TopTop
Begin typing your search above and press return to search.

ലൌ ജിഹാദ്: 'ആട്ടിന്‍ തോലിട്ട ചെന്നായ'യെ തിരിച്ചറിയുമ്പോള്‍

ലൌ ജിഹാദ്: ആട്ടിന്‍ തോലിട്ട ചെന്നായയെ തിരിച്ചറിയുമ്പോള്‍

“സംസ്ഥാനത്ത് ലൌ ജിഹാദുണ്ടായിരുന്നു”. ഒടുവില്‍ മാതൃഭൂമി കാര്യമങ്ങ് തെളിച്ചു പറഞ്ഞു. സെന്‍കുമാറിലൂടെയാണ് എന്നു മാത്രം. “ലൌ ജിഹാദ് വിഷയത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം താന്‍ രണ്ടു കേസുകളില്‍ അന്വേഷണം നടത്തിയിരുന്നു. രണ്ടു കേസുകളിലും പ്രണയം നടിച്ച് പെണ്‍കുട്ടികളെ മറ്റ് വഴിക്കു കൊണ്ടു പോയതായി തെളിഞ്ഞിരുന്നു.” എന്നു സെന്‍കുമാര്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ “ഇതിനെ ലൌ ജിഹാദ് എന്നു പറയാമോ എന്നറിയില്ല” എന്നും സെന്‍കുമാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.

അപ്പോള്‍ തനിക്ക് തന്നെ തീര്‍ച്ചയില്ലാത്ത കാര്യത്തെ കുറിച്ചാണോ സംസ്ഥാന പോലീസ് മേധാവിയായി പിരിഞ്ഞ സെന്‍കുമാറിന്റെ അഭിപ്രായ പ്രകടനങ്ങള്‍. ആദ്യം ലൌ ജിഹാദ് ഉണ്ടായിരുന്നു എന്നു പറയുക. പിന്നീട് അത് ലൌ ജിഹാദ് തന്നെയാണോ എന്നു തനിക്കറിയില്ല എന്നു പറയുക. ഉന്നത സ്ഥാനത്ത് നിന്നും പിരിഞ്ഞ ഒരു ഉദ്യോഗസ്ഥന്‍ ഇങ്ങനെ പറയാമോ? ഇനി മാതൃഭൂമി എങ്ങാനും വളച്ചൊടിച്ചതാണോ? ഈ കാര്യം സെന്‍ കുമാര്‍ എവിടെയാണ് പറഞ്ഞത്? എന്തായാലും 'ഒരു ചടങ്ങില്‍' എന്നു പറഞ്ഞുകൊണ്ടു അത് മാതൃഭൂമി സമര്‍ത്ഥമായി മറച്ചു വെക്കുന്നു.

അത് വ്യക്തമാക്കുന്നതാണ് ദേശാഭിമാനിയുടെ തലക്കെട്ട്. “ലൌ ജിഹാദ് വാദമാവര്‍ത്തിച്ച് സെന്‍ കുമാര്‍ ബിജെപി വേദിയില്‍” എന്ന വാര്‍ത്തയില്‍ ബിജെപി മുഖപത്രമായ ജന്‍മഭൂമി സംഘടിപ്പിച്ച പ്രതിഭാസംഗമ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സെന്‍കുമാര്‍ ലൌ ജിഹാദ് വിഷയം എടുത്തിട്ടത് എന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. തീര്‍ത്തും അനുയോജ്യമായ ഇടം. “രാജ്യം ഭരിക്കുന്ന ദേശീയ പാര്‍ട്ടിയുടെ പത്രമായ ജന്മഭൂമിയുടെ പരിപാടിക്ക് വന്നപ്പോള്‍ നെറ്റി ചുളിക്കുന്നവരുണ്ട്. ആ നെറ്റികള്‍ ചുളിഞ്ഞിരിക്കട്ടെ” സെന്‍ കുമാര്‍ പറഞ്ഞു.

അപ്പോള്‍ അതാണ് കാര്യം. ജന്മഭൂമി നോക്കുക തന്നെ... സീന്‍ കുറച്ചുകൂടി കളറാകുമല്ലോ?

ശരിയാണല്ലോ..? സംഗതി ശരിക്കും കളര്‍ തന്നെ. ഒന്നാം പേജ് വാര്‍ത്തയില്‍ തലക്കെട്ടിലെ ലൌ ജിഹാദിന് പച്ചക്കളര്‍. അല്ല പിന്നെ.. ജന്‍മഭൂമിയോടാണോ കളി.

ഈ വിഷയത്തില്‍ കോണ്‍ഗ്രസ്സിനെന്താ മൌനം എന്നാലോചിച്ചിരിക്കുമ്പോഴാണ് എം ഐ ഷാനവാസിന്റെ പ്രസ്താവന കണ്ടത്. “ആട്ടിന്‍ തോലണിഞ്ഞ ചെന്നായയാണ്” സെന്‍കുമാറെന്ന് ഷാനവാസ് പറഞ്ഞതായി കേരളകൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. “ഇതുപോലെ വിഷലിപ്തമായ മനസിന്റെ ഉടമായായിരുന്നു ഉന്നതമായ ഡിജിപി പദവിയില്‍ ഇരുന്നായാള്‍ എന്നത് സാംസ്കാരിക കേരളത്തിനാകെ അപമാനമാണ്” എന്നാണ് എംപിയുടെ വിലാപം. വ്യത്യസ്തനായ സെന്‍കുമാര്‍ താങ്കളെ മനസിലാക്കാന്‍ വൈകിപ്പോയി ഞങ്ങള്‍ കോണ്‍ഗ്രസ്സുകാര്‍ എന്നു ഉമ്മന്‍ ചാണ്ടി പറയുമോ എന്തോ?

എന്നാല്‍ തങ്ങള്‍ക്കുണ്ടായ ഹൃദയ വേദനയെ കുറിച്ചാണ് കുഞ്ഞാലിക്കുട്ടി സാഹിബിന് പറയാനുള്ളത്. “ഇത്തരമൊരു മനഃസ്ഥിതിയുള്ള ആളാണ് സെന്‍കുമാറെന്ന് ഇപ്പോഴാണ് അറിയുന്നത്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നയാള്‍ അങ്ങനെയൊക്കെ പറയുമോ?” കുഞ്ഞാലിക്കുട്ടി വിലപിക്കുന്നു.

Read More:സെന്‍കുമാറിന് കാരശ്ശേരിയുടെ മറുപടി: ഇത് കേരളം വര്‍ഗീയവത്കരിക്കാന്‍ നടക്കുന്ന പണികളില്‍ ഏറ്റവും അപകടകരം

എന്നാല്‍ യൂത്ത് ലീഗിന് വിലാപത്തിലൊന്നും താത്പര്യമില്ല. സെന്‍കുമാറിന് എതിരെ കേസെടുക്കണം എന്നാണ് യൂത്ത് ലീഗിന്റെ നിലപാട്. മത സ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ സെന്‍കുമാറിനെതിരെ ബെഹറയ്ക്ക് പരാതി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് പികെ ഫിറോസും കൂട്ടരും. അതേ ചുണക്കുട്ടികളെ പഴയ പെയിന്‍റടി ഓര്‍മ്മയില്‍ ബെഹറ നിങ്ങളെ കാത്തിരിക്കുകയാണ്.

സെന്‍കുമാര്‍ പങ്കെടുത്ത പ്രതിഭാ സംഗമ വേദിയില്‍ ഡോ. ഡി ബാബുപോള്‍ എന്ന പ്രതിഭയും ഉണ്ടായിരുന്നു. കൂടാതെ ബാലഗോകുലത്തിന്റെ സംസ്ഥാന സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. അവിടെ അദ്ദേഹം ഒരു തത്വജ്ഞാനിയെ പോലെയാണ് സംസാരിച്ചത്. “തള്ളിപ്പറയുന്നവരെ പോലും ഉള്‍ക്കൊള്ളുന്നത് ഹിന്ദുമതത്തിന്റെ ശ്രേഷ്ഠതയുടെ അടയാളമാണെന്നാണ്” അദ്ദേഹം പറഞ്ഞത്.

കാര്യം പകല്‍ പോലെ വ്യക്തം. നിലവിലുള്ള കേരള നേതാക്കളില്‍ ബിജെപിയുടെ ദേശീയ നേതൃത്വത്തിന് യാതൊരു പ്രതീക്ഷയുമില്ല. ഇനി ഒരാളെ വളര്‍ത്തിക്കൊണ്ടുവാരാനുള്ള സമയവുമില്ല. നിലവില്‍ എവിടെയെങ്കിലും വളര്‍ന്ന് കഴിഞ്ഞ ആളുകളെ വലയിലാക്കണം. അതിനു പറ്റിയത് ഐഎഎസ്, ഐപിഎസ് രംഗവും സിനിമാരംഗവുമാണ്. ഈ മേഖലയില്‍നിന്ന് നേരത്തെ പിടിച്ചെടുത്ത അല്‍ഫോണ്‍സ് കണ്ണന്താനം, സുരേഷ് ഗോപി തുടങ്ങിയവര്‍ ഇപ്പോള്‍ ചാക്കിലുണ്ട്. പിന്നീട് നല്ലതൊന്നും തടഞ്ഞിട്ടില്ല. സിനിമയില്‍ നിന്നും കിട്ടിയതു ഭീമന്‍ രഘു, കൊല്ലം തുളസി തുടങ്ങിയ വില്ലന്‍മാരെ മാത്രം. കുറച്ചുകൂടി പോപ്പുലാരിറ്റിയുള്ള ആളുകളെ വേണം. സിനിമയില്‍ നിന്നും മോഹന്‍ലാലിനെ കിട്ടിയാല്‍ കൊള്ളാമെന്ന് ബിജെപി നേതൃത്വത്തിനുള്ളതായി കേട്ടിട്ടുണ്ട്. ലാലിന് ഒരു മൃദു ഹിന്ദുത്വ മനസ്സ് ഉണ്ടെങ്കിലും നിലവില്‍ സിനിമാ വ്യവസായത്തില്‍ പച്ച പിടിച്ച് നില്‍ക്കുന്നതിനാല്‍ പെട്ടെന്നു അതുപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറാവും എന്നു തോന്നുന്നില്ല. ഐപിഎസ് രംഗത്ത് ഇപ്പോള്‍ സിപിഎമ്മുമായി പ്രത്യേകിച്ചും കണ്ണൂര്‍ സിപിഎമ്മുമായി നേരിട്ടു പോരാടുന്നയാളാണ് സെന്‍കുമാര്‍. മോശമല്ലാത്ത പ്രതിച്ഛായയും ഉണ്ട്. വെള്ളപ്പള്ളിയുമായൊക്കെ സെന്‍കുമാറിന് നല്ല ബന്ധമാണ് താനും. നേരത്തെ തന്നെ ദളിത് വിഷയങ്ങളില്‍ ഉറച്ച അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഒന്നു പൊലിപ്പിച്ചു വിട്ടാല്‍ സംഗതി ക്ലിക്കാവും എന്ന് അമിത് ഷാജിയുടെ വലിയ ബുദ്ധിയില്‍ തോന്നിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.

സെന്‍കുമാറിനെ അനുകൂലിച്ചു കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ അദ്ദേഹത്തെ ബിജെപിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനയും വന്നു കഴിഞ്ഞു. (ഏഷ്യാനെറ്റ് ന്യൂസ്) സെന്‍കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിക്കണം എന്നും കേരളം ഭയാനകമായ ഒരു സാഹചര്യത്തിലാണ് എന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും പ്രസ്താവിച്ചിരിക്കുന്നു. ബിജെപിയിലേക്ക് വരണോ എന്ന കാര്യം സെന്‍ കുമാറാണ് തീരുമാനിക്കേണ്ടത് എന്നും കുമ്മനം പറഞ്ഞു. അതായത് ബിജെപി വരണമാല്യം ചാര്‍ത്താന്‍ തയ്യാറാണ് എന്നര്‍ത്ഥം.

പിണറായി, താങ്കള്‍ ഒരു ദീര്‍ഘദര്‍ശി തന്നെ..!

Also Read: ന്മഭൂമിയിലില്ലെങ്കിലെന്താ മാതൃഭൂമിയിലുണ്ടല്ലോ; കേരളത്തില്‍ ലൌ ജിഹാദെന്ന് തെളിച്ചു പറയാത്തതെന്ത്?

കാക്കിയില്‍ നിന്നും ഈ ഏമാന്‍ കാവിയിലേക്കോ? സെന്‍കുമാറിന്റെ വെളിപാടുകള്‍

കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 പേര്‍ മുസ്ലിങ്ങള്‍; വര്‍ഗീയത പറഞ്ഞ് സെന്‍കുമാര്‍


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories