Top

തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ബൊളീവിയന്‍ കാടുകള്‍

തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ബൊളീവിയന്‍ കാടുകള്‍
“സിഐടിയു പിന്തുണയോടെ യൂണിയന്‍ രൂപീകരിക്കാനുള്ള ടെക്കികളുടെ നീക്കത്തിനെതിരെ ബഹുരാഷ്ട്ര കമ്പനികള്‍ സര്‍ക്കാരിനെ സമീപിക്കുന്നു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി യൂണിയന് തടയിടാന്‍ ഒരു വിഭാഗം കമ്പനി പ്രതിനിധികളുടെ രഹസ്യയോഗം തീരുമാനിച്ചു.” ആധികാരികത ഇല്ലെങ്കിലും മലയാള മനോരമയുടെ ഈ വാര്‍ത്ത വിശ്വസിക്കാം എന്നതിനുള്ള തെളിവുകളാണ് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വന്നു കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ മെയില്‍ തന്നെ നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ ഐടി തൊഴിലാളികളുടെ ട്രേഡ് യൂണിയന്‍ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കോഗ്നിസന്റ് കമ്പനിയുടെ പിരിച്ചുവിടല്‍ നടപടിക്കെതിരെ പ്രതിഷേധവുമായി എത്തിയ ജീവനക്കാരാണ് ഫോറം ഫോര്‍ ഐടി എമ്പ്ലോയീസ്, തമിഴ്നാട് എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്. ഇത് ഇന്ത്യയിലെ ഐടി കമ്പനി തൊഴിലാളികളുടെ ആദ്യ ട്രേഡ് യൂണിയനാണ്. നൂറിലധികം ഐ ടി പ്രൊഫഷണല്‍സ് ഇതിനകം സംഘടനയില്‍ അംഗമായി കഴിഞ്ഞു. കോഗ്നിസന്റ് കമ്പനിക്കെതിരെ സംഘടന തമിഴ്നാട് സര്‍ക്കാരിന് പരാതി കൊടുക്കുകയും ചെയ്തു. 4.5 ലക്ഷം തൊഴിലാളികളാണ് തമിഴ്നാട്ടില്‍ ഐടി രംഗത്തുള്ളത്. മേയ് ഒന്നിന് ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് ബംഗളൂരുവില്‍ ഇടതുപക്ഷാനുകൂലികളായ ഐടി കമ്പനി ജീവനക്കാര്‍ വലിയ പ്രകടനം സംഘടിപ്പിച്ചതും ഈ രംഗത്ത് ഉണ്ടാകുന്ന മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.

എന്നാല്‍ സര്‍വ്വ മേഖലകളിലും ട്രേഡ് യൂണിയന്‍ പിടിമുറുക്കിയിട്ടുള്ള കേരളത്തിലെ ഇടതുപക്ഷം എന്തോ ഐടി മേഖലയെ തൊടാന്‍ അറച്ച് നില്‍ക്കുകയാണ്. 80 കളില്‍ കംപ്യൂട്ടറിനെതിരെ സമരം ചെയ്യാന്‍ കാണിച്ച ആവേശമൊന്നും കമ്പ്യൂട്ടര്‍ വിപ്ലവം തൊഴില്‍ മേഖലയില്‍ ഉണ്ടാക്കിയ അരാജകത്വം പരിഹരിക്കാന്‍ ഇവിടത്തെ മാര്‍ക്സിസ്റ്റുകള്‍ കാണിക്കുന്നില്ല എന്നതാണു സത്യം. കേരളത്തിലെ ഇടതുപക്ഷത്തിന്റെ ഈ അറച്ചു നില്‍ക്കലിനെ ചൂഷണം ചെയ്യാനാണ് ഐ ടി കമ്പനി മേധാവികള്‍ ഇപ്പോള്‍ തയ്യാറെടുക്കുന്നത്.

“യൂണിയന്‍ നിലവില്‍ വന്നാലുണ്ടാകുന്ന പ്രശ്നം ചൂണ്ടിക്കാണിച്ചു മുഖ്യമന്ത്രിക്കും ഐടി സെക്രട്ടറിക്കും കത്ത് നല്‍കാനാണ് നീക്കം. പാര്‍ക്കില്‍ വരാന്‍ പോകുന്ന വന്‍കിട പദ്ധതികളുടെ ഭാവിയെ മുന്‍നിര്‍ത്തി സമ്മര്‍ദം ചെലുത്താനും യോഗം ധാരണയില്‍ എത്തി.” മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരളത്തിലേക്ക് ഇന്‍വെസ്റ്റ് ചെയ്യാന്‍ എത്തുന്ന കമ്പനികളെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ഐടി വികസനത്തിന്റെ പ്രാധാന്യം തിരിച്ചറിയുകയും ചെയ്തിട്ടുള്ള ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുന്നു എന്നതാണ് ഇങ്ങനെയൊരു കത്തുമായി സര്‍ക്കാരിനെ സമീപിക്കാന്‍ കമ്പനി ഉടമകളെ പ്രേരിപ്പിക്കുന്നത്. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണെങ്കിലും വികസനത്തിന്റെ പേരില്‍ അദ്ദേഹം ചില ഒത്തു തീര്‍പ്പുകള്‍ വഴങ്ങുമെന്ന് അവര്‍ കരുതുന്നു. ഐ ടി വികസനത്തിന്റെ ലാസ്റ്റ് ബസ്സാണ് എന്നു പറഞ്ഞുള്ള വിരട്ടല്‍ തന്ത്രം.എന്നാല്‍ 2015 ജനുവരിയില്‍ സിപിഎം പ്രതിപക്ഷത്തായിരിക്കുമ്പോള്‍ കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ടിസിഎസിലെ തൊഴിലാളി പ്രശ്നത്തില്‍ ഇടപെട്ട് പാര്‍ട്ടി ജില്ലാ സെക്രട്ടറിയും എംപിയുമായിരുന്ന പി രാജീവ് പറഞ്ഞത് “തൊഴിലാളികളെ പുറത്താക്കിയത് കോര്‍പ്പറേറ്റ് ലാഭക്കൊതിയാണ്” എന്നാണ്. പി രാജീവ് അഴിമുഖത്തോട് പറഞ്ഞത് ഇങ്ങനെ.

“കുറഞ്ഞ കൂലി നല്‍കി തൊഴിലെടുപ്പിക്കുക എന്ന പ്രവണത എന്നും മുതലാളിത്തത്തിന്റെ പതിവായിരുന്നു. ലോകത്താകമാനം ഈ കൊള്ളയ്‌ക്കെതിരെ തൊഴിലാളി പ്രക്ഷോഭങ്ങള്‍ ഉയരുകയും തത്ഫലമായി അര്‍ഹതപ്പെട്ട വേതനം തൊഴിലാളിക്ക് ലഭിക്കുന്ന സാഹചര്യം ഉണ്ടാവുകയുമായിരുന്നു. എന്നാല്‍ എല്ലാ തൊഴില്‍മേഖലയിലും ഇത് സംഭവ്യമാകുന്നുണ്ടോ എന്ന് ചോദിച്ചാല്‍, ഇല്ല എന്നു തന്നെ പറയേണ്ടിവരും. തൊഴില്‍ ചൂഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. കോര്‍പ്പറേറ്റ് ഭീമന്മാര്‍ കോടികള്‍ കൊയ്‌തെടുക്കുന്നത് വലിയ അളവില്‍ തൊഴിലാളികളെ ചൂഷണം ചെയ്തുകൊണ്ടുതന്നെയാണ്. എന്നാല്‍ ഇതിനെതിരെ തൊഴില്‍ ചെയ്യുന്നവരില്‍ നിന്നുപോലും പ്രതികരണങ്ങള്‍ ഉണ്ടാവുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. തങ്ങള്‍ക്കാവശ്യമുള്ള സമയത്തോളം ജോലിയെടുപ്പിക്കുകയും ആവശ്യമില്ലെന്ന് കണ്ടാല്‍ പിരിച്ചുവിടുകയും ചെയ്യുകയുമാണ്.


കുറഞ്ഞ വേതനത്തില്‍ തൊഴിലെടുപ്പിക്കുകയാണ് ഇപ്പോള്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ കണ്ടുവരുന്ന പുതിയ പ്രവണത. ഐ ടി രംഗത്താണ് ഇത് കൂടുതലായും നടക്കുന്നത്. അനേകായിരം യുവാക്കള്‍ ദിനംപ്രതി കടന്നുവരുന്ന തൊഴില്‍ മേഖലയാണിത്. ഈ തള്ളിക്കയറ്റം തന്നെയാണ് ഒരുതരത്തില്‍ ഐ ടി കമ്പനികള്‍ മുതലെടുക്കുന്നതും. അവര്‍ക്ക് തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യുക്കാന്‍ ആളെ കിട്ടുകയാണ്. ജോലി ആവശ്യമുള്ളതുകൊണ്ട് നമ്മുടെ യുവത്വം ഇവിടെ കീഴടങ്ങുകയും ചെയ്യുന്നു. ഫ്രഷ് ആയിട്ടുള്ളവരും അധികം എക്‌സ്പീരിയന്‍സ്ഡ് അല്ലാത്തവരുമായ ആളുകളെ ജോലിക്കെടുക്കാനാണ് ഇപ്പോള്‍ ഐ ടി കമ്പനികള്‍ താല്‍പര്യം കാണിക്കുന്നത്. ഇതിന്റെ ഭാഗമായാണ് എക്‌സ്പീരിയന്‍സ്ഡ് ആയവരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഈ കമ്പനികള്‍ തീരുമാനിക്കുന്നത്.”


Also Read: ടി സി എസ്: തൊഴിലാളികളെ പുറത്താക്കിയതിന് പിന്നില്‍ കോര്‍പ്പറേറ്റ് ലാഭക്കൊതി-പി രാജീവ് എം പി

1822 ലാണ് ചാള്‍സ് ബാബേജ് എന്ന ഇംഗ്ലീഷ് മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആധുനിക കംപ്യൂട്ടറിന്റെ വിദൂര പ്രാഗ് രൂപം നിര്‍മ്മിച്ചത്. അതും കഴിഞ്ഞു 45 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാള്‍ മാക്സ് തൊഴിലാളി വര്‍ഗ്ഗത്തിന്റെ വേദപുസ്തകമായ മൂലധനം എഴുതുന്നത്. അതിനു ശേഷം പിന്നേയും 60ല്‍ അധികം വര്‍ഷമെടുത്തു ആധുനിക കംപ്യൂട്ടറുകളോട് സാമ്യമുള്ള യന്ത്രങ്ങള്‍ ഉണ്ടാക്കാന്‍. അതൊരു തൊഴില്‍ മേഖലയായി മാറുന്നത് അതിനും ശേഷമാണ്. ഇന്ന് ഈ ഭൂഗോളത്തിന്റെ സ്പന്ദനം തന്നെ കംപ്യൂട്ടറുകളായി മാറിക്കഴിഞ്ഞിരിക്കുന്നു. മൂലധനത്തിന്റെ നൂറ്റി അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ കംപ്യൂട്ടറിന്റെ വരവോടെ മുതലാളിയും തൊഴിലാളിയും തമ്മിലുള്ള ബന്ധത്തിലുണ്ടായിട്ടുള്ള മാറ്റങ്ങള്‍ കേരളത്തിലെ നവ കമ്യൂണിസ്റ്റുകള്‍ പഠിക്കുകയും അതിനനുസരിച്ച് തങ്ങളുടെ തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയം നവീകരിക്കും എന്നും പ്രതീക്ഷിക്കാം. (ഇപ്പോള്‍ നടത്തുന്ന സെമിനാറുകള്‍ അതിനു കൂടി ഉപകരിക്കട്ടെ)

മനോരമ റിപ്പോര്‍ട്ടിലേക്ക് ഒരിക്കല്‍ കൂടി.

“ജീവനക്കാരുടെ മറ്റ് നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ വിശ്വസ്തരെ കമ്പനി ചുമതലപ്പെടുത്തി. മുന്‍കാല എസ് എഫ് ഐ, ഡി വൈ എഫ് ഐ നേതാക്കളെ ചുറ്റിപ്പറ്റിയാണ് നിരീക്ഷണം. യൂണിയന്‍ രൂപീകരണത്തിന് നേതൃത്വം നല്‍കുന്നവരെ കണ്ടെത്തി പിരിച്ചുവിടാനും നീക്കമുണ്ട്”

ജന്‍മിയുടെ നെല്‍വയലുകള്‍ക്കും നെല്ലറകള്‍ക്കും കാവല്‍ നിന്ന കാര്യസ്ഥന്‍മാരേയും തോട്ടങ്ങളിലെ കങ്കാണികളെയും ഓര്‍ക്കുക. അവരുടെ ഒറ്റുകളും ചാരക്കണ്ണുകളും മറികടന്നാണ് കേരളത്തില്‍ കര്‍ഷകരെയും തൊഴിലാളികളെയും ഉശിരന്‍മാരായ നേതാക്കള്‍ സംഘടിപ്പിച്ചതെന്ന് കമ്യൂണിസ്റ്റ് ചരിത്രം പറയുന്നു. ഇതെന്തായാലും ഐ ടി കമ്പനി മേധാവികള്‍ വായിച്ചിരിക്കാന്‍ സാധ്യതയില്ല. തീര്‍ച്ചയായും പിണറായി വിജയന്‍ അത് വായിച്ചിട്ടുണ്ടാകും.

Also Read: അന്യായമായ പിരിച്ചുവിടലുകള്‍ക്കെതിരെ പ്രതിഷേധം ശക്തം: രാജ്യത്തെ ആദ്യ ഐടി ട്രേഡ് യൂണിയന്‍ തമിഴ്‌നാട്ടില്‍

അതേ സമയം വാട്സാപ്പിലൂടെയും നവമാധ്യമങ്ങളിലെ രഹസ്യ കൂട്ടായ്മകളിലൂടെയും പരസ്പരം ആശയ വിനിമയം നടത്തിക്കൊണ്ട് തൊഴിലാളി യൂണിയന്‍ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് തിരുവനന്തപുരത്തെ ഐടി തൊഴിലാളികള്‍ എന്നു മനോരമ പറയുന്നു. വട്ട്സാപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം 119 ആയിക്കഴിഞ്ഞു. ബംഗളൂരുവിലും ചെന്നയിലും ഉണ്ടായ ഐടി തൊഴിലാളി മുന്നേറ്റം തിരുവനന്തപുരത്തും ഉണ്ടാകുമെന്നാണ് അവരുടെ പ്രതീക്ഷ.രജത ജൂബിലി പൂര്‍ത്തിയാക്കിയ തിരുവനന്തപുരം ടെക്നോപാര്‍ക്ക് സ്ഥാപിച്ചത് സിപിഎം ഗവണ്‍മെന്‍റാണ്. അന്നത്തെ അതിന്റെ സ്ഥാപക സി ഇ ഒ ആയ ജി വിജയരാഘവന്‍ പറയുന്ന ഒരു നായനാര്‍ കഥയുണ്ട്.

സണ്‍ മൈക്രോസിസ്റ്റത്തിലെ സന്ദര്‍ശനം കഴിഞ്ഞ് നായനാര്‍ ചോദിച്ചു ”അടുത്തത് എങ്ങോട്ടേക്കാണ്?”

“ആപ്പിള്‍ ഫാക്ടറി”, ഞാന്‍ പറഞ്ഞു.

“ആപ്പിളിന്റെ ഫാക്ടറിയോ?” നായനാരുടെ സ്വതസിദ്ധമായ നര്‍മ്മം ഉണര്‍ന്നു.

ആപ്പിള്‍ ഫാക്ടറിയുടെ മുന്‍പിലെത്തിയപ്പോള്‍ ആളൊന്നുമില്ല, വളരെ വിജനമായ സ്ഥലം.


“എന്താ ഇങ്ങനെ ഇരിക്കുന്നെ? ഒന്നും കാണുന്നില്ലല്ലോ..” നായനാര്‍ ചോദിച്ചു.

അപ്പോള്‍ ഞാന്‍ പറഞ്ഞു, “കൊടിയൊക്കെ വേണന്നാണോ..?”

നായനാര്‍ ചിരിച്ചു.

പ്രസന്‍റേഷന്‍ കഴിഞ്ഞു ഫാക്ടറി ഫ്ലോര്‍ കാണാന്‍ പോയപ്പോള്‍ നായനാര്‍ അന്തം വിട്ടു പോയി. 100 കണക്കിന് സ്ത്രീകള്‍ ഇരുന്നു പണിയെടുക്കുകയാണ്.

“ഇത്രയും ആള്‍ക്കാര്‍ക്ക് കമ്പ്യൂട്ടര്‍ ജോലി കൊടുക്കുമോ? പിന്നെ നമ്മള്‍ എന്തിനാണ് കമ്പ്യൂട്ടറിനെ എതിര്‍ത്തത്.?”

അപ്പോള്‍ ഞാന്‍ പറഞ്ഞു, “നമ്മള്‍ അല്ല കമ്പ്യൂട്ടറിനെ എതിര്‍ക്കുന്നത്.  സി എമ്മിന്റെ പാര്‍ട്ടിയാണ്.."


1991 മാര്‍ച്ചില്‍ ടെക്നോപാര്‍ക്കിന്റെ ഫൌണ്ടേഷന്‍ സ്റ്റോണ്‍ ഇടുമ്പോള്‍ നായനാര്‍ പറഞ്ഞു. “നമ്മള്‍ അമേരിക്കയില്‍ പോയില്ലായിരുന്നെങ്കില്‍ ഇത് ഇവിടെ വരില്ലായിരുന്നു.”

Also Read: ടെക്നോപാര്‍ക്ക് പൊളിച്ചടുക്കിയ മലയാളി മിത്തുകള്‍

25 വര്‍ഷത്തിനിപ്പൂരം ടെക്നോപാര്‍ക്ക് കൊണ്ടുവന്ന നേട്ടങ്ങളെ കുറിച്ച് വാചാലരാകുന്നതോടൊപ്പം അവിടെ അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്ന തൊഴില്‍ ചൂഷണവും കണ്ടില്ലെന്നു നടിക്കാന്‍ പറ്റില്ല എന്ന സൂചനയാണ് കേരളത്തിലെയും രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ഐടി പാര്‍ക്കുകളിലെയും തൊഴിലാളികള്‍ നല്‍കുന്ന സൂചന.

സമരം നടത്തേണ്ടത് കംപ്യൂട്ടറിനെതിരെ അല്ല എന്നെന്തായാലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു.ഇന്നത്തെ മറ്റ് ചില വാര്‍ത്തകള്‍:

നോട്ട് നിരോധിക്കലിന് ശേഷം രാജ്യത്തു സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് പ്രധാന മന്ത്രി ഇതാദ്യമായി സമ്മതിച്ചു എന്നത് മിക്ക പത്രങ്ങളും പ്രധാന വാര്‍ത്തയാക്കിയപ്പോള്‍ നോട്ട് പിന്‍വലിക്കലും ജിഎസ് ടിയും വിജയം എന്ന ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയുടെ പ്രമേയമാണ് മാതൃഭൂമിയുടെ തലക്കെട്ട്. പാവപ്പെട്ടവര്‍ക്കുള്ള ചില പദ്ധതി പ്രഖ്യാപനങ്ങളും പ്രധാനമന്ത്രിക്ക് പുതിയ സാമ്പത്തിക ഉപദേശ സമിതി രൂപീകരിച്ചതും എല്ലാം ഒന്നാം പേജില്‍ തന്നെ ഇടം പിടിച്ചിട്ടുണ്ട്. ഒന്നാം പേജിലെ വിജയ വാര്‍ത്തയ്ക്ക് എഡിറ്റ് പേജില്‍ 'ഇരുള്‍ മൂടുന്ന സമ്പദ് വ്യവസ്ഥ' എന്ന എം ബി രാജേഷ് എം പിയുടെ ലേഖനം കൊടുത്തുകൊണ്ട് ബാലന്‍സ് ചെയ്യുന്നുണ്ട് മാതൃഭൂമി.

കേരളത്തിലെ ഇന്നത്തെ പ്രധാന വാര്‍ത്ത സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തന്നെയായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. യു ഡി എഫ് സര്‍ക്കാരിന്റെ അടിത്തറ തകര്‍ത്ത സോളാര്‍ കോഴയ്ക്ക് വേണ്ടി ആയിരക്കണക്കിന് പേജുകളും മണിക്കൂറുകളുമാണ് നമ്മുടെ പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും നീക്കി വെച്ചത്. രണ്ടു വര്‍ഷവും ഒരുമാസവും നീണ്ട പ്രവര്‍ത്തന കാലത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ 55 മണിക്കൂറാണ് കമ്മീഷന്‍ വിസ്തരിച്ചത്. സരിത നായരെ 66 മണിക്കൂറും. എന്തായാലും വേങ്ങര ഉപതെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ യു ഡി എഫിനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്.

ഷാര്‍ജ ഭരണാധികാരിയുടെ മുന്‍പില്‍ കേരളം 7 പദ്ധതി നിര്‍ദ്ദേശങ്ങള്‍ വെച്ചതും തോമസ് ചാണ്ടിയുടെ പേരില്‍ ആലപ്പുഴ നഗരസഭയിലെ ജനപ്രതിനിധികള്‍ തമ്മിലടിച്ചു ആശുപത്രിയില്‍ ആയതും ഇന്ന് വായിക്കാതെ പോകരുത്.

Also Read: ജോലി സുരക്ഷിതത്വം v/s കൂലി സുരക്ഷിതത്വം : ടി.സി.എസും ജീവനക്കാരും

Next Story

Related Stories