Top

പൈക ഒന്നാം സ്വാതന്ത്ര്യ സമരവും മലബാര്‍ കലാപം ജിഹാദുമാകുന്ന സംഘി ചരിത്രവായനകള്‍

പൈക ഒന്നാം സ്വാതന്ത്ര്യ സമരവും മലബാര്‍ കലാപം ജിഹാദുമാകുന്ന സംഘി ചരിത്രവായനകള്‍
2017 ഏപ്രില്‍ 16-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീഷയിലെ ഭുവനേശ്വറില്‍ എത്തിയത് 'ചരിത്രപരമായ' ഒരു കടമ നിര്‍വ്വഹിക്കാനായിരുന്നു. 1817-ലെ പൈക പ്രക്ഷോഭകാരികളുടെ പിന്‍തലമുറയെ ആദരിക്കല്‍. ബ്രിട്ടീഷുകാര്‍ക്കെതിരെ പൈക സമുദായം നടത്തിയ പ്രക്ഷോഭത്തിന്റെ ഇരുന്നൂറാം വര്‍ഷത്തില്‍ അവര്‍ക്ക് മറ്റൊരു സമ്മാനം കൂടി കേന്ദ്രം ഭരിക്കുന്ന ബിജെപി ഗവണ്‍മെന്‍റ് നല്‍കിയിരിക്കുന്നു. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന പട്ടം. ഇതോടെ 1857 മെയ് 10-ന് മീററ്റിലെ ബ്രിട്ടീഷ് സൈനിക ക്യാമ്പില്‍ മംഗള്‍ പാണ്ഡേയുടെ നേതൃത്വത്തില്‍ പൊട്ടിപ്പുറപ്പെട്ട ശിപായി ലഹള എന്ന പേരില്‍ അറിയപ്പെട്ട ബ്രിട്ടീഷ് വിരുദ്ധ കലാപം ചരിത്രപുസ്തകങ്ങളില്‍ നിന്നും പുറത്തായിരിക്കുന്നു; ഒന്നാം സ്വാതന്ത്ര്യ സമരം എന്ന പദവിയില്‍ നിന്നും.

ഇന്നലെ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. "വിദ്യാര്‍ത്ഥികള്‍ യഥാര്‍ത്ഥ ചരിത്രമാണ് പഠിക്കേണ്ടത്. ചരിത്രപുസ്തകങ്ങളില്‍ ഒന്നാം സ്വാതന്ത്ര്യസമരമെന്ന പേരില്‍ പൈക ബിദ്രോഹ അറിയപ്പെടും.” ജാവദേക്കര്‍ പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒഡീഷയിലെ യുദ്ധവീരന്മാരുടെ ഈ സമുദായം ഖുര്‍ദ രാജാക്കന്‍മാര്‍ തങ്ങള്‍ക്ക് അനുവദിച്ച കാര്‍ഷിക ഭൂമിയില്‍ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പിടിമുറുക്കിയപ്പോള്‍ നടത്തിയ പ്രക്ഷോഭത്തിന്റെ രാജ്യ വ്യാപകമായുള്ള പ്രചരണത്തിനും ആഘോഷത്തിനും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ 200 കോടി ചിലവഴിക്കും. ബക്ഷി ജഗബന്ധുവിന്റെ നേതൃത്വത്തിലാണ് കലാപം പൊട്ടി പുറപ്പെട്ടത്.

കലിംഗ സാമ്രാജ്യത്തിലെ യുദ്ധ വീരന്മാരായ പൈക സമുദായം മുഗളന്‍മാര്‍ക്കും മറാത്തകള്‍ക്കും എതിരെയും പോരാടിയിട്ടുണ്ട്. അപ്പോ അതാണ് കാര്യം. സംഘപരിവാര്‍ ചരിത്രത്തിന്റെ സാമഗ്രി അതാണ്. താജ്മഹലിനെ തേജോമഹാല്‍ ആക്കുന്ന അതേ ഹൈന്ദവ ദേശീയതയുടെ ചരിത്ര വ്യാഖ്യാനങ്ങള്‍.ഇങ്ങ് രാജ്യത്തിന്റെ തെക്കേ അറ്റത്ത് പഴശ്ശിരാജയെയും ആദിവാസി വീരനായി അറിയപ്പെടുന്ന കരിന്തണ്ടനെയും ഏറ്റെടുക്കുന്ന അതേ ചരിത്ര വായനകള്‍. കൊളോണിയലിസത്തിന്റെ ആദ്യ പതാകവാഹകരായ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പടനയിച്ച കുഞ്ഞാലിമരക്കാറിനെ മറക്കുന്ന ചരിത്രവായനകള്‍. ഒരു നൂറ്റാണ്ടു കാലത്തോളം ഏറനാട്, വള്ളുവനാട് മേഖലയില്‍ നടന്ന എണ്ണമറ്റ കാര്‍ഷിക കലാപങ്ങളുടെ തുടര്‍ച്ചയായ മലബാര്‍ കലാപത്തെ ജിഹാദ് ആയി ചിത്രീകരിക്കുന്ന കുമ്മനം ചരിത്ര വായനകള്‍. ടിപ്പുവിനെ രാജ്യദ്രോഹിയാക്കുന്ന കേന്ദ്ര മന്ത്രി അനന്തകുമാര്‍ ഹെഗ്ഡെയുടെ ചരിത്രവായന. അത് തുടര്‍ന്നുകൊണ്ടിരിക്കും. കാരണം കൊളോണിയലിസത്തിനെതിരെയുള്ള പോരാട്ട ഭൂമിയില്‍ ഇന്ന് കേന്ദ്രം ഭരിക്കുന്ന പിതൃസംഘടനയായ ആര്‍എസ്എസിന് നാണംകെട്ട ഒറ്റുകൊടുക്കലിന്റെ ചരിത്രമാണ് പറയാനുള്ളത് എന്നതുതന്നെ.

http://www.azhimukham.com/offbetat-kumanam-jihadi-statement-is-part-of-rss-propaganda-by-pp-shanvas/

അതേസമയം വര്‍ത്തമാനകാലം സംഘപരിവാരത്തിന്റെ അതിദേശീയതയ്ക്ക് വിരുദ്ധമായി തന്നെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.

ദേശസ്നേഹം നെറ്റിയില്‍ ഒട്ടിച്ചു നടക്കേണ്ട ഒന്നല്ല എന്ന സുപ്രീം കോടതിയുടെ നിലപാട് തന്നെ ഏറ്റവും വലിയ ദൃഷ്ടാന്തം. തങ്ങളുടെ തന്നെ നേരത്തെയുള്ള വിധിയെ കര്‍ശനമായ വിമര്‍ശനത്തിന് വിധേയമാക്കുകയായിരുന്നു സുപ്രീം കോടതി. സിനിമ തിയറ്ററില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള 2016 നവംബര്‍ 30ന്റെ ഉത്തരവാണ് കോടതി പുന:പരിശോധിക്കുന്നത്.

"ദേശഭക്തി തെളിയിക്കാന്‍ സിനിമാ തിയറ്ററില്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ല." ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. തിയറ്ററിലെ ദേശീയഗാനം ഐക്യബോധം ഉണ്ടാക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഭരണകൂടത്തിന്റെ നടപടി സദാചാര പോലീസിംഗാണ് എന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. നാളെ മുതല്‍ സിനിമാ തിയറ്ററില്‍ ടീ ഷര്‍ട്ടും ഷോട്സും ഇട്ടു വരരുത് എന്നും അങ്ങനെ വന്നാല്‍ അത് ദേശീയ ഗാനത്തെ അപമാനിക്കല്‍ ആണ് എന്നും വ്യാഖ്യാനിക്കപ്പെടില്ലേ എന്നും കോടതി ചോദിച്ചു.കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. കഴിഞ്ഞ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഈ വിഷയത്തിന്റെ പേരില്‍ ദേശീയഗാന സമയത്ത് തിയറ്ററില്‍ എഴുന്നേല്‍ക്കാന്‍ വിസമ്മതിച്ച ചില ചലച്ചിത്രോത്സവ പ്രതിനിധികളെ പോലീസ് അറസ്റ്റ് ചെയ്യുകയും വിധിക്കെതിരെ കോടതിയില്‍ പോയ കൊടുങ്ങല്ലൂര്‍ ഫിലിം സോസെറ്റിയുടെ രക്ഷാധികാരിയായ ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ വീട്ടിലേക്ക് ബിജെപിക്കാര്‍ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. കമല്‍ കമാലുദ്ദീന്‍ ആണ്, അതിനാല്‍ ദേശദ്രോഹിയാണ് എന്നതായിരുന്നു സംഘപരിവാരത്തിന്റെ സിദ്ധാന്തം.

അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ ഇങ്ങനെ പറഞ്ഞു; "ഇരയായിട്ട് കണ്ട് ഉപയോഗിക്കുന്നു എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. പ്രത്യേകിച്ചും മുസ്ലിം ഐഡന്‍റിറ്റി ഉള്ള ഒരു ഇരയെ വീണു കിട്ടിയപ്പോള്‍ അവര്‍ ഉപയോഗിക്കുകയാണ് എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ മുന്‍കാലങ്ങളില്‍ എടുത്ത ചില നിലപാടുകള്‍ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി എന്നുള്ളതാണ്. അല്ലാതെ ദേശീയ ഗാനത്തിന്റെ പേരില്‍ എന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ട് ഇത്രയും ക്രൂശിക്കേണ്ട കാര്യം ഇല്ല. അവര്‍ക്കും അറിയാം അത് അര്‍ഥശൂന്യമാണെന്ന്. ആ അര്‍ഥശൂന്യമായ കാര്യത്തെ അവര്‍ ബീഭത്സമാക്കുകയായിരുന്നു."

http://www.azhimukham.com/aami-manjuwarrier-vidyabalan-sanghparivar-kamal-interview-saju/

അതേ സിദ്ധാന്തം തന്നെ തമിഴ് നടന്‍ വിജയിനെതിരെയും ബിജെപി പ്രയോഗിച്ചിരിക്കുന്നു. വിജയ്, ജോസഫ് വിജയ് ആണെന്നും ക്രിസ്ത്യാനിയാണെന്നുമാണ് ജി‌ എസ് ടിയെ വിമര്‍ശിച്ചു എന്ന പേരില്‍ മെര്‍സല്‍ എന്ന സിനിമയ്ക്കെതിരെ കലാപമുയര്‍ത്തിക്കൊണ്ട് ബിജെപി പ്രചരിപ്പിക്കുന്നത്. തമിഴ് സിനിമാ ലോകം ഒന്നായി വിജയുടെ പിന്നില്‍ അണിനിരക്കുന്ന കാഴ്ചയാണ് തുടര്‍ന്ന് കണ്ടത്. മെര്‍സല്‍ ഓണ്‍ലൈനിലാണ് കണ്ടത് എന്നു പറഞ്ഞ ബിജെപി ദേശീയ സെക്രട്ടറി രാജയെ വിമര്‍ശിച്ച തമിഴ് നടന്‍ വിശാലിന്റെ ഓഫീസിലേക്ക് ഇന്‍കം ടാക്സ് റെയ്ഡ് നടത്തിക്കൊണ്ടാണ് കേന്ദ്രം പ്രതികാരം ചെയ്തിരിക്കുന്നത്.

ചരിത്രത്തെ ഏതൊക്കെ രീതിയില്‍ വളച്ചൊടിച്ചാലും വിയോജിപ്പുകളുടെ പുതിയ ചരിത്രം എഴുതപ്പെട്ടുകൊണ്ടിരിക്കുക തന്നെ ചെയ്യും. സര്‍ദാര്‍ പട്ടേലിന്റെ പേരില്‍ എത്ര ചൈനീസ് നിര്‍മ്മിത പ്രതിമകള്‍ സ്ഥാപിക്കപ്പെട്ടാലും...

http://www.azhimukham.com/kodungallur-film-society-sangh-parivar/

Next Story

Related Stories