Top

കങ്കാണിപ്പണിയല്ല; ഇത് രാഷ്ട്രീയ നേതാക്കളുടെ 'സ്വകാര്യ' ജീവിത പ്രശ്നങ്ങള്‍

കങ്കാണിപ്പണിയല്ല; ഇത് രാഷ്ട്രീയ നേതാക്കളുടെ
കഴിഞ്ഞ ദിവസം ചേര്‍പ്പുളശേരിയില്‍ നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന് വേണ്ടി മധ്യസ്ഥ ചര്‍ച്ച നടത്തുന്നതിനിടെ ഡിവൈഎഫ്ഐക്കാരുടെ വലയില്‍ കുടുങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ഇന്നലെ കണ്ണൂരില്‍ പൊങ്ങി. പാര്‍ട്ടി നിലപാടിന് വിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ല എന്ന് കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സുധാകരന്‍ പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

“നെഹ്രു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസ് പഴയ കെഎസ് യുക്കാരനാണ്. അവരുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്. ഒരു കോണ്‍ഗ്രസ്സുകാരന് ആപത്ത് വന്നാല്‍ സഹായിക്കേണ്ടത് എന്റെ കടമായാണ്. ഒരുപാട് ത്യാഗം സഹിച്ചാണ് നെഹ്രു കോളേജ് വളര്‍ത്തി എടുത്തത്. ഇരുപതോളം സ്ഥാപനങ്ങളുള്ള നെഹ്രു ഗ്രൂപ്പിനെ തകരാന്‍ അനുവദിച്ചുകൂടാ” സുധാകരന്‍ പറഞ്ഞു.

പി കൃഷ്ണദാസ് തന്നെ മര്‍ദിച്ചു എന്ന പരാതി കൊടുത്ത ഷാഹിര്‍ ഷൌക്കത്തലിയുടെ കുടുംബവുമായി മധ്യസ്ഥ ചര്‍ച്ച നടത്താനാണ് കെ സുധാകരന്‍ ചേര്‍പ്പുളശേരിയിലേക്ക് പോയത്. ഒരു പ്രാദേശിക ബിജെപി നേതാവിന്റെ വീട്ടില്‍ വെച്ചായിരുന്നു ചര്‍ച്ച നടന്നത് എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പി കൃഷ്ണദാസിന്റെ പാമ്പാടി നെഹ്രു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഹര്‍ത്താലും ശക്തമായ പ്രക്ഷോഭങ്ങളും സംഘടിപ്പിച്ച പാര്‍ട്ടികളാണ് കോണ്‍ഗ്രസ്സും ബിജെപിയും എന്നോര്‍ക്കുക.അതേസമയം സുധാകരന്റെ നടപടിയെ കെപിസിസി നേതൃത്വം തളിപ്പറഞ്ഞുവെങ്കിലും കണ്ണൂരിലെ കോണ്‍ഗ്രസ്സുകാര്‍ തള്ളാന്‍ തയ്യാറല്ല. കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റ് സതീശന്‍ പാച്ചേനിയാണ് സുധാകരനെ പിന്തുണച്ച് രംഗത്തെത്തിയത്. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയും കുടുംബവും ആവശ്യപ്പെട്ടതനുസരിച്ചാണ് ചര്‍ച്ചയ്ക്ക് പോയത് എന്നു സതീശന്‍ പാച്ചേനി പറഞ്ഞതായി മാതൃഭൂമി കണ്ണൂര്‍ എഡിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. (തങ്ങള്‍ അങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെന്നും കേസുമായി മുന്‍പോട്ട് പോകുമെന്നും ഷഹീര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതിന് ശേഷമാണ് പാച്ചേനിയുടെ പ്രസ്താവന വന്നിരിക്കുന്നത്)

“ജിഷ്ണു പ്രണോയിയുടെ കേസില്‍ മാത്രമാണ് കോണ്‍ഗ്രസ്സിന് നിലപാടുള്ളത്” എന്നും കെ സുധാകരന്‍ പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. അപ്പോള്‍ ആ നിലപാട് എന്താണാവോ? പഴയ കെ എസ് യുക്കാരനായ പി കൃഷ്ണദാസിനെ തുറങ്കിലടയ്ക്കണം എന്നാണോ? ജിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെടുന്നത് തങ്ങളുടെ മകന്റെ മരണത്തിനുത്തരവാദിയായ കോളേജ് ചെയര്‍മാനെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണം എന്നാണ്.

തന്റെ മകന്‍ നെഹ്രു ഗ്രൂപ്പ് കോളേജിലാണ് പഠിക്കുന്നതെങ്കിലും കൃത്യമായി ഫീസ് കൊടുത്താണ് പഠിക്കുന്നത് എന്നും സുധാകരന്‍ പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ടിലുണ്ട്. അതൊരു വ്യക്തിപരമായ കാര്യമായതുകൊണ്ട് മകനെ എവിടെ പഠിപ്പിക്കണം എന്നു തീരുമാനിക്കുന്നത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്. നെഹ്രു കോളേജിലെ വെറും ഒരു പിടിഎ അംഗം മാത്രമായ സുധാകരന്‍ കോളേജ് മുതലാളിയെ രക്ഷിക്കാന്‍ എത്ര വലിയ ഉദ്യമമാണ് ചുമലിലേറ്റിയിരിക്കുന്നത്. ഇതും ജനസേവനം തന്നെ.ഇനി മൂന്നാറിലേക്ക് വരാം. കോടതി ഉത്തരവനുസരിച്ച് വി.വി ജോര്‍ജിന്റെ ലവ് ഡേല്‍ റിസോര്‍ട്ട് ഒഴിപ്പിക്കാന്‍ എത്തിയ റവന്യൂ ഉദ്യോഗസ്ഥരെ റിസോര്‍ട്ട് മുതലാളിയുടെ ചില അഭ്യുദയകാംക്ഷികള്‍ ചേര്‍ന്ന് തടഞ്ഞു എന്നാണ് വാര്‍ത്ത. ആരാണ് ഈ മഹാന്മാര്‍ എന്നു നോക്കാം. ഡിസിസി ജനറല്‍ സെക്രട്ടറി ജി മുനിയാണ്ടി, ജില്ലാ പഞ്ചായത്ത് അംഗം എസ് വിജയകുമാര്‍ എന്നിവരാണ് ഈ ജനസേവകര്‍. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ കോണ്‍ഗ്രസ്സ് നേതാവ് ജോസഫ് വാഴയ്ക്കന്‍ പറഞ്ഞത് ഈ ജോര്‍ജ്ജെന്ന് പറയുന്നയാള്‍ കോണ്‍ഗ്രസ്സ് നേതാവൊന്നുമല്ല എന്നാണ്. എന്തായാലും ഇന്നലെ ചാനല്‍ ദൃശ്യങ്ങളില്‍ കോണ്‍ഗ്രസ്സ് യൂണിഫോമിലാണ് ജോര്‍ജ്ജിനെ കണ്ടത്. എന്തു വേഷം ധരിക്കണം എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണല്ലോ.

തലശ്ശേരി എംഎല്‍എ അഡ്വ. എ എന്‍ ഷംസീര്‍, ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതി ഷാഫിയുടെ വിവാഹ സത്ക്കാരത്തില്‍ പങ്കെടുത്തതാണ് ഇന്നത്തെ മറ്റൊരു സെന്‍സേഷണല്‍ വാര്‍ത്ത. മലയാള മനോരമയ്ക്ക് ഈ വാര്‍ത്ത ക്ഷ പിടിച്ചു. (സുധാകരന്‍, മൂന്നാര്‍ വാര്‍ത്തകളില്‍ വലിയ കഴമ്പുണ്ട് എന്നു മനോരമയ്ക്ക് തോന്നിയില്ല എന്നതും ശ്രദ്ധിക്കുക) “ടിപി കേസിലെ ക്വട്ടേഷന്‍ ഗുണ്ടകളുമായി ഷംസീറിന് ബന്ധമുണ്ടെന്ന് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ആര്‍എംപി നേതാക്കളായ കെ.കെ രമയും എന്‍ വേണുവും ആരോപിച്ചതിന്റെ പേരില്‍ ഷംസീര്‍ മാനനഷ്ടത്തിന് കേസ് കൊടുത്തിരുന്നു.” എന്ന കാര്യം മലയാള മനോരമയുടെ റിപ്പോര്‍ട്ടിലുണ്ട്. എന്തായാലും കേസ് കഴിഞ്ഞയാഴ്ച തള്ളിപ്പോയി. ആ ബലത്തിലായിരിക്കാം വക്കീല്‍ കൂടിയായ എംഎല്‍എ പാര്‍ട്ടി തള്ളിപ്പറഞ്ഞ 'ക്വട്ടേഷന്‍' ഗുണ്ടയുടെ കല്യാണത്തിന് പങ്കെടുത്തത്. അതും വ്യക്തിപരമായ കാര്യം തന്നെ.നടി ആക്രമണ കേസില്‍ നടന്‍ ദിലീപ് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോഴാണ് ആലുവ എംഎല്‍എ കൂടിയായ അന്‍വര്‍ സാദത്ത് ദിലീപിനെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്. 13 മണിക്കൂര്‍ മാരത്തോണ്‍ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു ഈ സന്ദര്‍ശനം എന്നു കൂടി ഓര്‍ക്കണം. എന്തായാലും ദിലീപെന്ന കോണ്‍ഗ്രസ്സുകാരനെ കാണാനാണ് താന്‍ പോയത് എന്നല്ല തന്റെ ബാല്യകാല സുഹൃത്തിനെ കാണാന്‍ പോയതാണ് എന്നാണ് എംഎല്‍എ പറഞ്ഞത്.

മേല്‍ സംഭവങ്ങളെല്ലാം സൂചിപ്പിക്കുന്നത് രാഷ്ട്രീയ നേതാക്കള്‍ക്ക് പൊതുജീവിതം മാത്രമല്ല സ്വകാര്യ ജിവിതം കൂടി ഉണ്ടെന്നുള്ളതാണ്. ആ ജീവിതത്തില്‍ അവര്‍ പി കൃഷ്ണദാസിനും വി.വി ജോര്‍ജ്ജിനും ഷാഫിക്കും ദിലീപിനും ഒക്കെ കുടപിടിക്കാന്‍ പോകും. അതവരുടെ സ്വാതന്ത്ര്യം. അതിനെ എന്തിനാണ് മാധ്യമങ്ങളേ, നിങ്ങള്‍ വെറുതെ പൊതുജനങ്ങളുടെ മുന്‍പിലേക്കെടുത്തിട്ട് താറടിക്കുന്നത്; കങ്കാണി പണിയാണ് എന്ന് ആക്ഷേപിക്കുന്നത്?

Next Story

Related Stories