Top

ഭാഗവതിനെ രാജ്യസ്നേഹിയാകാന്‍ സമ്മതിക്കില്ല പോലും കേരളത്തിലെ കമ്മി സര്‍ക്കാര്‍!

ഭാഗവതിനെ രാജ്യസ്നേഹിയാകാന്‍ സമ്മതിക്കില്ല പോലും കേരളത്തിലെ കമ്മി സര്‍ക്കാര്‍!
2001 ജനുവരി 26. രാഷ്ട്രപ്രേമി യുവ ദള്‍ എന്ന സംഘടനയുടെ മൂന്നു പ്രവര്‍ത്തകര്‍ നാഗ്പൂരിലെ രാഷ്ട്രീയ സ്വയംസേവക് സംഘിന്‍റെ കാര്യാലയത്തില്‍ എത്തി. ബാബ മെന്ദേ, രമേഷ് കളമ്പെ, ദിലീപ് ചട്ടാനി എന്നിവരായായിരുന്നു ആ മൂന്നു പേര്‍. ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവ് ഹെഡ്ഗേവാറിന് അഞ്ജലി അര്‍പ്പിക്കാന്‍ എത്തിയതായിരുന്നു അവര്‍. എന്നാല്‍ കുറച്ചു നിമിഷങ്ങള്‍ക്കകം ദേശഭക്തി ഗാനങ്ങള്‍ പാടിക്കൊണ്ട് കയ്യില്‍ ഒളിപ്പിച്ചു പിടിച്ചിരുന്ന ദേശീയ പതാക അവര്‍ പുറത്തെടുക്കുകയും കാര്യാലയത്തില്‍ ഉയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു.

കാര്യാലയത്തിന്റെ ചുമതലക്കാരനായ സുനില്‍ കാഥ്ലെ ഓടിയെത്തി ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്നും മൂവര്‍ സംഘത്തെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ പതാക ഉയര്‍ത്തുന്നതില്‍ അവര്‍ വിജയിക്കുക തന്നെ ചെയ്തു. തുടര്‍ന്ന് ആര്‍എസ്എസ് ചെയ്തത് ഈ മൂന്നു രാജ്യസ്നേഹികളെ കോടതി കയറ്റുകയായിരുന്നു. ഒരു വ്യാഴവട്ട കാലത്തെ കോടതി നടപടികള്‍ക്ക് ഒടുവില്‍ 2013ലെ സ്വാതന്ത്ര്യ ദിനത്തില്‍ അവര്‍ സ്വതന്ത്രരായി.

രാഷ്ട്ര പ്രേമി യുവ ദള്‍ പ്രവര്‍ത്തകര്‍ക്ക് ആഹ്ളാദിക്കാം. 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാഗ്പൂരിലെ കാര്യാലയത്തില്‍ വന്നു പ്രതികാത്മകമായി അവര്‍ ആവശ്യപ്പെട്ട കാര്യത്തിന് ഫലം ഉണ്ടായിരിക്കുന്നു. രാജ്യം എഴുപത്തി ഒന്നാം സ്വാതന്ത്ര്യം ആഘോഷിക്കുന്ന വേളയില്‍ 67- കാരനായ മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്താന്‍ തയ്യാറായിരിക്കുന്നു. പക്ഷേ അത് നാഗ്പൂരിലല്ല. പാലക്കാട് മുത്താംന്തറ കര്‍ണ്ണകയമ്മന്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലാണെന്ന് മാത്രം.

അതേ സമയം 'രാജ്യ സ്നേഹി'യായ ഭാഗവതിനെ പതാക ഉയര്‍ത്താന്‍ അനുവദിക്കുകയില്ലെന്ന് കേരളത്തിലെ കമ്മി സര്‍ക്കാര്‍ എന്നാണ് ആരോപണം. ചരിത്രം ആവര്‍ത്തിക്കുന്നു. ദുരന്തമോ? പ്രഹസനമോ?

ആര്‍ എസ് എസ് മേധാവി ചട്ടം ലംഘിച്ചാണ് പതാക ഉയര്‍ത്തിയത് എന്നാണ് ജില്ലാ കളക്ടര്‍ പി മേരിക്കുട്ടി വ്യക്തമാക്കിയത്. എയ്ഡഡ് സ്കൂളില്‍ ഭാഗവത് പതാക ഉയര്‍ത്തുന്നത് വിലക്കിക്കൊണ്ട് കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. “എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ-സംഘടന നേതാക്കള്‍ ദേശീയ പതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കളക്ടര്‍ നോട്ടീസ് നല്‍കിയത്.”
അഴിമുഖം
റിപ്പോര്‍ട്ട് ചെയ്യുന്നു.

“മോഹന്‍ ഭാഗവത് പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷത്തില്‍ നിയമലംഘനം നടന്നു. സ്‌കൂളിലെ പ്രധാന അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യണം. ഇക്കാര്യം ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ശുപാര്‍ശ നല്‍കുമെന്നും പാലക്കാട് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുക്കാന്‍ എസ്പിക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. ദേശീയ പതാകയുടെ ചട്ടങ്ങളില്‍ ലംഘനമുണ്ടായെന്ന് തഹസില്‍ദാറും അറിയിച്ചിട്ടുണ്ട്.”
സൌത്ത് ലൈവ്
റിപ്പോര്‍ട്ട് ചെയ്യുന്നു.എന്തായാലും വിലക്ക് ലംഘിച്ച് പതാക ഉയര്‍ത്തിയതിന് ഭാഗവതിന് എതിരെ നടപടി സ്വീകരിക്കാന്‍ പിണറായിയുടെ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇനി ആരൊക്കെ പിണറായിയുടെ തല കൊയ്യാന്‍ ഒരുങ്ങി പുറപ്പെടുമോ എന്തോ?

1947 ആഗസ്ത് 15നും 1950 ജനുവരി 26നുമാണ് നാഗ്പൂരിലെ ആര്‍ എസ് എസ് കാര്യാലയത്തില്‍ ദേശീയ പതാക ഉയര്‍ത്തിയത്. നീണ്ട അന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം പിന്നീട് 2002ല്‍ പതാക ഉയര്‍ത്തി.

1950ല്‍ പതാക ഉയര്‍ത്താന്‍ കാരണം സര്‍ദാര്‍ വല്ലഭായി പട്ടേലും. ഗാന്ധി വധത്തെ തുടര്‍ന്ന് ആര്‍എസ്എസ് നിരോധിക്കപ്പെട്ടപ്പോള്‍ നിരോധനം നീക്കാന്‍ പട്ടേല്‍ വെച്ച ഒരു നിബന്ധന ആര്‍എസ്എസ് ത്രിവര്‍ണ്ണ പതാകയെ ദേശീയ പതാകയായി അംഗീകരിക്കണം എന്നതായിരുന്നു. 1949 ഡിസംബറില്‍ നടന്ന ഒരു കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ ത്രിവര്‍ണ്ണ പതാകയ്ക്ക് പകരം മറ്റേതെങ്കിലും പതാക ദേശീയ പതാകയായി ഏതെങ്കിലും സംഘടന കരുതുകയാണെങ്കില്‍ അവരെ കര്‍ക്കശമായി നേരിടും എന്നു പട്ടേല്‍ വ്യക്തമാക്കുകയുണ്ടായി.

ആര്‍ എസ് എസിനെ കുറിച്ച് കൂടുതല്‍ വായിക്കാം
ആര്‍എസ്എസ്: വിദ്വേഷനിര്‍മാണത്തിന്റെ ആദ്യവര്‍ഷങ്ങള്‍- ഭാഗം 1
ഗോള്‍വാള്‍ക്കര്‍ ആര്‍എസ്എസിലേക്ക്- ഭാഗം 2
ഗോള്‍വാള്‍ക്കറുടെ ‘രാഷ്ട്രസ്വത്വ’ത്തില്‍ നിന്ന് ആര്‍എസ്എസ് അകലം പാലിക്കുന്നതിനു പിന്നില്‍ – ഭാഗം 3
സ്വാതന്ത്ര്യസമരം, ഗാന്ധിവധം, വിഭജനാനന്തര കലാപം: ആര്‍എസ്എസിന് എന്തുപങ്ക്? ഭാഗം-4
ആര്‍എസ്എസിനെ നിരോധിക്കുന്നു; സര്‍ദാര്‍ പട്ടേല്‍ നിരോധനം നീക്കുന്നു- ഭാഗം 5
ജനസംഘം വഴി രാഷ്ട്രീയത്തിലേക്ക്; ആര്‍എസ്എസ് സ്വീകാര്യരാവുന്നു- ഭാഗം 6

ആരാണ് ഹിന്ദു? ആര്‍എസ്എസിന്റെ നിര്‍വചനങ്ങള്‍ ഇങ്ങനെയൊക്കെയാണ്- ഭാഗം 7

ആര്‍എസ്എസിനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പതാകയായ കാവിക്കൊടിയാണ് ദേശീയ പതാക. 1947 ആഗസ്ത് 15ന്റെ ഓര്‍ഗനൈസര്‍ ഇങ്ങനെ പറയുന്നു, “മൂന്ന് എന്ന വാക്ക് തന്നെ തിന്മയുടെ പ്രതീകമാണ്. അതുകൊണ്ട് മൂന്നു നിറങ്ങള്‍ ചേര്‍ന്നുള്ള പതാക മനഃശാസ്ത്രപരമായി മോശമായി ബാധിക്കും. അത് രാജ്യത്തിന് അപകടകരവുമാണ്”

എംഎസ് ഗോള്‍വാല്‍ക്കര്‍ പറഞ്ഞത് ഇങ്ങനെ, “എന്തിനാണ് നമ്മുടെ നേതാക്കള്‍ ഒരു പുതിയ പതാക രാജ്യത്തിനായി കണ്ടെത്തിയിരിക്കുന്നത്? ഇത് അനുകരണം മാത്രമാണ്. നമ്മുടേത് പുരാതനവും പ്രൌഡവുമായ പാരമ്പര്യമുള്ള ഒരു രാജ്യമാണ്. എന്നിട്ടും നമുക്ക് സ്വന്തമായി ഒരു പതാക ഇല്ലെന്നോ?”

എന്തായാലും ഗുരുവചനങ്ങളില്‍ കാലോചിതമായ തിരുത്ത് വരുത്താന്‍ ശ്രമിക്കുന്ന ഭാഗവതിനെ നമ്മള്‍ അഭിനന്ദിക്കുകയല്ലേ വേണ്ടത്?

ഒരു വര്‍ഷം മുന്‍പ് വരെ അദ്ദേഹം ത്രിവര്‍ണ്ണ പതാകയില്‍ വിശ്വസിക്കാതിരുന്ന ഒരാളാണ്. 2016 ഫെബ്രുവരി മാസം കാണ്‍പൂരില്‍ നടന്ന ഒരു യോഗത്തില്‍ ഭാഗവത് ഇങ്ങനെ പറഞ്ഞു. “കാവിക്കൊടി ദേശീയ പതാക ആക്കണമെന്നും സംസ്കൃത ഭാഷ ദേശീയ ഭാഷയാക്കണമെന്നും ബി ആര്‍ അംബേദ്കര്‍ പറഞ്ഞിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് നമുക്ക് പ്രചരിപ്പിക്കാന്‍ കഴിഞ്ഞില്ല”

Also Read: അവര്‍ പേടിക്കുന്നുണ്ട്; അതുകൊണ്ടാണ് ഇന്ത്യന്‍ മുഖ്യധാരയ്ക്കായി ചില രാജ്യസ്നേഹ കളികള്‍ ആവിഷ്ക്കരിച്ചത്

ഇന്നലെ കര്‍ണ്ണകിയമ്മന്‍ സ്കൂളില്‍ മറ്റൊരു സംഭവം കൂടി നടന്നു. ദേശീയ ഗാനത്തിന് പകരം വന്ദേമാതരം ആണ് ചൊല്ലിയത്. എന്തായാലും 'നമസ്തേ സദാ വത്സലെ മാതൃഭൂവേ' ചൊല്ലാത്തത് ഭാഗ്യം. ജനഗണ മന നമ്മുടെ ദേശീയ ഗാനമല്ലെന്ന് ശശികല ടീച്ചര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.ഇനി ഭാഗവത് ഒരു കാര്യം കൂടി ചെയ്താല്‍ മതി. ദേശീയഗാനത്തിന്റെ പേരില്‍ തല്ലുകയും ജയിലില്‍ അടയ്ക്കുകയും പാക്കിസ്ഥാനിലേക്ക് പറഞ്ഞയയ്ക്കും എന്ന് ഭീഷണിപ്പെടുത്തുകയും ഒക്കെ ചെയ്തതിന് ഒരു മാപ്പ് കൂടി പറഞ്ഞേക്ക്.

എല്ലാം കോംപ്ലിമെന്‍റ്സ് ആക്കാലോ..!

Read More: കമലുമാരെ കമാലുദ്ദീനാക്കുമ്പോൾ; ഇത് ആസൂത്രിതമാണ്

Next Story

Related Stories