Top

"ബോഫോഴ്‌സ് രാജീവ് ഗാന്ധിയെ മുക്കി, റാഫേല്‍ മോദിയെ പൊക്കും": നിര്‍മ്മല സീതാരാമന്‍

"ബോഫോഴ്‌സ് രാജീവ് ഗാന്ധിയെ മുക്കി, റാഫേല്‍ മോദിയെ പൊക്കും": നിര്‍മ്മല സീതാരാമന്‍
ബോഫോഴ്‌സ് ഇടപാട് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തകര്‍ത്തെങ്കില്‍ റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളും വിവാദങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശക്തമായി തിരിച്ചുകൊണ്ടുവരാനാണ് പോകുന്നതെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. റാഫേല്‍ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞ നിര്‍മ്മല സീതാരാമന്റെ പ്രസംഗം രണ്ട് മണിക്കൂര്‍ നീണ്ടു. ഉദ്ദേശിച്ച പണം കിട്ടാത്തത് കൊണ്ടാണ് മുന്‍ കരാറില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറിയത് എന്ന് നിര്‍മ്മല സീതാരാമന്‍ ആരോപിച്ചു. ദേശീയ സുരക്ഷേയ്ക്കാള്‍ അവരുടെ ഖജനാവിന്റെ സുരക്ഷയിലാണ് അവര്‍ക്ക് താല്‍പര്യമെന്നും പ്രതിരോധ മന്ത്രി പരിഹസിച്ചു. ബോഫോഴ്‌സ് അഴിമതിയാണ്. റാഫേല്‍ അങ്ങനെയല്ല. ബോഫോഴ്‌സ് കാരണം കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് തോറ്റു. എന്നാല്‍ റാഫേല്‍ മോദിയെ വീണ്ടും ജയിപ്പിക്കാന്‍ പോവുകയാണ് - നിര്‍മ്മല സീതാരാമന്‍ അഭിപ്രായപ്പെട്ടു.

ഡിഫന്‍സ് ഡീലുകളും ഡിഫന്‍സില്‍ ഡീല്‍ ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഞങ്ങള്‍ ഡിഫന്‍സ് ഡീലുകള്‍ ചെയ്യാറില്ല. ദേശീയ താല്‍പര്യത്തിന് വേണ്ടി പ്രതിരോധ കരാറുകളില്‍ ഏര്‍പ്പെടുകയാണ് ചെയ്യുന്നത്. റാഫേല്‍ അന്വേഷണം ആവശ്യമില്ലെന്ന് പറഞ്ഞ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ കാര്യം നിര്‍മ്മല സീതാരാമന്‍ ഓര്‍മ്മിപ്പിച്ചു. കോണ്‍ഗ്രസ് പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിന്റെ (ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്‌സ് ലിമിറ്റ്ഡ്) പേരില്‍ മുതലക്കണ്ണീരൊഴുക്കുകയാണ്. എച്ച്എഎല്ലിന് വേണ്ടി കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ല. എന്‍ഡിഎ സര്‍ക്കാരിന്റെ കരാറില്‍ റാഫേല്‍ വിമാനങ്ങളുടെ അടിസ്ഥാന വില 670 കോടി രൂപയാണെന്നും എന്നാല്‍ യുപിഎ സര്‍ക്കാരിന്റെ കരാറില്‍ ഇത് 737 കോടി രൂപയായിരുന്നു എന്നും ഇത് ഒമ്പത് ശതമാനം അധികമാണെന്നും നിര്‍മ്മല സീതാരാമന്‍ ആരോപിച്ചു.

അതേസമയം കോണ്‍ഗ്രസിന്റെ പ്രധാന ആരോപണങ്ങളിലൊന്ന്് യുപിഎ കാലത്തെ 526 കോടി രൂപ മോദി സര്‍ക്കാരിന്റെ കാലത്ത് 1600 കോടി ആയെന്നാണ്. ഇതെങ്ങനെ എന്നാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങളിലൊന്ന്. വ്യോമസേന 126 വിമാനങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. ഇത് ആരാണ് 36 ആക്കി കുറച്ചത് എന്നും രാഹുല്‍ ചോദിച്ചിരുന്നു. തന്നെ നുണ പറയുന്നയാളായും പ്രധാനമന്ത്രി മോദിയെ കള്ളനായും ചിത്രീകരിച്ച് രാഹുല്‍ ഗാന്ധി അധിക്ഷേപിച്ചെന്ന് നിര്‍മ്മല സീതാരാമന്‍ കുറ്റപ്പെടുത്തി. താനും പ്രധാനമന്ത്രി മോദിയും സാധാരണ കുടുംബങ്ങളില്‍ നിന്ന്് വന്നവരാണെന്നും രാഹുല്‍ ഗാന്ധിയെ പോലെ സമ്പന്ന കുടുംബത്തില്‍ നിന്നല്ലെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. അതേസമയം താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും പ്രതിരോധ മന്ത്രി മറുപടി പറഞ്ഞില്ലെന്ന് പാര്‍ലമെന്റിന് പുറത്ത് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

Next Story

Related Stories