TopTop

പത്തനംതിട്ടയിലെ ആ 'സര്‍പ്രൈസ്' സ്ഥാനാര്‍ത്ഥി മോദിയായാല്‍ എന്താ കുഴപ്പം?

പത്തനംതിട്ടയിലെ ആ
13 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് സജീവമായെങ്കിലും ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കഴിയാത്തത് ബിജെപിക്കുള്ളില്‍ കല്ലുകടിയായിരിക്കുകയാണ്. കേരള ബിജെപിയില്‍ നടക്കുന്ന തമ്മില്‍ തല്ലില്‍ ആര്‍ എസ് എസ് അസംതൃപ്തി പ്രകടിപ്പിച്ചു എന്നൊക്കെ വാര്‍ത്തകള്‍ വന്നു കഴിഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയും ‘ശബരിമല സമര നായകന്‍’കെ സുരേന്ദ്രനും തമ്മില്ലാണ് വടംവലി എന്നാണ് പുറത്തു കേള്‍ക്കുന്നത്.

“എല്ലാ ചര്‍ച്ചകളും കഴിഞ്ഞതാണ് തീരുമാനിക്കേണ്ടത് കേന്ദ്രനേതൃത്വം ആണ്.” എന്നാണ് ശ്രീധരന്‍ പിള്ള കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അതേസമയം പത്തനംതിട്ടയിലേക്ക് നിര്‍ദേശിച്ചത് ഒറ്റപ്പേരു മാത്രമാണെന്നാണ് എം ടി രമേശ് പറഞ്ഞത്. കേന്ദ്രം ആ പേര് പ്രഖ്യാപിക്കാത്തതെന്തെന്ന് അറിയില്ല. വിജയസാധ്യതയുള്ള മണ്ഡലമാണ് പത്തനംതിട്ട. അതുകൊണ്ട് കേന്ദ്രനേതൃത്വം കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതാകാം എന്നാണ് എം ടി രമേശിന്റെ നിഗമനം.

പത്തനംതിട്ടയില്‍ പണ്ട് സിപിഎമ്മില്‍ സംഭവിച്ചത് പോലെയുള്ള അട്ടിമറിക്കാണ് കളം ഒരുങ്ങുന്നതെന്നതെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രവര്‍ത്തകരുടെ ഇടപെടലില്‍ ഞെട്ടി നേതൃത്വം എന്ന റിപ്പോര്‍ട്ടില്‍ കെ സുരേന്ദ്രന്റെ പേര് അവസാന നിമിഷത്തില്‍ കയറി വന്നത് പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദഫലമായാണ് എന്നാണ് പറയുന്നത്. ശ്രീധരന്‍ പിള്ള മത്സരിക്കണമെന്ന് തത്വത്തില്‍ തീരുമാനിച്ചിരുന്നു എന്നും റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ കെ സുരേന്ദ്രന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ന്നുവന്ന പ്രവര്‍ത്തകരുടെ ക്യാംപയിന്‍ നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. സുരേന്ദ്രന് സീറ്റ് കൊടുക്കുന്നതില്‍ ആര്‍ എസ് എസിന് വിയോജിപ്പില്ലെങ്കിലും സീറ്റ് തരപ്പെടുത്താന്‍ കൈക്കൊണ്ട രീതി ഞെട്ടിച്ചിട്ടുണ്ട്. ജനാധിപത്യ പാര്‍ട്ടിയുടെ ഈ ‘അച്ചടക്കമില്ലായ്മ’ ഒരു കേഡര്‍ സംവിധാനത്തിന് യോജിച്ചതല്ല.

2006ല്‍ വി എസ് അച്ചുതാനന്ദന് സി പി എം സീറ്റ് നിഷേധിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ തടിച്ചുകൂടി പ്രതിഷേധിച്ചതും എ കെ ജി സെന്ററിന് മുന്‍പിലൂടെ മുദ്രാവാക്യം വിളിച്ചു പോയതും സംസ്ഥാനത്തെ ചില വി എസ് അനുകൂല പോക്കറ്റുകളില്‍ പ്രകടനം നടന്നതും സി പി എമ്മിനുള്ളില്‍ വലിയ ഉല്‍പ്പാര്‍ട്ടി കോലാഹലങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. ഒടുവില്‍ അത് പിണറായി-വി എസ് പോരിനെ മൂര്‍ദ്ധന്യത്തിലേക്ക് എത്തിക്കുകയും ചെയ്തു.

പി എസ് ശ്രീധരന്‍ പിള്ള, എം ടി രമേശ്, കെ സുരേന്ദ്രന്‍, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരാണ് പത്തനംതിട്ട മണ്ഡലം നോട്ടമിട്ടവര്‍. ഇതില്‍ ആദ്യ മൂന്നു പേരുകള്‍ സജീവ പരിഗണനയില്‍ ഉണ്ടാവുകയും ചെയ്തതാണ്. ഒടുവില്‍ കെ സുരേന്ദ്രനിലേക്ക് ഒതുങ്ങുകയും ചെയ്തു. എന്നിട്ടും എന്തുകൊണ്ടാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതില്‍ കേന്ദ്ര നേതൃത്വം വായികുന്നത് എന്നാണ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ഇത് സംസ്ഥാനത്തെ ബിജെപിയുടെ സാധ്യതകളെ ബാധിക്കുന്നുണ്ട് എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പത്തനംതിട്ടയില്‍ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തില്‍ ബഹുദൂരം മുന്നോട്ട് പോയിക്കഴിഞ്ഞു.

ഇതിനിടയില്‍ കോണ്‍ഗ്രസ്സ് നേതാവും മുന്‍ രാജ്യ സഭാ ഉപാധ്യക്ഷനുമായ പി ജെ കുര്യനെ ബിജെപി മത്സരിപ്പിക്കാന്‍ പോകുന്നു എന്ന തിരഞ്ഞെടുപ്പ് വെടി ദേശാഭിമാനി പൊട്ടിച്ചിട്ടുണ്ട്. അമിത് ഷാ പിജെയുമായി ഫോണില്‍ സംസാരിച്ചു എന്നാണ് തിരുവനന്തപുറം ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. “രണ്ടാഴ്ച മുന്‍പാണ് അമിത് ഷാ കുര്യനുമായി സംസാരിച്ചത്. എന്നാല്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലെന്ന് കുര്യന്‍ മറുപടി നല്‍കി.” ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളുടെ പട്ടികയില്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനയെ കൂട്ടുപിടിച്ചാണ് ദേശാഭിമാനി വാര്‍ത്ത.

തങ്ങളുടെ ഉറച്ച മണ്ഡലമാണെന്നാണ് ബിജെപി പത്തനംതിട്ടയെ കുറിച്ച് പറയുന്നത്. അങ്ങനെയാണെങ്കില്‍ സാക്ഷാല്‍ നരേന്ദ്ര മോദിയെ തന്നെ അവിടെ മത്സരിപ്പിച്ചു രാഷ്ട്രീയ ഭൂകമ്പം സൃഷ്ടിക്കാന്‍ ബിജെപി മടിക്കുന്നത് എന്തിനാണ്. ആ മോദി സുനാമിയില്‍ കേറാത്തില്‍ രണ്ടോ മൂന്നോ സീറ്റുകള്‍ കൂടി കിട്ടിയാലോ? ©

"കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ..."

Next Story

Related Stories