ട്രെന്‍ഡിങ്ങ്

ഏത് സഭയും മഹല്ലുമായാലെന്ത്; പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി വാതില്‍ തുറക്കാതെ എന്ത് ന്യൂനപക്ഷ ക്ഷേമം?

ന്യൂനപക്ഷ മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ സാമുദായികസംവരണത്തിന് റവന്യൂ അധികാരികളുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു

“ന്യൂനപക്ഷ മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ സാമുദായികസംവരണത്തിന് റവന്യൂ അധികാരികളുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന ഉത്തരവിന്റെ കരട് തയ്യാറായി”. നേരത്തെ പുരോഹിതന്‍മാര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്ന ആരോഗ്യവകുപ്പിന്റെ ഉത്തരവ് വിവാദം സൃഷ്ടിച്ചതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കുകയായിരുന്നു എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

“ മുസ്ലിം സമുദായ സംഘടനകള്‍ക്കും മഹല്ല് അധികാരികള്‍ക്കും രേഖ നല്‍കാന്‍ അനുമതി നല്‍കി ആരോഗ്യവകുപ്പ് ഇറക്കിയ ഉത്തരവ് വിവാദമായിരുന്നു. മതസംഘടനകളെ മുസ്ലിം സമുദായത്തിലെ ഉപവിഭാഗങ്ങളായി പരിഗണിച്ച് വിവിധകോളജുകളില്‍ സീറ്റ് നീക്കിവെച്ചതാണ് പ്രശ്‌നമായത്.” മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നു.

“ക്രിസ്ത്യന്‍ വിഭാഗത്തിലെ വിവിധ സഭകള്‍ നടത്തുന്ന കോളജുകളില്‍ ബന്ധപ്പെട്ട സഭയ്ക്ക് കീഴിലുള്ള വിദ്യാര്‍ഥികള്‍ക്ക് സമുദായ സീറ്റില്‍ സംവരണം ഉണ്ട്. സമുദായ സര്‍ട്ടിഫിക്കറ്റ് റവന്യൂ അധികാരികള്‍ നല്‍കുമെങ്കിലും സഭ തെളിയിക്കാന്‍ സഭാ അധികാരികള്‍ തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടിവരും.” മാതൃഭൂമി റിപ്പോര്‍ട്ട് തുടരുന്നു.

എന്നാല്‍ മനോരമ പറയുന്നത് സഭ വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റും റവന്യൂ അധികൃതര്‍ നല്‍കണമെന്നാണ്. “പ്രവേശനത്തിനു മതവും സമുദായവും സഭയും വ്യക്തമാക്കുന്ന റവന്യു അധികൃതരുടെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.” (മലയാള മനോരമ)

“മുസ്‌ലിം സമുദായത്തിനു മതനേതാക്കളുടെ സർട്ടിഫിക്കറ്റ് ഒഴിവാക്കിയതു ക്രിസ്ത്യാനികൾക്കും ബാധകം ആക്കിയാൽ ഉണ്ടാകാവുന്ന പ്രായോഗിക പ്രശ്നങ്ങൾ” മുഖ്യന്ത്രിയുടെ ഓഫിസിൽ വിളിച്ചുചേർത്ത ഉന്നതതലയോഗം ചര്‍ച്ചചെയ്തു എന്നും മനോരമ റിപ്പോര്‍ട്ടില്‍ ഉണ്ട്.

അപ്പോള്‍ എന്താണ് പ്രായോഗിക പ്രശ്നങ്ങള്‍?

“വിദ്യാര്‍ഥി ഏത് രൂപത എന്നു റവന്യൂ അധികാരികള്‍ സാക്ഷ്യപ്പെടുത്തുക പ്രായോഗികമല്ല. ബിലീവേഴ്‌സ് ചര്‍ച്ച് പുതിയ സഭയാണ്. മറ്റ് സഭകളില്‍ നിന്ന് അതിലേക്കു ചേര്‍ന്നവര്‍ക്ക് റവന്യൂ സര്‍ട്ടിഫിക്കറ്റ് നല്‍കുക പ്രായോഗികമല്ല.”

“പ്രായോഗികമായി ക്രിസ്ത്യാനിയാണെങ്കില്‍ കമ്യൂണിറ്റി ക്വോട്ടയില്‍ പ്രവേശനം നല്‍കുമെന്നാണ് ഇന്‍റര്‍ ചര്ച്ച് കൌണ്‍സിലിന്റെ നിലപാട് എന്ന് ജൂലൈ 17 ലെ കേരളകൌമുദി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. “കമ്യൂണിറ്റി മെംബര്‍ഷിപ്പ് നല്‍കേണ്ടത് വില്ലേജ് ഓഫീസറല്ല, കമ്യൂണിറ്റിയിലുള്ളവരാണ്. ജന്മം കൊണ്ട് ക്രിസ്ത്യാനി ആണോയെന്ന് മാത്രമാണ് വില്ലേജ് ഓഫീസര്‍ക്ക് സാക്ഷ്യപ്പെടുത്താനാവുക. മതം മാറുകയോ മതം ഉപേക്ഷിക്കുകയോ ചെയ്യുന്നവര്‍ക്കും പ്രവേശനം നല്‍കും. ജന്മം കൊണ്ടുള്ള സമുദായ അംഗത്വമല്ല നോക്കുന്നത്. മതം മാറിയതാവാം. തിരിച്ചു വന്നതാവാം. പ്രായോഗികമായി ക്രിസ്ത്യാനി ആയിരുന്നാള്‍ മതി.” ഇന്‍റര്‍ ചര്‍ച്ച് കോളേജ് ഫെഡറേഷന്‍ കോ-ഓര്‍ഡോനേറ്റര്‍ പിജി ഇഗ്നേഷ്യസ് പറഞ്ഞതായി കേരള കൌമുദി റിപ്പോര്‍ട്ടിലുണ്ട്.

ക്രിസ്ത്യൻ ന്യൂനപക്ഷ അവകാശങ്ങൾ ലംഘിച്ച് ഉത്തരവ് ഇറക്കിയാൽ കോടതിയെ സമീപിക്കുമെന്നു ക്രിസ്ത്യൻ മാനേജ്‌മെന്റുകളുടെ വക്താവ് ജോർജ് പോൾ അറിയിച്ചതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളുടെ സമുദായ അംഗങ്ങളെ റവന്യൂ അധികാരികള്‍ക്ക് എങ്ങനെ കണ്ടെത്താനാകും എന്നാണ് സഭാ നേതാക്കളുടെ ചോദ്യം.

ഓഗസ്ത് ഒന്നിന് സുപ്രഭാതം ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വിശദമായി തന്നെ ഈ വിഷയത്തെ മുസ്ലീം സമുദായവുമായി ബന്ധപ്പെടുത്തി വിശദീകരിക്കുന്നുണ്ട്. “മുസ്ലീം സമുദായത്തിന് മുസ്ലീം എന്ന ഒറ്റ വിഭാഗമേ ഉണ്ടാകൂ. മുസ്ലീം സമുദായത്തിനകത്തെ വിവിധ സംഘടനകളെ ഉപജാതി വിഭാഗങ്ങളാക്കി”യാണ് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയത്. ഇത് അഴിമതിക്ക് കളം ഒരുക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് എന്നും സുപ്രഭാതം റിപ്പോര്‍ട്ടില്‍ ഉണ്ട്. “സുന്നി, മുജാഹിദ്, ജമാഅത്ത് ഇസ്ലാമി, കേരള മുസ്ലീം ജമാഅത്ത് എന്നീ സംഘടനകള്‍ മുസ്ലീം ജനവിഭാഗത്തിന്റെ ഉപജാതികള്‍ ആണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലായിരുന്നു ആരോഗ്യവകുപ്പിന്റെ ഉത്തരവ് എന്നും സുപ്രഭാതം പറയുന്നു.

അതേ സമയം മെറിറ്റ് ഉറപ്പാക്കും എന്നും പുരോഹിതന്മാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ രാജേന്ദ്ര ബാബു കമ്മിറ്റിയുടെ മുന്‍പാകെ പരാതിപ്പെടാമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു.

തനിക്ക് സര്‍ട്ടിഫിക്കറ്റ് തന്നില്ല എന്ന് ഏത് വിശ്വാസിയാണ് പുരോഹിതന്‍മാര്‍ക്ക് എതിരെ പരാതിപ്പെടാന്‍ പോകുന്നത്? അങ്ങനെ പോയാലുള്ള ഭവിഷ്യത്തുകള്‍ എന്തെന്ന് അവര്‍ക്ക് നന്നായി അറിയാം എന്നതിന് എത്ര ഉദാഹരണങ്ങള്‍ വേണം.

Also Read: മതഫാസിസത്തിന്‍റെ ചില ‘ഗര്‍ഭംകലക്കി’കള്‍; ഒല്ലൂരില്‍ സംഭവിക്കുന്നത്

വലിയ അഴിമതിക്കുള്ള സാധ്യതയ്ക്കും ഇഷ്ടക്കാരെ തിരുകിക്കയാറ്റാനും ഉള്ള മത മാനേജ്മെന്‍റുകളുടെ ശ്രമത്തിനാണ് മുഖ്യമന്ത്രിയുടെ ഇടപെടലോടെ പിടി വീണിരിക്കുന്നത്.

മുസ്ലീം സംഘടനകളുടെ പ്രതികരണം എത്തിയിട്ടില്ലെങ്കിലും ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശം ലംഘിക്കുന്ന തീരുമാനം ഉണ്ടായാല്‍ കോടതിയെ സമീപിക്കും എന്ന ക്രിസ്ത്യന്‍ സഭകളുടെ പ്രഖ്യാപനത്തെ ഗൌരവമായി കാണേണ്ടതാണ്. ന്യൂനപക്ഷങ്ങള്‍ക്ക് അവകാശപ്പെട്ട സംവരണം അട്ടിമറിക്കാനല്ല ഇവിടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. മറിച്ച് ഭരണഘടനാപരമായ ബാധ്യതയുള്ള സര്‍ക്കാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന നിബന്ധനയാണ് വെച്ചിരിക്കുന്നത്.

ക്രിസ്ത്യന്‍ സഭകളോട് ഒരു വാക്ക്; തങ്ങളുടെ സമുദായത്തിലെ ഏറ്റവും പാവപ്പെട്ടവര്‍ക്ക് സമുദായ സംവരണ സീറ്റ് കിട്ടുന്നുണ്ടോ എന്നാണ് നിങ്ങള്‍ ഉറപ്പുവരുത്തേണ്ടത്. അതിന് വികാരിമാരുടെ സഭാ/രൂപതാ അംഗത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഒന്നും വേണ്ട. കാര്യങ്ങള്‍ സുതാര്യമായാല്‍ മതി. എന്നും വായിക്കുന്ന വേദ പുസ്തകം ഹൃദയം കൊണ്ട് വായിച്ചാല്‍ മതി.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍