോകളാക്കി മാറ്റുന്ന മാധ്യമങ്ങള്‍ അന്നും ഇന്നും കഥയറിയാതെ ആട്ടം കാണുകയാണോ?” രാജശേഖരന്‍ നായര്‍ ചോദിക്കുന്നു.

പി.എസ്.എല്‍.വി വിക്ഷേപണ വേളയില്‍ നരസിംഹ റാവുവിനൊപ്പം

കേസിനെ കുറിച്ച് നമ്പി നാരായണന്‍ 2013ല്‍ അഴിമുഖത്തോട് പറഞ്ഞു; എന്താണ് ചാര കേസ്? നിലവിലില്ലാത്ത ഒരു സാങ്കേതിക വിദ്യ ചോര്‍ത്തിക്കൊടുത്തു എന്നതാണ് എന്റെ പേരിലുള്ള കുറ്റം. ഇത് ഒരേ സമയം വലിയൊരു തമാശയും ദുരന്തവുമായിട്ടാണ് എനിക്ക് തോന്നുന്നത്. ഒരു മീന്‍ കുട്ടയില്‍ വെച്ച് കടത്തിക്കൊടുക്കാന്‍ കഴിയുന്നതാണോ ഈ സങ്കേതിക വിദ്യ.

താന്‍ നേരിട്ട ദുരന്തത്തെ നമ്പി നാരായണന്‍ ഓര്‍ക്കുന്നു; "വലിയൊരു ദുരന്തം സംഭവിച്ചു കഴിഞ്ഞാല്‍ അതിനു ശേഷം വരുന്ന ഒരു വേദനയും നിങ്ങളെ ബാധിക്കില്ല. ഇതിനിടയില്‍ ഞാനൊരിക്കല്‍ ആത്മഹത്യയെക്കുറിച്ചാലോചിക്കുകപോലും ഉണ്ടായി. രഹസ്യമായിട്ടല്ല. മക്കളോട് പറഞ്ഞപ്പോള്‍ അവരെന്നോടു ചോദിച്ചത്, ചാരനായിട്ടാണോ അച്ഛന്‍ മരിക്കാന്‍ പോകുന്നത് എന്നാണ്. അച്ഛന്‍ നിരപരാധിത്വം തെളിയിക്കണം. അല്ലാതെ അച്ഛന്‍ മരിച്ചാല്‍ ഞങ്ങളും ചാരന്റെ മക്കളായി മാറും. അതു ശരിയാണെന്നെനിക്കു തോന്നി.

ഇന്നിപ്പോള്‍ ബഹിരാകാശ ശാസ്ത്രത്തെ കുറിച്ചൊന്നും തന്നെ എന്റെ ചിന്തയിലില്ല. കുറേ പ്രശ്‌നങ്ങള്‍ക്കിടയില്‍പ്പെട്ടുഴലുമ്പോള്‍ മസ്തിഷ്‌കം വല്ലാത്തൊരവസ്ഥയിലാകും. കൈകാലുകള്‍ മുറിച്ചുമാറ്റി കട്ടിലില്‍ കിടക്കുന്ന ഓട്ടക്കാരനോട് എഴുന്നേറ്റ് ഓടാന്‍ പറയുന്നത് പോലെയാണ് എന്റെ അവസ്ഥ. ഇപ്പോള്‍ എന്റെ ചിന്ത മുഴുവന്‍ കേസില്‍ എങ്ങനെ വിജയിക്കാം എന്നാണ്. രാജ്യത്തെ ഒറ്റുകൊടുത്തവര്‍ക്ക് ശിക്ഷ കിട്ടണം. അതാണെന്നെ മുന്നോട്ടു നയിക്കുന്ന ശക്തി. എങ്ങനെ കേസ് എടുക്കരുത്, എങ്ങനെ പത്രപ്രവര്‍ത്തനം നടത്തരുത് എന്നൊക്കെ പഠിക്കാനുള്ള പാഠപുസ്തകമായിരിക്കും ഈ കേസ്."

പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് മാധ്യമ പ്രവര്‍ത്തകരെ കുറിച്ച് ശശി തരൂര്‍ എംപി പറഞ്ഞത് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, “ill informed journalists addicted to motivated leaks and scandals”

"നമ്പി നാരായണനും കുടുംബത്തിനും നഷ്ടപ്പെട്ടത് തിരിച്ചുകൊടുക്കാന്‍ സമൂഹത്തിനു സാധിക്കില്ല. എന്നാല്‍ ഇത് പോലുള്ള അനീതി മറ്റൊരാള്‍ക്കു കൂടി സംഭവിക്കാതിരിക്കാന്‍ ജാഗ്രതയോടെ ഇരിക്കാന്‍ കഴിയും" ശശി തരൂര്‍ പറഞ്ഞു.

എന്നാല്‍ മറ്റ് പത്രങ്ങളൊന്നും ഇതൊന്നും കൊടുത്തുകണ്ടില്ല. തെറ്റ് സമ്മതിക്കാന്‍ അവര്‍ തയ്യാറല്ല തന്നെ. 76-കാരനായ ഈ വൃദ്ധനോട് നീതി ചെയ്യാനും.

"വ്യക്തികള്‍ക്ക് വാശിയാകാം. ദുരഭിമാനമാകാം. പക്ഷെ ഒരു ഓര്‍ഗനൈസേഷന്‍ ഒരിക്കലും ദുരഭിമാനിയകാന്‍ പാടില്ല. തെറ്റ് പറ്റി എന്ന് സമ്മതിക്കുമ്പോഴാണ് അത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക." നമ്പി നാരായണന്റെ വാക്കുകള്‍ കേള്‍ക്കുക.

http://www.azhimukham.com/azhimukham-343/

മറ്റ് പ്രധാന വാര്‍ത്തകള്‍

ഐ എസിലേക്ക് കേരളത്തില്‍ നിന്നും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതില്‍ പ്രധാനി എന്നു കരുതുന്ന തലശ്ശേരിയിലെ യു കെ ഹംസയെ പോലീസ് അറസ്റ്റ് ചെയ്തു. ഒപ്പം കൂട്ടാളി എന്നു കരുതുന്ന തലശ്ശേരിയിലെ തന്നെ മനാഫ് റഹ്മാന്‍ എന്നയാളെയും പോലീസ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂര്‍ സ്വദേശികളായ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് സിറിയയിലേക്ക് കടക്കാനുള്ള ഒത്താശ ചെയ്തു കൊടുത്തത് ഹംസയാണ് എന്നാണ് പോലീസ് നിഗമനം. ബഹ്റൈന്‍ കേന്ദ്രീകരിച്ചാണ് ഹംസ പ്രവര്‍ത്തിക്കുന്നത് എന്നു പോലീസ് വിശദീകരിച്ചു.

http://www.azhimukham.com/news-wrap-police-arrested-three-youths-in-connection-with-islamic-state-sajukomban/

രാത്രി പെട്രോളിംഗിനിടെ ബിജെപി കൊടിമരം എ എസ് ഐ നശിപ്പിക്കുന്ന ദൃശ്യം പുറത്തുവിട്ടുകൊണ്ട് ബിജെപി. തിരുവനന്തപുരം മാറനെല്ലൂരിലാണ് സംഭവം. പരാതി കിട്ടിയ ഉടനെ എ എസ് ഐ സുരേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥന്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നു കുമ്മനം രാജശേഖരന്‍ പറഞ്ഞു.

മലേഷ്യയില്‍ വീണുമരിച്ചത് കൊലയാളി ഓമന എന്ന സ്ഥിരീകരിക്കാത്ത വാര്‍ത്ത ഒന്നാം ലീഡായി നല്‍കി കേരളകൌമുദി അമ്പരപ്പിച്ചു. രണ്ടു പതിറ്റാണ്ട് മുന്‍പ് കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കിയ ഡോ. ഓമന ജീവപര്യന്തം ശിക്ഷയ്ക്കിടെ പരോളില്‍ ഇറങ്ങി മുങ്ങുകയായിരുന്നു. ഇവര്‍ മലേഷ്യയിലേക്ക് കടന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അതേ തുടര്‍ന്ന് ഇന്‍റര്‍പോള്‍ ഇവരെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയായിരുന്നു.

ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഉള്ളവരെ പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സി ബി ഐ സുപ്രീം കോടതിയിലേക്ക്. പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് നാലാം പ്രതി കസ്തൂരി രംഗ അയ്യര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories