TopTop
Begin typing your search above and press return to search.

കയ്യും കാലും വെട്ടും, മുഖത്ത് ആസിഡ് ഒഴിക്കും; മതഭ്രാന്തന്‍മാര്‍ പിടിമുറുക്കുന്ന കേരളം

കയ്യും കാലും വെട്ടും, മുഖത്ത് ആസിഡ് ഒഴിക്കും; മതഭ്രാന്തന്‍മാര്‍ പിടിമുറുക്കുന്ന കേരളം
“ആറു മാസം സമയം തരുന്നു. അതിനകം മതം മാറിയില്ലെങ്കില്‍ വലതു കയ്യും ഇടതുകാലും വെട്ടും”. പ്രശസ്ത സാഹിത്യകാരന്‍ കെ പി രാമനുണ്ണിക്ക് ഇസ്ളാമിക തീവ്രവാദികള്‍ എന്നു സംശയിക്കപ്പെടുന്നവരില്‍ നിന്നു വന്ന കത്തിലാണ് ഈ ഭീഷണി. തൊടുപുഴ ന്യൂ മാന്‍സ് കോളേജിലെ അധ്യാപകന്റെ വിധി താങ്കള്‍ക്കുണ്ടാകും എന്നും ഭീഷണി തുടരുന്നു.

കുറച്ചു ദിവസങ്ങളായി തന്റെ കയ്യില്‍ കിട്ടിയ കത്ത് കെ പി രാമനുണ്ണി പുറത്തു വിടാതിരിക്കുകയായിരുന്നു. എന്നാല്‍ വിഷയത്തിലെ ഗൌരവം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പോലീസിനെ അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും പരാതി പോലീസ് പരിശോധിച്ചു വരികയാണ്.

അതേ സമയം കേരള വര്‍മ്മ കോളേജിലെ അധ്യാപിക ദീപാ നിശാന്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ വധഭീഷണി മുഴക്കുകയും അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതിന്റെ പേരില്‍ ഐ ടി ആക്ട് പ്രകാരം കേസ് ചാര്‍ജ്ജ് ചെയ്തു. ദീപയെ ആക്രമിക്കണമെന്നും മുഖത്ത് ആസിഡ് ഒഴിക്കണമെന്നും ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ സംഘപരിവാര്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് പ്രചരിക്കുന്നത്.

എന്താണ് ഇവര്‍ രണ്ടു പേര് ചെയ്ത കുറ്റം?

മാധ്യമം ദിനപത്രത്തില്‍ എഴുതിയ ലേഖനമാണ് രാമനുണ്ണിയ്ക്കെതിരെ വാളെടുക്കാന്‍ മത തീവ്രവാദികളെ പ്രേരിപ്പിച്ചിരിക്കുന്നത്. ലേഖനത്തില്‍ എഴുതിയ കാര്യങ്ങള്‍ ഇസ്ലാമിന് എതിരാണെന്നും നിഷ്കളങ്കരായ ഇസ്ലാം വിശ്വാസികളെ വഴി തെറ്റിക്കുന്നതാണെന്നുമാണ് ആരോപണം.

അതേ സമയം ലേഖനം ആര്‍ക്കും എതിരല്ലെന്ന് കെപി രാമനുണ്ണി പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. “ഹിന്ദുവിന്റെ ശത്രുവല്ല മുസ്ലീം എന്നു പറയാനാണ് ശ്രമിച്ചത്.”തൃശൂര്‍ കേരള വര്‍മ കോളേജില്‍ എം.എഫ് ഹുസൈന്റെ ‘സരസ്വതി’യുടെ പകര്‍പ്പ് എസ്എഫ്ഐയുടെ ചില ബാനറുകളില്‍ പുനരാവിഷ്‌കരിച്ചതിനെ അനുകൂലിച്ചുകൊണ്ട് ദീപാ നിശാന്ത് പോസ്റ്റിട്ടിരുന്നു.

'ഹൈന്ദവ തീവ്രവാദികളെ' എന്ന് അഭിസംബോധന ചെയ്യുന്ന പോസ്റ്റില്‍ ദീപാ നിശാന്ത് ഇങ്ങനെ പറയുന്നു.

“കഴിഞ്ഞ ദിവസം ഞാൻ പഠിപ്പിക്കുന്ന ശ്രീ കേരളവർമ്മ കോളേജിൽ ഒരു വിദ്യാർത്ഥിസംഘടന, ചിത്രകാരൻ എം.എഫ്. ഹുസൈൻ വരച്ച ഒരു ചിത്രത്തിന്റെ പകർപ്പ് ഒരു ബാനറിലാക്കി അവരുടെ സംഘടനയുടെ പ്രചരണത്തിന്‌ ഉപയോഗിച്ചതായി ഞാനും കണ്ടിരുന്നു. ആത്മപ്രകാശനസ്വാതന്ത്ര്യം നിലവിലുള്ള ഒരു രാജ്യത്തിൽ നിരോധിച്ചിട്ടില്ലാത്ത ഒരു കലാസൃഷ്ടിയുടെ പകർപ്പ് ഒരു കോളേജിനകത്ത് കാണപ്പെടുന്നതിൽ പ്രത്യേകിച്ച് ഖിന്നതയൊന്നും ആർക്കും തോന്നേണ്ട കാര്യമില്ല. എനിക്കും തോന്നിയില്ല.”

“സരസ്വതിയെ ഹൈന്ദവക്ഷേത്രങ്ങളിലും പൗരാണികസംസ്കാരങ്ങളിലും എങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നന്വേഷിക്കുന്നതാണല്ലോ ഏറ്റവും എളുപ്പം. ഹിന്ദുതീവ്രവാദികൾ തങ്ങളുടെ തന്നെ പൗരാണികക്ഷേത്രങ്ങൾ പൊളിച്ചുകളയണമെന്ന് പറയില്ലെന്ന് ആശിക്കുന്നു.”

“ആര്‍ക്കും എന്നെ നിശബ്ദയാക്കാന്‍ കഴിയില്ല. ആവിഷ്കാര സ്വാതന്ത്ര്യം ഒരു ജനാധിപത്യ രാജ്യത്തില്‍ ഏതൊരു പൌരനും അവകാശപ്പെട്ടതാണ്.” ദീപാ നിശാന്ത് ദി ഹിന്ദുവിനോട് പറഞ്ഞു.

Read More:
ദീപ നിശാന്ത് നിയമനടപടിക്ക്; ഇന്ത്യയും ഹിന്ദുമതവും ഇവരുടെയാരുടേയും കുത്തകയല്ല; തളര്‍ന്നിരിക്കാന്‍ ഒരുക്കവുമല്ല


അതേ സമയം സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്തുന്നതിനെ തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുമായി സര്‍ക്കാര്‍ മുന്‍പോട്ട് പോകും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി.

“ഭീഷണിപ്പെടുത്തി ആരുടെയെങ്കിലും വായടപ്പിക്കാൻ നോക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നത്. സ്വതന്ത്രമായി അഭിപ്രായം പറയുന്ന സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കെതിരെയുള്ള അതിക്രമങ്ങളും ഭീഷണിയും സർക്കാർ കണ്ടില്ലെന്ന് നടിക്കില്ല.സാംസ്ക്കാരിക പ്രവർത്തകർ, എഴുത്തുകാർ, എന്നിവരുടെ നിലപാടുകളിൽ പലപ്പോഴും വ്യത്യസ്ത വീക്ഷണമുള്ളപ്പോൾപ്പോലും അവരോട് ആദരവും സഹിഷ്ണതയും പുലർത്തിയ പാരമ്പര്യമാണ് നമ്മുടെ നാടിനുള്ളത്. പൊതുസമൂഹത്തിൽ പുരോഗമന നിലപാട് സ്വീകരിക്കുന്നവരെയും വ്യത്യസ്ത സാമൂഹ്യ വിഷയങ്ങളിൽ സ്വതന്ത്ര നിലപാട് എടുക്കുന്നവരെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും അവർക്ക് നേരെ വധഭീഷണി ഉയർത്തുന്നതും ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്നതും അംഗീകരിക്കില്ല. അത്തരം പരാതികളിൽ ശക്തമായ നടപടി സ്വീകരിക്കും.”കേരളം പഴയ കേരളമല്ല സുഹൃത്തുക്കളേ... കാര്യങ്ങള്‍ കൈവിട്ടു പോയി തുടങ്ങിയിരിക്കുന്നു. പോലീസ് നടപടികള്‍ കൊണ്ട് മാത്രം ഈ അപകടനില തരണം ചെയ്യാന്‍ സാധിക്കില്ല. അതിനു സംഘടിതമായ പ്രതിരോധം തന്നെ വേണം. തനിക്ക് വേണ്ടി മാത്രമല്ലാത്ത കാര്യത്തിന് അഭിപ്രായ പ്രകടനം നടത്തിയവര്‍ ഇനിയും വേട്ടയാടപ്പെട്ടു കൂട. സാഹിത്യ സാംസ്കാരിക ലോകവും രാഷ്ട്രീയ സമൂഹവും ഇനിയും നിശബ്ദത പാലിച്ചു കൂടാ. ഈ മൌനം തുടരുകയാണെങ്കില്‍ നമ്മള്‍ വലിയ വില കൊടുക്കേണ്ടി വരും.

Next Story

Related Stories