ഒടുവില്‍ രാം നാഥ് കോവിന്ദും കുമ്മനത്തെ തോല്‍പ്പിച്ചു!

ജനരക്ഷാ യാത്ര എടപ്പാളും കുറ്റിപ്പുറവും വേങ്ങരയും പിന്നിടുമ്പോള്‍ ജാഥയ്ക്ക് നേരെ ഏതെങ്കിലും ‘ജിഹാദി ഭീകരന്‍’ ആക്രമണം നടത്തിയതായി ഒരു അന്തിപ്പത്രം പോലും റിപ്പോര്‍ട്ട് ചെയ്തു കണ്ടില്ല

“മതസൌഹാര്‍ദത്തില്‍ കേരളം മാതൃക”; സ്ഥാനമേറ്റതിന് ശേഷം ആദ്യമായി കേരളത്തില്‍ എത്തിയ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ഈ പ്രസ്താവനയ്ക്ക് മുന്‍പില്ലാത്ത വിധം പ്രാധാന്യമുണ്ട്. സാധാരണ ഗതിയില്‍ ആതിഥേയ സംസ്ഥാനത്തെ കുറിച്ച് ഏതൊരു രാഷ്ട്രനേതാവും പറയുന്ന ടെമ്പ്ലേറ്റ് പ്രസംഗത്തില്‍ കൂടുതലൊന്നും രാം നാഥ് കോവിന്ദിന്റെ പ്രസംഗത്തില്‍ ഇല്ല. പക്ഷേ രാഷ്ട്രപതിയാകുന്നതിന് മുന്‍പ് അദ്ദേഹം പ്രതിനിധീകരിച്ച പാര്‍ട്ടി നല്‍കിയ ‘ജിഹാദി സംസ്ഥാനം’ എന്ന പദവിക്ക് കടകവിരുദ്ധമാണ് തീര്‍ച്ചയായും ഈ പ്രസ്താവന. അതുകൊണ്ട് തന്നെ രാഷ്ട്രീയ പ്രധാന്യം ഏറെയുള്ളതും.

“ഇന്ത്യയില്‍ ക്രൈസ്തവര്‍ ആദ്യം എത്തിയത് കേരളത്തിലാണ്. രാജ്യത്തെ ആദ്യ മുസ്ലീം പള്ളി നിര്‍മ്മിച്ചതും ഇവിടെയാണ്. ജൂതരും റോമാക്കാരും കേരളത്തിലെത്തി. ഏവരും പരസ്പരധാരണയോടെ എല്ലാവരുടെയും വിശ്വാസത്തെ ആദരിച്ചു ജീവിച്ചു. കേരളത്തിന്റെ ഈ പാരമ്പര്യം അഭിമാനകരമാണ്”. രാഷ്ട്രപതി ഇങ്ങനെ പറയുമ്പോള്‍ ‘പച്ച ജിഹാദി’നെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജാഥ മലപ്പുറത്തേക്ക് കടന്നു കഴിഞ്ഞിരുന്നു.

അതേ, കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ആഹിര്‍ കേരളത്തില്‍ വന്ന് നിര്‍ബന്ധിത മത പരിവര്‍ത്തനം നടക്കുന്നു എന്നാരോപിച്ച മലപ്പുറത്ത് തന്നെ. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് മുസ്ലീം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഫൈസല്‍ എന്ന യുവാവിനെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്ന അതേ മലപ്പുറത്ത്.

Also Read: ഹാദിയയുടെ ‘ബ്ലൂ വെയില്‍ കളി’; ഹാന്‍സ് രാജ് ആഹിര്‍, സുപ്രീം കോടതി പിന്നെ സെന്‍കുമാറും

എന്നാല്‍ എടപ്പാളും കുറ്റിപ്പുറവും വേങ്ങരയും പിന്നിടുമ്പോള്‍ ജാഥയ്ക്ക് നേരെ ഏതെങ്കിലും ജിഹാദി ഭീകരന്‍ ആക്രമണം നടത്തിയതായി ഒരു അന്തിപ്പത്രം പോലും റിപ്പോര്‍ട്ട് ചെയ്തു കണ്ടില്ല.

കൂടാതെ ബിജെപി കേരളത്തിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ മലപ്പുറത്തേക്ക് ജനരക്ഷാ യാത്ര കടന്നതോടെ ജാഥയുടെ മുന്‍നിരയിലും വേദിയിലും തൊപ്പിയിട്ട ആളുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരിക്കുന്നു. തങ്ങളെ രക്ഷിക്കാന്‍ കുമ്മനം നടത്തുന്ന ജാഥയെ കൈവീശി കാണിക്കുന്ന തട്ടമിട്ട ‘ജിഹാദി ഭീകരകളാ’യ ഉമ്മമാരെയും ചിത്രത്തില്‍ കാണാം.

ജനരക്ഷാ യാത്ര മലപ്പുറത്ത് നിന്നുള്ള ചില ചിത്രങ്ങള്‍

സംഘ പരിവാറുകാരെ, ഇതാണ് കേരളം. രാഷ്ട്രപതി പറഞ്ഞ പാരമ്പര്യം ഇപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്ന കേരളം. അവിടെ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത് ആരൊക്കെയാണ് എന്ന് ജനങ്ങള്‍ നന്നായി തിരിച്ചറിയുന്നുണ്ട്.

എന്തായാലും ഓര്‍ക്കാപ്പുറത്ത് കിട്ടിയ രാഷ്ട്രപതിയുടെ പ്രസ്താവനയെ ആഘോഷിക്കുകയാണ് സിപിഎം. “അമിത് ഷായ്ക്കും യോഗി ആദിത്യ നാഥിനും മറുപടിയായി; കേരളം മാതൃക” എന്നാണ് ദേശാഭിമാനിയുടെ തലക്കെട്ട്. “എല്ലാ സംസ്കാരങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും തുല്യമായ ഇടം ഇവിടെയുണ്ട്”, രാഷ്ട്രപതിയുടെ വാക്കുകള്‍ ദേശാഭിമാനി ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു.

“രാഷ്ട്രപതിയുടെ വാക്കുകളാണ് ആര്‍എസ്എസിന് മറുപടി” എന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ഇതിനെ കുറിച്ച് പ്രതികരിച്ചത്.

ദിലീപിന് ജാമ്യം കൊടുത്ത് കോടതിയും, ജാഥയില്‍ നിന്നു പിന്‍മാറി അമിത് ഷായും, കേരളത്തെ അപമാനിച്ച് യോഗിയും കുമ്മനത്തെ തോല്‍പ്പിച്ചു. കഴിഞ്ഞ ദിവസം കണ്ട ഒരു ട്രോളാണ് ഇത്.

അതില്‍ ഇങ്ങനെയും കൂടി ചേര്‍ക്കാം… ഒടുവില്‍ രാഷ്ട്രപതിയും കുമ്മനത്തെ തോല്‍പ്പിച്ചിരിക്കുന്നു. തോല്‍ക്കാനായി കുമ്മനത്തിന്റെ യാത്ര തുടരുകയാണ് സുഹൃത്തുക്കളേ…!

മറ്റ് ചില പ്രധാന വാര്‍ത്തകള്‍

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുകയും അമിത് ഷാ ബിജെപിയുടെ ദേശീയ അധ്യക്ഷനായി ചുമതലയേല്‍ക്കുകയും ചെയ്തതിനു ശേഷം അമിത്ഷായുടെ പുത്രന്‍ ജയ് അമിത് ഭായ് ഷായുടെ ഉടമസ്ഥയിലുളള കമ്പനിയുടെ ലാഭം 16,000 ഇരട്ടിയായി വര്‍ദ്ധിച്ചതായി ദി വയര്‍.ഇന്‍ റിപ്പോര്‍ട്ട് ചെയ്തത് മുഖ്യ തലക്കെട്ടാക്കിയിരിക്കുകയാണ് മാതൃഭൂമി. കമ്പനി രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുളള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. 2013, 2014 സാമ്പത്തിക വര്‍ഷങ്ങളില്‍ ഷായുടെ കമ്പനിയായ ഷാസ് ടെമ്പിള്‍ എന്റര്‍പ്രൈസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, കമ്പനി രജിസ്ട്രാര്‍ ഓഫിസില്‍ നല്‍കിയ വാര്‍ഷിക റിപ്പോര്‍ട്ടും അവിടെ സമര്‍പ്പിച്ച ബാലന്‍സ് ഷീറ്റിലും നല്‍കിയ കണക്കുകള്‍ പ്രകാരം, കമ്പനി യഥാക്രമം 6,230 രൂപയുടെയും 1,724 രൂപയുടെയും നഷ്ടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.

ഏതായാലും ആരോപണം പ്രതിപക്ഷം ഏറ്റെടുത്തതോടെ ബിജെപി പ്രതിരോധത്തിലായി. അമിത് ഷായുടെ മകനെ സി ബി ഐയെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുമോ എന്നാണ് കോണ്‍ഗ്രസ്സ് വക്താവ് കപില്‍ സിബല്‍ ചോദിച്ചത്. വയറിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ജയ് ഷാ.

എന്തായാലും കുമ്മനത്തിനും കൂട്ടര്‍ക്കും ജനരക്ഷാ യാത്രയില്‍ ഇതിനും കൂടി മറുപടി പറയേണ്ടി വരും, തീര്‍ച്ച. അമിത് ഷാ ഇനി കേരളത്തില്‍ വരുമ്പോള്‍ അനുവദിച്ചാല്‍ മലയാള മാധ്യമങ്ങളും ചോദിക്കുമായിരിക്കും.

Also Read: മോദി അധികാരത്തില്‍ എത്തിയ ശേഷം അമിത് ഷായുടെ മകന്റെ കമ്പനിയുടെ ലാഭം 16,000 ഇരട്ടി!

സാധാരണയില്‍ നിന്നും വ്യത്യസ്തമായി, സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെ ഒന്നാം പേജില്‍ കൊടുത്തിട്ടുണ്ട് മലയാള മനോരമ. കുമ്മനത്തിന്റെ ജനരക്ഷാ യാത്ര കടന്നുപോയ കണ്ണൂരിലെ പാനൂരിലാണ് അക്രമം നടന്നത്. സിപിഎം പ്രകടനത്തിന് നേരെ ഉണ്ടായ ബോംബാക്രമണത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. ജനരക്ഷയുടെ മറ്റൊരു മാതൃക.

അക്രമ രാഷ്ട്രീയം കമ്യൂണിസ്റ്റുകാരുടെ സ്വഭാവത്തിലുള്ളതാണെന്നാണ് അമിത് ഷായുടെ പക്ഷം. കേരളത്തില്‍ നിന്നും മുങ്ങിയ അമിത് ഷാ ഡല്‍ഹിയില്‍ പൊങ്ങി എകെജി ഭവന് മുന്‍പില്‍ മാര്‍ച്ച് നടത്തുമ്പോഴാണ് ഇങ്ങനെ പറഞ്ഞത്.

ടി ഡി രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവാനായകി’ക്ക് ഇത്തവണത്തെ വയലാര്‍ അവാര്‍ഡ്. ശ്രീലങ്കയിലെ തമിഴ് വംശജരുടെ പോരാട്ടത്തിന്റെയും യാതനയുടെയും കഥ പറയുന്ന നോവലാണ് ആണ്ടാള്‍.

ഇന്നത്തെ ജന്‍മഭൂമി ഇറങ്ങിയിരിക്കുന്നത് ‘ക്രിമിനല്‍ കേരളം’ എന്ന തലക്കെട്ടോടെയാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ 35 ശതമാനം വര്‍ധിച്ചു എന്നാണ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ ഉദ്ധരിച്ച് രാജേഷ് രവീന്ദ്രന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ത്രീകള്‍ക്ക് നേരെയും കുട്ടികള്‍ക്ക് നേരെയുമുള്ള കുറ്റകൃത്യങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ടെന്ന് ജന്‍മഭൂമി റിപ്പോര്‍ട്ട് പറയുന്നു. എന്തായാലും കണക്കില്‍ വെള്ളം ചേര്‍ക്കാന്‍ സാധിക്കില്ലല്ലോ. ഈ കണക്ക് വിശ്വസിക്കുക തന്നെ. കേരളം ക്രിമിനലുകളുടെ സ്വന്തം നാടാണ് എന്നു പറയാന്‍ തിരക്ക് കൂട്ടുന്നതിനിടെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍ കൂടി കൊടുക്കാമായിരുന്നു. റിപ്പോര്‍ട്ട് കുറച്ചുകൂടി ഗംഭീരമായേനെ.

ഉപദേശം രാഷ്ട്രീയമല്ല, ജേര്‍ണലിസ്റ്റിക്കാണ്…

Also Read: ജന്മഭൂമിയിലില്ലെങ്കിലെന്താ മാതൃഭൂമിയിലുണ്ടല്ലോ; കേരളത്തില്‍ ലൌ ജിഹാദെന്ന് തെളിച്ചു പറയാത്തതെന്ത്?

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍