TopTop
Begin typing your search above and press return to search.

ഡോ. ഷെയ്ഖ് സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ ഖാസിമി 'അറബി കച്ചവടക്കാരന്‍' എന്ന സ്റ്റീരിയോടൈപ്പിനെ തകര്‍ക്കുമ്പോള്‍

ഡോ. ഷെയ്ഖ് സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ ഖാസിമി അറബി കച്ചവടക്കാരന്‍ എന്ന സ്റ്റീരിയോടൈപ്പിനെ തകര്‍ക്കുമ്പോള്‍

ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ ഖാസിമിയുടെ കേരള സന്ദര്‍ശനം പല കാരണങ്ങള്‍ക്കൊണ്ട് ചരിത്രപരമാണ്. സിവില്‍ കേസുകളില്‍ പെട്ട് ഷാര്‍ജ ജയിലില്‍ കഴിയുന്ന 149 ഇന്ത്യാക്കാര്‍ക്ക് പൊതുമാപ്പ് നല്‍കുന്നു എന്ന പ്രഖ്യാപനം കൊണ്ട് മാത്രമല്ല അത്. നൂറ്റാണ്ടുകള്‍ നീണ്ട വാണിജ്യത്തിന്റെയും കുടിയേറ്റത്തിന്റെയും സാംസ്കാരിക കൊടുക്കല്‍ വാങ്ങലുകളുടെയും ചരിത്രത്തെ ഓര്‍മ്മിപ്പിക്കുന്നതു കൊണ്ടു കൂടിയാണ്.

സുല്‍ത്താന്റെ സന്ദര്‍ശനം ചരിത്രപരം എന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിനെ ഇങ്ങനെ വിശദീകരിക്കുന്നു. "കേരളീയരെ സംബന്ധിച്ച് ഷാര്‍ജ ഭരണാധികാരി അചഞ്ചലമായ സൌഹൃദത്തിന്റെയും അതിരുകളില്ലാത്ത ആതിഥ്യത്തിന്റെയും പ്രതീകമാണ്. യുഎഇയിലെ ജനസംഖ്യയില്‍ 42 ശതമാനവും ഇന്ത്യക്കാരാണ്. അതില്‍ പകുതിയും മലയാളികളും. കേരളവും ഷാര്‍ജയുമായുള ബന്ധത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്" (ദേശാഭിമാനി)

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഷെയ്ഖ് സുല്‍ത്താന്‍ നടത്തിയ പ്രഖ്യാപനം കേരളവും ഈ അറേബ്യന്‍ നാടുമായുള്ള ബന്ധത്തെ വൈജ്ഞാനിക കാഴ്ചപ്പാടില്‍ കൂടി വിലയിരുത്തപ്പെടുന്നു എന്ന ആഹ്ളാദകരമായ അനുഭവമാണ് നല്‍കുന്നത്.

ഷെയ്ക്ക് പറഞ്ഞത് ഇതാണ്, "ഷാര്‍ജ ആര്‍ക്കൈവ്സിലുള്ള പുരാരേഖകളും ചരിത്രപരമായ അറിവുകളും കേരളത്തിലെ സര്‍വ്വകലാശാലകളുമായി പങ്കുവെയ്ക്കാന്‍ തയ്യാറാണ്. പൌരാണിക ചരിത്ര രേഖകള്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുസമൂഹത്തിനും ഏറെ പ്രയോജനപ്പെടും. അറബി നാടുകളും കേരളവും തമ്മില്‍ നൂറ്റാണ്ടുകളുടെ ബന്ധമാണ് ഉള്ളത്. വ്യാപാര, വാണിജ്യ രംഗങ്ങളില്‍ മാത്രമല്ല, സാംസ്കാരിക വിനിമയ കാര്യങ്ങളിലും പതിറ്റാണ്ടുകളുടെ ബന്ധമുണ്ട്. ഇവയെല്ലാം ആഴത്തില്‍ പഠിക്കേണ്ടതുണ്ട്"

Also Read: ആരാണ് ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി?

അറബ്-മുസ്ലീം ലോകം കേരള സമൂഹത്തിനു നല്‍കിയ സംഭാവനകളുടെ ചരിത്രരേഖകള്‍ സമ്മാനമായി നല്‍കിയാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ തന്റെ റോളിനെ ചരിത്രപരമാക്കിയത്.

"പതിനെട്ടാം നൂറ്റാണ്ടിലെ കാര്‍ട്ടോഗ്രാഫ്, 1911ല്‍ അച്ചടിച്ച ഡച്ച് ഗസറ്റ്, ദലാ ഇലുല്‍ ഖൈറാത്ത് കൃതിയുടെ കല്ലച്ചില്‍ അടിച്ച പ്രതി, ഷെയ്ഖ് സൈനുദ്ദീന്‍ മഖ്ധൂമുമായി ബന്ധപ്പെട്ട അറബിക് ലിപിയിലുള്ള അറബിക്-മലയാളം ഹസ്ത ലിഖിതം, 1933ലെ തലശ്ശേരി മുസ്ലീം ക്ലബ്ബ് രൂപീകരണ രേഖകള്‍, അത്യപൂര്‍വ്വമായ കല്ലച്ചില്‍ അടിച്ച ഖുര്‍ ആന്‍ എന്നിവയാണ് സ്പീക്കര്‍ സമ്മാനമായി നല്‍കിയത്" എന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത് കൂടാതെ "ഷെയ്ഖ് സൈനുദ്ദീന്‍ മഖ്ദൂമ് പതിനാറാം നൂറ്റാണ്ടില്‍ അറബിക് ഭാഷയില്‍ രചിച്ച 'തുഹ്ഫത്തൂല്‍ മുജാഹിദ്ദീന്‍', ഫത്ഹുല്‍ മുഈന്‍ എന്നീ കൃതികളും ഹുസൈന്‍ നൈനാര്‍ രചിച്ച 'അറബ് ജ്യോഗ്രഫേഴ്സ് ആന്‍ഡ് ദി നോളജ് ഓഫ് സൌത്ത് ഇന്ത്യ' എന്ന പുസ്തകവും സ്പീക്കര്‍ സമ്മാനിച്ചു".

അന്നത്തെ കേരളത്തിലെ (മലബാറിലെ) മറ്റൊരു ഭരണാധികാരി അറബികളുമായി നിലനിര്‍ത്തിയ ഊഷ്മള ബന്ധത്തെ 'തുഹ്ഫത്തൂല്‍ മുജാഹിദ്ദീനില്‍ ഇങ്ങനെ വിശദീകരിക്കുന്നു. "കൊല്ലം മുതല്‍ കന്യാകുമാരി വരെയുള്ള പ്രദേശങ്ങളുടെ അധിപനായ തിരുവടിക്കാണ് (വേണാടടികള്‍) മലബാറിലെ രാജാക്കന്മാരെക്കാള്‍ കൂടുതല്‍ സൈനികശക്തി. അതുകഴിഞ്ഞാല്‍ ഏഴിമല, ശ്രീകണ്ഠാപുരം, കണ്ണൂര്‍, എടക്കാട്, ധര്‍മ്മടം മുതലായ പട്ടണങ്ങളുടെയും മറ്റ് ചില പ്രദേശങ്ങളുടെയും ഭരണാധികാരിയായ കോലത്തിരിക്കും. എന്നാല്‍, അധികാരവും പ്രശസ്തിയും സാമൂതിരിക്കാണ് കൂടുതല്‍. ഇതര രാജാക്കന്‍മാര്‍ക്കിടയില്‍ നല്ല സ്വാധീനമാണ് അദ്ദേഹത്തിന്. ഇസ്ലാം മതത്തിന്റെ മഹത്വം കൊണ്ടാണ് സാമൂതിരിക്ക് ഇത് കൈവന്നത്. അദ്ദേഹം മുസ്ലീംങ്ങളോട് വിശിഷ്യാ വിദേശികളായ മുസ്ലിംങ്ങളോട് അങ്ങേയറ്റത്തെ സ്നേഹബഹുമാനങ്ങള്‍ വെച്ചു പുലര്‍ത്തുന്നു" (പരിഭാഷ-സി. ഹംസ)

പതിനഞ്ചാം നൂറ്റാണ്ടില്‍ തുടങ്ങിയ സ്നേഹബന്ധത്തിന്റെ ചങ്ങലക്കണ്ണികളില്‍ ഇങ്ങേയറ്റത്ത് നില്‍ക്കുകയാണ് പിണറായിയും സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ ഖാസിമിയും.

18 ലക്ഷത്തോളം പേര്‍ എത്തിച്ചേരുന്ന ഷാര്‍ജ പുസ്തകോത്സവത്തിന്റെ സ്ഥാപകനായ മുഹമ്മദ് ബിന്‍ ഖാസിമി ഷാര്‍ജയെ മാനവരാശിയുടെ ചരിത്രത്തിന്റെ കേന്ദ്രം ആക്കാനാണ് വിഭാവനം ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഈ ചരിത്ര സമ്മാനങ്ങള്‍ അദ്ദേഹത്തെ സന്തോഷിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല എന്നു മാത്രമല്ല ഇത് കേരളവുമായുള്ള വൈജ്ഞാനിക രംഗത്തെ പുതിയ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് തുടക്കമിടും എന്നും പ്രതീക്ഷിക്കാം.

ഒപ്പം കൌതുകകരമായ അനുഭവം മറ്റൊന്നാണ്. മലയാള സിനിമയിലൂടെ നാം കണ്ടു പരിചയിച്ച കച്ചവടക്കാരനായ കോമാളിയായ അറബിയും ഹോളിവുഡ് സിനിമകളിലെ അപരിഷ്കൃതനായ അറബിയും തകര്‍ന്നു വീണിരിക്കുന്നു.

അറേബ്യ എണ്ണപ്പണത്തില്‍ അര്‍മ്മാദിക്കുന്നവരുടെ രാജ്യം മാത്രമല്ല. അത് എത്ര മറച്ചുവെച്ചാലും പുറത്തുവന്നുകൊണ്ടിരിക്കുന്ന ചരിത്ര തെളിവുകളുടെ ദേശം കൂടിയാണ്. ആ തെളിവുകളെ ഊഷ്മളമായി ആശ്ലേഷിക്കുക എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ചരിത്രത്തെ തമസ്കരിക്കാന്‍ കഴിയില്ല എന്നു തെളിയിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം.

ഇന്ത്യക്കാരെ വിട്ടയക്കാനുള്ള ഷാര്‍ജ ഭരണാധികാരിയുടെ പ്രഖ്യാപനത്തിന് നന്ദി പറഞ്ഞുകൊണ്ടു ഇന്നലെ രാത്രി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പോസ്റ്റ് ചെയ്ത ട്വീറ്റില്‍ നിന്നും കേരള മുഖ്യമന്ത്രിയുടെ ശ്രമം ഒഴിവാക്കപ്പെടുന്നത് ചരിത്രത്തെ തമസ്ക്കരിക്കാനുള്ള മറ്റൊരു വൃഥാശ്രമം മാത്രമായി കാണാം.

ചരിത്രത്തില്‍ 'കുമ്മനടി'നടക്കില്ല മാഡം, അവിടെ തെളിവുകളും രേഖകളുമാണ് പ്രധാനം. വരും കാലത്തെ ചെപ്പേടുകളാണ് ഈ സൈബര്‍ കുറിപ്പടികള്‍. കൂട്ടത്തില്‍ ചരിത്രം നിര്‍മ്മിക്കുന്നത് ഭരണാധികാരികള്‍ മാത്രമല്ല എന്ന് ഓര്‍ക്കുന്നതും നന്ന്.ഷാര്‍ജ: സുഷമ സ്വരാജ് കുമ്മനടിക്കരുതെന്ന് സോഷ്യല്‍ മീഡിയ; കേന്ദ്രത്തെ നോക്കുകുത്തിയാക്കി കേരളത്തിന്റെ ഇടപെടല്‍


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories