TopTop
Begin typing your search above and press return to search.

തിരുവനന്തപുരം സ്മാര്‍ട്ടാകുമ്പോള്‍ രാജേട്ടന്‍റേതാകട്ടെ 'കുമ്മനടി'

തിരുവനന്തപുരം സ്മാര്‍ട്ടാകുമ്പോള്‍ രാജേട്ടന്‍റേതാകട്ടെ കുമ്മനടി

"കേന്ദ്ര സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച 30 സ്മാര്‍ട്ട് സിറ്റികളുടെ പട്ടികയില്‍ തിരുവനന്തപുരം ഒന്നാമത്" തിരുവനന്തപുരം നിവാസികള്‍ക്കും സംസ്ഥാനത്തെ ജനങ്ങള്‍ക്കാകെയും സന്തോഷം പകരുന്ന വാര്‍ത്തയുമായിട്ടാണ് മലയാള മനോരമ ഇന്നിറങ്ങിയത്. "സ്മാര്‍ട്ട് നഗരങ്ങള്‍ക്കായുള്ള മൂന്നാം ഘട്ട 'സ്മാര്‍ട്ട് സിറ്റി ചാലഞ്ചി'ല്‍ 45 നഗരങ്ങളാണ് പങ്കെടുത്തത്." അതില്‍ ഒന്നാമതായാണ് തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്നത് അഭിമാനിക്കാവുന്ന കാര്യമാണ്.

കേന്ദ്ര സര്‍ക്കാര്‍ 2015ല്‍ പ്രഖ്യാപിച്ച ആധുനിക നഗര വികസന പദ്ധതിയാണ് സ്മാര്‍ട്ട് സിറ്റി. രാജ്യത്തെ 100 നഗരങ്ങളെ തിരഞ്ഞെടുത്ത് സ്മാര്‍ട്ട് സിറ്റികളാക്കുക എന്നതാണ് ലക്ഷ്യം. കേന്ദ്രം ആദ്യം അംഗീകരിച്ച 20 നഗരങ്ങളില്‍ കൊച്ചിയും ഉള്‍പ്പെട്ടിരുന്നു. ആദ്യ ഘട്ടത്തില്‍ പട്ടികയിലിടം പിടിച്ച തിരുവനന്തപുരം പക്ഷേ അന്തിമ പട്ടികയില്‍ നിന്നും പുറത്താകുകയായിരുന്നു.

"സ്മാര്‍ട്ട് നഗരങ്ങള്‍ക്ക് 500 കോടി രൂപ വീതമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുക. സംസ്ഥാനവും തുല്യമായി നല്കണം"- മലയാള മനോരമ റിപ്പോര്‍ട്ട് തുടരുന്നു. തിരുവനന്തപുരത്തിന്റെ കാര്യത്തില്‍ 50 കോടി നഗരസഭയാണ് നല്‍കുക. ബാക്കി 500 കോടിക്ക് മുകളില്‍ സ്വകാര്യ സംരംഭകരും നല്‍കും. ആകെ 1538 കോടിയാണ് തിരുവനന്തപുരത്തെ സ്മാര്‍ട്ടാക്കാന്‍ ഗവണ്‍മെന്‍റുകള്‍ നീക്കിവെച്ചിരിക്കുന്നത്. പ്രത്യേക കമ്പനി രൂപീകരിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുക.

"നഗരവാസികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചുകൊണ്ട് കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ നടത്തിയ അക്ഷീണ പരിശ്രമങ്ങളാണ് ഒന്നാം സ്ഥാനത്തിന് പിന്നില്‍" എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. "കഴിഞ്ഞ ജൂലൈ മുതലാണ് പദ്ധതി തയ്യാറാക്കാനുള്ള ജോലികള്‍ തുടങ്ങിയത്. 100 വാര്‍ഡുകളിലും പ്രത്യേക സഭകള്‍ ചേര്‍ന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ചു. ഇതിനൊപ്പം സാമൂഹിക മാധ്യമങ്ങള്‍ വഴി വിവര ശേഖരണം നടത്തിയിരുന്നു." (മാതൃഭൂമി)

പാളയം മുതല്‍ കിഴക്കേ കോട്ട വരെയുള്ള 1403 ഏക്കറില്‍ നടക്കുന്ന ചില പ്രധാന വികസന നിര്‍ദ്ദേശങ്ങള്‍ താഴെ കൊടുക്കുന്നു.

കുടിവെള്ള വിതരണത്തിനും മലിന ജലം ഒഴുക്കി കളയുന്നതിനും ഭൂഗര്‍ഭ പൈപ്പ് ലൈന്‍-ഡ്രെയിനേജ് ലൈന്‍ എന്നിവ സ്ഥാപിക്കും, ഖരമാലിന്യ സംസ്കരണത്തിന് വികേന്ദ്രീകരണ സംവിധാനം, അഞ്ച് മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍, ചെങ്കല്‍ച്ചൂള, പൌണ്ട് കുളം എന്നിവിടങ്ങളില്‍ ഫ്ലാറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിക്കും, എട്ട് കേന്ദ്രങ്ങളില്‍ വൈഫൈ, സാംസ്കാരിക ഇടനാഴി എന്നിങ്ങനെ പോകുന്നു വികസന നിര്‍ദേശങ്ങള്‍. എന്തായാലും നിര്‍ദ്ദേശിക്കപ്പെട്ട കാര്യങ്ങള്‍ നടപ്പിലായാല്‍ തിരുവനന്തപുരത്തിന്റെ മുഖഛായ മാറും എന്നുറപ്പ്. എന്തായാലും നഗരം സ്മാട്ടാകുമ്പോള്‍ ആവശ്യത്തിന് പബ്ലിക് ടോയിലേറ്റുകളും കാല്‍നടപ്പാതകളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം; മാതൃഭൂമിയുടെ റിപ്പോര്‍ട്ടില്‍ അത് കണ്ടില്ലെങ്കിലും.

സ്മാര്‍ട്ട് സിറ്റി നിര്‍മാതാക്കാള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യം മനോരമയുടെ തന്നെ രണ്ടാം പേജില്‍ കണ്ടെത്താന്‍ കഴിയും. മറ്റൊന്നുമല്ല. പനി വിളയാട്ടം തന്നെ. പനി ബാധിച്ച് ഇന്നലെ മാത്രമായി തിരുവനന്തപുരം ജില്ലയില്‍ 3268 പേരാണ് ചികിത്സ തേടിയത്. സംസ്ഥാനത്തെ പനി ബാധിച്ചവരുടെ എണ്ണത്തിന്റെ കാര്യത്തിലും പനിമരണത്തിന്റെ കാര്യത്തിലും തലസ്ഥാന ജില്ല തന്നെയാണ് ഏറ്റവും മുന്‍പില്‍. അതില്‍ നഗരത്തിന്റെ സംഭാവന എന്തുമാത്രമായിരിക്കും എന്ന് എടുത്തുപറയേണ്ട കാര്യമില്ലല്ലോ.

സ്മാര്‍ട്ട് സിറ്റി പ്രൊപ്പോസലില്‍ കൊതുകിന്റെ സാന്ദ്രത അറിയുന്നതിനുള്ള സംവിധാനം ഒരുക്കും എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്തായാലും അതെന്താണെന്ന് പത്രം വിശദീകരിച്ചുകണ്ടില്ല. അത് വിളപ്പില്‍ ശാലയും പൈപ്പ് കമ്പോസ്റ്റും എയ്റോബിന്നും പോലുള്ള ഒന്നാകാതിരുന്നാല്‍ കൊള്ളാം.

തിരുവനന്തപുരത്തെ സ്മാര്‍ട്ടാക്കുന്നതില്‍ ദേശാഭിമാനിക്ക് അത്ര സന്തോഷമുള്ളതായി തോന്നുന്നില്ല. സംസ്ഥാനവും നഗരസഭയും ഭരിക്കുന്നത് ഇടതുമുന്നണിയായിട്ടും എന്താ അങ്ങനെ? നഗരം സ്മാര്‍ട്ടാകുന്നതിനനുസരിച്ച് നഗരസഭയിലെ പ്രധാന പ്രതിപക്ഷമായ ബിജെപിയും സ്മാര്‍ട്ടാകുമെന്ന് അവര്‍ക്കറിയാം. ഇതൊരു കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആണല്ലോ. കൂടാതെ ശ്രീ പത്മനാഭ ക്ഷേത്ര ചുറ്റുപാട് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും കേന്ദ്രത്തിന്റെ സ്മാര്‍ട്ട് പദ്ധതിയില്‍ ഉണ്ട് എന്നതും ശ്രദ്ധിക്കുക.

പക്ഷേ ബിജെപി മുഖപത്രമായ ജന്‍മഭൂമിയാണ് ഇന്ന് വായിക്കേണ്ടത്. "ഒ. രാജഗോപാലിന്റെ പ്രത്യേക ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മാനദണ്ഡ പ്രകാരം യോഗ്യത ഇല്ലാതിരുന്നിട്ടും തിരുവനന്തപുരത്തെ പരിഗണിച്ചതെ"ന്ന് വെങ്കയ്യ നായിഡു പറഞ്ഞാതായാണ് ജന്‍മഭൂമിയുടെ തള്ളല്‍. യോഗ്യത ഇല്ലാതിരുന്നിട്ടും എങ്ങനെ ഒന്നാം സ്ഥാനം കിട്ടി എന്നു മാത്രം ചോദിക്കരുത്. കൊച്ചി മെട്രോ ഉദ്ഘാടന ശേഷം ഈ ശൈലിക്ക് ട്രോളര്‍മാര്‍ നല്‍കിയിരിക്കുന്ന പേര് കുമ്മനടി എന്നാണ്.

അപ്പോള്‍, ഉയരട്ടെ സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ച രാജേട്ടന്റെ ഫ്ലക്സ് അനന്തപുരിയാകെ!


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories