UPDATES

ട്രെന്‍ഡിങ്ങ്

അപ്പോള്‍ വെള്ളാപ്പള്ളിക്ക് കാര്യം മനസിലായിക്കാണുമെല്ലോ അല്ലേ?

ബിജെപിയുടെ ന്യൂനപക്ഷ പ്രേമത്തിന് തങ്ങളെ കിട്ടില്ല എന്ന സൂചനതന്നെയാണ് പരോക്ഷമായി വെള്ളാപ്പള്ളി നല്‍കിയത്.

“പ്രത്യേകിച്ച് ഒന്നും പറയാനില്ലാത്തതിനാല്‍” അമിത് ഷായെ കാണില്ല; കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പത്രസമ്മേളനം കേരള കൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയില്‍ പാളയത്തില്‍ നിന്നുള്ള ആദ്യ വിമതശബ്ദം എന്നു വേണമെങ്കില്‍ പറയാം. പക്ഷേ അമിത് ഷായെ കിരീടമണിയിക്കാന്‍ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ പറഞ്ഞയച്ചിട്ടുമുണ്ട്. വെള്ളാപ്പള്ളിയുടെ ദ്വിമുഖതന്ത്രം.

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി എന്ന നിലയിലാണ് ഇന്നലത്തെ വെള്ളാപ്പള്ളിയുടെ പത്രസമ്മേളനം. അല്ലാതെ താന്‍ കാസര്‍ഗോഡ് നിന്നും തിരുവനന്തപുരം വരെ കേരള യാത്ര നടത്തി ഉണ്ടാക്കിയ പ്രസ്ഥാനമായ ബിഡിജെഎസിന്റെ നേതാവ് എന്ന നിലയില്‍ ആയിരുന്നില്ല. വെള്ളാപ്പള്ളി പറയുന്നതിലും ചില കാര്യങ്ങള്‍ ഇല്ലാതില്ല. അത് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെയാണ്. “അദ്ദേഹത്തെ കാണേണ്ട സാഹചര്യം എസ്എന്‍ഡിപി യോഗത്തിന് ഇപ്പോഴില്ല. യോഗത്തിന് ബിജെപി നേതൃത്വം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ വിഷമമുണ്ട്. കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നല്‍കാന്‍ തത്വത്തില്‍ അംഗീകരിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. അത് പാലിക്കപ്പെട്ടിട്ടില്ല. ഇക്കാര്യത്തില്‍ ബിജെപി കേരള ഘടകത്തിന് ഗുരുതരമായ വീഴ്ചയുണ്ടായി.”

ഇതിനിടയില്‍ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളുടെ കാര്യം തുഷാര്‍ വെള്ളാപ്പള്ളിയും ഇന്നലെ പറയുന്നതു കേട്ടു. അച്ഛനും മകനും പറയുന്നത് പൂര്‍ണ്ണമായും ശരിയാണ്. പക്ഷേ നിഷ്പക്ഷമായി നോക്കുമ്പോള്‍ അമിത് ഷായുടെ ഭാഗത്ത് നിന്നും നമ്മള്‍ കാര്യങ്ങള്‍ വിലയിരുത്തേണ്ടേ?

2015 ഒക്ടോബര്‍ മൂന്നാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെള്ളാപ്പള്ളിയും സംഘവും കാണുമ്പോള്‍ ഒപ്പം അമിത് ഷായും ഉണ്ടായിരുന്നു. ചില വാഗ്ദാനങ്ങള്‍ വെള്ളാപ്പള്ളിക്ക് മാത്രമല്ല, തിരിച്ചും കൊടുത്തിട്ടുണ്ട്. ഒരു പലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ! ഈഴവരുടെ വോട്ടുകൊണ്ട് ജയിച്ചു കേറുന്ന സിപിഎമ്മിന്റെ നട്ടെല്ലൊടിക്കും എന്നു തന്നെയായിരുന്നു അതിലെ പ്രധാന വാഗ്ദാനം. എന്നിട്ടെന്താ സംഭവിച്ചതെന്ന് ചരിത്രം. ഈഴവരുടെ കോട്ടകളായ ആലപ്പുഴയില്‍ ഒന്‍പതില്‍ എട്ടും ഇടതുമുന്നണിക്ക്. കൊല്ലമാണെങ്കില്‍ തൂത്തുവാരുകയും ചെയ്തു. പറന്നു നടന്ന് വോട്ട് പിടിക്കാന്‍ വെള്ളാപ്പള്ളിക്ക് വിമാനമൊക്കെ കൊടുത്തിട്ടും ബിജെപിക്ക് ആകെ കിട്ടിയത് നേമത്ത് ഒ രാജഗോപാലിനെ മാത്രം. അത് തിരുവനന്തപുരത്തെ നായന്മാര്‍ ജയിപ്പിച്ചതാണ് എന്ന് എല്ലാവര്‍ക്കുമറിയാം. അപ്പോള്‍ വെള്ളാപ്പള്ളി ആരോപിക്കുന്ന വാഗ്ദാന ലംഘനം നടത്തിയതില്‍ അമിത് ഷായെ തെറ്റ് പറയാന്‍ പറ്റുമോ?

ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ വെള്ളാപ്പള്ളി നേരിട്ട് ആക്രമിച്ചത് അമിത് ഷാ കൂടിക്കാഴ്ച നടത്തിയ ക്രിസ്തീയ മത മേലധ്യക്ഷന്മാരെയാണ്. എന്നാല്‍ മലയാള മനോരമ വളരെ മനോഹരമായി അതങ്ങ് എഡിറ്റ് ചെയ്തു. വെള്ളാപ്പള്ളി ആര്‍ക്കെതിരെയാണ് പറഞ്ഞത് എന്നൊന്നും സൂചിപ്പിക്കാതെ ഒരു ഒഴുക്കന്‍ എഴുത്ത്. “മദ്യഷാപ്പുകള്‍ തുറക്കുന്നതില്‍ തെറ്റില്ല. ഇതിന്റെ പേരില്‍ സുനാമിയൊന്നും ഉണ്ടാവില്ല. കള്ള് ദേശീയ പാനീയമാണ്. ഇതിനെ മദ്യമായി കാണരുത്” എന്നൊക്കെ മനോരമ എഴുതിയത് വായിച്ചാല്‍ ഇതും അമിത് ഷായ്ക്കെതിരായി വെള്ളാപ്പള്ളി പറഞ്ഞതാണ് എന്നു തോന്നും.

മാതൃഭൂമി റിപ്പോര്‍ട്ടില്‍ വളരെ വൃത്തിയായി കാര്യം പറയുന്നുണ്ട്. “മദ്യപിക്കുന്നവരെ പള്ളികളില്‍ നിന്നും വിലക്കുന്നതിനും നേരെയാക്കുന്നതിനുമുള്ള നടപടികളാണ് മതമേലധികാരികള്‍ സ്വീകരിക്കേണ്ടത്. അല്ലാതെ ഒരു വ്യവസായത്തെ എതിര്‍ത്ത് രാജ്യത്തെ പ്രതിസന്ധിയിലാക്കുന്നത് ശരിയല്ല.” എന്തായാലും ബിജെപിയുടെ ന്യൂനപക്ഷ പ്രേമത്തിന് തങ്ങളെ കിട്ടില്ല എന്ന സൂചനതന്നെയാണ് പരോക്ഷമായി വെള്ളാപ്പള്ളി നല്‍കിയത്. അത് തന്റെ ഇഷ്ടപാനീയമായ കള്ള് ചേര്‍ത്തു പറഞ്ഞു എന്നു മാത്രമേയുള്ളൂ. നായാടി മുതല്‍ നമ്പൂരി വരെ എന്ന സിദ്ധാന്തത്തില്‍ തന്നെയാണ് വെള്ളാപ്പള്ളിക്ക് ഇപ്പോഴും വിശ്വാസം.

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണം, പ്രസംഗം മാത്രം പോര എന്ന നിര്‍ദേശമാണ് അമിത് ഷാ ബിജെപി സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്. അവരുടെ “ഇടയില്‍ പ്രവര്‍ത്തിച്ച് വിശ്വാസം നേടിയെടുക്കണം” എന്നു പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനു വേറെ പാര്‍ട്ടികളുടെ സഹായം ഒന്നും വേണ്ടെന്നും അമിത് ഷാ പറഞ്ഞു കളഞ്ഞു.

അപ്പോള്‍ വെള്ളാപ്പള്ളിക്ക് കാര്യം വ്യക്തമായി കാണുമല്ലോ, അല്ലേ? 

അടിപൊളി.. വാ.. പോകാം..!      

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍