TopTop
Begin typing your search above and press return to search.

ഹര്‍ത്താല്‍ ഉഷാറായി; ഇനിയെന്താ പരിപാടി? അപ്പോ കിടക്കുകയല്ലേ രമേശ് ജി, മരണം വരെ...?

ഹര്‍ത്താല്‍ ഉഷാറായി; ഇനിയെന്താ പരിപാടി? അപ്പോ കിടക്കുകയല്ലേ രമേശ് ജി, മരണം വരെ...?

“ആരും നിര്‍ബന്ധിക്കാതെ തന്നെ വ്യാപാരികള്‍ കടകള്‍ അടച്ചിട്ടു. നിരത്തില്‍ വാഹനങ്ങളും കുറവായിരുന്നു. ഇന്ധനവിലയില്‍ അധികമായി കൂട്ടിയതിന്റെ നികുതിയെങ്കിലും വേണ്ടെന്നു വെക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം.” പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പത്രസമ്മേളനത്തില്‍ പറഞ്ഞു.

അപ്പോള്‍ ചെന്നിത്തല സാറേ, ഇനി അടുത്ത പരിപാടി എന്താ..? താങ്കളും താങ്കളുടെ പാര്‍ട്ടിയും കൂടി നടത്തിയ ഹര്‍ത്താലില്‍ സംസ്ഥാന സര്‍ക്കാര്‍ കിടുകിടെ വിറച്ചു. ധനമന്ത്രി നിങ്ങളുമായി കൂട്ടുചേരുന്നതിനെ കുറിച്ചുള്ള പ്രത്യയ ശാസ്ത്ര കീറാമുട്ടി കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വെച്ചു വിശകലനം ചെയ്യുന്നതിന്റെ തിരക്കിലായതിനാല്‍ സംസ്ഥാനം വിറച്ച കാര്യമൊന്നും അദ്ദേഹം അറിഞ്ഞില്ലെന്ന് തോന്നുന്നു. മൂപ്പര്‍ എന്തെങ്കിലും പറഞ്ഞതായി ഒരു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു കണ്ടില്ല.

ഇനി കേന്ദ്രമാണെങ്കിലോ... കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയതിന് കേന്ദ്രത്തേലിരുന്നു അവര്‍ എന്തിന് വിറക്കണം?

ഹര്‍ത്താല്‍ പ്രഖ്യാപിച്ചുകൊണ്ട് താങ്കള്‍ മാധ്യമങ്ങളോട് പറഞ്ഞത് മറ്റ് വഴികളില്ലാതെയാണ് തങ്ങള്‍ ഹര്‍ത്താല്‍ എന്ന സമര മുറ പ്രയോഗിക്കാന്‍ നിര്‍ബന്ധിതരായത് എന്നാണ്. ലക്ഷ്യം നേടാത്ത സ്ഥിതിക്ക് അടുത്ത പരിപാടിയെന്താണ്? സമര രീതികള്‍ പലതും ഉണ്ടല്ലോ? ഉദാഹരണത്തിന് ഇന്നലെ സെക്രട്ടറിയേറ്റ് പടിക്കല്‍ കണ്ട ഒരു സമരത്തിന്റെ പേര് 'പിണങ്ങിക്കിടപ്പ് സമരം' എന്നായിരുന്നു. അങ്ങനെ എന്തെങ്കിലും..? അല്ലെങ്കില്‍ മരണം വരെ നിരാഹാരം..? താങ്കളും താങ്കളുടെ പാര്‍ട്ടിയും മറന്നുപോയ ആ വയോ വൃദ്ധന്റെ ഇഷ്ട സമരമാര്‍ഗ്ഗമായിരുന്നല്ലോ അത്. രമേശ് ജി, ഒരുപാട് ആരോഗ്യ പ്രശ്നങ്ങളുള്ള താങ്കള്‍ കിടക്കണം എന്നില്ല. ആ താത്ക്കാലിക പ്രസിഡന്‍റുണ്ടല്ലോ? ആദ്ദേഹം കിടന്നോളും. തികഞ്ഞ ഗാന്ധിയനല്ലേ...!

http://www.azhimukham.com/news-wrap-highcourt-notice-to-rameshchenniththal-regarding-hartal-sajukmban/

ഇനി അങ്ങയുടെ പാര്‍ട്ടിയുടെ ഹര്‍ത്താല്‍ ജനങ്ങള്‍ ഹാര്‍ദ്ദമായി സ്വീകരിച്ചതിന്റെ ചില ഉദാഹരണങ്ങള്‍.എടങ്ങാറുകാരായ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്.

മനുഷ്യരാണോ നിങ്ങള്‍ എന്ന തലക്കെട്ടില്‍ ക്ഷോഭിക്കുന്ന ഒരു സ്ത്രീയുടെ ചിത്രം കൊടുത്തുകൊണ്ട് മലയാള മനോരമയുടെ ഒന്നാം പേജ്. കണ്ണൂരില്‍ നിന്നുള്ള ദൃശ്യമാണ്. (സംശയിക്കേണ്ട ഏതോ പാര്‍ട്ടി ഗ്രാമത്തില്‍ നിന്നുള്ള വിപ്ലവ വനിത തന്നെ). അവര്‍ പറഞ്ഞത് ഇതാണ്; “നേരം വെളുത്തിട്ട് ഇതുവരെ ഒരു തുള്ളി വെള്ളം കുടിച്ചില്ല സാറേ. ഞങ്ങള്‍ക്ക് ഭക്ഷണം കഴിക്കേണ്ടെ, വെള്ളം കുടിക്കേണ്ടെ, രാത്രിയില്‍ പുറപ്പെട്ട് വെളുപ്പിന് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതാണ്. പറ്റുമെങ്കില്‍ കുറച്ചു വെള്ളം കൊണ്ടുത്താ.. മനുഷ്യരാണോ നിങ്ങള്‍?”

മറ്റൊരു വാര്‍ത്ത മാതൃഭൂമിയിലാണ്. ഹര്‍ത്താല്‍ ഉദ്ഘാടനം ചെയ്തു പോകാന്‍ ഒരുങ്ങിയ നേതാക്കളെ സ്വന്തം അണികള്‍ തന്നെ കാറില്‍ നിന്നിറക്കി. എറണാകുളത്താണ് സംഭവം.

അടുത്തത് കൊല്ലത്തു നിന്നു ബിന്ദു കൃഷ്ണ വക. സമരം ഉദ്ഘാടനം ചെയ്തതിന് ശേഷം പ്രവര്‍ത്തകയുടെ സ്കൂട്ടറില്‍ തിരിച്ചു പോകുന്ന ഡി സി സി പ്രസിഡണ്ട് അഡ്വ. ബിന്ദു കൃഷ്ണയുടെ ചിത്രം. കുറച്ചു കഴിഞ്ഞു അതേ പ്രവര്‍ത്തകയുടെ നേതൃത്വത്തില്‍ ബൈക്ക് യാത്രികരെ തടയുന്നു.

ഇനിയും കാണും ഇതു പോലെ സമര വിരുദ്ധരുടെ ഗൂഡാലോചന കഥകള്‍. അതിലൊന്നും പതറരുത്. അണികള്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം കിട്ടാത്തേന്റെ കുഴപ്പമാണ്. പാര്‍ട്ടിയിലെ ബുദ്ധിജീവികള്‍ അത് നല്‍കിക്കോളും. നമുക്ക് പോരാട്ടവുമായി മുന്നോട്ട് പോകുക തന്നെ.

അപ്പോ കിടക്കുകയല്ലേ രമേശ് ജി, മരണം വരെ...? ഇന്നാവുമ്പോ അമിത് ജിയെ ഒന്നു നേരിട്ടു വിറപ്പിക്കാം. കുമ്മനത്തിന് തയ്പ്പിച്ച മുഖ്യമന്ത്രി കുപ്പായവുമായി മൂപ്പര്‍ ഇന്ന് തലസ്ഥാനത്തെത്തുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി മഴയും വെയിലും ട്രോളും കൊണ്ട് നടക്കുകയല്ലേ പാവം കുമ്മനം ജി.

http://www.azhimukham.com/kerala-kummanam-led-janaraksha-yathra-ends-today-amit-shah-in-kerala/

മറ്റ് ചില പ്രധാന വാര്‍ത്തകള്‍

കോണ്‍ഗ്രസ്സുമായി ബന്ധം വേണോ എന്ന കാര്യത്തില്‍ സിപിഎം നടത്തുന്ന അടവ്, സൈദ്ധാന്തിക ചര്‍ച്ചകള്‍ക്ക് വലിയ പ്രാധാന്യമാണ് പത്രങ്ങള്‍ നല്കിയിരിക്കുന്നത്. കോണ്‍ഗ്രസ്സ് ബന്ധത്തില്‍ ആടിയുലഞ്ഞു സിപിഎം എന്ന തലക്കെട്ടില്‍ മനോരമയുടെ മുഖ്യ ലീഡ് പറയുന്നത് അനുകൂലിച്ച് 31ഉം എതിര്‍ത്തു 30 പേരും നിലപാടെടുത്ത് എന്നാണ്. രണ്ടു പേരുടെ നിലപാട് അവ്യക്തമാണെന്നും. എന്നാല്‍ സിസിയില്‍ നടക്കുന്നത് മുന്‍ ജെ എന്‍ യു ബുദ്ധിജീവികളായ കാരാട്ടും യെച്ചൂരിയും തമ്മിലുള്ള മുട്ടന്‍ അടിയാണ് എന്നാണ് ബൂര്‍ഷാ മാധ്യമങ്ങള്‍ പറയുന്നത്. ട്രോട്സ്കിയെ ഉദ്ധരിച്ചുകൊണ്ട് യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു, “വേറിട്ട് മാര്‍ച്ച് നടത്താം, ഒന്നിച്ചു അടിക്കാം”

കലാലയ രാഷ്ട്രീയത്തിനെതിരെ വീണ്ടും ഹൈക്കോടതി. പഠനത്തിനും രാഷ്ട്രീയപ്രവര്‍ത്തനത്തിനും അതിന്റെതായ സ്ഥലമുണ്ടെന്ന് കോടതി പറഞ്ഞു. കലാലയ രാഷ്ട്രീയത്തിനെതിരെ ഇതിന് മുന്‍പും സമാനമായ വിധികള്‍ ഉണ്ടായിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

http://www.azhimukham.com/opinion-campus-politics-high-court-interim-verdict-kaantony/

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ ഭാരതീയ സംസ്കാരം എന്തെന്ന് അറിയാത്തവരാണ് എന്നു മന്ത്രി ജി സുധാകരന്‍ പറഞ്ഞു. തത്വമസി എന്ന ദര്‍ശനം അവര്‍ ഉള്‍ക്കൊള്ളുന്നില്ല എന്നതാണു പഴയ ദേവസ്വം മന്ത്രിയുടെ പരാതി. താന്‍ ദേവസ്വം മന്ത്രിയായിരിക്കുമ്പോഴാണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. അതും സ്വന്തം കൈപ്പടയില്‍. പുരുഷ വേഷം കെട്ടി ശബരിമലയില്‍ എത്തിയ സ്ത്രീകളെ താന്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാരതീയ സംസ്കാരത്തില്‍ വിശ്വസിക്കുന്ന മന്ത്രിക്ക് പക്ഷേ അന്നത്തെ നിയമം അനുസരിക്കാതെ വയ്യല്ലോ. കൂടാതെ ആള്‍മാറാട്ടവുമാണ്.

http://www.azhimukham.com/news-wrap-will-not-allow-to-make-sabarimala-as-thailand-prayar-gopalakrishnan-sajukomban/

ഗൌരി ലങ്കേഷ്, കാഞ്ച ഐലയ്യ വിഷയങ്ങള്‍ യു എസ് പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്തു എന്നൊരു വാര്‍ത്ത ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തില്‍ ലോകം നേരിടുന്ന ഭീഷണിയെ കുറിച്ചുള്ള ചര്‍ച്ചയിലാണ് ഈ വിഷയങ്ങള്‍ പരാമര്‍ശിച്ചത്.


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories