ട്രെന്‍ഡിങ്ങ്

ബിജെപിയുടെ ‘ഓപ്പറേഷന്‍ കമല’: കര്‍ണാടകയില്‍ നാല് എംഎല്‍എമാര്‍ കോണ്‍ഗ്രസ് യോഗത്തില്‍ നിന്ന് വിട്ടുനിന്നു

കര്‍ണാടകയില്‍ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുത്തില്ല. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിനെ താഴെയിറക്കാനായി ബിജെപി നടത്തുന്ന ശ്രമങ്ങള്‍ക്കിടെ ശക്തി കാട്ടുന്നതിനായാണ് നിയമസഭ കക്ഷി യോഗം വിളിച്ചത്. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പറഞ്ഞു. ജയറാം ജര്‍കിഹോളി, ബി നാഗേന്ദ്ര, ഉമേഷ് ജാദവ്, മഹേഷ് കുമടഹള്ളി എന്നിവരാണ് നിയമസഭ കക്ഷി യോഗം ബഹിഷ്‌കരിച്ചത്. അടുത്തിടെയുണ്ടായ പുനസംഘടനയില്‍ ജയറാം ജര്‍കിഹോളിയെ കുമാരസ്വാമി മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

അതേസമയം സര്‍ക്കാരിന് യാതൊരു ഭീഷണിയുമില്ലെന്നും എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരും സര്‍ക്കാരിനൊപ്പമാണെന്നും പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു അവകാശപ്പെട്ടു. എംഎല്‍എമാരെ ഹരിയാനയിലെ ഗുരുഗ്രാമില്‍ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുന്ന ബിജെപിയോട് സഹതാപമുണ്ടെന്നും ഗുണ്ടുറാവു പരിഹസിച്ചു. യെദിയൂരപ്പയുടെ ഓപ്പറേഷന്‍ കമലയെക്കുറിച്ച് യാതൊരു ആശങ്കയും തനിക്കില്ലെന്നും അവര്‍ അവരുടെ പണി ചെയ്തുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി പറഞ്ഞു. രണ്ട് സ്വതന്ത്രര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി നേരത്തെ അറിയിച്ചിരുന്നു. ഇവര്‍ ബിജെപിയെ പിന്തുണക്കുന്നതായി യെദിയൂരപ്പ അവകാശപ്പെടുന്നു. 224 അംഗ നിയമസഭയില്‍ ബിജെപിക്ക് 104 സീറ്റുകളാണുള്ളത്. കോണ്‍ഗ്രസ് 79, ജെഡിഎസ് 37, ബിഎസ്പി, കെപിജെപി ഒന്ന് വീതം ഇങ്ങനെയാണ് കക്ഷി നില. നാല് എംഎല്‍എമാര്‍ വിട്ടുനിന്ന സാഹചര്യത്തില്‍ മറ്റുള്ളവരെ ബംഗളൂരുവിലെ ഈഗിള്‍ടണ്‍ ഗോള്‍ഫ് റിസോട്ടിലേയ്ക്ക് മാറ്റി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍