TopTop
Begin typing your search above and press return to search.

'പാണ്ടി'കളോട് കേരള മുതല്‍വര്‍ തന്‍ മന്നിപ്പ്

പാണ്ടികളോട് കേരള മുതല്‍വര്‍ തന്‍ മന്നിപ്പ്

പിണറായി വിജയന്‍ ഇന്നലെ മാപ്പ് പറഞ്ഞു. മുരുഗന്‍റെ കുടുംബത്തോട്. അതിങ്ങനെ ആയിരുന്നു. “മരുത്വമനൈഗള്‍ അവസര സിഗിചൈ അളിക്കാത്തതാല്‍ ഉയിര്‍ ഇളന്ത മുരുഗന്‍ ഉറവിനര്‍ഗളിടം കേരളാ മക്കളിന്‍ സാര്‍പാഗ മുതല്‍വര്‍ പിണറായി വിജയന്‍ മന്നിപ്പു കോരിനാര്‍”. തമിഴില്‍ പിണറായി ട്വീറ്റ് ചെയ്തു.

ഇത് പിണറായി വിജയന്‍ എന്ന വ്യക്തിയുടെ മാപ്പപേക്ഷ അല്ല. സര്‍വ്വാധികാരിയായ ഒരു ഭരണകൂട തലവന്റെ തല കുനിക്കലാണ്. അധികാര ഹൂങ്കിന്റെ പിന്‍മടക്കവുമാണ്. പിണറായി എന്ന വ്യക്തിയില്‍ നിന്നും അപ്രതീക്ഷിതം എന്ന് പൊതുസമൂഹത്തിന് തോന്നിയെക്കാവുന്ന ഒരു പ്രവൃത്തി എന്ന പ്രത്യേകതയുമുണ്ട് ഐക്യപ്പെടലിന്.

പിണറായി സഭയില്‍ ഇങ്ങനെ പറഞ്ഞു, “ആശുപത്രികളുടെയെല്ലാം വാതില്‍ക്കല്‍ പോയി മുട്ടിയിട്ടും ചികിത്സ കിട്ടാതെ മുരുകന് വിട പറയേണ്ടി വന്നു. നമ്മുടെ നാടിന് ആകെ അപമാനമുണ്ടായ സംഭവമാണ് ഇത്. ആ കുടുംബത്തോട് ഈ സമൂഹത്തിനു വേണ്ടി മാപ്പ് പറയുകയാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്നാണല്ലോ വിളിപ്പേര്. ആരോഗ്യ രംഗത്ത് ഒട്ടേറെ നേട്ടങ്ങളും നമുക്കുണ്ടായി. എല്ലായിടത്തും ചികിത്സാ സൌകര്യവും ഉണ്ട്. ഈ ഹതഭാഗ്യന് ഒപ്പം ആളുണ്ടായിരുന്നില്ല. ചികിത്സ നല്‍കിയാല്‍ പണം കിട്ടിയില്ലെകിലോ എന്ന ശങ്ക കൊണ്ട് ആശുപത്രികള്‍ പ്രവേശനം അനുവദിച്ചില്ല എന്നാണ് വാര്‍ത്തകളില്‍ നിന്നും മനസിലായത്. അത് അതിക്രൂരമായിപ്പോയി.”

ദുരന്തം ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ വേണമെങ്കില്‍ നിയമ നിര്‍മ്മാണം നടത്തും എന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മാപ്പപേക്ഷ രാഷ്ട്രീയ ഭേദമന്യേ കയ്യടിച്ചാണ് അംഗങ്ങള്‍ എതിരേറ്റത്.

ടിവി ചന്ദ്രന്റെ സൂസന്ന എന്ന സിനിമയില്‍ ചാരുഹാസന്‍ അവതരിപ്പിച്ച അയ്യങ്കാര്‍ കഥാപാത്രം ‘നിമ്മതി’ എന്ന വാക്ക് സൂസന്നയോട് പറയുന്നുണ്ട്. എന്താ സ്വാമി പെട്ടെന്നു തമിഴ് എന്നു ചോദിച്ചപ്പോള്‍ ചാരുഹാസന്‍ പറയുന്നത് ചില കാര്യങ്ങള്‍ തമിഴില്‍ തന്നെ പറയണം എന്നായിരുന്നു. നിമ്മതി എന്ന വാക്കിന് അത്ര തീവ്രമായ ഒരു മലയാള വാക്ക് കണ്ടെത്താന്‍ പറ്റുമോ? അതുപോലെ പിണറായിയുടെ മന്നിപ്പിന്റെ വൈകാരിക അനുഭവം അതുകൊണ്ട് തന്നെ തീവ്രവുമാണ്. 'പാണ്ടി'കള്‍ എന്ന അപര സ്വത്വങ്ങളോടുള്ള മലയാളിയുടെ മാപ്പപേക്ഷ കൂടിയാണ് ഇത്.

കഴിഞ്ഞ ദിവസം ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട് കാണിച്ച സിസിടിവി ഫൂട്ടേജില്‍ ആംബുലന്‍സിന് അടുത്തേക്ക് വന്നിട്ട് തിരക്കിട്ട് തിരിച്ചു പോകുന്ന ഡോക്ടറെ കാണാം. മാരകമായി പരുക്കേറ്റ് വെന്റിലേറ്റര്‍ ആംബുലന്‍സില്‍ എത്തിയ രോഗിയെ സെക്കണ്ടുകള്‍ക്കൊണ്ട് ഒരു ഡോക്ടര്‍ക്ക് പരിശോധിച്ചു മടക്കി അയക്കാന്‍ കഴിഞ്ഞത് എങ്ങിനെയാണ് എന്നു നമ്മള്‍ അത്ഭുതപ്പെട്ടു പോകും അത് കണ്ടാല്‍. യഥാര്‍ഥത്തില്‍ ഡോക്ടര്‍ പരിശോധിച്ചത് അപകടം സംഭവിച്ചു ചോരയൊലിപ്പിച്ച് കിടക്കുന്ന ആളെ അല്ലെന്നും മുരുകന്‍ എന്ന 'പാണ്ടി'യെയും അവന്റെ നിറത്തെയും അവന്റെ വേഷത്തെയും കൂട്ടിന് ആളില്ല എന്ന അവന്റെ അനാഥത്വത്തെയും ദാരിദ്ര്യത്തെയുമാണ്.

Also Read: മുരുഗനെ കൊന്നത് ആരോഗ്യ മുതലാളിമാര്‍; അടച്ചുപൂട്ടണം ഈ ആശുപത്രികള്‍

മനുഷ്യ വിരുദ്ധമായ ആ ‘അപര’ ബോധത്തിന്റെ മര്‍മ്മത്തിലുള്ള അടിയാണ് മാപ്പപേക്ഷയിലൂടെ പിണറായി വിജയന്‍ നടത്തിയത്. സംസ്കാരമില്ലാത്ത, വിദ്യാഭ്യാസമില്ലാത്ത, വികാര ജീവികളായ, അക്രമികളായ മലയാളിയുടെ തമിഴ് എന്ന വംശീയ പ്രതിനിധാനത്തിനുള്ള തിരുത്താകട്ടെ ഈ മാപ്പ്. ഇനി 'പാണ്ടിപ്പട' എന്ന പേരില്‍ ഒരു വംശീയ സിനിമ എടുക്കാന്‍ മലയാളിക്ക് കഴിയാതെ പോകട്ടെ.

ഒപ്പം കോട്ടയത്ത് കഴിഞ്ഞ വര്‍ഷം തല്ലിക്കൊല്ലപ്പെട്ട ആസാം പണിക്കാരനെയും ഓര്‍ക്കുന്നു. കോഴിക്കോട് മാന്‍ഹോളില്‍ ശ്വാസം കിട്ടാതെ മരിച്ച ആന്ധ്രാക്കാരനെയും.

മുരുകന്റെ മരണത്തില്‍ അന്വേഷണം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു എന്നതാണു ഏറ്റവും പുതിയ വാര്‍ത്ത

Also Read: 58 മുറിവുകള്‍ നല്കി നമ്മള്‍ യാത്രയയച്ച ആ അസംകാരനെ കുറിച്ച് തന്നെ

സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories