TopTop
Begin typing your search above and press return to search.

നടി ഇനിയയുടെ വീട്ടിലടക്കം കയറി മോഷണം നടത്തിയ ആഢംബര കള്ളന്‍ പിടിയിലായി

നടി ഇനിയയുടെ വീട്ടിലടക്കം കയറി മോഷണം നടത്തിയ ആഢംബര കള്ളന്‍ പിടിയിലായി

2014-ല്‍ കരമനയില്‍ സിനിമാ നടി ഇനിയയുടെ വീട്ടില്‍ കയറി ലക്ഷങ്ങള്‍ കവര്‍ന്ന കേസിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായിരുന്ന പിടികിട്ടാപ്പുള്ളി മലപ്പുറത്ത് പിടിയിലായി. മലപ്പുറം നിലമ്പൂരില്‍ കുഴല്‍പ്പണം വിതരണം ചെയ്യാനെത്തിയയാളെ അടിച്ചുവീഴ്ത്തി പണം കവര്‍ന്ന കേസിലാണ് ഒന്നേകാല്‍ വര്‍ഷത്തെ അന്വേഷണത്തിനുശേഷം ഇയാള്‍ അറസ്റ്റിലാവുന്നത്. തിരുവനന്തപുരം വള്ളക്കടവ് സുലൈമാന്‍ സ്ട്രീറ്റിലെ പുതുവല്‍ പുത്തന്‍വീട്ടില്‍ ഷാജഹാന്‍ എന്ന പൊക്കം ഷാജഹാനെ(34)യാണ് നിലമ്പൂര്‍ സിഐയും സംഘവും അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് മേധാവി ദേബേഷ്‌കുമാര്‍ ബഹ്‌റ ഐ പി എസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഖത്തറില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്നതിനിടെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വച്ച് ബുധനാഴ്ച പുലര്‍ച്ചെ ഇയാള്‍ പൊലിസിന്റെ പിടിയിലായത്.

ഷാജഹാന്‍

2016 ജനുവരി നാലിന് ഉച്ചയ്ക്ക് ഒരുമണിയോടെ നിലമ്പൂര്‍ കോടതിപ്പടിയില്‍വച്ച് പൂക്കോട്ടൂര്‍ വെള്ളാമ്പ്രം മാണിപറമ്പ് സ്വദേശി ചേങ്ങോടന്‍ ഷൗക്കത്തലിയെ അടിച്ചുവീഴ്ത്തി 315000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കേസില്‍ മറ്റു പ്രതികളായ ഉപ്പട ശഫീക്ക് (മുത്തു), സഹോദരന്‍ ഷാഹിര്‍ (സഹര്‍) എന്നിവ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരുടെ ബന്ധുകൂടിയാണ് പിടിയിലായ ഷാജഹാന്‍. നിലമ്പൂരില്‍ വിദേശത്തുനിന്നും അയച്ച 30000 രൂപയുടെ കുഴല്‍പ്പണം കൈമാറാനാണ് ഏജന്റായ ഷൗക്കത്തലി നിലമ്പൂരില്‍ എത്തിയത്. സ്ഥലത്തെത്തി കയ്യിലുള്ള സൗദി മൊബൈല്‍ നമ്പറിലേക്ക് വിളിച്ചപ്പോള്‍ കോടതിപ്പടി കൊളക്കണ്ടം റോഡില്‍ എത്താനാവശ്യപ്പെട്ടു. ഇവിടെവച്ച് സ്‌കൂട്ടറിലെത്തിയ ശഫീക്കും, ഷാഹിറും പണം വാങ്ങി എണ്ണിത്തിട്ടപ്പെടുത്തുകയും ഇതിനിടയില്‍ കാറിലെത്തിയ സംഘം വാള്‍ കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഷൗക്കത്തിലിയില്‍നിന്നും പണം കവരുകയുമായിരുന്നു. ഇതിനിടെ സ്‌കൂട്ടറിലെത്തിയവര്‍ ഇതില്‍പെടാതെ രക്ഷപ്പെടുകയും ചെയ്തു. കാറിന്റെ നമ്പര്‍ വച്ചുള്ള അന്വേഷണത്തില്‍ വാഹനം മഞ്ചേരി സ്വദേശിയില്‍ നിന്നും ഷാഹിര്‍ വാടകക്കെടുത്തതാണെന്ന് കണ്ടെത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഷാഹിറിന്റെ മൊബൈല്‍ നമ്പര്‍ വച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ പങ്ക് തെളിഞ്ഞത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാജഹാനാണ് മുഖ്യ സൂത്രധാരന്‍ എന്ന് പൊലിസ് കണ്ടെത്തിയത്. കൃത്യം നടത്തുന്നതിന് മുമ്പ് ഷാജഹാനും തിരുവനന്തപുരം സ്വദേശികളായ രണ്ടു സുഹൃത്തുക്കളും മേഖലയില്‍ കൃത്യത്തിനായി താവളമടിച്ചിരുന്നതായും ശഫീക്കും, ഷാഹിറും ഇവര്‍ക്ക് വേണ്ട ഒത്താശകള്‍ ചെയ്തുകൊടുത്തതായും തെളിഞ്ഞു. ഒരു കൊലപാതക കേസുള്‍പ്പെടെ ഏഴോളം കേസുകളാണ് ഷാജഹാന്റെ പേരിലുള്ളത്. പോലീസിന്റെ നോട്ടപ്പുള്ളിയായിട്ടും ഇയാള്‍ വ്യാജ അഡ്രസും പാസ്‌പോര്‍ട്ടുമുണ്ടാക്കി നിരവധി തവണ വിദേശരാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്.

2004-ല്‍ അടിപിടി കേസില്‍ വലിയ തുറ പോലിസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. ഭീമാപള്ളിയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെ ഉപദ്രവിച്ച കേസില്‍ ജയില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്. ജയിലില്‍ നിന്നും പരിചയപ്പെട്ട രാജേഷ് എന്ന സുഹൃത്തിനു വേണ്ടി 2008-ല്‍ പൂവച്ചാലില്‍ ജയകുമാര്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. 2009-ല്‍ തിരുവല്ലം എന്ന സ്ഥലത്ത് ബൈക്ക് യാത്രികനെ അക്രമിച്ച 21 ലക്ഷം കൊള്ളയടിച്ച കേസിലും ബംഗളൂരു അശോക നഗറില്‍ മലയാളികളുടെ ഫളാറ്റില്‍ കയറി കൊള്ളയടിച്ച കേസില്‍ ജയില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്. കേസുകള്‍ കോടതിയില്‍ നടന്നുവരുന്നതിനിടെയാണ് നിലമ്പൂരില്‍ കൃത്യം നടത്തിയത്. കൊള്ളയടിക്കുന്ന പണം ഉപയോഗിച്ച് ആഢംബര ജീവിതം നയിക്കുകയാണ് പതിവെന്ന് മൊഴിനല്‍കിയതായ പോലീസ് പറയുന്നു. ഇയാളെ കോടതി റിമാന്റ് ചെയ്തു. പ്രതിയെ വിവിധ കേസുകളില്‍ വരുംദിവസങ്ങളില്‍ തുടരന്വേഷണത്തിനായി കസ്റ്റഡിയില്‍വാങ്ങും. ഇതോടെ നിരവധി കേസുകള്‍ക്ക് തുമ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.


Next Story

Related Stories