TopTop
Begin typing your search above and press return to search.

രാമക്ഷേത്രം, ശബരിമല, ഏക സിവില്‍ കോഡ്; ബിജെപി പ്രകടന പത്രികയില്‍ 75 പദ്ധതികള്‍

രാമക്ഷേത്രം, ശബരിമല, ഏക സിവില്‍ കോഡ്; ബിജെപി പ്രകടന പത്രികയില്‍ 75 പദ്ധതികള്‍

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടന പത്രിക സങ്കല്‍പ് പത്ര പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പുറത്തിറക്കി. ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുമെന്ന് പ്രകടന പത്രിക അവകാശപ്പെടുന്നു. രാജ്യം 75ാം സ്വാതന്ത്ര്യ വാര്‍ഷികം ആഘോഷിക്കുന്ന 2022നകം 75 പുതിയ പദ്ധതികള്‍ നടപ്പാക്കും.

ഏക സിവില്‍ കോഡ് നടപ്പാക്കും, കാശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ റദ്ദാക്കും, രാമക്ഷേത്രം നിര്‍മ്മിക്കും, ഗംഗാനദിയെ പുനരുജ്ജീവിപ്പിക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ക്കൊപ്പം ശബരിമലയില്‍ വിശ്വാസ സംബന്ധമായ കാര്യങ്ങള്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും പറയുന്നു. ദേശീയ പരത്വ പട്ടിക രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഘട്ടംഘട്ടമായി നടപ്പാക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര മന്ത്രിമാരും മുതിര്‍ന്ന നേതാക്കളുമായ രാജ്‌നാഥ് സിംഗ്, സുഷമ സ്വരാജ്, അരുണ്‍ ജയ്റ്റ്‌ലി തുടങ്ങിയവര്‍ പങ്കെടുത്തു.

ആറ് കോടി ജനങ്ങളുമായി ചര്‍ച്ച ചെയ്താണ് പ്രകടന പത്രിക തയ്യാറാക്കിയത് എന്ന് അമിത് ഷാ അവകാശപ്പെട്ടു. 2014 മുതല്‍ 2019 വരെയുള്ള മോദിയുടെ ഭരണകാലം ഇന്ത്യയുടെ വികസന ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എഴുതപ്പെടുമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയുടെ ആദ്യ പ്രകടപത്രികയാണിത്. 2014ലെ പോലെ 2019ലും മോദിയെ ആശീര്‍വദിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ "അബ് കി ബാര്‍ മോദി സര്‍ക്കാര്‍" (ഇത്തവണ മോദി സര്‍ക്കാര്‍) എന്നായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം. ഇത്തവണ "ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍" (ഒരു തവണ കൂടി മോദി സര്‍ക്കാര്‍) എന്നാണ്.

വാഗ്ദാനങ്ങള്‍, പദ്ധതികള്‍:

രാജ്യം 75ാം സ്വാതന്ത്ര്യ വാര്‍ഷികം ആഘോഷിക്കുന്ന 2022നകം 75 പുതിയ പദ്ധതികള്‍ നടപ്പാക്കും.

25 ലക്ഷം കോടി രൂപയുടെ ക്ഷേമപദ്ധതികള്‍.

ഏക സിവില്‍ കോഡ് നടപ്പാക്കും.

കാശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ റദ്ദാക്കും.

കര്‍ഷകര്‍ക്ക് അഞ്ച് വര്‍ഷ കാലാവധിയില്‍ ഒരു ലക്ഷം രൂപയുടെ പലിശരഹിത വായ്പ.

60 വയസിന് മുകളിലുള്ള ചെറുകിട കച്ചവടക്കാര്‍ക്കും കര്‍ഷകര്‍ക്കും പെന്‍ഷന്‍.

ഗംഗാ നദിയെ പുനരുജ്ജീവിപ്പിക്കും.

ആഗോളതലത്തില്‍ യോഗ പ്രോത്സാഹിപ്പിക്കും.

അഞ്ച് കിലോമീറ്ററിനുള്ളില്‍ ബാങ്ക് ഇടപാടിന് സൗകര്യമൊരുക്കും.

200 പുതിയ കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയങ്ങള്‍ പുനരുജ്ജീവിപ്പിക്കും.

ലോകത്തെ മികച്ച 500 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ സ്ഥാപിക്കും.

രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഭരണഘടനാപരമായി സാധ്യമായതെല്ലാം ചെയ്യും. അധികാരത്തിലെത്തിയാല്‍ എത്രയും വേഗം നിര്‍മ്മാണം തുടങ്ങാന്‍ ശ്രമിക്കും.

ശബരിമലയിലെ വിശ്വാസവും ആചാരങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സമഗ്രമായി സുപ്രീം കോടതിയില്‍ അവതരിപ്പിക്കും. മതവിശ്വാസ സംബന്ധമായ കാര്യങ്ങള്‍ക്ക് ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കും.


Next Story

Related Stories