ന്യൂസ് അപ്ഡേറ്റ്സ്

ആനന്ദ് തെല്‍തുംദെയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് പൂനെ കോടതി; ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവ്‌

2018 ജനുവരി ഒന്നിന് ഭീമ കോറിഗാവ് സംഘര്‍ഷത്തിന് ഇടയാക്കിയതില്‍ ആനന്ദ് തെല്‍തുംബ്ദെയ്ക്ക് പങ്കുണ്ടെന്നാണ് ആരോപണം.

ഭീമ കോറിഗാവ് കേസില്‍ സാമൂഹ്യപ്രവര്‍ത്തകനും ദലിത് – ഇടതുപക്ഷ ചിന്തകനുമായ ആനന്ദ് തെല്‍തുംദെയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് പൂനെ കോടതി. അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. തെല്‍തുംദെയെ ഈ മാസം 11 വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി ഉത്തരവുണ്ടെന്ന് പൂനെ കോടതി ചൂണ്ടിക്കാട്ടി. ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പ്രൊഫസറായ ആനന്ദ് തെല്‍തുംദെയെ ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് മുംബയ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിലെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയതായിരുന്നു അദ്ദേഹം. മുംബയ് പൊലീസ്, പൂനെ പൊലീസിന് കൈമാറുകയായിരുന്നു.

2018 ജനുവരി ഒന്നിന് ഭീമ കോറിഗാവ് സംഘര്‍ഷത്തിന് ഇടയാക്കിയതില്‍ എല്‍ഗാര്‍ പരിഷദ് പരിപാടിക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ ആരോപണം. ആനന്ദ് തെല്‍തുംദെ സംഘര്‍ഷത്തിന് ഉത്തരവാദിയാണെന്നും സിപിഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്നും പൊലീസ് ആരോപിക്കുന്നു. പൂനെ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ആനന്ദ് തെല്‍തുംദെയെ പൊലീസ് അറസ്റ്റ് ചെയ്തത്. സുപ്രീം കോടതി ഉത്തരവ് മറികടന്ന് ആനന്ദിനെ അറസ്റ്റ് ചെയ്ത കാര്യം കോടതിയെ അറിയിക്കുമെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിര ജയ് സിംഗ് ആനന്ദ് തെല്‍തുംദെയുടെ അറസ്റ്റിനെ വിമര്‍ശിച്ച് ട്വിറ്ററില്‍ രംഗത്തെത്തി. തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആനന്ദ് തെല്‍തുംദെ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. 2017 ഡിസംബര്‍ 31ന് എല്‍ഗാര്‍ പരിഷദ് പൂനെയില്‍ സംഘടിപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ടാണ് കേസ്. അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, സുധ ഭരദ്വാജ്, പി വരാവര റാവു, ഗൗതം നവ്‌ലാഖ എന്നിവരെയും ഭീമ കോറിഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍