TopTop
Begin typing your search above and press return to search.

അജ്മീര്‍ സ്‌ഫോടന കേസ്: പ്രഗ്യാ സിംഗിനും ഇന്ദ്രേഷ് കുമാറിനും എന്‍ഐഎയുടെ ക്ലീന്‍ ചിറ്റ്

അജ്മീര്‍ സ്‌ഫോടന കേസില്‍ അഭിനവ് ഭാരത് എന്ന ഹിന്ദു തീവ്രവാദി സംഘടനാ നേതാവ് സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറിനും ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറിനും എന്‍ഐഎയുടെ ക്ലീന്‍ ചിറ്റ്. ഇവര്‍ക്കെതിരായ നടപടികള്‍ അവസാനിപ്പിക്കുന്നതായി കാണിച്ച് ജയ്പൂരിലെ പ്രത്യേക കോടതിയില്‍ എന്‍ഐഎ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇവര്‍ക്കൊപ്പം പ്രിന്‍സ്, രാജേന്ദ്ര എന്നിവര്‍ക്കും എന്‍ഐഎ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്. ഈ നാല് പേര്‍ക്കെതിരെയും കേസില്‍ യാതൊരു തെളിവുമില്ലെന്നാണ് എന്‍ഐയുടെ വാദം. എന്‍ഐഎയുടെ റിപ്പോര്‍ട്ട് അംഗീകരിക്കണോ തള്ളണോ എന്ന് കോടതി ഏപ്രില്‍ 17ന് തീരുമാനിക്കും.

2007ലെ അജ്മീര്‍ ദര്‍ഗ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ സന്ദീപ് ഡാങ്കെ, സുരേഷ് നായര്‍, രാംചന്ദ്ര കല്‍സംഗ്ര എന്നീ മൂന്ന് പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. ഈ മൂന്ന് പേരേയും അറസ്റ്റ് ചെയ്യാന്‍ എന്‍ഐഎയ്ക്ക് ഇതുവരെ കഴിയാത്തതില്‍ കോടതി അതൃപ്തി അറിയിച്ചു. ഇവരെ പിടികിട്ടാപ്പുള്ളികളായി എന്‍ഐഎയുടെ വെബ്‌സൈറ്റ് കാണിക്കുന്നുണ്ട്. വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലവും പ്രഖ്യാപി്ച്ചിട്ടുണ്ട്. ജയന്തി ഭായ് ഗോഹില്‍, രമേഷ് ഗോഹില്‍ എന്നീ പ്രതികളുടെ മരണം തെളിയിക്കുന്ന രേഖ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവരും ഗുജറാത്ത് വംശഹത്യക്കിടയിലെ ബെസ്റ്റ് ബേക്കറി കേസിലും പ്രതികളാണ്.

2007 ഒക്ടോബറില്‍ അജ്മീര്‍ ദര്‍ഗയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2008ലെ മാലേഗാവ് സ്‌ഫോടന കേസിലും പ്രതിയാണ് പ്രഗ്യാ സിംഗ്. മാര്‍ച്ച് 22ന് ദേവേന്ദ്ര ഗുപ്ത, ഭവേഷ് പട്ടേല്‍ എന്നീ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ മാര്‍ച്ച് 22ന് എന്‍ഐഎ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

Next Story

Related Stories