Top

മോദിയല്ല ജയരാജൻ, അമിത് ഷായല്ല പിണറായി വിജയൻ, മുരളിയും അയാളുടെ അച്ഛനുമല്ല ജനങ്ങളുടെ രാഷ്ട്രീയം

മോദിയല്ല ജയരാജൻ, അമിത് ഷായല്ല പിണറായി വിജയൻ, മുരളിയും അയാളുടെ അച്ഛനുമല്ല ജനങ്ങളുടെ രാഷ്ട്രീയം
എല്ലാമങ്ങനെ വിരസവും ഉത്സാഹരഹിതവുമായി പോവുകയായിരുന്നു. പതിവ് വർത്തമാനങ്ങളുടെ ചെടിപ്പ്. പുറത്തു ചൂട്, അകത്ത് വേവ്. അപ്പോഴാണ് മുരളീധരൻ വടകരയിൽ സ്ഥാനാർത്ഥിയായി വന്നത്. പിന്നെയെല്ലാം മാറി. മേഘങ്ങൾ ഉരുണ്ടുകൂടി. കാറും കോളുമായി. ചിലതൊക്കെ പെയ്തു. പോർരഥത്തിന്റെ വഴികളിൽ പൊടിയുയർന്നു. രഥത്തിനു മുകളിലെ ധ്വജപ്രണാമം മാത്രം കാണാം. കുളമ്പടികളെ കേൾക്കാവു, കുന്തത്തലപ്പുകളെ കാണാവൂ. വാളുകൾ തമ്മിലുരഞ്ഞു വഴികളിൽ വെളിച്ചം കാണിച്ചു. ആകാശവും ഭൂമിയും ചുവപ്പിന്റെ പല രാശികളാൽ ചായം പൂശി. ഉറപൊഴിച്ചിട്ട ആത്മാവുകൾ രക്തക്കറയില്ലാതെ അവധൂതന്മാരായി കളമൊഴിഞ്ഞു. ആകാശത്ത് കഴുകന്മാരും താഴെ കുറുനരികളും രക്തച്ചാലുകളിലൂടെ നീങ്ങാൻ തുടങ്ങി. ഇടയ്ക്കൊരാക്രോശം, അമർന്നൊരമാറൽ, പിന്നെ കരവാള് വിറ്റു മണിവീണ വാങ്ങി, അതിൽ വൈഷ്ണവ ജനതോ വായിക്കുന്ന ശംഖചർക്കാധാരി. വീണാലൊരു വീരാളിപ്പട്ട്,വിജയിച്ചാൽ കച്ച മെഴുക്ക്, മാറത്ത് മാമ്പുള്ളി പോർചുണങ്ങ്, മറ്റു ചർമ്മരോഗങ്ങൾ എന്നിവയുടെ വർണ്ണനയോടെ വരവേൽപ്പ്.


എങ്ങനെയാണ് അയഥാർത്ഥമായ ഒരു ആഖ്യാനമുണ്ടാക്കുന്നത് എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് വടകരയിൽ മുരളീധരൻ സ്ഥാനാർത്ഥിയായി വന്നതിനുശേഷമുള്ള വർത്തമാനങ്ങൾ.കേരളത്തിലെ മറ്റേത് കോൺഗ്രസ് നേതാവിനെയും പോലെ കോൺഗ്രസുകാരനാണ് മുരളീധരൻ. അയാൾക്കൊരു വിശേഷവുമില്ല. ഉള്ള എന്തെകിലും വിശേഷമാകട്ടെ അയാൾക്കൊരു വിശേഷവുമില്ല എന്നതാണ് താനും. എന്നാൽ ഇതൊന്നുമല്ല സംഗതി എന്നും ആരും പ്രതീക്ഷിക്കാതെ, ഇതാ നീണ്ട കാലത്തെ ലൗകികവിരക്തിയിൽ നിന്നും കാലത്തിന്റെ വിളികേട്ടുകൊണ്ട് ഇതാ അദ്ദേഹം എന്ന മട്ടിലാണ് മുരളീധരന്റെ വടകരയിലെ സ്ഥാനാർത്ഥത്തിത്വത്തെ വലതുപക്ഷ മാധ്യമങ്ങൾ (കേരളത്തിലെ ഇടതുപക്ഷ മാധ്യമം ഏതാണ് എന്ന് ചോദിക്കരുത്, ഇതൊന്നു കഴിഞ്ഞോട്ടെ) ആഘോഷിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഉണ്ടാകാറുണ്ട് എന്ന് കരുതുന്ന മുൻകൈ, സ്ഥാനാർത്ഥി നിർണയത്തിനുള്ള പൊല്ലാപ്പുകളിലും മത്സരിക്കാൻ വേണ്ടത്ര വേണ്ടപ്പെട്ടവരില്ലേ എന്ന അത്യത്ഭുതത്താലും നഷ്ടപ്പെടുത്തി എന്ന് തോന്നിയ പശ്ചാത്തലത്തിലാണ് ഈ പുതിയ ആഘ്യണതന്ത്രം. വാസ്തവത്തിൽ ആഘോഷിക്കപ്പെടുന്നത് മുരളിയല്ല. ഈ തെരഞ്ഞെടുപ്പ് പി ജയരാജൻ പ്രതീകമായ സിപിഐഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെയാണ് എന്ന പശ്ചാത്തലമുണ്ടാക്കാനുള്ള വലതുപക്ഷ രാഷ്ട്രീയ അജണ്ടയാണ്.

അപകടകരമായ ഒരു രാഷ്ട്രീയലളിതവത്കരണമാണത്. 2019-ൽ നടക്കുന്ന ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിന്റെ സവിശേഷ രാഷ്ട്രീയ പശ്ചാത്തലം സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ മുന്നേറ്റങ്ങളെയും ജനാധിപത്യ സംഘർഷങ്ങളെയും അതിന്റെ ഭരണഘടനാപരമായ മതേതര അടിത്തറയുടെയും അസ്തിത്വം ഇനിയങ്ങോട്ട് എന്തായിരിക്കണമെന്ന് നിശ്ചയിക്കുന്ന നിർണായകമായ തെരഞ്ഞെടുപ്പാണിത്. ഇത്തരം ചരിത്ര പ്രതിസന്ധികൾ എല്ലാ അഞ്ചുകൊല്ലം കൂടുമ്പോഴും ഉണ്ടാകുന്ന ഒന്നല്ല. അവ തെരഞ്ഞെടുപ്പിൽ മാത്രമല്ല ഉണ്ടാകുന്നതും. തെരഞ്ഞെടുപ്പിന് പുറത്തും ഇത്തരത്തിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടലുകളും അവയിൽ ഏറെയൊന്നും തെരഞ്ഞെടുപ്പുകൾക്ക് സാധ്യമല്ലാത്ത സാധ്യതകൾ മാത്രമുള്ള അവസ്ഥകളും ഉണ്ടാകും. ഈ പൊതുതെരഞ്ഞെടുപ്പിൽ നമ്മുടെ മുന്നിലുള്ളത് ഇത്തരത്തിലൊരു പോരാട്ടമാണ്.

അത് തെരഞ്ഞെടുപ്പിലാണ് എന്നതുകൊണ്ട് അത് അതിസാധാരണമോ ലളിതമോ സാമ്പ്രദായികമോ ആയിമാറുന്നില്ല. ഹിന്ദുത്വ രാഷ്ട്രീയ ഭീകരതയും കോർപ്പറേറ്റ് മൂലധന ഭീകരതയും കൈകോർക്കുന്ന ഒരു സാഹചര്യത്തിനെ എങ്ങനെ നേരിടണം എന്നതാണ് ഈ തെരഞ്ഞെടുപ്പുയർത്തുന്ന . രാജ്യത്തെ മതാടിസ്ഥാനത്തിൽ വേർതിരിക്കുകയും ജാതി വ്യവസ്ഥയുടെ മിനുക്കിയെടുത്ത രൂപങ്ങളിലേക്ക് സമൂഹത്തെ പരിവർത്തിപ്പിക്കുകയും ചെയ്യണ, മതന്യൂനപക്ഷങ്ങളെയും തൊഴിലാളി മുന്നേറ്റങ്ങളെയും വേട്ടയാടുന്ന ഹിന്ദുത്വ-കോർപ്പറേറ്റ് രാഷ്ട്രീയ കൂട്ടുകെട്ടിനെതിരെയാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന രാഷ്ട്രീയ മുദ്രാവാക്യം.

അതുകൊണ്ടുതന്നെ ഹിന്ദുത്വ രാഷ്ട്രീയ ഭീകരതയേയും അത് ഒരു ഭരണസമ്പ്രദായം എന്ന നിലയിൽ ജനാധിപത്യപരമായ അസ്തിത്വത്തെ ഇല്ലാതാക്കുന്നതിനെയും വിമതസ്വരങ്ങളെ യാതൊരു മറയും കൂടാതെ തടവിലടക്കുന്നതിനെയുമൊക്കെ നേർക്കുനേരെനിന്നു എതിർക്കുക എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയം. പ്രധാനമന്ത്രിയെ കൊല്ലാൻ ഗൂഢാലോചന നടത്തി എന്ന കള്ളക്കേസ് ചുമത്തി മനുഷ്യാവകാരസ, രാഷ്ട്രീയപ്രവർത്തകരെ UAPA ചുമത്തി തടവിലിട്ട കാലത്താണീ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് ജയിക്കാൻ ഒരു രാജ്യത്തെ യുദ്ധത്തിലേക്കുവരെ തള്ളിവിടുന്ന ഒരു ഫാഷിസ്റ്റ് രാഷ്ട്രീയപദ്ധതിയുടെ മുന്നിൽ, ദേശാഭിമാനം ഹിന്ദുത്വ രാഷ്ട്രീയം വിതരണം ചെയ്യുന്ന ഒരു പൗരത്വ രേഖയാകുന്ന കാലത്ത് അക്രമരാഷ്ട്രീയത്തെക്കുറിച്ചുള്ള ലളിതവത്കരണങ്ങൾ ചരിത്രപരമായ രാഷ്ട്രീയപിഴവുകളാണ്.

ഒരു ഭരണകൂടത്തെത്തന്നെ ഹിന്ദുത്വ രാഷ്ട്രമെന്ന ലക്ഷ്യത്തിലേക്കും ഒപ്പം മൂലധനഭീകരതയിലേക്കും ഒരുമിച്ചു നയിക്കുന്ന, മതന്യൂനപക്ഷങ്ങളുടെയും തൊഴിലാളി സംഘടനകളുടെയും നിനിൽപ്പ് ദേശവിരുദ്ധമാണെന്നു സ്ഥാപിക്കുന്ന സംഘപരിവാറിന്റെ അക്രമരാഷ്ട്രീയം ഒരു രാഷ്ട്രീയ പദ്ധതിയാണ്. അതൊരു മാഫിയ സംഘത്തിന്റെയോ, രാഷ്ട്രീയ മേൽക്കൈക്ക് വേണ്ടിയുള്ള അക്രമരാഷ്ട്രീയത്തിന്റെയോ ഭാഗമല്ല. അത് അക്രമം എന്നല്ല അതൊരു പ്രത്യയശാസ്ത്ര പദ്ധതിയാണ്. അതിനെ പ്രാദേശികമോ, എന്തിനു സംസ്ഥാനത്തുള്ളതോ ആയ മാഫിയ സ്വഭാവമുള്ള മേൽക്കോയ്മ നിലനിർത്തൽ കുറ്റകൃത്യങ്ങളോട് ഉപമിക്ക വയ്യ. അതുകൊണ്ട് മോദിയല്ല ജയരാജൻ, അമിത് ഷായല്ല പിണറായി വിജയൻ. ജയരാജനെ തോൽപിക്കണം എന്ന് പറയാം. അത്തരമൊരു തീരുമാനം എന്തുകൊണ്ടാണെന്ന് അതിന്റെ രാഷ്ട്രീയ കാരണങ്ങൾ നിർത്തിക്കൊണ്ട് പറയാം. അതിനു സംഘപരിവാറിന്റെ ബലിദാനികളെ ഓർമ്മയിൽ കുങ്കുമം ചാർത്തിക്കൊണ്ടാകരുത്.

എത്ര എളുപ്പത്തിലാണ് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെ നടത്തിപ്പു സംഘങ്ങളിൽ നിന്നും ആർ എസ് എസ്, ഈ കൊലപാതകരാഷ്ട്രീയ വിരുദ്ധ ജാഥയിൽ അണിചേർന്നുകൊണ്ട് ഊരിപ്പോകുന്നത്. ഒരു രാഷ്ട്രീയകക്ഷിക്ക് അതിന്റെ മുന്നോട്ടുപോക്കിൽ നിരന്തരമായ സാമൂഹ്യസംഘർഷങ്ങളിൽ പങ്കുചേരേണ്ടതുണ്ട്. അതില്ലാത്തപക്ഷം അവർക്ക് രാഷ്ട്രീയത്തെ വിശ്വാസമാക്കി മാറ്റേണ്ടി വരും. സംവാദങ്ങൾക്ക് പകരം പ്രതിബദ്ധതയിൽ മാറ്റ് നോക്കേണ്ടി വരും. അതങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ നിരന്തരമായ ജനാധിപത്യസമരങ്ങളിൽ രാഷ്ട്രീയ വീണ്ടെടുപ്പുകൾ നടത്തിയേ മതിയാകൂ. അതല്ലെങ്കിൽ ആർ എം പിയെപ്പോലെ എതിരാളികൾ നിശ്ചയിക്കുന്ന അജണ്ടയിൽ ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കും.

ടി പി ചന്ദ്രശേഖരന്റെ കൊലപാതകം ഒരു തെരഞ്ഞെടുപ്പ് വിഷയമാക്കുന്നതിൽ ഒരു തെറ്റുമില്ല. കേരളത്തിലെ സിപി എം എത്തിച്ചേർന്ന അച്ചടക്കത്തേയും സംഘടനാശേഷിയെയും മൂലധന, ധനിക മേൽക്കോയ്മ രാഷ്ട്രീയത്തിലേക്ക് സംക്രമിപ്പിയ്ക്കുന്ന ജനാധിപത്യവിരുദ്ധമായ രീതിക്കെതിരെ അതിശക്തമായി സംസാരിക്കുകയും വേണം. പക്ഷെ, നിങ്ങൾ സി പി എം സംരക്ഷണ സമിതിയാണോ എന്നതാണ് ചോദ്യം. കേരളത്തിലെ ജനാധിപത്യവിരുദ്ധ രാഷ്ട്രീയം സി പി എം, സംഘപരിവാർ സംഘർഷം മാത്രമല്ല, അത് കേരളത്തിലെ എല്ലാ രാഷ്ട്രീയകക്ഷികളും ഉൾക്കൊള്ളുന്ന, ജനങ്ങളുടെ രാഷ്ട്രീയ ഇടപെടലിനെ അപ്രസക്തമാക്കുന്ന ഒരു സാമൂഹ്യസംവിധാനമാണ്. അതിന്റെ ഉത്പന്നം കൂടിയാണ് ഇത്.

ടി പി യുടെ കൊലപാതകം എന്ന വിഷയത്തിൽ നിന്നുകൊണ്ടുമാത്രം രാഷ്ട്രീയത്തെ സമീപിക്കാൻ ആർ എം പിയെ നിർബന്ധിതമാക്കുക എന്നത് അവരുടെ എതിരാളികളുടെ വിജയവും അവരുടെ രാഷ്ട്രീയ വളർച്ചയില്ലായ്മയുമാണ് കാണിക്കുന്നത്. ഒരു രാഷ്ട്രീയകക്ഷി കാലത്തോട് സംവദിച്ചെ മതിയാകൂ, ഇല്ലെങ്കിൽ ഭൂതകാലത്തിൽ കുരുങ്ങിക്കിടക്കുന്ന കാഴ്ച്ചവസ്തുക്കൾ മാത്രമാകും അവർ. കാലത്തോട് സംവദിക്കുന്നതിൽ അതിദ്രുതം പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന സി പി ഐ എമ്മാണ് ടി പിയുടെ കൊലപാതകം സാധ്യമാക്കിയത്. എന്നാൽ എല്ലാ കൊലപാതകങ്ങൾക്ക് ശേഷവും ഒരു ബദൽ രാഷ്ട്രീയം സാധ്യമാവേണമെന്നില്ല എന്നത് ഒരു ക്രൂരമായ തെറ്റല്ല, തമാശയുമല്ല. രാഷ്ട്രീയ മുന്നേറ്റങ്ങളെ, മാറ്റങ്ങളെ സാധ്യമാക്കുന്നത് political -economy-യിലെ മൂർത്തമായ പരിതഃസ്ഥിതികളും അതിലെ വൈരുധ്യങ്ങളും സംഘർഷങ്ങളും കൂടിയാണ്. വൈകാരികത അത്തരം വൈരുധ്യങ്ങളുടെയും സംഘർഷങ്ങളുടെയും ഭാഗമാണ്. പക്ഷെ വൈകാരികതയല്ല സാഹചര്യങ്ങളെ സാധ്യമാക്കുന്നത്, സാഹചര്യങ്ങളുടെ മുന്നോട്ടുപോക്കിനുള്ള നീറ്റലാണ് വൈകാരികത. അതാകട്ടെ കേവലമായ വ്യക്തിപരതയ്ക്കപ്പുറം രാഷ്ട്രീയമാവണം താനും.

ബലാത്‌സംഗ കുറ്റാരോപിതർ, പ്രതിപട്ടികയിൽ ഇടംപിടിച്ചവർ, ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ഏറ്റവും ഹീനമായ തരത്തിൽ സ്ത്രീവിരുദ്ധതയും ജനാധിപത്യവിരുദ്ധതയും ചാലിച്ചുചേർത്ത് ആക്രോശിച്ചവർ ഇങ്ങനെ നാനാവിധത്തിലുള്ള രാഷ്ട്രീയ കുറ്റവാളികളുടെ കൂടാരമാണ് യു ഡി എഫ് സ്ഥാനാർത്ഥിപ്പട്ടിക. അരാഷ്ട്രീയതയുടെയും ധനിക പക്ഷപാതിത്വത്തിന്റെയും മേമ്പൊടി ചാലിച്ച എൽ ഡി എഫ് പട്ടികയെ എതിർക്കാൻ അത് ധാരാളമാണ് എന്നും കരുതാം. പക്ഷെ അത്തരത്തിൽ വിശുദ്ധന്മാരെ സൃഷ്ടിച്ചെടുക്കാനുള്ള അശ്ലീലതന്ത്രങ്ങളിൽ നിങ്ങൾ വീഴേണ്ടതില്ല.

രാഷ്ട്രീയത്തെ വെറും വൈകാരിക നേരമ്പോക്കുകളുടെ വർത്തമാനമാക്കി മാറ്റുന്ന പുത്തൻ കുഴലൂത്തുകാരും വലതുപക്ഷത്തുനിന്നും ഇടതുപക്ഷത്തേക്ക് വാടകയ്‌ക്കെടുത്ത ഹൃദയങ്ങളും നടത്തുന്ന മുരളുയുടെ അച്ഛൻ കരുണാകരൻ, ഈച്ചരവാര്യരെ ഓർമ്മയുണ്ടോ തുടങ്ങിയ വർത്തമാനങ്ങൾ ഓർമ്മകളുടെ ഏറ്റുമുട്ടലിൽ ആർക്കാണ് ജയം എന്നാണു ചോദിക്കുന്നത്. മുരളി നിന്നില്ലെങ്കിൽ നിങ്ങൾ അടിയന്തരാവസ്ഥയെ ഓർക്കില്ലായിരുന്നു എന്നാണോ? അടിയന്തരാവസ്ഥയുടെ പേരിൽ കോൺഗ്രസിന് വേണ്ടാത്ത ചരിത്രഭാരമൊന്നും വാസ്തവത്തിൽ മുരളിക്ക് വേണ്ട. പക്ഷെ പ്രളയത്തിൽ ജഗദോധാരകനും നവോത്ഥാനത്തിൽ അധ്യാപകനും സ്ത്രീകൾക്ക് സീറ്റ് നൽകാഞ്ഞപ്പോൾ ഗോപികമാരെ പറ്റിച്ച കൃഷ്ണനുമൊക്കെയായി വേഷം മാറുന്ന പാദപൂജയും പരിഭവങ്ങളുമാണ് രാഷ്ട്രീയ പോരാട്ടം എന്ന് കരുതുന്നവർക്ക് വടകരയിൽ മുരളിയും അയാളുടെ അച്ഛനും മതി ഈ തെരഞ്ഞെടുപ്പ് കാലം ജീവിച്ചുപോകാൻ. പക്ഷെ ജനങ്ങൾക്ക് രാഷ്ട്രീയം തന്നെ സംസാരിക്കേണ്ടതുണ്ട്. ©“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

Next Story

Related Stories