Top

ആര്‍എസ്എസിന്റെ സാംസ്കാരിക അടിയന്തിരാവസ്ഥ: എകെ ബാലന്റെ ചോദ്യത്തിന് എംജിഎസിനും ഉത്തരം പറയാം

ആര്‍എസ്എസിന്റെ സാംസ്കാരിക അടിയന്തിരാവസ്ഥ: എകെ ബാലന്റെ ചോദ്യത്തിന് എംജിഎസിനും ഉത്തരം പറയാം
“എന്തുകൊണ്ടാണ് സമകാലീന സാമൂഹ്യ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കലാ രൂപങ്ങളെ ചിലര്‍ ഭയക്കുന്നത്?” ഇന്നലെ സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ ചോദിച്ച ഈ ചോദ്യം പത്രമുത്തശ്ശിമാരായ മാതൃഭൂമിയിലും മലയാള മനോരമയിലും കണ്ടില്ല. എന്നാല്‍ ടൈംസ് ഓഫ് ഇന്ത്യ മേല്‍ചോദ്യം വലിയ പ്രാധാന്യത്തോടെ കൊടുത്തിട്ടുണ്ട്. ജൂണ്‍ 16 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരള രാജ്യാന്തര ഡോക്യുമെന്ററി ആന്‍ഡ് ഹ്ര്വസ്വ ചലചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നു മൂന്ന് ചിത്രങ്ങളെ വിലക്കിയ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയുടെ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടാണ് മന്ത്രി ഇങ്ങനെ ചോദിച്ചത്. സിപിഎം മുഖ പ്രസിദ്ധീകരണമായ പീപ്പിള്‍സ് ഡെമോക്രസിയില്‍ സൈന്യത്തെ വിമര്‍ശിച്ചു എന്നു പറഞ്ഞു രാജ്യത്തെ പ്രമുഖ സംഘടനയുടെ പരമോന്നത നേതാവിനെ അവരുടെ ഓഫീസില്‍ കയറി തല്ലുകയും അങ്ങനെ ചെയ്തവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്യുന്ന രാജ്യമാണ്. ഈ അസഹിഷ്ണുതയുടെ കാലത്ത് ഇതല്ല ഇതിനപ്പുറവും നടക്കും.

രോഹിത് വെമൂലയുടെ ആത്മഹത്യ പ്രമേയമായ രാമചന്ദ്ര പിഎന്‍ സംവിധാനം ചെയ്ത ‘ദി അണ്‍ബിയറബിള്‍ ബീയിംഗ് ഓഫ് ലൈറ്റ്നെസ്സ്’, കാശ്മീര്‍ സംഘര്‍ഷങ്ങളെ അടിസ്ഥാനമാക്കി ഫാസില്‍ എന്‍സി, ഷോണ്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ‘ഇന്‍ ദി ഷെയ്ഡ് ഓഫ് ഫാളന്‍ ചിനാര്‍’ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം അവതരിപ്പിക്കുന്ന കാത്തു ലൂക്കോസിന്റെ ‘മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്’ എന്നീ ചിത്രങ്ങള്‍ക്കാണ് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടത്.

നിരോധന വാര്‍ത്ത മാധ്യമങ്ങളെ അറിയിച്ചുകൊണ്ട് ചലചിത്ര അക്കാദമി അദ്ധ്യക്ഷന്‍ കമല്‍ പറഞ്ഞത് 'രാജ്യത്ത് സാംസ്കാരിക അടിയന്തിരാവസ്ഥ'യാണ് എന്നാണ്. സംഘപരിവാറിന്റെ അസഹിഷ്ണുതയുടെ ഏറ്റവും വലിയ ഇരയാണ് കമല്‍ എന്ന സംവിധായകന്‍. അതിനെതിരെ കേരളത്തിലെ രാഷ്ട്രീയ സംസ്കാരിക ലോകം ഒന്നടങ്കം പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ ഈ മൂന്നു ചിത്രങ്ങളുടെ വായടപ്പിക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ അതിദേശീയതാവാദക്കാരുടെ ശ്രമത്തിനെതിരെ ഇവിടത്തെ സാംസ്കാരിക ലോകമോ രാഷ്ട്രീയ ലോകമോ കാര്യമായി എന്തെങ്കിലും പ്രതികരിച്ചത് കണ്ടില്ല. ഇനി മാധ്യമങ്ങള്‍ അങ്ങോട്ട് പോയി ചോദിക്കാത്തത് കൊണ്ടാകുമോ?ഇതിനിടയില്‍ ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥയെ കുറിച്ച് ഒരു കാര്യം പറഞ്ഞു. 'ഏറ്റവും ശക്തമായി അടിയന്തിരാവസ്ഥയെ എതിര്‍ത്തത് ആര്‍എസ്എസും ജനസംഘവുമാണ്'. ബിജെപി നേതാവ് അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയുടെ ‘അടിയന്തിരാവസ്ഥ: ഇരുട്ടിന്റെ നിലവിളികള്‍' എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ടാണ് എംജിഎസ് ഇങ്ങനെ പറഞ്ഞത് എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ ചരിത്രപരമായ വസ്തുതയുണ്ടാകാം. പ്രത്യേകിച്ചും ഒരു പ്രമുഖ ചരിത്രകാരന്‍ പറയുമ്പോള്‍ അത് അവിശ്വസിക്കേണ്ട കാര്യമില്ല. അക്കൂട്ടത്തില്‍ അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു. 'മാര്‍ക്സിസ്റ്റുകാര്‍ അര്‍ധമനസോടെയാണ്' അടിയന്തിരാവസ്ഥയെ എതിര്‍ത്തത് എന്ന്. വേദിയില്‍ അടിയന്തിരാവസ്ഥ കാലത്ത് ജയിലില്‍ കിടന്ന എംപി വീരേന്ദ്രകുമാറും സന്നിഹിതനായിരുന്നു അപ്പോള്‍. അദ്ദേഹത്തോട് ചോദിച്ചാല്‍ ഇപ്പോഴത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ അടിയന്തിരാവസ്ഥ കാലത്ത് ജയിലില്‍ കിടന്നിട്ടുള്ള മാര്‍ക്സിസ്റ്റുകാരെക്കുറിച്ച് എംജിഎസിന് മനസിലാക്കാമായിരുന്നു. ചരിത്ര പുരുഷന്മാര്‍ നേരിട്ട് പറയുന്നതും ചരിത്ര പഠനത്തിലെ സാമഗ്രികളില്‍ ഒന്നാണല്ലോ. ഈ അടുത്തകാലത്താണ് പിണറായി വിജയന്‍ വീരേന്ദ്രകുമാറിന്റെ വീട്ടില്‍ എത്തി അടിയന്തിരാവസ്ഥ ഓര്‍മ്മകള്‍ പങ്കുവെച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

എംജിഎസ് പറഞ്ഞത് അംഗീകരിക്കുകയാണെങ്കില്‍ അടിയന്തിരാവസ്ഥയ്ക്കെതിരെ പോരാടിയ ആര്‍എസ്എസ് നയിക്കുന്ന ഭരണത്തിന്റെ തണലില്‍, നാട്ടില്‍ നടക്കുന്നത് സാംസ്കാരിക അടിയന്തിരാവസ്ഥയാണ് എന്നാണ് കമല്‍ പറഞ്ഞു വെക്കുന്നത്. താന്‍ പറയുന്നതിലെ വൈരുദ്ധ്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ എംജിഎസ് ഇങ്ങനെ കൂടി പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു, 'സാധാരണയായി അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നില്‍ക്കുന്നവര്‍ അല്ല' ആര്‍എസ്എസുകാര്‍.

നന്ദി എംജിഎസ്, ഇത്രയെങ്കിലും പറഞ്ഞു വെച്ചതിന്.

ഒരു ഇന്ത്യന്‍ സംവിധായകന്‍ നേടുന്ന പരമോന്നത ബഹുമതികളില്‍ ഒന്നു കരസ്ഥമാക്കിയിട്ടും തന്റെ സിനിമയ്ക്കു സെക്സി ദുര്‍ഗ്ഗ എന്നു പേരിട്ടതിന്റെ പേരില്‍ ഹിന്ദു മതഭ്രാന്തന്‍മാരുടെ ഭീഷണി നേരിട്ട സനല്‍കുമാര്‍ ശശിധരന്‍ സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന് അയച്ച കത്ത് ചുവടെ കൊടുത്തുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

ബഹുമാനപ്പെട്ട സാംസ്കാരികവകുപ്പു മന്ത്രി ശ്രീ എകെ ബാലൻ വായിച്ചറിയാൻ എഴുതുന്നത്. കേരളം കഴിഞ്ഞ പത്തുവർഷമായി വിജയകരമായി നടത്തിവരുന്ന അന്താരാഷ്‌ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ മൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ്‌ മന്ത്രാലയം വിലക്കിയതിനെതിരെ അങ്ങയുടെ പ്രതിഷേധക്കുറിപ്പ് വായിച്ചിരുന്നു. സാംസ്കാരിക ഫാസിസസമാണിതെന്നും ഇതിനെതിരെ സാംസ്കാരിക വകുപ്പും സാംസ്കാരിക പ്രവർത്തകരും ഒറ്റക്കെട്ടായി പ്രതിഷേധിക്കുമെന്നും കേരളം ഇത്തരം ഫാസിസ്റ്റു പ്രവണതകൾക്ക് മുന്നിൽ മുട്ടുമടക്കില്ല എന്നും അങ്ങ് എഴുതിക്കണ്ടു. ഫെയ്‌സ് ബുക്കിൽ കുറിപ്പിട്ടതുകൊണ്ടോ പത്രപ്രസ്താവന നല്കിയതുകൊണ്ടോ അവസാനിക്കുന്ന ഒരു സംഗതിയല്ല ഇതെന്നും കേന്ദ്ര പ്രക്ഷേപണവകുപ്പ് അനുമതി നിഷേധിച്ച ചിത്രങ്ങൾ ധാർഷ്ട്യത്തോടെ പ്രദർശിപ്പിക്കാൻ കേരള സർക്കാരിന് കഴിയില്ല എന്നും അങ്ങേക്ക് അറിയാവുന്നതാണല്ലോ. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം അതിന്റെ ഉപജാപകസംഘടനകൾ നൽകുന്ന പരാതികൾക്കും തലയണ മന്ത്രങ്ങൾക്കും അനുസൃതമായി മാനദണ്ഡങ്ങളൊന്നുമില്ലാതെ ചില ചിത്രങ്ങളെ വിലക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതിന്റെ മുന്നിൽ കേരളം മുട്ടുമടക്കാതിരിക്കണമെങ്കിൽ ഈ ചിത്രങ്ങൾ എന്തുവിലകൊടുത്തും ഈ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയാണ് വേണ്ടത്.


അങ്ങയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തീർച്ചയായും ഞങ്ങൾക്കെല്ലാം ആത്മവിശ്വാസവും ഉന്മേഷവും നല്കുന്നതാണെങ്കിലും നമ്മൾ ഈ ഫാസിസ്റ്റു പ്രവണതയ്‌ക്ക് മുന്നിൽ മുട്ടുമടക്കാതിരിക്കാൻ സഹായകമാവുന്നില്ല. പ്രതിഷേധം അറിയിക്കാൻ ഫെയ്‌സ്ബുക്ക് പോസ്റ്റ് കാരണമാവുമെങ്കിലും കാര്യമായ പ്രതിവിധി കണ്ടെത്താതെ പ്രതിഷേധം 'പ്രകടിപ്പിച്ച്' ഒരു ഒളിച്ചോട്ടം നടത്താനേ അത് പലപ്പോഴും കാരണമാവുകയുള്ളു. കേന്ദ്രസർക്കാരിന്റെ ഇത്തരം പിന്തിരിപ്പൻ നയങ്ങളെ കേരളത്തിലെ പുരോഗമനസർക്കാർ ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലൂടെയല്ല നേരിടേണ്ടത്. കാര്യക്ഷമമായി എങ്ങനെയാണ് ഈ സാഹചര്യത്തെ കൈകാര്യം ചെയ്യേണ്ടതെന്ന് വളരെ ഗൗരവപൂർവം ആലോചിക്കേണ്ട സമയമാണിത്. ഈ മൂന്ന് ചിത്രങ്ങളും ഇത്തവണത്തെ മേളയിൽ പ്രദര്‍ശിപ്പിക്കുന്നതിന് സാഹചര്യമുണ്ടാക്കാൻ നമ്മുടെ സാംസ്കാരിക വകുപ്പ് മുന്നിട്ടിറങ്ങുമോ എന്നറിയാൻ എന്നെപ്പോലെയുള്ള ചലച്ചിത്രപ്രവർത്തകർക്കും ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന സാധാരണ പൗരജനങ്ങൾക്കും ആഗ്രഹമുണ്ട്.


കേന്ദ്രമന്ത്രാലയത്തിന്റെ നടപടിക്കെതിരെ ഈ ചിത്രത്തിന്റെ സംവിധായകർ ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയെ സമീപിക്കുകയാണ് എന്നറിയുന്നു. ഒരു അഗ്രീവ്‌ഡ്‌ പാർട്ടി എന്ന നിലയിൽ സാംസ്കാരിക വകുപ്പിന് കീഴിലുള്ള ചലച്ചിത്ര അക്കാദമിക്ക് ഈ കേസിൽ എന്തെങ്കിലും ചെയ്യാനാകുമോ എന്നറിയാൻ കൗതുകമുണ്ട്. കേന്ദ്രത്തിന്റെ ഫാസിസ്റ്റനുകൂല നടപടിക്കെതിരെ ഈ ചലച്ചിത്രങ്ങളുടെ സംവിധായകർക്കൊപ്പം നിന്ന് പോരാടാനും ആശയപ്രകാശനത്തിനുള്ള മൗലീകാവകാശത്തിനു വേണ്ടി പൗരർക്കൊപ്പം ശബ്ദമുയർത്താനും മന്ത്രാലയത്തിന് കഴിയുമോ എന്നറിയാനും ആഗ്രഹമുണ്ട്. ഇന്ത്യയിൽ മുഴുവൻ സ്വതന്ത്രചിന്തയ്ക്കും ആവിഷ്കാരസ്വാതന്ത്യ്രത്തിനുമെതിരെ ഫാസിസ്റ്റ് മനോഭാവം പുകഞ്ഞുയരുമ്പോൾ ലോകം ഉറ്റുനോക്കുന്നത് നമ്മുടെ കൊച്ചു കേരളം എങ്ങനെ അതിനെ പ്രതിരോധിക്കും എന്നാണ്. നമ്മുടെ നടപടികൾ ഫെയ്‌സ്ബുക്ക് പോസ്റ്റിലൊതുങ്ങുന്നത് സത്യത്തിൽ നമുക്ക് നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. അങ്ങയുടെ മന്ത്രാലയത്തിൽ നിന്നും ഊർജിതവും കാര്യക്ഷമവും അടിയന്തിരവുമായ നടപടികൾ പ്രതീക്ഷിച്ചുകൊള്ളുന്നു.


Next Story

Related Stories