Top

കോഴ, ഹവാല, കള്ളനോട്ട്; കേരള ബിജെപിയില്‍ തല്ല് മുറുകുന്നു

കോഴ, ഹവാല, കള്ളനോട്ട്; കേരള ബിജെപിയില്‍ തല്ല് മുറുകുന്നു
ഇതാദ്യമായി വന്‍ കോഴ വിവാദത്തില്‍ കുടുങ്ങി വിയര്‍ക്കുകയാണ് കേരള ബിജെപി. “മെഡിക്കല്‍ കോളേജിന് അംഗീകാരം നേടിക്കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി ബിജെപി നേതാക്കള്‍ അഞ്ചു കോടി അറുപത് ലക്ഷം രൂപ കൈപ്പറ്റി”യതായി പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം കൈപ്പറ്റിയ കോഴപ്പണം “ഡല്‍ഹിയിലേക്ക് കുഴല്‍പ്പണമായി അയച്ചതായു"ള്ള മലയാള മനോരമ റിപ്പോര്‍ട്ട് ഞെട്ടല്‍ ഉണ്ടാക്കുന്നതാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിന്റെ പേര് ആരോപണത്തില്‍ പരമാര്‍ശിക്കപ്പെട്ടതോടെ കേരള ബിജെപിക്കകത്തെ തമ്മില്‍ തല്ല് രൂക്ഷമാകും എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഈ അടുത്തകാലത്ത് കൊടുങ്ങല്ലൂരിലെ പ്രാദേശിക നേതാവിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ട് യന്ത്രം കണ്ടെത്തിയതടക്കം കേരളത്തില്‍ പ്രധാന രാഷ്ട്രീയ ശക്തിയായി മാറാന്‍ ശ്രമിക്കുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം വന്‍ തിരിച്ചടിയാണ് പുതിയ സംഭവവികാസങ്ങള്‍.

കോളേജിന് അംഗീകാരം വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന് വര്‍ക്കല എസ് ആര്‍ എജുക്കേഷണല്‍ ആന്‍ഡ് ചാരീറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആര്‍ ഷാജി മെയ് 19-നാണ് പരാതി പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്കിയത്. ബിജെപി സഹകരണ സെല്‍ ചെയര്‍മാനായ ആര്‍ എസ് വിനോദാണ് കോഴപ്പണം കൈപ്പറ്റിയത്. ഈ പണം ഡല്‍ഹിയിലെ ഇടനിലക്കാരനായ സതീഷ് നായര്‍ക്ക് കുഴല്‍പ്പണമായി അയച്ചുകൊടുക്കുകയായിരുന്നു. 17 കോടിയാണ് കോഴപ്പണമായി ആവശ്യപ്പെട്ടത് എന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.കോഴിക്കോട്ടുകാരനായ ഡോ. നാസര്‍ ചേര്‍പ്പുളശേരിയില്‍ തുടങ്ങാന്‍ പോകുന്ന മെഡിക്കല്‍ കോളേജിന് എം.ടി രമേശ് വഴി അഞ്ചു കോടി നല്‍കി അംഗീകാരം നേടിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ആര്‍ എസ് വിനോദ്, റിച്ചാര്‍ഡ് ഹേ എം പിയുടെ പ്രൈവറ്റ് സെക്രട്ടറി കണ്ണദാസ്, കുമ്മനം രാജശേഖരന്റെ സെക്രട്ടറി എന്നു പരിചയപ്പെടുത്തിയ രാകേഷ് ശിവരാമന്‍ എന്നിവരാണ് ആരോപണ വിധേയമായിരിക്കുന്നത്.

എന്തായാലും ഇത് ഒരു അഖിലേന്ത്യാ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. എം.ബി രാജേഷ് എം പി ലോകസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി കഴിഞ്ഞു. മെഡിക്കല്‍ കോളേജ് കോഴ സിബിഐ അന്വേഷിക്കണം എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. വിജിലന്‍സ് അന്വേഷിക്കണം എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനും ആവശ്യപ്പെട്ടിട്ടുണ്ട്.

കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തായത് ബിജെപിയിലെ അന്ത:സംഘര്‍ഷം മൂര്‍ഛിപ്പിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എം.ടി രമേശിനെതിരെയുള്ള പട നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോര്‍ട്ട് പുറത്തായതിന് പിന്നില്‍ വി മുരളീധരന്‍ പക്ഷമാണ് എന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു.

തെറ്റ് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്നാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം എന്നു കേരള കൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്തെ ഒരു പ്രമുഖ നേതാവിന്റെയും അനുയായിയുടെയും ബാങ്ക് അക്കൌണ്ട് ദേശീയ നേതൃത്വം പരിശോധിച്ചിരുന്നു എന്നും കേരള കൌമുദി റിപ്പോര്‍ട്ടിലുണ്ട്. ഇരു കക്ഷികളുടെയും അഴിമതിക്കെതിരെ കേരളത്തില്‍ കുരിശ് യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള ബിജെപിക്ക് കടുത്ത നടപടി സ്വീകരിച്ചുകൊണ്ട് മികച്ച പ്രതിഛായയിലേക്ക് വരാന്‍ സാധിക്കും എന്നാണ് വിലയിരുത്തല്‍. നാളെ ചേരുന്ന ബിജെപി കോര്‍ കമ്മിറ്റിയില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്.

“മിസ്ഡ് കോളിലൂടെ ബിജെപി അംഗത്വം എടുത്ത 21 ലക്ഷം പേരെ തിരഞ്ഞ്” ബിജെപി നടത്തുന്ന മഹാസമ്പര്‍ക്ക പാരിപാടി ആഗസ്ത് ഒന്നു മുതല്‍ തുടങ്ങാനിരിക്കെ പുറത്തായിരിക്കുന്ന അഴിമതി സംസ്ഥാന ബിജെപിയെ പ്രതിരോധത്തിലാകും. പരിപാടിയുടെ ഭാഗമായി സംസ്ഥാന അധ്യക്ഷന്‍ മുതല്‍ ബൂത്തുതല നേതാക്കള്‍ വരെ വീടുകള്‍ കയറി ഇറങ്ങാനാണ് തീരുമാനമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.


Next Story

Related Stories