UPDATES

സനുഷയ്ക്ക് സല്യൂട്ട്, നോക്കി നില്‍ക്കുന്ന മലയാളിയോട് OMKV

ഒരു മനുഷ്യന്റെ ആത്മാഭിമാനത്തെ കാല്‍ ചുവട്ടില്‍ ചവിട്ടിഞെരിച്ചിട്ട് എന്തു ക്രമസമാധാനമാണ് പാലിക്കാന്‍ പോകുന്നത്?

മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ മാവേലി എക്സ്പ്രസ്സില്‍ വെച്ച് ആക്രമിക്കപ്പെട്ടപ്പോള്‍ സഹയാത്രികര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് യുവനടി സനുഷ. യാത്രക്കിടെ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും ഒരാള്‍ പോലും സഹായത്തിന് എത്തിയില്ല.

താന്‍ നേരിട്ട ദുരനുഭവം സധൈര്യം മാധ്യമങ്ങളുടെ മുന്‍പില്‍ വന്നു പറഞ്ഞ സനുഷയുടെ വാക്കുകള്‍ ഞെട്ടലോടെയേ കേള്‍ക്കാന്‍ സാധിക്കുകയുള്ളൂ. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്ന സിനിമാ താരമായ സനുഷയെ സഹായിക്കാന്‍ ആളില്ലെങ്കില്‍ പിന്നെ അനേകായിരം വരുന്ന സൌമ്യമാര്‍ക്ക് എവിടെയാണ് കരുണ കിട്ടുക?

“എനിക്കുണ്ടായ അനുഭവം ഞാന്‍ ഫെയ്സ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരുന്നെങ്കില്‍ നിരവധി പേര്‍ അതിനു കമന്‍റിട്ടേനെ. സനുഷയ്ക്ക് സപ്പോര്‍ട്ട് എന്നൊക്കെ പറഞ്ഞേനെ. പക്ഷേ നേരിട്ട് നമുക്കൊരു പ്രശ്നം ഉണ്ടാകുമ്പോള്‍ കൂടെ ഒരാളും ഉണ്ടാകില്ല”, ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് സനുഷ പറഞ്ഞു.

വെയിലുകൊള്ളാതെ മലയാളി നടത്തുന്ന ആക്റ്റിവിസത്തിന് നേരെയുള്ള ഈ പരിഹാസം അസാമാന്യ പ്രഹരശേഷിയുള്ള ഒന്നാണ്. കഴിഞ്ഞ ദിവസം എറണാകുളം പത്മ ജംക്ഷനില്‍ നാലാം നിലയില്‍ നിന്നും താഴെ വീണു മൃതപ്രായനായി റോഡില്‍ കിടന്ന മനുഷ്യനെ നോക്കി നിന്നതും ഇതേ മലയാളികളാണ്.

അന്ന് നടുറോഡില്‍ കയറി നിന്ന് ഒരു എര്‍ട്ടിഗ കാര്‍ നിര്‍ത്തിച്ച് പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ച ഹൈക്കോടതിയെ അഭിഭാഷകയായ അഡ്വ. രഞ്ജിനി രാമാനന്ദ് അഴിമുഖത്തോട് ഇങ്ങനെ പറഞ്ഞു, “ഇതില്‍ നിന്ന് ചില കാര്യങ്ങള്‍ എനിക്ക് മനസ്സിലായി. ഒന്ന്, യുവാക്കളായ നിരവധി പേര്‍ ഈ ദൃശ്യങ്ങളെല്ലാം കണ്ട് അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ചിലപ്പോള്‍ അവരവരുടെ കാര്യങ്ങളിലായിരിക്കാം. അവര്‍ എവിടെ നിന്ന്, എന്തിന് വരുന്നു എന്ന് പോലും നമുക്കറിയില്ലല്ലോ. പക്ഷെ ഞാന്‍ ഒരുപാട് കെഞ്ചിയപ്പോള്‍ മധ്യവയസ്‌കരായ മൂന്നാല് പേര്‍ സഹായത്തിനെത്തി. കാരണം വീണ് കിടന്നയാള്‍ നല്ല ഉയരവും വണ്ണവുമുള്ളയാളായിരുന്നു. എനിക്ക് ഒറ്റയ്ക്ക് പൊക്കിയെടുക്കാനാവുമായിരുന്നില്ല. ആ സാഹചര്യത്തില്‍ ആരെങ്കിലും സഹായിച്ചേ മതിയാവുമായിരുന്നുള്ളൂ. രണ്ട്, ചിലര്‍ ഇടപെടാത്തത് പേടിച്ചിട്ടാണ്. അവര്‍ പെട്ടുപോവുമോ, കേസിന് സാക്ഷി പറയാന്‍ പോവേണ്ടി വരുമോ തുടങ്ങിയ ചിന്തകളായിരിക്കും. ചിലര്‍ക്ക് സാമ്പത്തികമായി ഇതിന്റെ ചെലവുകള്‍ താങ്ങാന്‍ കഴിയില്ലായിരിക്കും. പക്ഷെ മറ്റൊരു കാര്യം, ഇതെല്ലാം ഓരോരുത്തരുടേയും സമീപനത്തിന്റെ പ്രശ്‌നങ്ങളാണ്. നമ്മള്‍ എന്ത് വന്നാലും പ്രതികരണ ശേഷി നഷ്ടപ്പെടുത്തരുതെന്നാണ് എനിക്ക് പറയാനുള്ളത്. കാരണം ഒരു ജീവനാണ്, അതിന് വലിയ വിലയുണ്ട്. ആ ജീവന്‍ എങ്ങനേയും രക്ഷിച്ചേ മതിയാകൂ.”

‘ഒരു ജീവനല്ലേ, അതിനെ കൈവിടാനാകുമോ?’ അഡ്വ. രഞ്ജിനി രാമാനന്ദ് പ്രതികരിക്കുന്നു

കഴിഞ്ഞ ദിവസം ഇതേ എറണാകുളത്തെ വൈപ്പിനില്‍ മാനസിക അസ്വസ്ഥതയുള്ള ഒരു സ്ത്രീയെ ഒരു കൂട്ടം അയല്‍ക്കാരായ സ്ത്രീകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്നതും കാല്‍ വെണ്ണയില്‍ ചട്ടുകം ചൂടാക്കി പൊളിക്കുന്നതും അത് കുറേപ്പേര്‍ നോക്കി നില്‍ക്കുന്നതും നമ്മള്‍ കണ്ടു. (അതില്‍ മൂന്നു സ്ത്രീകള്‍ ഇപ്പോള്‍ കാക്കനാട് ജയിലിലാണ്).

മിനിഞ്ഞാന്നാണ് ‘പുരോഗമന’ കേരളം ലജ്ജിച്ചു തല കുനിക്കേണ്ട മറ്റൊരു സംഭവത്തിന് എറണാകുളം സാക്ഷ്യം വഹിച്ചത്. എറണാകുളത്തപ്പന് അയിത്തമാകുമെന്ന് പറഞ്ഞ് ഒരു നൂറ്റാണ്ട് മുന്‍പ് കുഴിച്ചുമൂടിയ അയിത്തമെന്ന ആഭാസവുമായി ഒരു സംഘം ഹിന്ദു തീവ്രവാദികള്‍ ദളിത് ചിത്രകാരന്‍ അശാന്തന്‍റെ മൃതദേഹത്തെ അപമാനിക്കുകയായിരുന്നു. അതിന് ജില്ലാ ഭരണകൂടം ചൂട്ട് പിടിക്കുകയും ചെയ്തു. ഒരു മനുഷ്യന്റെ ആത്മാഭിമാനത്തെ കാല്‍ച്ചുവട്ടില്‍ ചവിട്ടിഞെരിച്ചിട്ട് എന്തു ക്രമസമാധാനമാണ് പാലിക്കാന്‍ പോകുന്നത്.

എറണാകുളത്തപ്പന്‍ ആരുടെയൊക്കെ അപ്പനായാലും കേരളത്തിലെ മതേതര സമൂഹത്തിന്റെ അപ്പനും അപ്പൂപ്പനുമല്ല

എറണാകുളം ദര്‍ബാര്‍ ഹാളില്‍ നിന്നും ഏറെ അകലയല്ല സവര്‍ണ്ണ ജാതിക്കാര്‍ ജാതിമതില്‍ കെട്ടിപ്പോക്കിയ വടയമ്പാടി. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തോളമായി തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ തുറസ്സ് സംരക്ഷിക്കാന്‍ ഒരു കൂട്ടം ആളുകള്‍ സമരം ചെയ്യുന്നത് മനുഷ്യാവകാശത്തിന്റെ അപ്പോസ്തലന്‍മാരായ മുഖ്യധാരാ മാധ്യമങ്ങള്‍ പോലും കണ്ടില്ല എന്നതാണ് ഞെട്ടിക്കുന്നത്.

അയിത്തം എന്ന ആഭാസത്തിനു വേണ്ടി ആയുധമെടുത്ത് ഇറങ്ങിയിരിക്കുകയാണ് സവര്‍ണ്ണ മനോവൈകൃതം

വടയമ്പാടി; ഈ മൈതാനം മാക്കോത പാപ്പുവിന്റെയും ചോതി വെളിച്ചപ്പാടിന്റെയും

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍