UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല പ്രതിഷേധം: ഡല്‍ഹിയിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സംഘപരിവാര്‍ അക്രമം

പരിപാടിയുടെ ദൃശ്യങ്ങളെടുത്തുകൊണ്ടിരിക്കെയാണ് ആക്രമണമുണ്ടായത്. കേരള ഹൗസ് കോംപൗണ്ടിനുള്ളിലേയ്ക്ക് ഇവര്‍ കല്ലേറും തേങ്ങയേറും നടത്തി.

ശബരിമല യുവതീ പ്രവേശനത്തിലെ പ്രതിഷേധം ഡല്‍ഹിയിലും അക്രമാസക്തമായി. ഡൽഹിയിലും മാധ്യമപ്രവർത്തകർക്ക് നേരെ സംഘപരിവാർ കൈയേറ്റമുണ്ടായി. ശബരിമല കർമസമിതിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള ഹൗസിന് മുന്നിൽ നടന്ന പരിപാടിക്കിടെയാണ് അക്രമം. ന്യൂസ് 18 തമിഴ് റിപ്പോർട്ടർ സുചിത്രയുടെ മൊബൈൽ ഫോൺ അക്രമികള്‍ തല്ലിപ്പൊട്ടിച്ചു. ന്യൂസ് 18 ക്യാമറാമാൻ ധനേഷിനെയും ന്യൂസ് 24 ക്യാമറാമാൻ അരുണിനേയും അക്രമികള്‍ മർദ്ദിച്ചു. അക്രമികള്‍ മദ്യലഹരിയിലായിരുന്നു എന്ന് ധനേഷ് പറയുന്നു. മാധ്യമപ്രവര്‍ത്തകരുടെ കഴുത്തിന് പിടിച്ചുതിരിച്ചു. സുചിത്ര, മാതൃഭൂമി ക്യാമറാമാന്‍ എ വി മുകേഷ് തുടങ്ങിയവരേയും മര്‍ദ്ദിച്ചു. ന്യൂസ് 18 ചാനലിന്റെ ക്യാമറ ലൈറ്റ് അക്രമികള്‍ അടിച്ച് താഴെയിട്ടു. കേരള ഹൗസ് കോംപൗണ്ടിനുള്ളിലേയ്ക്ക് ഇവര്‍ കല്ലേറും തേങ്ങയേറും നടത്തി.

കര്‍മ്മ സമിതി നേതാക്കളായ ബാബു പണിക്കര്‍, സി ചന്ദ്രന്‍, കേശവന്‍ കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് നാമജപമെന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ അക്രമത്തില്‍ ഭാഗമായെന്ന് മാധ്യമപ്രവർത്തകർ ആരോപിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിക്കുന്ന പ്ലക്കാര്‍ഡുകളുമായാണ് ഇന്ന് വൈകീട്ട് ഒരുകൂട്ടം ആളുകള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘത്തിനൊപ്പം എത്തിയവര്‍ അശ്ലീല മുദ്രാവാക്യങ്ങളും വിളിച്ചു. ഇതിനിടെ കേരള ഹൗസിന് നേരെ ഓടിയടുത്ത ഇവര്‍ കല്ലേറ് നടത്തി. രക്ഷപെടാന്‍ ശ്രമിച്ച അക്രമിയെ പൊലീസ് പിടികൂടിയെങ്കിലും അക്രമികള്‍ ഇവരെ മോചിപ്പിച്ചു. ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതോടെയാണ് അക്രമികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം തുടങ്ങിയത്.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം ചിത്രീകരിച്ചുകൊണ്ടിരുന്ന കൈരളി ചാനലിന്റെ ക്യാമറാപേഴ്‌സണ്‍ ഷാജില അടക്കമുള്ള മാധ്യപ്രവര്‍ത്തകരെ സംഘപരിവാര്‍ അക്രമികള്‍ മര്‍ദ്ദിക്കുകയും ആക്രമിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ പരിപാടികള്‍ ബഹിഷ്‌കരിച്ചിരിക്കുകയാണ് കെയുഡബ്ല്യുജെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍