Top

എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുന്നു; ദുരിതാശ്വാസ ക്യാമ്പുകളില്‍ 60,622 പേര്‍, രാജ്‌നാഥ് സിംഗ് ഇന്ന് കേരളത്തില്‍

എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുന്നു; ദുരിതാശ്വാസ ക്യാമ്പുകളില്‍ 60,622 പേര്‍, രാജ്‌നാഥ് സിംഗ്  ഇന്ന് കേരളത്തില്‍
സംസ്ഥാനത്തെ മഴയുടെ ശക്തി കുറഞ്ഞെങ്കിലും എട്ട് ജില്ലകളിലെ ജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു. 60,622 പേരാണ് ഇപ്പോള്‍ സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. ഇടുക്കി ഡാമിന്റെ പരിസരങ്ങളില്‍ മഴകുറഞ്ഞതോടെ അണക്കെട്ടിലെ ജനനിരപ്പും കുറഞ്ഞിട്ടുണ്ട്. നിലവിലെ സ്ഥിതി അനുസരിച്ച് ഡാമിലെ ജനനിരപ്പ് 2399.28 അടിയാണ്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലടക്കം മഴയുടെ തോതില്‍ കുറവ് രേഖപ്പെടുത്തിയതോടെ ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവില്‍ കുറവുണ്ടെങ്കിലും ചെറുതോണി അണക്കെട്ടില്‍ നിന്നും ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരുത്തിയിട്ടില്ല. ഇടമലയാര്‍ ഡാമിലെ ജലനിരപ്പിലും കാര്യമായ കുറവ് വന്നിട്ടുണ്ട്. 168.95 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാമില്‍ നിന്നും നിലവില്‍ സെക്കന്റില്‍ 200 ഘന മീറ്റല്‍ ജലമാണ് പുറത്തു വിടുന്നത്.

അതേ സമയം വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രഖ്യാപിച്ച റെഡ് അലേര്‍ട് എട്ടു ജില്ലകളില്‍ തുടരുകയാണ്. വയനാട്, ഇടുക്കി ജില്ലകളില്‍ ആഗസ്റ്റ് 14 വരെ റെഡ് അലേര്‍ട് പ്രഖ്യാപിച്ചിരിക്കുന്നു. ആഗസ്റ്റ് 15 വരെ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു. ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ ആഗസ്റ്റ് 13 വരെയാണ് റെഡ് അലേര്‍ട്. ഇരു ജില്ലകളിലും 15 വരെ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ആഗസ്റ്റ് 12 വരെ റെഡ് അലേര്‍ട്ടും 14 വരെ ഓറഞ്ച് അലേര്‍ട്ടും ബാധകമായിരിക്കും.

അതിനിടെ മഴക്കെടുതിയില്‍ ഒറ്റപ്പെട്ട വടക്കന്‍ ജില്ലയായ വനാട്ടില്‍ ഇന്നും മഴതുടരുകയാണ്. ജില്ലയില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന പാതകളില്‍ ഇന്നും ഗതാഗത  നിയന്ത്രണം തുടരും. നദിയിലെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും കരകവിഞ്ഞ അവസ്ഥയിലാണ്. ഇതോടെ കബനി തീരത്തെ ഏക്കര്‍ കണക്കിന് കൃഷിയും നശിച്ചിട്ടുണ്ട്. ജില്ലയില്‍ മാത്രം 13946 പേരാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്.

പമ്പ നദിയിലെ ജല നിരപ്പ് ഉയര്‍ന്നു പമ്പ നദിയില്‍ ജലനിരപ്പ് ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ അപ്പര്‍ കുട്ടനാട് മേഖലയില്‍ വെള്ളക്കെട്ട് തുടരുകയാണ്. ആനത്തോട് - പമ്പ അണക്കെട്ടുകളില്‍ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ടെങ്കിലും നദികളിലെ ജലനിരപ്പിന് കാര്യമായ കുറവ് വരാത്തതാണ് സ്ഥിഗതികള്‍ രൂക്ഷമാക്കുന്നത്. 17 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്ന് തിരുവല്ല താലൂക്കില്‍ 196 കുടുംബങ്ങളിലെ 634 പേരും, ചെങ്ങന്നൂരില്‍ 13 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. മേഖലയില്‍ കൃഷി നാശവും വ്യാപരമാണ്.

അതേസമയം, സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ഉച്ചയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. പിന്നീട് ചെറുതോണി, ഇടുക്കി ഡാം, പരിസര പ്രദേശങ്ങള്‍, തടിയമ്പാട്, അടിമാലി, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍, ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രളയബാധിത പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ആകാശ നിരീക്ഷണം നടത്തും. കേരളത്തിലെ മഴക്കെടുതിയുടെ ദുരിതം നേരിട്ട് മനസിലാക്കാന്‍ മുഖ്യമന്ത്രി, മറ്റ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി എന്നിവരുമായും അദ്ദേഹം സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും. ആര്‍ക്കോണത്തെ ദുരന്ത നിവാരണ സേനാ കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ സൈന്യത്തെ നിയോഗിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കേരളത്തിന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അടിയന്തര സഹായം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

കാലവര്‍ഷം കനത്ത നാശനഷ്ടം സൃഷ്ടിച്ച സാഹചര്യത്തില്‍ മനദണ്ഡം നോക്കാതെ കേന്ദ്ര സഹായം നല്‍കണമെന്ന് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീട് നഷ്ടപ്പെട്ടവര്‍ക്ക് 4 ലക്ഷം രൂപയും മണ്ണിടിഞ്ഞ് വീടുവയ്ക്കാന്‍ സാധിക്കാത്തവര്‍ക്ക് സ്ഥലം വാങ്ങാന്‍ 6 ലക്ഷം രൂപയും നല്‍കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്, എറണാകുളം ജില്ലകളിലെ പ്രളയ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ള സംഘം വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. മാന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്ര എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
അതിനിടെ പ്രളയ ദുരിതം നേരിടാന്‍ മുഖ്യമന്തിയുടെ ദുരിതാശ്വാ നിധിയിലേക്ക് ര്ാജ്യത്തെ പ്രമുഖരടക്കം സംഭാവനകള്‍ നല്‍കി. പ്രളയദുരിതം അനുഭവിക്കുന്ന കേരള ജനതയ്ക്ക് സഹായവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ ് 25 ലക്ഷം രൂപ സംഭാവന നല്‍കി. വിജയ് ടിവിയും 25 ലക്ഷം രൂപ സംഭാവന നല്‍കി. തമിഴ് താരങ്ങളായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. മലയാള സിനിമാ താരങ്ങളായ മമ്മുട്ടി മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, അമല പോള്‍ തുടങ്ങിയ താരങ്ങളും സംഭാവന നല്‍കിയിട്ടുണ്ട്.

Next Story

Related Stories