Top

വി എസ് ഔട്ട്, ബോബി ഇന്‍; മുട്ടിലിഴയുകയാണ് നമ്മുടെ 'ധാര്‍മിക' മാധ്യമങ്ങള്‍

വി എസ് ഔട്ട്, ബോബി ഇന്‍; മുട്ടിലിഴയുകയാണ് നമ്മുടെ
ഇന്നലെ സുപ്രധാനമായ ഒരു പ്രസ്താവന വിഎസ് അച്യുതാനന്ദന്‍ മാധ്യമങ്ങള്‍ക്കായി നല്‍കി. അഴിമുഖവും ചുരുക്കം ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഒഴികെ മറ്റൊരു മാധ്യമങ്ങളും ഇന്നലെ ഈ വാര്‍ത്ത കൊടുത്തില്ല. എന്തായിരിക്കും ഇന്നത്തെ പത്രങ്ങളുടെ നിലപാട് എന്നറിയാന്‍ കൌതുകത്തോടെയാണ് പത്രങ്ങള്‍ മറിച്ചു നോക്കിയത്. അവരും വിഎസിനെ പടിക്കു പുറത്താക്കി. പകരം പ്രസിദ്ധീകരിച്ചത് വിഎസ് തുറങ്കിലടക്കണം എന്നാവശ്യപ്പെട്ട മഹാന്റെ ചിത്രം അടങ്ങിയ പരസ്യം.

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി എസ് ഔട്ട്. നിരവധി ആരോപണങ്ങള്‍ നേരിടുന്ന ബോബി ചെമ്മണ്ണൂര്‍ എന്ന സ്വര്‍ണ്ണക്കച്ചവടക്കാരന്‍ ഇന്‍. ഒരുകാലത്ത് വിഎസ്, ചീഫ് എഡിറ്ററായിരുന്ന ദേശാഭിമാനിയില്‍ അടക്കം.

സാമ്പത്തിക തട്ടിപ്പിന് ബോബി ചെമ്മണ്ണൂരിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട വി എസിന്റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇതാണ്.

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് എന്ന സ്ഥാപനം നടത്തുന്ന നിയമവിരുദ്ധ സാമ്പത്തിക തട്ടിപ്പുകള്‍ സംബന്ധിച്ച് സെബിയുടെ റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ പ്രസ്തുത സ്ഥാപനത്തിനെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


ചിട്ടിഫണ്ടുകളുടെയും സ്വര്‍ണ നിക്ഷേപങ്ങളുടെയും പേരില്‍ ഉള്ള തട്ടിപ്പുകള്‍ സംസ്ഥാനത്ത് പെരുകിവരികയാണ്. സെന്റ് ജോസഫ് സാധുജനസംഘം, ചാലക്കുടി കേന്ദ്രമായ ഫിനോമിനല്‍ ഗ്രൂപ്പ്, നിര്‍മ്മല്‍ ചിട്ടിഫണ്ട് മുതലായ തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചുവരികയാണ്. ഇതുമൂലം ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതമാണ് വഴിമുട്ടി നില്‍ക്കുന്നത്. എന്നാല്‍, ഇതിനേക്കാളെല്ലാം ഭീമമായ തട്ടിപ്പാണ് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറിയുടെ പേരില്‍ നടക്കുന്നത്. സി.ഡി. ബോബി എന്ന ആളാണ് ഇതിന്റെ പ്രമോട്ടര്‍. ഇതു സംബന്ധിച്ച് ഞാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനും കേന്ദ്ര ധനകാര്യ ഏജന്‍സികള്‍ക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. പ്രതീക്ഷിച്ചതുപോലെ, യുഡിഎഫ് സര്‍ക്കാര്‍ ഇതിന്മേല്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഈ കാലയളവിലും ലക്ഷക്കണക്കിന് ആളുകള്‍ തട്ടിപ്പിന് വിധേയരായിക്കൊണ്ടിരുന്നു.


2017 ജൂണ്‍ 30ന് കൂടിയ SLCC യോഗത്തില്‍ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് എന്ന അണ്‍ ഇന്‍കോര്‍പ്പറേറ്റഡ് സ്ഥാപനം സ്വര്‍ണ നിക്ഷേപങ്ങള്‍ക്കുള്ള അഡ്വാന്‍സ് തുകയുടെ മറവില്‍ ഡിപ്പോസിറ്റ് സ്‌കീമുകള്‍ നടത്തുന്നതായി SEBI റിപ്പോര്‍ട്ട് ചെയ്തു. ഇത് തികച്ചും നിയമവിരുദ്ധമാണെന്നും പല സംസ്ഥാനങ്ങളിലായി ഈ സ്ഥാപനം ആയിരം കോടിയിലധികം രൂപ ഇങ്ങനെ അനധികൃതമായി സമാഹരിച്ചിട്ടുണ്ടെന്നും SEBI അറിയിച്ചു. 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 998.4 കോടി രൂപ പൊതുജനങ്ങളില്‍നിന്ന് ഈ സ്ഥാപനം സ്വര്‍ണ നിക്ഷേപത്തിനുള്ള അഡ്വാന്‍സായി പിരിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഇതേ കാലയളവിലെ ഈ സ്ഥാപനത്തിന്റെ വിറ്റുവരവ് വെറും 66.3 കോടിയാണ്. വില്‍ക്കാനായി സൂക്ഷിച്ചിരുന്ന സ്വര്‍ണം വെറും 35.26 കോടിയുടേതുമായിരുന്നു. കണക്കിലെ ഈ വലിയ അന്തരവും അതുമൂലം നിക്ഷേപകര്‍ക്ക് ഉണ്ടാകാവുന്ന ഭീമമായ നഷ്ടവും SEBI ചൂണ്ടിക്കാണിച്ചിരുന്നു. 1934ലെ RBI ആക്റ്റിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഈ നിയമവിരുദ്ധ സ്ഥാപനം ഇപ്പോഴും പരസ്യങ്ങളിലൂടെ പൊതുജനങ്ങളില്‍നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയാണ്. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ പ്രസ്തുത യോഗം തുടര്‍ നടപടി സ്വീകരിക്കാനുള്ള ചുമതല റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയെയും സംസ്ഥാന പോലീസ് വകുപ്പിനെയും ഏല്‍പ്പിക്കുകയുണ്ടായി. ഇതു സംബന്ധിച്ച് ആധികാരികമായ വിവരം ഉത്തരവാദിത്വപ്പെട്ടവരില്‍നിന്നുതന്നെ ലഭിച്ചിട്ടും ഈ തട്ടിപ്പിന് ജനങ്ങളെ വിട്ടുകൊടുക്കുന്ന പോലീസ് നടപടി തീരെ ശരിയല്ല. സര്‍ക്കാര്‍ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടുകയും നിയമവിരുദ്ധമായ ഈ സ്ഥാപനം അടച്ചുപൂട്ടാന്‍ വേണ്ട നടപടി സ്വീകരിക്കുകയും വേണം.


ഇത്തരത്തില്‍ പതിനാറിലധികം സ്ഥാപനങ്ങള്‍ ഇദ്ദേഹത്തിന്റേതായി പ്രവര്‍ത്തിച്ചുവരുന്നു. അതില്‍ ഒരു സ്ഥാപനത്തിന്റെ തട്ടിപ്പാണ് ഇപ്പോള്‍ ആയിരം കോടി എന്ന് ഒദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ബാക്കിയുള്ളത് അന്വേഷണ ഘട്ടത്തിലാണ്. 2014 മുതല്‍ ഈ തട്ടിപ്പിന് ജനങ്ങളെ വിട്ടുകൊടുക്കരുത് എന്ന് ഞാന്‍ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടുവരികയാണ്. യു.ഡി.എഫ് സര്‍ക്കാരും ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തലയും ഒരു നടപടിയും സ്വീകരിച്ചില്ല. ഇപ്പോള്‍ SEBI എന്റെ ആരോപണങ്ങള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. SLCC രേഖകള്‍ ആവശ്യപ്പെട്ട എനിക്ക് രേഖകള്‍ നല്‍കാതിരിക്കാനാണ് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. ഇത് അവരുടെ മനോഭാവം വെളിവാക്കുന്നതാണ്. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ തന്നെ ഈ വിഷയത്തില്‍ മുന്‍കയ്യെടുക്കുകയും ഈ തട്ടിപ്പ് സ്ഥാപനം പൂട്ടിക്കുകയും ജനങ്ങള്‍ക്കുണ്ടായ നഷ്ടം അവരില്‍നിന്ന് ഈടാക്കുകയും വേണം. മാധ്യമങ്ങളോടും എനിക്ക് ഒരഭ്യര്‍ത്ഥനയുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ പരസ്യങ്ങളിലൂടെയുള്ള പ്രലോഭനങ്ങള്‍ക്ക് വശംവദരായി വാര്‍ത്തകള്‍ തമസ്‌കരിക്കുന്ന പതിവ് അവസാനിപ്പിക്കണം. നിയമവിരുദ്ധമാണെന്ന് ബോദ്ധ്യമായ ശേഷവും ജനങ്ങളെ കബളിപ്പിക്കാനുള്ള പരസ്യം നല്‍കുന്നത് തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ് എന്ന് മാധ്യമങ്ങള്‍ തിരിച്ചറിയണം.


Also Read: ഈ തട്ടിപ്പു സ്ഥാപനം പൂട്ടിക്കണം; ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണലിനെതിരേ കര്‍ശന നടപടിയാവശ്യപ്പെട്ട് വി എസ്

മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞില്ല എന്നു മാത്രമല്ല അവര്‍ ബോബിക്ക് വേണ്ടി വിടുപണിയും ചെയ്തു. ഇന്നത്തെ പത്രങ്ങള്‍ കൊടുത്ത ബോബി ചെമ്മണ്ണൂര്‍ പരസ്യമിതാ...വി എസിന് ഇത് ആദ്യത്തെ അനുഭവമല്ല. 2015 ല്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ നടത്തിയ പത്രസമ്മേളനത്തില്‍ ബോബി ചെമ്മണ്ണൂര്‍ 2000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് പറഞ്ഞു തുടങ്ങിയ ഭാഗം ചാനലുകള്‍ സംപ്രേക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പത്രങ്ങള്‍ ആ വാര്‍ത്ത മുക്കുകയും ചെയ്തു.

2013 ഫെബ്രുവരി 23-ന് ടൈംസ് ഓഫ് ഇന്ത്യയുടെ ഓണ്‍ലൈന്‍ എഡിഷനില്‍ ഒരു വാര്‍ത്ത വന്നു. മുംബൈ വാഷിയിലെ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറിയിലെ നാലു ജീവനക്കാരെ നവി മുംബൈ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഈ ജ്വല്ലറി അവതരിപ്പിച്ച സ്വര്‍ണ പദ്ധതികളില്‍ റിസര്‍വ് ബാങ്ക് ചില സംശയങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് സംഘം ജീവനക്കാരെ അറസ്റ്റ് ചെയ്തത്. ആര്‍ബിഐയുടെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചു എന്നതായിരുന്നു ഈ സാമ്പത്തിക കുറ്റകൃത്യ കേസില്‍ ചുമത്തപ്പെട്ടത്. ഈ സംഭവത്തെ തുടര്‍ന്ന് ആര്‍ബിഐയുടെ തിരുവനന്തപുരത്തെ ശാഖ ബോബിയുടെ മറ്റൊരു സ്ഥാപനമായ ചെമ്മണ്ണൂര്‍ ക്രെഡിറ്റ്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡിന് ചില സാമ്പത്തിക ഇടപാടുകളെ കുറിച്ച് വിവരം ആരാഞ്ഞു കൊണ്ട് ഇ-മെയില്‍ സന്ദേശം അയച്ചു. ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ക്രെഡിറ്റ്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ്. ചെയര്‍മാനായ സി ഡി ബോബി സ്ഥാപനത്തിന് ഡയറക്ടറുടെ വായ്പയായും ഓഹരി മൂലധനമായും നല്‍കിയ ഏകദേശം 74 കോടി രൂപയുടെ സ്രോതസ് എവിടെയാണെന്ന ചോദ്യമാണ് ആര്‍ബിഐ ഉന്നയിച്ചത്.

Also Read: ബോബി ചെമ്മണ്ണൂര്‍; ഓപ്പറേഷനില്‍ കുടുങ്ങാത്ത കുബേരന്‍

2015 ജൂണില്‍ തിരൂര്‍ ബോബി ചെമ്മണ്ണൂര്‍ ജുവലറിക്ക് മുന്നില്‍ നിറമരുതൂര്‍ കാളാട് പാട്ടശേരി വീട്ടില്‍ ഇസ്മയില്‍ (50) ആത്മഹത്യ ചെയ്ത വാര്‍ത്തയും മാധ്യമങ്ങള്‍ സമര്‍ത്ഥമായി തമസ്കരിച്ചു. മകളുടെ വിവാഹത്തിനായി ബോബി ചെമ്മണ്ണൂര്‍ ജൂവലറിയില്‍ നിന്നും ഇസ്മയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിയിരുന്നു. മുഴുവന്‍ പണം നല്‍കിയില്ലെങ്കിലും ചെറിയ സാവകാശത്തില്‍ പണം നല്‍കിയാല്‍ മതിയെന്ന ജൂവലറിക്കാരുടെ വാഗ്ദാനത്തെത്തുടര്‍ന്നാണ് ഇസ്മയില്‍ സ്വര്‍ണം വാങ്ങിയത്. എന്നാല്‍, സാവകാശത്തിന്റെ പേരില്‍ സ്വര്‍ണ്ണത്തിന് വന്‍തുകയാണ് ഇവര്‍ ഈടാക്കിയത്. ഇത് അടയ്ക്കാന്‍ നിര്‍വാഹമില്ലാത്ത ഇസ്മയിലിനെ ജൂവലറിയില്‍ നിന്നും ആളുകള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം തിരൂരിലെ ജൂവലറിയില്‍ എത്തി ആത്മഹത്യ ചെയ്തതത്.

അഴിമുഖം റിപ്പോര്‍ട്ടര്‍ രാകേഷ് സനല്‍ അന്ന് ഇസ്മായിലിന്റെ വീട്ടില്‍ പോവുകയും വിശദമായ റിപ്പോര്‍ട്ട് നല്കുകയും ചെയ്യുകയുണ്ടായി. അതിവിടെ വായിക്കാം- ബോബി ചെമ്മണ്ണൂര്‍ ജ്വല്ലറിയിലെ ആത്മഹത്യക്ക് പിന്നില്‍

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ നേതൃത്വത്തില്‍ തൃശ്ശൂരില്‍ നിര്‍മ്മിക്കാന്‍ പോകുന്നതായി പറഞ്ഞ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ഓക്‌സിജന്‍ സിറ്റിയുടെ പരസ്യം വ്യാജമാണെന്ന് അഡ്വര്‍ടൈസ്‌മെന്റെ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എ എസ് സി ഐ) സ്ഥിരീകരിക്കുകയുണ്ടായി. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഐടി ഉപദേശകന്‍ ജോസഫ് സി മാത്യുവിന്റെ പരാതിയില്‍ എ എസ് സി ഐ നടത്തിയ അന്വേഷണത്തിലാണ് ഓക്‌സിജന്‍ സിറ്റി പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തിയത്.

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന 6000 കോടിയുടെ ഓക്‌സിജന്‍ സിറ്റി, കേരളത്തിലെ ഏറ്റവും വലിയ ടൗണ്‍ഷിപ്പാണ് എന്നായിരുന്നു പരസ്യം. 62 ഏക്കറില്‍ നിര്‍മ്മിക്കുന്ന നഗരത്തില്‍ 29000 പേര്‍ക്ക് തൊഴില്‍ ലഭിക്കും എന്നും പരസ്യത്തില്‍ പറഞ്ഞിരുന്നു.

Also Read: ഓക്‌സിജന്‍ സിറ്റി പരസ്യം വ്യാജം; ബോബി ചെമ്മണൂര്‍ പദ്ധതിയിട്ടത് 6000 കോടിയുടെ തട്ടിപ്പിനോ?

എന്നാല്‍ ഈ തട്ടിപ്പ് സ്ഥിരീകരിച്ചിട്ടും പരസ്യം പ്രസിദ്ധീകരിച്ചതില്‍ ഒരു തിരുത്ത് കൊടുക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല.തെരുവ് നായ്ക്കളെ പിടികൂടി വയനാട്ടിലെ തന്റെ എസ്റ്റേറ്റില്‍ സംരക്ഷിക്കാന്‍ ശ്രമിച്ച ബോബി ചെമ്മണ്ണൂരിനെതിരെ നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയ വാര്‍ത്തയും എവിടേയും വന്നില്ല. ബോബി ചെമ്മണ്ണൂരും സംഘവും കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടിയ തെരുവ് നായ്ക്കളെ കല്‍പ്പറ്റയിലെ എസ്‌റ്റേറ്റില്‍ പരിപാലിക്കാനുള്ള നീക്കത്തിനെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. തെരുവ് നായ്ക്കളെ പാര്‍പ്പിക്കുന്നതിന് പാലിക്കേണ്ട നിയമങ്ങളൊന്നും പാലിക്കാതെയാണ് ഇവയെ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

Also Read: ബോബി ചെമ്മണ്ണൂരിന്റെ നായ പിടുത്തം; പ്രതിഷേധവുമായി നാട്ടുകാര്‍

കോര്‍പ്പറേറ്റുകളുടെ അഴിമതിയുടെയും തട്ടിപ്പിന്റെയും കാര്യത്തില്‍ മലയാള മാധ്യമങ്ങള്‍ പാലിക്കുന്ന കുറ്റകരമായ നിശബ്ദതയ്ക്ക് ഇനിയും ഉദാഹരണങ്ങള്‍ നിരവധിയാണ്.

തൃശൂര്‍ അടാട്ട് പുഴയ്ക്കല്‍ പാടത്തെ ശോഭാ സിറ്റിയുടെ നിലം നികത്തലിനെതിരെ നിയമയുദ്ധം നടത്തിയ അഡ്വ. വിദ്യാ സംഗീതത്തിന്റെ പോരാട്ട കഥ പ്രധാന മാധ്യമങ്ങള്‍ തഴഞ്ഞപ്പോള്‍ അത് പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ വന്നത് അഴിമുഖം പ്രസിദ്ധീകരിച്ച വാര്‍ത്തയിലൂടെയാണ്.

Read: അവള്‍ക്ക് മുന്‍പില്‍ മുട്ടുവിറച്ച് ഭരണകൂടവും കോര്‍പ്പറേറ്റുകളും; അഡ്വ. വിദ്യ സംഗീതിന്‍റെ പോരാട്ടത്തിന്‍റെ കഥ

കോട്ടയത്ത് സ്‌കൈലൈന്‍ ബിൽഡേഴ്സിനെതിരെ ഒരു കുടുംബം നടത്തുന്ന അതിജീവന പോരാട്ടവും ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

Read: വ്യാജ അനുമതി, കോടതി വിധി ലംഘനം, കൂട്ടിന് അധികൃതരും; സ്‌കൈലൈന്‍ ബിൽഡേഴ്സിനെതിരെ നീതിക്കായി ഒരു കുടുംബം നടത്തുന്ന പോരാട്ടത്തിന്റെ കഥ

മലപ്പുറത്തെ കാക്കഞ്ചേരിയിലെ കിന്‍ഫ്രാ പാര്‍ക്കില്‍ മലബാര്‍ ഗോള്‍ഡിന്റെ ആഭരണ നിര്‍മ്മാണ ശാലയ്ക്കെതിരെ നടക്കുന്ന ജനകീയ സമരത്തെ കണ്ടില്ലെന്ന് നടിച്ചതും ഇതേ മാധ്യമങ്ങളാണ്. ഈ സെപ്തംബര്‍ 14നു സമരം 1000 ദിവസം പിന്നിട്ടു കഴിഞ്ഞു.

Read: മലബാര്‍ ഗോള്‍ഡിനു വേണ്ടി വിടുപണി ചെയ്യുന്നതോ മാധ്യമ പ്രവര്‍ത്തനം?

മിനിമം കൂലി ചോദിച്ചു എന്നതിന്റെ പേരില്‍ തൃശൂര്‍ കല്യാണ്‍ സില്‍ക്സില്‍ നടക്കുന്ന സമരത്തെയും ആലപ്പുഴ സീമാസിലെ സമരത്തെയും ജനങ്ങളുടെ കണ്ണും കാതുമാകേണ്ട മാധ്യമങ്ങള്‍ മറയത്ത് നിര്‍ത്തിയതും നമ്മള്‍ കണ്ടു.

Read: കല്യാണില്‍ നടക്കുന്നത്: സംഘടിച്ചതിന്, കൂലി ചോദിച്ചതിന്, അന്തസുള്ള ജീവിതം ആവശ്യപ്പെട്ടതിന് അവര്‍ പുറത്തിരിക്കുകയാണ്; 137 ദിവസം

Read:
സംസാരിച്ചാലും ലിഫ്റ്റില്‍ കയറിയാലും പിഴ; ആലപ്പുഴ സീമാസില്‍ നടക്കുന്ന തൊഴിലാളി പീഢനങ്ങള്‍


പണത്തിനും അധികാര ഹുങ്കിനും മുന്‍പില്‍ മുഖ്യധാര മാധ്യമങ്ങള്‍ കുഴിച്ചുമൂടുന്ന വാര്‍ത്തകള്‍ ഇതുപോലെ നിരവധിയാണ്. എന്നിട്ടും യാതൊരു ഉളുപ്പുമില്ലാതെ മാധ്യമ ധാര്‍മ്മികതയും സത്യസന്ധതയും വിളിച്ചുകൂവാന്‍ ഇവര്‍ യാതൊരു മടിയും കാണിക്കാറില്ല. രാഷ്ട്രീയ അഴിമതികളെ കുറിച്ച് പറയാന്‍ മണിക്കൂറുകളോളം നീക്കിവെക്കുന്ന മാധ്യമങ്ങള്‍ കോര്‍പ്പറേറ്റുകളുടെ കള്ള കമ്മട്ടങ്ങള്‍ക്ക് മുന്‍പില്‍ കണ്ണടയ്ക്കുകയാണ്.

എന്നാല്‍ ഇന്നത്തെ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സും, ടൈംസ് ഓഫ് ഇന്ത്യയും ബോബി ചെമ്മണ്ണൂരിന് എതിരെയുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചുകൊണ്ട് ശരിയായ പത്രപ്രവര്‍ത്തനത്തിന്റെ മാതൃകയായതും ശ്രദ്ധിയ്ക്കുക.

ദിലീപിന് വേണ്ടി ഇടതു സഹയാത്രികന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ സൌത്ത് ലൈവില്‍ മുഖപ്രസംഗം എഴുതിയപ്പോള്‍ ഞങ്ങള്‍ ഇങ്ങനെ എഴുതി; "ഈ പുതിയ സാധാരണത്വം പാലിക്കാന്‍ ഞങ്ങള്‍ എന്തായാലും ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടു തന്നെ ധാര്‍മികതിയിലൂന്നിയ നടപ്പുശീലങ്ങളെ പരിമിതമായ വിഭവങ്ങള്‍ കൊണ്ടാണെങ്കിലും പ്രകടിപ്പിക്കാനായിരിക്കും ഞങ്ങള്‍ ശ്രമിക്കുക. സമ്പന്നര്‍ക്കും സ്വാധീനവര്‍ഗത്തിനും ഒട്ടും ഇഷ്ടമില്ലാത്ത ആ നടപ്പുശീലങ്ങള്‍, ഞങ്ങളെ അതെത്ര മോശമായി ബാധിച്ചാലും പിന്തുടരുന്ന അവസാനത്തെ ആളുകളായിരിക്കും ഞങ്ങള്‍. മനുഷ്യാവകാശങ്ങള്‍ക്കും പുരോഗമന ആശയങ്ങള്‍ക്കുമുള്ള വാതിലുകള്‍ തുറന്നിട്ടു കൊണ്ടു തന്നെയായിരിക്കും അത്."

Also Read: ഇതാണ് നമ്മുടെ പുതിയ നടപ്പുരീതി; ഞങ്ങളത്‌ പാലിക്കാന്‍ ഉദ്ദേശിക്കുന്നില്ല

മറ്റ് പത്രങ്ങളെ ഒരുപടി പിന്നില്‍ തള്ളിയാണ് ദേശാഭിമാനി ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത്. ഒന്നാം പേജില്‍ രാമലീലയുടെ കളര്‍ പരസ്യത്തോടെ. എന്തായാലും 'അവനൊപ്പം' എന്നു തലവാചകം കൊടുക്കാതിരുന്നല്ലോ... അതുതന്നെ ഭാഗ്യം.

അതേ, അനീതിക്കും അഴിമതിക്കും എതിരെ വാളെടുക്കുന്ന നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍ മുട്ടിലിഴയുകയാണ്. പത്തു കാശിന് വേണ്ടി. അത് ജനത്തെ ഒറ്റുകൊടുക്കുന്ന യൂദാസിന്റെ വെള്ളിക്കാശാണെന്ന് എന്നാണ് ഇവര്‍ തിരിച്ചറിയുക.

Also Read: ബോബി ചെമ്മണ്ണൂരിന് ‘ഭാരതരത്‌ന’ നല്‍കണം!

Next Story

Related Stories