Top

മോഹന്‍ ഭാഗവത് ആര്‍എസ്എസ് തലവനാണ്; ഇന്ത്യന്‍ പ്രസിഡന്റല്ല

മോഹന്‍ ഭാഗവത് ആര്‍എസ്എസ് തലവനാണ്; ഇന്ത്യന്‍ പ്രസിഡന്റല്ല
ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്ന് പറഞ്ഞത് ശിവസേനയാണ്. എന്നാല്‍ അതിനുള്ള യോഗം ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ദളിത് ബിജെപി നേതാവ് രാം നാഥ് കോവിന്ദിനായിരുന്നു. എന്നാല്‍ രാജ്യത്തിന്റെ രാഷ്ട്രപതി ഒരു ഭരണഘടനാ പദവി മാത്രമാണെന്നും യഥാര്‍ത്ഥ രാഷ്ട്രപതിയും രാഷ്ട്രപതി ഭവനും നാഗ്പൂരിലാണെന്നും ആര്‍ക്കാണ് അറിയാത്തത്. ഇനി അറിയാത്തവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഇന്നത്തെ പത്രം നോക്കൂ. ജന്‍മഭൂമിയല്ല; മാതൃഭൂമി.

ഒരു രാഷ്ട്രപതി രാജ്യത്തോട് നടത്തുന്ന അഭിസംബോധനയുടെ പ്രാമുഖ്യമല്ലേ ഒന്നാം ലീഡായി നല്‍കിക്കൊണ്ട് മാതൃഭൂമി, ഭാഗവതിന്റെ ആര്‍എസ്എസ് സ്ഥാപക ദിന വിജയദശമി പ്രസംഗത്തിന് നല്‍കിയിരിക്കുന്നത്.

തലക്കെട്ട് തന്നെ നോക്കുക. "സാമ്പത്തിക നയങ്ങളിലെ അതൃപ്തി പറയാതെ പറഞ്ഞ് ആര്‍എസ്എസ് തലവന്‍" എന്നാണത്. രാജ്യഭരണത്തില്‍ ആര്‍എസ്എസ് പറയുന്നതിനപ്പുറം പോകരുത് എന്ന സൂചന അതില്‍ അടങ്ങിയിരിക്കുന്നു. നയം ഞങ്ങള്‍ പറയും, നിങ്ങള്‍ ഭരിച്ചാല്‍ മാത്രം മതി.

കഴിഞ്ഞ ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളും മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയുടെ വിമര്‍ശനവും ഇപ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ ആര്‍എസ്എസ് തലവന്‍ നടത്തുന്ന മുഖ്യ പ്രഭാഷണത്തില്‍ സാമ്പത്തിക നയങ്ങളില്‍ ദിശകൃത്യത വേണം എന്ന് സൂചിപ്പിക്കുന്നതും ബിജെപിക്കുള്ളില്‍ നടക്കുന്ന അന്ത:സംഘര്‍ഷങ്ങളെയായിരിക്കാം പുറത്തുകൊണ്ടുവരുന്നത്. അതായത് നോട്ട് നിരോധനവും ജിഎസ് ടിയും ഉണ്ടാക്കിയ പരിക്കുകള്‍ ഭേദമാക്കാന്‍ ആര്‍എസ്എസ് കേന്ദ്ര ഭരണത്തില്‍ പൂര്‍വ്വാധികം ശക്തിയോടെ പിടിമുറുക്കുന്നു എന്നു വേണം ഭാഗവതിന്റെ പ്രസംഗത്തില്‍ നിന്നും മനസിലാക്കാന്‍. ഗുജറാത്തിലും മധ്യപ്രദേശിലും ബിജെപി തോല്‍ക്കുമെന്ന സര്‍വെ ഫലം പുറത്തുവിട്ടുകൊണ്ട് ആര്‍എസ്എസ് അപകട സൂചന നല്‍കിക്കഴിഞ്ഞു.

Also Read: നോട്ട് നിരോധനം തിരിച്ചടിയായെന്ന് സര്‍ക്കാര്‍ സമ്മതിച്ചു

രാഷ്ട്ര വികസനത്തെ കുറിച്ച് ഭാഗവത് പറഞ്ഞതെന്തൊക്കെ? മാതൃഭൂമി റിപ്പോര്‍ട്ട് തുടരുന്നു: "നീതി ആയോഗിലെയും സംസ്ഥാനങ്ങളിലെയും സാമ്പത്തിക ഉപദേശകര്‍ പഴഞ്ചന്‍ സാമ്പത്തിക സിദ്ധാന്തങ്ങളില്‍ നിന്നും പുറത്തുവരണം. രാജ്യത്തിന്റെ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതാവണം സാമ്പത്തിക നയം”

"ധാര്‍മ്മികത, പരിസ്ഥിതി, തൊഴില്‍, സ്വയംപര്യാപ്തത എന്നിവയെ ക്ഷയിപ്പിക്കുന്ന ഈ നയങ്ങളിലും മാനദണ്ഡങ്ങളിലും പുനര്‍വിചിന്തനം ആവശ്യമാണ്. വികസനത്തിന് രാജ്യത്തിന്റെ ആവശ്യമനുസരിച്ചുള്ള സവിശേഷമായ മാതൃക വേണം. ഇതിനായി രാജ്യത്തിന്റെ ആദര്‍ശങ്ങള്‍, സമ്പ്രദായങ്ങള്‍, ആവശ്യങ്ങള്‍, വിഭവങ്ങള്‍ എന്നിവ പരിഗണിക്കണം”

ആര്‍എസ്എസ് മേധാവി കുറച്ചു കൂടി തെളിച്ചു പറയുന്നു; "തെറ്റും കൃത്രിമവുമാണെങ്കിലും അഭിവൃദ്ധിയുടെ പ്രതീതി സൃഷ്ടിക്കുന്നതാണ് നിലവില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ആഗോളനയങ്ങള്‍. അവ പിന്തുടരുന്നതിനെ ഒരുപരിധി വരെ മനസിലാക്കാം".

Also Read: ബിജെപിയില്‍ പൊട്ടിത്തെറി; മോദിക്കും ജയ്‌റ്റ്ലിക്കുമെതിരെ ആഞ്ഞടിച്ച് യശ്വന്ത് സിന്‍ഹ

അപ്പോള്‍ മന്ത്രിമാരെയും മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയെയും വേദിയില്‍ ഇരുത്തിക്കൊണ്ട് ഭാഗവതിന്റെ ഇന്നലത്തെ പ്രസംഗം കേന്ദ്ര സര്‍ക്കാരിന്റെ ഒരു നയ പ്രഖ്യാപന പ്രസംഗം തന്നെയായിരുന്നു.കേരളത്തിന് ഒരു പൊന്‍തൂവല്‍ നല്‍കാനും ഭാഗവത് മറന്നില്ല. മലയാള മനോരമ തലക്കെട്ടാക്കിയിരിക്കുന്നത് ആ പൊന്‍തൂവലാണ്. "കേരളവും ബംഗാളും ദേശവിരുദ്ധരെ സഹായിക്കുന്നു".

"കേരളത്തിലെയും ബംഗാളിലെയും സ്ഥിതി എല്ലാവര്‍ക്കും അറിയാം. ഇരു സംസ്ഥാനങ്ങളിലും ഭരിക്കുന്നവരും കാലങ്ങള്‍ക്കൊണ്ട് മാറ്റിയെടുത്ത രാഷ്ട്രീയ പ്രേരിതമായ ഭരണസംവിധാനങ്ങളും ഗുരുതര സ്വഭാവമുള്ള ദേശീയ പ്രശ്നങ്ങളോട് തികച്ചും ഉദാസീനമായ സമീപനമാണ് സ്വീകരിക്കുന്നത്. സങ്കുചിതമായ താത്പര്യങ്ങള്‍ക്ക് വേണ്ടി അവര്‍ ദേശവിരുദ്ധരെ സഹായിക്കുകയാണ്".

മാതൃഭൂമി അത് കുറച്ചുകൂടി തെളിച്ചു പറയുന്നു, "കേരളം, ബംഗാള്‍ എന്നിവിടങ്ങളില്‍ ജിഹാദി പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. ജനങ്ങള്‍ ഇതിനെതിരെ രംഗത്തുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ കടമ നിര്‍വഹിക്കുന്നില്ല."

Also Read: ഭാഗവതിനെ രാജ്യസ്നേഹിയാകാന്‍ സമ്മതിക്കില്ല പോലും കേരളത്തിലെ കമ്മി സര്‍ക്കാര്‍!

ഈ ആക്ഷേപം തന്നെയാണ് ദേശാഭിമാനിക്കും പഥ്യമായി തോന്നിയത്. അവര്‍ ഒന്നാം പേജില്‍ തന്നെ ഈ പ്രസ്താവന പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാഗവതിന്റെ പ്രസംഗത്തിലെ ഏറ്റവും വലിയ കോമഡി ഗോസംരക്ഷകരെ കുറിച്ചു പറഞ്ഞതാണ്. രാജ്യത്ത് ഗോസംരക്ഷകര്‍ക്ക് നേരെ വ്യാപകമായ ആക്രമണം നടക്കുകയാണ് എന്നാണ് ആര്‍എസ്എസ് മേധാവിയുടെ പരാതി. കാലിയെ കടത്തിയെന്നും ബീഫ് കഴിച്ചു എന്നും പറഞ്ഞു ആളുകളെ തല്ലിക്കൊന്ന വാര്‍ത്തകള്‍ അല്ലാതെ പശുവിനെ സംരക്ഷിച്ചതിന്റെ പേരില്‍ ആരെങ്കിലും കൊല്ലപ്പെട്ടതായി അറിവില്ല. എന്തായാലും അതിന്റെ രേഖകള്‍ ഓര്‍ഗനൈസര്‍ അടുത്ത് തന്നെ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കാം.

ആര്‍ എസ് എസിനെ കുറിച്ച് കൂടുതല്‍ വായിക്കാം
ആര്‍എസ്എസ്: വിദ്വേഷനിര്‍മാണത്തിന്റെ ആദ്യവര്‍ഷങ്ങള്‍- ഭാഗം 1
ഗോള്‍വാള്‍ക്കര്‍ ആര്‍എസ്എസിലേക്ക്- ഭാഗം 2
ഗോള്‍വാള്‍ക്കറുടെ ‘രാഷ്ട്രസ്വത്വ’ത്തില്‍ നിന്ന് ആര്‍എസ്എസ് അകലം പാലിക്കുന്നതിനു പിന്നില്‍ – ഭാഗം 3
സ്വാതന്ത്ര്യസമരം, ഗാന്ധിവധം, വിഭജനാനന്തര കലാപം: ആര്‍എസ്എസിന് എന്തുപങ്ക്? ഭാഗം-4
ആര്‍എസ്എസിനെ നിരോധിക്കുന്നു; സര്‍ദാര്‍ പട്ടേല്‍ നിരോധനം നീക്കുന്നു- ഭാഗം 5
ജനസംഘം വഴി രാഷ്ട്രീയത്തിലേക്ക്; ആര്‍എസ്എസ് സ്വീകാര്യരാവുന്നു- ഭാഗം 6

ആരാണ് ഹിന്ദു? ആര്‍എസ്എസിന്റെ നിര്‍വചനങ്ങള്‍ ഇങ്ങനെയൊക്കെയാണ്- ഭാഗം 7
സ്ത്രീകള്‍, ജാതി, സംവരണം, അഹിന്ദുക്കള്‍: സമകാലിക ഇന്ത്യയിലെ ഗോള്‍വാള്‍ക്കര്‍-ഭാഗം 8
ഗോള്‍വാള്‍ക്കര്‍ ദര്‍ശനത്തിലെ മോദി ഭാരതം-ഭാഗം 9

ഭാഗവതിന് സന്തോഷമുണ്ടാക്കുന്ന ഒരു വാര്‍ത്ത കത്തോലിക്കാ സഭയുടെ മുഖപ്രസിദ്ധീകരണമായ 'കത്തോലിക്കാ സഭ' പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. "രാത്രിയില്‍ ബിജെപിയും ആര്‍എസ്എസും സംഘപരിവാറുമായി മാറുന്ന കോണ്‍ഗ്രസ്സുകാര്‍ പകല്‍ ഖദറിട്ട് വിലസുന്ന ഇരട്ടമുഖം ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു' എന്നാണ് കത്തോലിക്കാരുടെ ആരോപണം.ഇനി മറ്റ് ചില പ്രധാന വാര്‍ത്തകള്‍

എഞ്ചിനീയേഴ്സ് കോണ്‍ഗ്രസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഉദ്യോഗസ്ഥരുടെ അഴിമതിയ്ക്കെതിരെ ശക്തമായ വിമര്‍ശനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്. "കിട്ടുന്ന ശമ്പളം കൊണ്ട് തൃപ്തിപ്പെടാതെ അഴിമതിയിലൂടെ പണം സമ്പാദിച്ചു സര്‍വ്വീസില്‍ തുടരാമെന്ന് ആരും കരുതേണ്ട" എന്നായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. (കേരള കൌമുദി)

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ആറാമത്തെ ഡയറക്ടര്‍ മാറ്റമാണ് സാമൂഹിക നീതി വകുപ്പില്‍ നടന്നിരിക്കുന്നത് എന്ന വാര്‍ത്ത അമ്പരപ്പിക്കുന്നതാണ്. കുട്ടികള്‍, സ്ത്രീകള്‍, സമൂഹത്തിലെ അശരണരായവര്‍, വയോജനങ്ങള്‍, അനാഥര്‍ എന്നിവര്‍ക്കുള്ള നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്ന ഒരു വകുപ്പിനെയാണ് സര്‍ക്കാര്‍ നാഥന്നില്ലാ കളരി ആക്കി മാറ്റുന്നത്. സാമൂഹിക നീതി വകുപ്പില്‍ ഡയറക്ടര്‍ അടിക്കടി മാറുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നു വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകമാണ് സെന്‍സേഷണലായ മറ്റൊരു വാര്‍ത്ത. മുഹമ്മദ് നിസാം കേസിലും ജിഷ്ണു പ്രണോയ് കേസിലുമൊക്കെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിട്ടുള്ള അഡ്വ. സി.പി ഉദയഭാനുവിന് കൊലപാതകത്തില്‍ ബന്ധമുണ്ടെന്ന ആരോപണമാണ് ചര്‍ച്ച ആയിരിക്കുന്നത്. ഭൂമി കച്ചവടത്തിലെ തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്നും ഇതില്‍ പ്രമുഖ അഭിഭാഷകനടക്കമുള്ള പങ്ക് അന്വേഷിക്കുമെന്നും തൃശൂര്‍ റൂറല്‍ എസ് പി യതീഷ് ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെ എന്‍ഡിഎ മുന്നണിയില്‍ നിന്നും കലാപമുണ്ടാക്കി പുറത്തു പോകാന്‍ തയ്യാറെടുക്കുന്ന ബിഡിജെഎസിനെ കൂടെ നിര്‍ത്താന്‍ അമിത് ഷായുടെ ശ്രമം. നാളികേര വികസന ബോര്‍ഡ് അദ്ധ്യക്ഷന്‍ സ്ഥാനം ഉള്‍പ്പെടെ അഞ്ചു പദവികള്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ഉറപ്പ് നല്‍കിയതായി കേരള കൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളാപ്പള്ളിക്ക് സന്തോഷമായില്ലേ?

Also Read: ടീം കുമ്മനം വിട്ട് വെള്ളാപ്പള്ളി ഇറങ്ങുകയായി സുഹൃത്തുക്കളേ; അടുത്തത് ജാനുവോ?


കുവൈത്ത് ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന 15 തടവുപുള്ളികളുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു എന്ന വാര്‍ത്തയാണ് പ്രവാസ ലോകത്ത് നിന്നും വരുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, കുവൈറ്റ് അമീര്‍ സബ അല്‍ അഹമ്മദ് അല്‍ സബയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മലയാളികള്‍ ഉള്‍പ്പെടെ 119 പേരുടെ ശിക്ഷയില്‍ ഇളവുവരുത്താനും അമീര്‍ ഉത്തരവിട്ടിട്ടുണ്ട്. ഷാര്‍ജ ജയിലില്‍ നിന്നും 149 ഇന്ത്യക്കാരെ വിടാനുള്ള അവിടത്തെ ഭരണാധികാരിയുടെ തീരുമാനത്തിന് പിന്നാലെ വന്ന ഈ തീരുമാനവും പ്രവാസ ലോകത്തിന് സന്തോഷം പകരുന്നതാണ്.മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് വിടുതല്‍ നേടിക്കൊടുക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് പിണറായി വിജയന്‍ കഴിഞ്ഞ ദിവസമാണ് സുഷമാ സ്വരാജിന് കത്തെഴുതിയത്. ആ കത്തിന്റെ കാര്യവും തങ്ങളുടെ ഒന്നാം പേജ് വാര്‍ത്തയില്‍ പ്രാധാന്യത്തോടെ കേരള കൌമുദി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇനി ഇതും പിണറായി വിജയന്റെ മിടുക്കാണ് എന്നു പറഞ്ഞു ആരെങ്കിലും വന്നാല്‍ കുമ്മനം രാജശേഖരനും സംഘവും അടങ്ങിയിരിക്കില്ല; തീര്‍ച്ച.

Also Read: ഡോ. ഷെയ്ഖ് സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ ഖാസിമി ‘അറബി കച്ചവടക്കാരന്‍’ എന്ന സ്റ്റീരിയോടൈപ്പിനെ തകര്‍ക്കുമ്പോള്‍

Next Story

Related Stories