TopTop
Begin typing your search above and press return to search.

'നാവരിയും'; അവര്‍ വേട്ട തുടരുക തന്നെയാണ്

നാവരിയും; അവര്‍ വേട്ട തുടരുക തന്നെയാണ്

“അടല്‍ ബിഹാരി വാജ്പേയി ഒരിക്കല്‍ പറഞ്ഞു. ഒരു പുസ്തകത്തിനോ ലേഖനത്തിനൊ ഉള്ള മറുപടി ഒരു പുസ്തകമോ ലേഖനമോ ആയിരിക്കണം. നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത് വാജ്പേയിയുടെ കാലത്തല്ല”- മാധ്യമ പ്രവര്‍ത്തക ഗൌരി ലങ്കേഷിനെ വധിച്ചതിന് പിന്നില്‍ സംഘപരിവാര്‍ സംഘടനകളാണ് എന്നു ആരോപിച്ചതിന് യുവമോര്‍ച്ച കര്‍ണ്ണാടക ഘടകം സെക്രട്ടറി കരുണാകര്‍ ഖാസലെ അയച്ച വക്കീല്‍ നോട്ടീസുമായി ബന്ധപ്പെട്ട വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ.

“ഇന്ത്യയിലിന്ന് സ്വതന്ത്ര എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരുമൊക്കെ പീഡിക്കപ്പെടുകയും ആക്രമത്തിനിരയാകുകയും കൊല്ലപ്പെടുകയുമാണ്. എന്നാല്‍ ഞങ്ങളെ ആര്‍ക്കും നിശബ്ദരാക്കാന്‍ ആവില്ല”- മറ്റൊരു ട്വീറ്റില്‍ ഗുഹ പറഞ്ഞു.

സെപ്തംബര്‍ ആറാം തിയ്യതി സ്ക്രോള്‍.ഇന്നിന് നല്കിയ അഭിമുഖമാണ് സംഘപരിവാരത്തെ പ്രകോപിപ്പിച്ചത്. അതില്‍ രാമചന്ദ്ര ഗുഹ ഇങ്ങനെ പറഞ്ഞു, “പന്‍സാരെ, ധാബോല്‍ക്കര്‍, കല്‍ബുര്‍ഗി എന്നിവരുടെ കൊലയാളികളായ സംഘപരിവാര്‍ തന്നെ ഗൌരി ലങ്കേഷിന്റെയും കൊലയ്ക്ക് പിന്നില്‍ എന്നു കരുതേണ്ടിയിരിക്കുന്നു”.

അതേ സമയം ഗൌരിയുടെ മരണത്തിന് ശേഷം ഈ കാര്യം വിളിച്ചു പറയുന്ന ആദ്യത്തെ ആളല്ല രാമചന്ദ്ര ഗുഹ.

ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് ഗുഹ ഇങ്ങനെ പറഞ്ഞു, “ടെലിവിഷന്‍ ചാനലുകളുടെയും ഗുണ്ടകളുടെയും സഹായത്തോടെ വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും അന്തരീക്ഷത്തെ പ്രോത്സാഹിപ്പിക്കുകയാണ് ബിജെപി ഗവണ്‍മെന്‍റ് ചെയ്യുന്നത്. ഇത് ഭീതിജനകമാണ്. തങ്ങളുടെ അഭിപ്രായം സ്വതന്ത്രമായി രേഖപ്പെടുത്തിയതിന്റെ പേരില്‍ എഴുത്തുകാര്‍ കൊല്ലപ്പെടുന്ന പാക്കിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും പ്രതിബിംബമായി നമ്മള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ജനാധിപത്യത്തിലും അന്തസ്സിലും വിശ്വസിക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്”

രാജ്യത്ത് ഇപ്പോള്‍ “അടിയന്തിരാവസ്ഥയെക്കാള്‍ വിഷം നിറഞ്ഞതും പക നിറഞ്ഞതുമായ രാഷ്ട്രീയ അന്തരീക്ഷമാണെന്ന്” ഹിന്ദുസ്ഥാന്‍ ടൈംസിലെ തന്‍റെ കോളത്തില്‍ ഗുഹ എഴുതി.

നിരുപാധികമായി മാപ്പ് പറയാന്‍ മൂന്നു ദിവസമാണ് സംഘപരിവാര്‍ രാമചന്ദ്ര ഗുഹയ്ക്ക് നല്കിയിരിക്കുന്നത്.

ഇതേ കര്‍ണ്ണാടക ബിജെപി തന്നെയാണ് പത്തു മാസങ്ങള്‍ക്ക് മുന്‍പ് ഗൌരി ലങ്കേഷിനെതിരെ അപകീര്‍ത്തി കേസ് കൊടുത്തത് എന്നതും ഓര്‍ക്കുക.

Also Read: കൊല്ലപ്പെട്ടത് ഹിന്ദുത്വയുടെ വിമര്‍ശകയാണ്; അത് തെളിച്ചു തന്നെ പറയണം

വലതു സംഘടനകളുടെ ഭീഷണി നേരിടുന്ന മറ്റൊരാള്‍ ദളിത് ചിന്തകനും എഴുത്തുകാരനുമായ ഡോ. കാഞ്ച ഐലയ്യയാണ്. ഐലയ്യക്ക് പക്ഷേ വക്കീല്‍ നോട്ടീസല്ല. നാവരിയും എന്നു തന്നെയാണ് ഭീഷണി.

Vysyas are social smugglers (തെലുങ്കില്‍ – സാമാജിക സ്മഗ്ലുര്‍ലു കൊമടൊല്ലു) എന്ന പുസ്തകം വൈശ്യരെ അപമാനിക്കുന്നു എന്ന് ആരോപിച്ചാണ് ഭീഷണി. പുസ്തകം പിന്‍വലിച്ചില്ലെങ്കില്‍ തന്റെ നാവരിയുമെന്നാണ് അജ്ഞാതരില്‍ നിന്ന് ഭീഷണി വന്നിരിക്കുന്നതെന്ന് ഉസ്മാനിയ യൂണിവേഴ്‌സിറ്റി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ഡോ. ഐലയ്യ പറയുന്നു.

പലരും ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞു. കെ രാമകൃഷ്ണയുടെ നേതൃത്വത്തിലുള്ള ഇന്റര്‍നാഷണല്‍ ആര്യ – വൈശ്യ സംഘത്തിന്റെ പ്രതിനിധി ടിവി ചര്‍ച്ചയില്‍ എന്റെ എഴുത്തുകളെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആര്യ വൈശ്യ സംഘമായിരിക്കും ഉത്തരവാദികളെന്നും പരാതിയില്‍ കാഞ്ച ഐലയ്യ പറയുന്നു.

Also Read: വൈശ്യരെ അപമാനിക്കുന്ന പുസ്തകം എന്ന് ആരോപണം: പിന്‍വലിച്ചില്ലെങ്കില്‍ കാഞ്ച ഐലയ്യയുടെ നാവരിയുമെന്ന് ഭീഷണി

ഹൈദരാബാദില്‍ കാഞ്ചയുടെ കോലം കത്തിച്ച ആര്യ – വൈശ്യ സംഘം പുസ്തകം ഉടന്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടു. ആര്യ-വൈശ്യ വിഭാഗക്കാര്‍ മാംസം ഭക്ഷിച്ചിരുന്നു എന്ന ഐലയ്യയുടെ വാദമാണ് സംഘത്തെ പ്രകോപിപ്പിച്ചത്. കര്‍ഷക സമൂഹമായ ഇവര്‍ പിന്നീട് സസ്യഭുക്കുകള്‍ ആകുകയായിരുന്നു എന്നും പുസ്തകം പറയുന്നു.

2009ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ തെലുഗു പതിപ്പിനെതിരെയാണ് ഇപ്പോള്‍ പ്രതിഷേധം ശക്തമായിരിക്കുന്നത്. ബ്രാഹ്മിന്‍സ്, കാപുസ്, ഗോല്ല കൂര്‍മ, ചക്ലി, മാല, മഡിഗ തുടങ്ങി നിരവധി സമുദായങ്ങളെ കുറിച്ചുള്ള ഗവേഷണ പുസ്തകമാണ് ‘സാമാജിക സ്മഗ്ലുര്‍ലു കൊമടൊല്ലു’ എന്ന് കാഞ്ച ഐലയ്യ പറഞ്ഞു.

‘മാതൊരുഭാഗം’ എന്ന പുസ്തകത്തിന്റെ പേരില്‍ തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുഗന് താന്‍ എഴുത്ത് നിര്‍ത്തുന്നതായി പ്രഖ്യാപിക്കേണ്ടി വന്നതും വെന്‍ഡി ഡോണിഗറുടെ ‘The Hindus: An Alternative History’ എന്ന പുസ്തകം ഇന്ത്യയില്‍ നിരോധിക്കപ്പെട്ടതും ആശയങ്ങളെ വലതുപക്ഷം എത്രമാത്രം ഭയപ്പെടുന്നുണ്ട് എന്നതിന്റെ ചരിത്രത്തിലെ തെളിവുകളാണ്.

കാഞ്ച ഐലയ്യയെയും രാമചന്ദ്ര ഗുഹയെയും ഒക്കെ കാത്തിരിക്കുന്നത് അതേ വലതുപക്ഷ തീവ്രവാദമാണ്. 1996ല്‍ പ്രസിദ്ധീകരിച്ച ‘ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവല്ല’ എന്ന കാഞ്ച ഐലയ്യയുടെ പുസ്തകവും 2007ലെ ‘ഇന്ത്യ ഗാന്ധിക്ക് ശേഷം’ എന്ന ഗുഹയുടെ പുസ്തകവും നിരോധിക്കണം എന്ന ആവശ്യവുമായി വലതുപക്ഷം എന്നാണ് വരുന്നത് എന്നു നമുക്ക് കാത്തിരുന്നു കാണാം.

അവര്‍ക്ക് പേടി വാളിന്‍റെ മൂര്‍ച്ചയല്ല,വാക്കുകളുടെ മൂര്‍ച്ചയാണ്.

Also Read: സോറി ഗൗരി, നിങ്ങളെ ഈ രാജ്യം അര്‍ഹിക്കുന്നില്ല


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories