TopTop
Begin typing your search above and press return to search.

'കടക്ക് പുറത്തെ'ന്നല്ല 'കിടക്ക് അകത്തെ'ന്നു പറയണം പിസിയോട്; അപമാനിച്ചത് മുഴുവന്‍ സ്ത്രീകളെയും

കടക്ക് പുറത്തെന്നല്ല കിടക്ക് അകത്തെന്നു പറയണം പിസിയോട്; അപമാനിച്ചത് മുഴുവന്‍ സ്ത്രീകളെയും

ക്രൂര പീഡനമായിരുന്നു എങ്കില്‍ നടി പിറ്റേന്ന് അഭിനയിക്കാന്‍ എങ്ങനെ പോയി? ഇത് നടന്‍ ദിലീപിന്റെ പിണിയാളുകള്‍ ചോദിച്ച ചോദ്യമല്ല. ജനാധിപത്യത്തിന്റെ കാവലാളാകാന്‍ ജനങ്ങള്‍ തിരഞ്ഞെടുത്തയച്ച ഒരു ജനനായകന്‍റെ ചോദ്യമാണ്. ഇന്നലെ ആലപ്പുഴ പ്രസ്സ് ക്ലബ്ബില്‍ നടത്തിയ മാധ്യമ സമ്മേളനത്തില്‍ ടിയാന്‍ മനുഷ്യത്വ വിരുദ്ധവും സ്ത്രീകളെ അപമാനിക്കുന്നതുമായ പ്രസ്താവന നടത്തിയിട്ടും ഇടതു വലതു മുന്നണികളുടെ സ്ത്രീ സംഘടനകളോ സാംസ്കാരിക പ്രവര്‍ത്തകരോ സ്ത്രീ സ്വാതന്ത്ര്യ പ്രവര്‍ത്തകരോ ഒന്നും ഒരു എതിര്‍ ശബ്ദം പോലും പുറപ്പെടുവിച്ചിട്ടില്ല. ഇന്നസെന്‍റിന്റെയും മമ്മൂട്ടിയുടെയും മുകേഷിന്റെയും ഗണേഷിന്റെയും ഒക്കെ കോലം കത്തിക്കാന്‍ തിക്കും തിരക്കും കൂട്ടിയവരെ ആരെയും എവിടെയും കണ്ടില്ല.

“നിര്‍ഭയ നേരിട്ടതിനെക്കാള്‍ ക്രൂരമായ പീഡനമാണ് നടിക്കെതിരെ ഉണ്ടായത് എന്നാണ് പോലീസ് പറയുന്നത്. അങ്ങനെയാണെങ്കില്‍ ആ നടി എങ്ങിനെയാണ് തൊട്ടടുത്ത ദിവസം സിനിമയില്‍ അഭിനയിക്കാന്‍ പോയത്?” എന്നാണ് പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ്ജിന്റെ സംശയം.

തൊഴിലിന്റെ ഭാഗമായുള്ള യാത്രയ്ക്കിടെ തനിക്കെതിരെ നടന്ന ലൈംഗിക ആക്രമണത്തില്‍ ധൈര്യപൂര്‍വ്വം പരാതി കൊടുക്കാനും ഏറ്റവും വേഗത്തില്‍ തന്നെ തന്റെ തൊഴിലിലേക്ക് തിരിച്ചു വരാനും നടി കാണിച്ച സ്ഥൈര്യത്തെ ഏവരും മുക്തകണ്ഠം പ്രശംസിച്ചതാണ്. ലൈംഗികമായി ആക്രമിക്കപ്പെട്ടവര്‍ കരഞ്ഞു നിലവിളിച്ച് സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് അപമാനിതരായും സമൂഹത്തിന്റെ അശ്ലീല പരാമര്‍ശങ്ങള്‍ക്കും നോട്ട ബലാത്സംഗങ്ങള്‍ക്കും വിധേയയായി ശിഷ്ടകാലം കഴിച്ചു കൂട്ടണമെന്ന നടപ്പ് രീതിയാണ് നടി തകര്‍ത്തു കളഞ്ഞത്. അതിനെ അഭിനന്ദിക്കുകയും മാതൃകാപരം എന്നു വാഴ്ത്തുകയും ചെയ്യേണ്ട, സ്ത്രീകളുടെ അടക്കം വോട്ട് വാങ്ങി ജയിച്ചു വന്ന ജനപ്രതിനിധിയായാണ് ഇങ്ങനെ പറയുന്നത്. ഇത് ജനാധിപത്യത്തിന് അപമാനം ആണെന്ന് മാത്രമല്ല, നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി കൂടിയാണ്.

കുറച്ചു ആഴ്ചകള്‍ക്ക് മുന്‍പാണ് മാതൃഭൂമി ചാനലില്‍ ‘ഒരു പാവം പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ മൂന്നു വര്‍ഷമൊന്നും ഗൂഡാലോചന നടത്തേണ്ട ആവശ്യമില്ലെന്ന’ അപഹാസ്യവും അശ്ലീലകരവുമായ വാദം പിസി ഉയര്‍ത്തിയത്. ആ പ്രസ്താവനയിലെ സ്ത്രീ വിരുദ്ധ ധ്വനിയെക്കാള്‍ കടുത്തതും കുറ്റകരവുമാണ് ഇന്നലെ ആലപ്പുഴ പ്രസ്സ് ക്ലബ്ബില്‍ നടത്തിയിരിക്കുന്നത്.

Also Read:പ്രതിക്കൊപ്പം നിന്നോളൂ, പക്ഷേ പബ്ലിസിറ്റി കിട്ടാന്‍ ഇത്തരം വഷളത്തരങ്ങള്‍ പറയരുത്; പി സി ജോര്‍ജിനോട് സജിത മഠത്തില്‍

അന്വേഷണം ദിലീപില്‍ മാത്രം ഒതുക്കുന്നത് കടുത്ത അനീതിയാണ് എന്ന് തുടക്കം മുതലേ ഈ മഹാന്‍ പറഞ്ഞു വരുന്നതാണ്. ഐ എസ് ആര്‍ ഓ ചാരക്കേസില്‍ പോലീസും മാധ്യമങ്ങളും ഒക്കെക്കൂടി കുടുക്കിയ നമ്പി നാരായണനോട് ഉപമിച്ചാണ് ജോര്‍ജ്ജ് ദിലീപിനെ മഹാനാക്കിയത്. “ദിലിപിനോട് കേരള ജനത മാപ്പ് പറയേണ്ടി വരും” എന്നുവരെ ഈ എംഎല്‍എ വെച്ചുകാച്ചുകയുണ്ടായി. പിണറായി വിജയനും നടന്‍ ഉപേക്ഷിച്ചുപോയ സ്ത്രീയും ഒരു വേദി പങ്കിട്ടതിന് ശേഷമാണ് ദിലീപിനെതിരെ ഗൂഢാലോചന ഉയര്‍ന്നുവന്നതെന്നും ആരോപണം ഉയര്‍ത്തുകയുണ്ടായി.

എന്തായാലും ഒരു കാര്യം ഉറപ്പ്. പിസിയുടെ പ്രശ്നം നടിയല്ല, ദിലീപാണ്. അത് എന്താണെന്നാണ് ഇനി അറിയേണ്ടത്.

ദിലീപിന്റെ മാത്രമല്ല എല്ലാ നടന്‍മാരുടെയും സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം എന്ന ആവശ്യവുമായി പി.സി ജോര്‍ജ്ജ് നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ഇന്നലെയും ഇക്കാര്യം ഇദ്ദേഹം ആവര്‍ത്തിച്ചു. “സര്‍ക്കാരിന് ധൈര്യമുണ്ടെങ്കില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഉള്‍പ്പെടെ എല്ലാ നടീനടന്‍മാരുടെയും സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കണം”. (മാതൃഭൂമി)

ഈ പശ്ചാത്തലത്തില്‍ വേണം ഇന്നത്തെ മാതൃഭൂമിയില്‍ വന്ന മറ്റൊരു വാര്‍ത്ത വായിക്കാന്‍. “നടിയെ ആക്രമിച്ചതിന് പിന്നാലെ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സി തുടങ്ങിയ അന്വേഷണം ചില രാഷ്ട്രീയ നേതാക്കളിലേക്കും നീളുമെന്നു സൂചന. മധ്യ കേരളത്തിലെ ഒരു യുവ നേതാവടക്കം പലരും സംശയത്തിന്റെ നിഴലിലാണ്.”

എന്തായാലും പി സി ജോര്‍ജ്ജ് പേടിക്കേണ്ട. യുവനേതാവെന്ന കാറ്റഗറിയില്‍ അദ്ദേഹം പെടില്ല. അപ്പോള്‍ പിന്നെ ആരാണ് ആ യുവന്‍?

Also Read: വീണ്ടും ‘ജോര്‍ജ്ജേട്ടന്‍സ്’ പൂരം

“സിനിമാ മേഖലയിലുള്ള പലര്‍ക്കും വേണ്ടി യുവനേതാവ് പലയിടത്തും പ്രത്യേകിച്ച് മലയോര മേഖലകളില്‍ സ്ഥലം വാങ്ങി നല്‍കിയിട്ടുണ്ടെന്ന് പറയുന്നു.” എന്നും മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നു.

പിസിയുടെ പ്രകമ്പനത്തിന്റെ മൂലകേന്ദ്രം മലയോര മേഖലയിലാണോ എന്നത് അന്വേഷണ കുതുകികളായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കണ്ടെത്താവുന്നതാണ്.

ഇന്നലത്തെ മാധ്യമ സമ്മേളനത്തില്‍ പിസി ബലാത്സംഗത്തെ കുറിച്ചും ചില 'ഗംഭീര' അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയുണ്ടായി. “ഉഭയസമ്മത പ്രകാരം ശരീരം പങ്കിട്ടതിന് ശേഷമാണ് മിക്ക സ്ത്രീകളും ബലാത്സംഗം ചെയ്തു എന്നു പറഞ്ഞ് കേസ് കൊടുക്കുന്നത്.” എന്നാണ് പിസിയുടെ കണ്ടെത്തല്‍.

Read More: പീഡനമെന്നത് താങ്കള്‍ക്കൊരു തമാശയാണോ? പിസി ജോര്‍ജ്ജിനോട് ഭാഗ്യലക്ഷ്മി ചോദിക്കുന്നു

പിസി ജോര്‍ജ്ജിനോട് 'കടക്കൂ പുറത്തു' എന്നു പറയാന്‍ ആലപ്പുഴ പ്രസ്സ് ക്ലബ്ബില്‍ ഒരു വനിതാ ജേര്‍ണലിസ്റ്റും ആ സമയത്ത് ഉണ്ടായിരുന്നില്ലേ? പുരുഷ ജേര്‍ണലിസ്റ്റുകള്‍ എന്തായാലും പിസിയോട് മറുത്തൊന്നും പറയില്ല. കാരണം ഇന്നലെ പിസി ആവശ്യപ്പെട്ടത് ഒരു പുരുഷ സംരക്ഷണ നിയമം വേണമെന്നാണ്.

ഇന്നത്തെ മലയാള മനോരമയുടെ ഒന്നാം പേജ് വളരെ സര്‍ഗ്ഗാത്മകമായാണ് വാര്‍ത്തകള്‍ പ്ലേസ് ചെയ്തിരിക്കുന്നത്. നാല് 'കടക്ക് പുറത്ത്' തലക്കെട്ടുകള്‍. ഏതെങ്കിലും ഒരു വനിതാ ജേര്‍ണലിസ്റ്റ് കടക്ക് പുറത്തെന്ന് പിസിയോട് പറഞ്ഞിരുന്നെങ്കില്‍ അതും കൂടി മനോരമയ്ക്ക് അവിടെ ഉള്‍പ്പെടുത്താമായിരുന്നു.

ഇനി പിസി വാര്‍ത്ത മലയാള മനോരമയുടെ ആലപ്പുഴ എഡിഷന്‍ കൊടുത്തിരിക്കുന്നത് നോക്കുക.

ആലപ്പുഴ എഡിഷനില്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി തിരുവനന്തപുരം എഡിഷനില്‍ നിന്നും പിസിയോട് കടക്ക് പുറത്തെന്നു പറഞ്ഞ് ഒഴിവാക്കിയിട്ടുണ്ട്.

പിസി ജോര്‍ജ്ജ് പറയുന്നത് എന്തും ആഘോഷിക്കുന്ന മാധ്യമങ്ങള്‍ ഇന്നലത്തെ ആലപ്പുഴ പത്രസമ്മേളന വാര്‍ത്ത എല്ലാ എഡിഷനിലും കയറ്റി പിസിയെ കുരുക്കണമായിരുന്നു. ഇത്തരം ജനപ്രതിനിധികളുടെ ലക്കുകെട്ട വാചാടോപങ്ങള്‍ ജനങ്ങള്‍ അറിയട്ടെ. ജനഹിതം അവരും അനുഭവിക്കട്ടെ.

ഈ കുറിപ്പ് എന്തെങ്കിലും ഒരു പ്രതിഷേധത്തിന് തിരികൊളുത്തിയിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു.


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories