Top

അപ്പോള്‍ കാനം സഖാവേ, ഈ റവന്യൂ വകുപ്പ് സര്‍ക്കാരിലല്ലേ?

അപ്പോള്‍ കാനം സഖാവേ, ഈ റവന്യൂ വകുപ്പ് സര്‍ക്കാരിലല്ലേ?
150-ല്‍ താഴെ പേര്‍ പങ്കെടുക്കുന്ന കോളേജ് അധ്യാപകരുടെ ദ്വിദിന പഠന ക്യാമ്പില്‍ വിശിഷ്ടാതിഥിയായി പോകുന്നതോ അതോ തന്റെ വകുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുന്നതോ പ്രധാനം? ഇന്നലെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു ദിവസമായിരുന്നു. ചിലപ്പോള്‍ ഭരണ മുന്നണിയില്‍ നിന്നു തന്നെ വിട്ടു നില്‍ക്കാന്‍ സിപിഐയെ പ്രേരിപ്പിച്ചേക്കാവുന്ന ഒരു തീരുമാനത്തിന്റെ തുടക്കം എന്നു ചിന്തിച്ചുപോയാലും തെറ്റില്ല.

സംഭവത്തെ കുറിച്ച് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറയുന്നത് ഇങ്ങനെ: "മുഖ്യമന്ത്രി വിളിച്ച മൂന്നാര്‍ സര്‍വ്വകക്ഷി യോഗത്തില്‍ നിന്നും വിട്ടു നിന്നത് സിപിഎമ്മുമായുള്ള ഭിന്നത മൂലമല്ല."

സിപിഐ സ്റ്റേറ്റ് സെക്രട്ടറി കാനം: "എന്തിനാണ് യോഗം? ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന പ്രശ്നത്തില്‍ യോഗം കൂടി തീരുമാനിക്കാന്‍ സാധിക്കുമോ?"

സിപിഎം സംസ്ഥാന സെക്രട്ടറികോടിയേരി ബാലകൃഷ്ണന്‍: "മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ അസൌകര്യം മൂലം റവന്യൂ മന്ത്രിക്ക് പങ്കെടുക്കാനാകാതെ വന്നതുകൊണ്ട് സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തം തകരില്ല."

മലയാള മനോരമയാണ് ഈ മൂന്നു പ്രസ്താവനകളും പ്രസിദ്ധിക്കരിച്ചിരിക്കുന്നത്. ഈ മൂന്ന് പ്രസ്താവനയിലും പൊതുവായി ചില (ദുഃ)സൂചനകള്‍ ഉണ്ട്. അതെന്താണെന്ന് നോക്കാം.

റവന്യൂ മന്ത്രിയുടെ പ്രസ്താവനയിലെ 'സിപിഎമ്മുമായുള്ള ഭിന്നത' കള്ളന്‍ പത്തായത്തിലില്ല എന്നു പറയുന്നതിന് തുല്യമാണ്. ഭരണത്തിലേറിയത് മുതല്‍ ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും തമ്മില്‍ നല്ല 'സ്നേഹബന്ധ'ത്തിലാണ് എന്ന് ആര്‍ക്കാണ് അറിയാത്തത്. എന്തായാലും ഭിന്നതയുണ്ട് എന്ന ധ്വനിയുണ്ടാക്കാന്‍ സാധിച്ചു എന്നിടത്താണ് റവന്യൂ മന്ത്രിയുടെ വിജയം. കാനത്തിന്റെ സ്കൂളിംഗ് വിജയം കാണുന്നുണ്ട് എന്ന് സാരം.

ഇനി കാനം ചോദിച്ച ചോദ്യമോ? അതാണ് ഏറ്റവും മാരകം. സംസ്ഥന ഗവണ്‍മെന്റിന്റെ തലവനായ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം കൊണ്ട് എന്തു പ്രയോജനം എന്നാണ് സിപിഐ സെക്രട്ടറിയുടെ ചോദ്യം. ഞങ്ങളുടെ വകുപ്പില്‍ ഞങ്ങള്‍ വിചാരിക്കാതെ ഒന്നും നടക്കില്ല. അതിനു പിണറായി വിജയന്‍ അല്ല ദൈവം തമ്പുരാന്‍ വിചാരിച്ചാലും സാധിക്കില്ല. പ്രസ്താവനയ്ക്ക് ഒരു മാന്യത വരാന്‍ ഹൈക്കോടതിയെ കൂട്ടു പിടിച്ച് എന്ന് മാത്രം.ഇനി കൊടിയേരിയുടേത് നോക്കൂ. "മന്ത്രി പങ്കെടുക്കാത്തതുകൊണ്ട് കൂട്ടുത്തരവാദിത്തം തകരില്ല" എന്നാണ് കോടിയേരി പറഞ്ഞത്. അപ്പോള്‍ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്ന വിമര്‍ശനം സമൂഹത്തില്‍ ശക്തമായിട്ടുണ്ട് എന്ന സൂചന തന്നെയാണ് കിട്ടുന്നത്. പ്രത്യേകിച്ചും പ്രതിപക്ഷ പാര്‍ട്ടികള്‍ ആ വിഷയം ശക്തമായി തന്നെ ഉന്നയിച്ചു കഴിഞ്ഞു.

അതേ സമയം മുഖ്യമന്ത്രി ഒരു യുദ്ധമുഖം തുറന്നു തന്നെയാണ് മുന്‍പോട്ട് പോകുന്നത്. പൊതുവേ മാധ്യമങ്ങളോട് വലിയ മമതയൊന്നും കാണിക്കാത്ത പിണറായി ഇന്നലത്തെ മൂന്നാര്‍ യോഗം തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ അനുവദിച്ചു എന്നുള്ളതാണ് പ്രത്യേക. സിപിഐയുടെ ഇടുക്കിയിലെ നേതാക്കളടക്കം നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത് എന്ന് അവരുടെയെല്ലാം പേരുകള്‍ വായിച്ചുകൊണ്ട് മുഖ്യമന്ത്രി ജനങ്ങളെ അറിയിക്കുകയും ചെയ്തു. പുറത്തു നിന്നു കാനം നടത്തുന്ന ഒളിയുദ്ധത്തിന് ഔദ്യോഗിക വേദിയൊരുക്കി മറുപടി പറയുക തന്നെയായിരുന്നു പിണറായി. എന്തായാലും കാനത്തിന്റെ ചൂരലടി ഭയന്നിട്ടോ എന്താണെന്നറിയില്ല ഇടുക്കിയിലെ സിപിഐ നേതാക്കള്‍ മൂന്നാറില്‍ നിന്നും വണ്ടി കയറിയില്ല.

കെഡിഎച്ച് വില്ലേജില്‍ ടാറ്റ കമ്പനിയും സര്‍ക്കാരും കുത്തകപ്പാട്ടം നല്‍കിയവരില്‍ അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കാന്‍ യോഗം തീരുമാനമെടുത്തു. നിയമ പ്രശ്നമുള്ള ഭൂമികളുടെ കാര്യം കോടതിയുടെ പരിഗണനയ്ക്കും വിട്ടു. അതോടൊപ്പം ഇടുക്കിയിലെ വന്‍കിട കയ്യേറ്റങ്ങള്‍ നിര്‍ദാഷിണ്യം ഒഴിപ്പിക്കും എന്നും മുഖ്യമന്ത്രി പറയുകയും ചെയ്തു. (ഇപ്പോ ശരിയാക്കി തരാം എന്ന കുതിരവട്ടം ഡയലോഗ് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയെന്ന് ജനം) എന്തായാലും മൂന്നാറിനെ മുഖ്യമന്ത്രി കൈപ്പിടിയിലൊതുക്കി എന്ന കേരള കൌമുദി തലക്കെട്ട് അന്വര്‍ത്ഥമാകുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. റവന്യൂ മന്ത്രി ഇടപെട്ട് നിര്‍ത്തിവെച്ച കരം പിരിവാണ് അദ്ദേഹത്തിന്റെ അഭാവത്തില്‍ പുനഃപരിഗണിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതായത് റവന്യൂ വകുപ്പില്‍ മന്ത്രി ഇല്ലെങ്കിലും കാര്യങ്ങള്‍ നടക്കും എന്നു സാരം. തനിക്ക് വേണ്ട എന്നു റവന്യൂ മന്ത്രി എഴുതിക്കൊടുത്തു എന്നു പറയുന്ന റവന്യൂ വകുപ്പ് സെക്രട്ടറിയുടെ സജീവമായ ഇടപെടല്‍ ഈ യോഗത്തില്‍ ഉണ്ടായിരുന്നു എന്നതും ശ്രദ്ധിക്കുക.

കാനം ഇനി എന്തു നിലപാടെടുക്കുന്നു എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അതോ ജനയുഗം ഇന്നെഴുതിയത് പോലെ "സര്‍ക്കാരിനും റവന്യൂ വകുപ്പിനും ഒരേ നിലപാടാ"യിരിക്കുമോ?

അപ്പോള്‍ ഒരു ചെറിയ സംശയം കാനം സഖാവേ, ഈ റവന്യൂ വകുപ്പ് സര്‍ക്കാരില്‍ അല്ലേ? ആര്‍ക്കറിയാം...!

Next Story

Related Stories