TopTop
Begin typing your search above and press return to search.

"ബിജെപിക്ക് പേടി", തന്നെ വിമാനത്താവളത്തില്‍ പൊലീസ് തടഞ്ഞുവച്ചതായി അഖിലേഷ് യാദവ്

"ബിജെപിക്ക് പേടി", തന്നെ വിമാനത്താവളത്തില്‍ പൊലീസ് തടഞ്ഞുവച്ചതായി അഖിലേഷ് യാദവ്
ലക്‌നൗ എയര്‍പോര്‍ട്ടില്‍ പൊലീസ് തന്നെ തടഞ്ഞുവച്ചതായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. അലഹബാദിലേയ്ക്കുള്ള പ്രത്യേക വിമാനത്തില്‍ കയറുന്നത് പൊലീസ് തടഞ്ഞതായി അഖിലേഷ് ആരോപിക്കുന്നു. അലഹബാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പോവുകയായിരുന്നു അഖിലേഷ് യാദവ്. സമാജ്‌വാദി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ ഛാത്ര സഭയാണ് യൂണിയന്‍ നിയന്ത്രിക്കുന്നത്.

അഖിലേഷ് ട്വീറ്റ് ചെയ്തിരിക്കുന്ന ഫോട്ടോകളിലും വീഡിയോയിലും മഫ്തിയിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ അഖിലേഷിന്റെ വിമാനത്തിലേയ്ക്കുള്ള വഴി തടഞ്ഞ് കോവണിയില്‍ നില്‍ക്കുന്നത് കാണാം. ഹാത് മത് ലഗാവോ (ദേഹത്ത് തൊട്ടുള്ള കളി വേണ്ട) എന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥനോട് അഖിലേഷ് പറയുന്നുണ്ട്. വിമാനത്തില്‍ കയറാന്‍ അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് അഖിലേഷ് യാദവ് തിരിച്ചുപോയി.




ബിജെപി സര്‍ക്കാര്‍ തന്നെ എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ് ഈ നടപടിയെന്ന് അഖിലേഷ് യാദവ് വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി അലഹബാദ് യൂണിവേഴ്‌സിറ്റി അധികൃതര്‍ അഖിലേഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ചതായും ക്രമസമാധാനം പാലിക്കാനാണ് അഖിലേഷിനെ തടഞ്ഞത് എന്നുമാണ് പൊലീസും മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞത്. അതേസമയം യുപി നിയസഭയില്‍ ഈ പ്രശ്‌നമുയര്‍ത്തി എസ് പി അംഗങ്ങള്‍ ബഹളം വച്ചു. അഖിലേഷ് യാദവിന്റെ സന്ദര്‍ശനത്തിനെതിരെ എബിവിപി യൂണിവേഴ്‌സിറ്റി കാമ്പസില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അഖിലേഷിനെ തടഞ്ഞത് ജനാധിപത്യവിരുദ്ധ നടപടിയാണ് എന്ന് ബി എസ് പി നേതാവ് മായാവതി പറഞ്ഞു. ജനാധിപത്യക്കശാപ്പാണിത് എന്ന് എസ് പി നേതാവും അഖിലേഷിന്റെ അമ്മാവനുമായ രാം ഗോപാല്‍ യാദവ് പ്രതികരിച്ചു.

Next Story

Related Stories