TopTop
Begin typing your search above and press return to search.

ഉമ്മന്‍ ചാണ്ടിയെ ബെംഗളൂരു കോടതി വെറുതെ വിട്ടു; പക്ഷേ പിണറായി വെറുതെ വിടുമോ?

ഉമ്മന്‍ ചാണ്ടിയെ ബെംഗളൂരു കോടതി വെറുതെ വിട്ടു; പക്ഷേ പിണറായി വെറുതെ വിടുമോ?

"സത്യം ജയിച്ചതില്‍ സന്തോഷം. ഇക്കാര്യത്തില്‍ ആരോടും പരിഭവമില്ല. കുറ്റപ്പെടുത്തിയവരും വിമര്‍ശിച്ചവരും ആത്മപരിശോധന നടത്തിയാല്‍ കൊള്ളാം. ഈശ്വര വിശ്വാസിയായ എനിക്ക് വിവാദത്തില്‍ യാതൊരു ടെന്‍ഷനും ഉണ്ടായിരുന്നില്ല"- ബെംഗളൂരു സോളാര്‍ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടു എന്ന വിധി അറിഞ്ഞപ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചതാണ് ഇത്.

സ്വാഭാവികയും ഉമ്മന്‍ ചാണ്ടിക്ക് ആഹ്ളാദിക്കാനുള്ള വക ഏറെയുണ്ട് ഈ വിധിയില്‍. ജനങ്ങളുടെ മുന്‍പിലും പാര്‍ട്ടിക്കകത്തും.

പക്ഷേ ഈ കച്ചിത്തുരുമ്പ് മാത്രം മതിയോ കേരള രാഷ്ട്രീയത്തില്‍ കരുണാകരന് ശേഷം ഉദയം ചെയ്ത കുശാഗ്ര ബുദ്ധിയായ രാഷ്ട്രീയ നേതാവിന് ഉയര്‍ത്തെഴുന്നേറ്റ് വരാന്‍ എന്നതാണ് മുഖ്യ ചോദ്യം.

കാരണം ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഒരു ഡെമോക്ലാസിന്റെ വാളുപോലെ ഉമ്മന്‍ ചാണ്ടിയുടെ തലയ്ക്ക് മുകളില്‍ തൂങ്ങി നില്‍പ്പുണ്ട് എന്നതുതന്നെ. നാലു വാല്യങ്ങളുള്ള റിപ്പോര്‍ട്ടില്‍ ഒരു വാല്യം ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനെ കുറിച്ചാണ് എന്നാണ് പുറത്തുവന്ന മാധ്യമ വാര്‍ത്തകള്‍. റിപ്പോര്‍ട്ടിലെ ഉള്ളടക്കം ഇപ്പോഴും സസ്പെന്‍സായി തുടരുകയാണ്.

ബെംഗളൂരു സോളാര്‍ കേസിലെ ഇന്നലത്തെ വിധി ഇങ്ങനെ; 4000 കോടിയുടെ സോളാര്‍ പദ്ധതി നടപ്പിലാക്കാന്‍ ഉമ്മന്‍ ചാണ്ടി നേരിട്ടു പണം വാങ്ങിയതിന് തെളിവില്ല എന്നാണ് ബെംഗളൂരു സിറ്റി ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി മോഹന്‍കുമാര്‍ ഭീമനഗൌഡയുടെ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ഒന്നു മുതല്‍ നാലു വരെയുള്ള പ്രതികള്‍ പണം വാങ്ങി എന്നാണ് പരാതിക്കാരനായ എം കെ കുരുവിളയുടെ പരാതി. അതുകൊണ്ട് തന്നെ അഞ്ചാം പ്രതിയായ ഉമ്മന്‍ ചാണ്ടിയെ ശിക്ഷിക്കാന്‍ കഴിയില്ല.

2016 ഒക്ടോബര്‍ 24-നു പുറപ്പെടുവിച്ച മുന്‍വിധിയില്‍ ഉമ്മന്‍ ചാണ്ടിയടക്കമുള്ള പ്രതികള്‍ 1.61 കോടി രൂപ കുരുവിളയ്ക്ക് തിരിച്ചു നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ തന്റെ വാദം കേള്‍ക്കാതെയാണ് വിധി പുറപ്പെടുവിച്ചത് എന്ന വാദം ഉമ്മന്‍ ചാണ്ടി ഉയര്‍ത്തിയതിനെ തുടര്‍ന്ന് വിധി റദ്ദാക്കുകയായിരുന്നു.

എന്തായാലും പുതിയ വിധി ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായ ആശ്വാസം പകരുന്നതാണ്. പ്രത്യേകിച്ചും കെ പി സി സി പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ എങ്ങുമെത്താതെ നീളുന്ന സാഹചര്യത്തില്‍. ദേശീയ നേതൃത്വത്തിന് മുന്‍പില്‍ സോളാര്‍ കോഴ ഉമ്മന്‍ ചാണ്ടിക്കുണ്ടാക്കിയ അവമതിപ്പ് അത്രയേറെ വലുതാണ്. പുതിയ നിയമസഭയില്‍ പ്രതിപക്ഷ നേതാവ് സ്ഥാനം വേണ്ട എന്നു തീരുമാനിക്കാനും വി എം സുധീരനെ കെ പി സിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ എ ഐ സി സി തീരുമാനിച്ചപ്പോള്‍ അതിനെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ സാധിക്കാതിരുന്നതും സോളാര്‍ ആരോപണങ്ങള്‍ കൊണ്ടാണ്. സ്വന്തം ഗ്രൂപ്പ് പിതാവായ എ കെ ആന്റണിയുടെ പിന്തുണ പോലും ഉമ്മന്‍ ചാണ്ടിക്ക് ഈ വേളയില്‍ കിട്ടുകയുണ്ടായില്ല. എ ഗ്രൂപ്പ് തന്നെ ഛിദ്രമായി തീരുമെന്ന ഘട്ടം പോലും ഉണ്ടായി. അതുകൊണ്ടു തന്നെ പാര്‍ട്ടിക്കുള്ളിലെ വിലപേശല്‍ ശക്തി നഷ്ടമായി. എന്നാല്‍ രണ്ടടി പിന്നോട്ടു ചാടിയുള്ള ഹോം വര്‍ക്കിലൂടെ പാര്‍ട്ടിക്കുള്ളില്‍ വീണ്ടും അധികാര കേന്ദ്രമാവുകയാണ് ഉമ്മന്‍ ചാണ്ടി.

അതെത്ര കാലം എന്ന ചോദ്യം പക്ഷേ എന്തുകൊണ്ടും പ്രസക്തമാണ്.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ കയ്യിലാണ് ഇപ്പോഴുള്ളത്. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ നല്ല കാലം നഷ്ടപ്പെടുത്തിയ ലാവ്ലിന്‍ കേസിന്റെ മുഖ്യ സൂത്രധാരന്‍ ഉമ്മന്‍ ചാണ്ടിയാണ് എന്നു പിണറായിക്കറിയാം.

ഒരു 'പ്രതികാര' രാഷ്ട്രീയത്തിന്റെ സാധ്യതയാണ് കേരള രാഷ്ട്രീയം ഉറ്റു നോക്കുന്നത്.

Also Read: പുതുപ്പള്ളിയിലെ ചാണ്ടി ബുദ്ധിക്ക് ഇതു തിരിച്ചുകിട്ടലുകളുടെ കാലം

മറ്റ് പ്രധാന വാര്‍ത്തകള്‍

ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ടില്‍ കെട്ടിക്കിടക്കുന്നത് 500 കോടി രൂപ. 2012 മുതല്‍ 2016 വരെ എംഎല്‍എമാര്‍ നിര്‍ദ്ദേശിച്ച പദ്ധതികള്‍ക്കുള്ള പണമാണ് കെട്ടിക്കിടക്കുന്നത് എന്നു മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. 2012ല്‍ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് എംഎല്‍എ മാര്‍ക്ക് വികസന ഫണ്ട് നടപ്പിലാക്കിയത്. പ്രതിവര്‍ഷം 5 കോടി രൂപയാണ് ഓരോ എംഎല്‍എയ്ക്കും അനുവദിക്കുക. അങ്ങനെയാണെങ്കില്‍ 20 കോടി രൂപ ഒരു എം എല്‍ എയ്ക്ക് കിട്ടേണ്ടതാണ്. അതാണ് ഉദ്യോഗസ്ഥ കെടുകാര്യസ്ഥത മൂലം ചിലവഴിക്കാതെ കിടക്കുന്നത്.

ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കണ്ടതായിരുന്നില്ല എന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സംസ്ഥാന പോലീസിന് കൈകാര്യം ചെയ്യാവുന്ന കേസായിരുന്നു ഇത്. വിഷയം ക്രൈംബ്രാഞ്ച് കാര്യക്ഷമായി അന്വേഷിച്ചിരുന്നു എന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. (മലയാള മനോരമ) വിഷയത്തില്‍ മതപരിവര്‍ത്തനം ആരോപിക്കുന്നതിന് തെളിവില്ല എന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

നാലിലൊന്ന് കുട്ടികളില്ലാത്ത 30 എഞ്ചിനീയറിംഗ് കോളേജുകള്‍ പൂട്ടാന്‍ സാങ്കേതിക സര്‍വ്വകലാശാല നടപടി തുടങ്ങി എന്ന വാര്‍ത്ത കേരളകൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കോളേജുകളിലെ 150 ഓളം കുട്ടികളെ അടുത്തുള്ള കോളേജുകളിലേക്ക് മാറ്റാന്‍ സര്‍വ്വകലാശാല ഉത്തരവ് നല്‍കി. ഒരു കുട്ടി മാത്രം പഠിക്കുന്ന 61ഉം ഒരാള്‍ പോലും പ്രവേശനം നേടാത്ത 66ഉം ബാച്ചുകള്‍ ഈ കോളേജുകളില്‍ ഉണ്ട്. എന്തായാലും സ്വാശ്രയ കോളേജുകള്‍ സൃഷ്ടിച്ച പ്രതിസന്ധി മറ്റൊരു തലത്തിലേക്ക് കടക്കുകയാണ് ഈ നടപടികളിലൂടെ എന്നു വേണം കരുതാന്‍. കുത്തഴിഞ്ഞു കിടക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖലയെ ശുദ്ധീകരിക്കാനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് കരുതാം.

കുമ്മനം രാജശേഖരന്‍ നടത്തുന്ന ജന രക്ഷാ യാത്രയില്‍ സിപിഎം ജില്ല സെക്രട്ടറി പി ജയരാജനെതിരെ മുഴക്കിയ കൊലവിളി മുദ്രാവാക്യം ആക്രമം വ്യാപിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ആക്രമത്തിനെതിരെ യാത്ര നടത്തുമ്പോഴാണ് തിരുവനന്തപുരത്തെ ധനുവച്ചപുരം കോളേജില്‍ ദളിത് വിദ്യാര്‍ത്ഥിയെ എബിവിപി പ്രവര്‍ത്തകര്‍ നഗ്നനാക്കി മര്‍ദ്ദിച്ചത് എന്നും കോടിയേരി പറഞ്ഞു. (ദേശാഭിമാനി)


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories