TopTop

തെലങ്കാനയില്‍ ആരുമായും സഖ്യമില്ല, ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അമിത് ഷാ

തെലങ്കാനയില്‍ ആരുമായും സഖ്യമില്ല, ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അമിത് ഷാ
തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ ടിആര്‍എസ് അടക്കം ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാകില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ. മെഹബൂബ് നഗറില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള റാലിയ്‌ക്കെത്തിയ അമിത് ഷാ ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം പറഞ്ഞത്. തിരഞ്ഞെടുപ്പിന് ശേഷമുള്ള സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപി നിര്‍ണായക ശക്തിയാകുമെന്നും അമിത് ഷാ അവകാശപ്പെട്ടു.

ടിആര്‍എസുമായി ഒരു തരത്തിലുള്ള രാഷ്ട്രീയധാരണയുമുണ്ടാക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. ബിജെപി സ്വന്തം കരുത്തില്‍ പ്രീണന രാഷ്ട്രീയത്തിനെതിരെ പോരാടും. കോണ്‍ഗ്രസ് അവരുടെ മുന്‍ നേതാക്കളും മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിമാരുമായ അഞ്ജയ്യയോടും പിവി നരസിംഗ റാവുവിനോടും എങ്ങനെയാണ് പെരുമാറിയത് എന്ന് തെലങ്കാനയിലെ ജനങ്ങള്‍ മറക്കില്ലെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. ആദ്യം ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പ് നടത്തുകയെന്നതിനോട് യോജിച്ച മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പിന്നീട് അതില്‍ നിന്ന് മലക്കം മറിഞ്ഞതായി അമിത് ഷാ കുറ്റപ്പെടുത്തി. എന്തിനാണ് നിങ്ങള്‍ (ടിആര്‍എസ്) ഒമ്പത് മാസം മുമ്പ് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. എന്തിനാണ് ഈ അധിക ചിലവിന്റെ ഭാരം ജനങ്ങള്‍ക്ക് മുകളില്‍ കെട്ടിവയ്ക്കുന്നത് - അമിത് ഷാ ചോദിച്ചു.

4200 കര്‍ഷകര്‍ തെലങ്കാനയില്‍ കഴിഞ്ഞി നാല് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തതായും കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. തെലങ്കാന നൈസാം ഭരണത്തില്‍ നിന്ന് മോചിതമായി ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചതിന്റെ വാര്‍ഷികം ആഘോഷിക്കുന്നതിന് ടിആര്‍എസ് സര്‍ക്കാരിന്റെ വിമുഖത മുസ്ലീം വോട്ട് ബാങ്ക് ലക്ഷ്യമിട്ടും മുസ്ലീം പ്രീണനത്തിനുമാണെന്നും അമിത് ഷാ ആരോപിച്ചു.

അതേസമയം അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഐഎംഐം നേതാവും എംപിയുമായ അസദുദീന്‍ ഒവൈസി രംഗത്തി. നിങ്ങള്‍ ഹൈദരാബാദിലോ തെലങ്കാനയിലോ ജയിക്കാന്‍ പോകുന്നില്ല. ധൈര്യമുണ്ടെങ്കില്‍ ഹൈദരാബാദ് ലോക്‌സഭ സീറ്റില്‍ മത്സരിക്കാനും അമിത് ഷായെ ഒവൈസി വെല്ലുവിളിച്ചു. നിലവില്‍ തെലങ്കാനയില്‍ ബിജെപിക്ക് അഞ്ച് എംഎല്‍എമാരും ഒരു ലോക്‌സഭ എംപിയുമാണുള്ളത്. ഇത് നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിയില്ലെന്നും ഒവൈസി പറഞ്ഞു. അമിത് ഷായ്ക്ക് ചില കാര്യങ്ങള്‍ ഓര്‍മ്മയില്ലെന്ന് പറഞ്ഞ ഒവൈസി, നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ നേരത്തെ തിരഞ്ഞെടുപ്പ് നടത്തിയത് മറന്നുപോയോ എന്നും ചോദിച്ചു. നേരത്തെ തിരഞ്ഞെടുപ്പ് നടത്താനുള്ള റാവുവിന്റെ തീരുമാനം വളരെ സുചിന്തിതമായ നടപടിയാണെന്ന് അഭിപ്രായപ്പെട്ട ഒവൈസി, ബിജെപി ഭയപ്പെട്ടിരിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. തെലങ്കാനയില്‍ കഴിഞ്ഞ നാല് വര്‍ഷമായി വര്‍ഗീയ സംഘര്‍ഷങ്ങളില്ല. സമാധാനമുണ്ട്. ഞങ്ങളുടെ അടുത്ത മുഖ്യമന്ത്രി ചന്ദ്രശേഖര റാവു തന്നെ. ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിക്കാട്ടാന്‍ ആരെങ്കിലുമുണ്ടോ - ഒവൈസി ചോദിച്ചു.

കഴിഞ്ഞ നിയമസഭയിലെ കക്ഷി നില ഇങ്ങനെയാണ് - ടിആര്‍എസ് - 82, കോണ്‍ഗ്രസ് - 17, എഐഎംഐഎം - 7, ബിജെപി - 5, ടിഡിപി - 3, സിപിഎം -1, സിപിഐ -1, സ്വതന്ത്രന്‍ - 1. 120 അംഗ നിയമസഭ പിരിച്ചുവിട്ട ശേഷം ചന്ദ്രശേഖര റാവു ഉടന്‍ തന്നെ 105 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചിരുന്നു. ദേശീയ തലത്തില്‍ ബിജെപി ഇതര, കോണ്‍ഗ്രസ് ഇതര ഫെഡറല്‍ മുന്നണിയെക്കുറിച്ചെല്ലാം സംസാരിച്ചിരുന്ന ടിആര്‍എസ്, രാജ്യസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചത്, ബിജെപി പാളയത്തിലേയ്ക്ക് പോകുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത് ഒഴിവാക്കി, നേരത്തെയുള്ള തിരഞ്ഞെടുപ്പും നമ്മള്‍ ഡല്‍ഹിയുടെ അടിമകളാവരുത് എന്ന ചന്ദ്രശേഖര റാവുവിന്റെ പ്രസ്താവനയുമെല്ലാം ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്.

Next Story

Related Stories