Top

ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കുന്നതിനെതിരെ ബോംബെ ഐഐടി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കുന്നതിനെതിരെ ബോംബെ ഐഐടി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം
ബോംബെ ഐഐടിയുടെ ബിരുദ ദാന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. ഉന്നതവിദ്യാഭ്യാസ മേഖലയേയും രാജ്യത്തെ പ്രധാന സര്‍വകലാശാലകളേയും തകര്‍ക്കുന്ന നയം പിന്തുടരുകയാണ് മോദി സര്‍ക്കാര്‍ എന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. സമൂഹത്തിലെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തേയും രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ അവകാശങ്ങളേയും തകര്‍ക്കുന്ന പ്രവര്‍ത്തനമാണ് മോദി സര്‍ക്കാര്‍ കഴിഞ്ഞ നാല് വര്‍ഷത്തിലധികമായി നടപ്പാക്കി വരുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പൊതുപ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു. മന്ത്രിമാരോ മുഖ്യമന്ത്രിമാരോ പ്രധാനമന്ത്രിമാരോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുന്നത് സാധാരണയാണെന്നും എന്നാല്‍ മോദിയുടെ വരവ് ദുരുദ്ദേശപരമാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കാംപസിലേയ്ക്ക് വരുന്നതിനെതിരെ, അദ്ദേഹത്തിന്റെ പ്രസംഗം തടയാന്‍ ശ്രമിച്ചോ മറ്റോ തടസം സൃഷ്ടിക്കാനല്ല തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും ചില ചോദ്യങ്ങള്‍ ഉന്നയിക്കാനാണ് ശ്രമിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിദ്യാഭ്യാസ മേഖലയ്ക്കായി തുച്ഛമായ തുക മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കുന്നു. പൊതുമേഖല സര്‍വകലാശാലകള്‍ വന്‍ തോതില്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നു. ഐഐടി ബോംബെയിലെ വിദ്യാര്‍ത്ഥികള്‍ ഈ ഫീസ് വര്‍ദ്ധനയ്ക്ക് ഇരകളാണ്. ഈ സാഹചര്യത്തില്‍ എല്ലാവര്‍ക്കും ഉന്നത വിദ്യാഭ്യാസം എന്നതാണോ മോദി സര്‍ക്കാരിന്റെ നയം, അതല്ല കുറച്ച് പേര്‍ക്ക് മാത്രം വിദ്യാഭ്യാസം കിട്ടുന്ന ബ്രാഹ്മണ മേധാവിത്ത കാലമാണോ മോദി സര്‍ക്കാരിന്റെ തുച്ഛമായ വിദ്യാഭ്യാസ തുകയുടെ പകുതിയിലധികം ഐഐടികള്‍ക്ക് മാത്രം ആവശ്യം വരും. ഫെലോഷിപ്പുകളും സ്‌കോളര്‍ഷിപ്പുകളും വെട്ടിക്കുറിക്കുന്നത അടക്കമുള്ള വലിയ പ്രശ്‌നങ്ങളുണ്ട്. ഈ സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തില്‍ ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നതും ദലിതരടക്കമുള്ള സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളാണ്.

യുജിസിയെ ഇല്ലാതാക്കി പകരം ഹയര്‍ എജുക്കേഷേന്‍ കമ്മിറ്റി ഓഫ് ഇന്ത്യ സ്ഥാപിക്കാനുള്ള നീക്കമാണ് മറ്റൊന്ന്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാനും ഇഷ്ടമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സര്‍ക്കാരിന് നേരിട്ട് കൈകാര്യം ചെയ്യാനും അടച്ചുപൂട്ടാനും അധികാരം നല്‍കുന്നതിനും സഹായകമായ നീക്കമാണിത്.

മറ്റൊരു പ്രശ്‌നം തൊഴിലുമായി ബന്ധപ്പെട്ടുള്ളതാണ്. ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. മൂന്ന് ലക്ഷം വാര്‍ഷിക റിക്രൂട്ട്‌മെന്റില്‍ നിന്ന് ഒന്നര ലക്ഷം വാര്‍ഷിക റിക്രൂട്ട്‌മെന്റിലേയ്ക്ക് ഐടി മേഖലയിലെ തൊഴിലവസരങ്ങള്‍ ചുരുങ്ങി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി എന്താണ് ഇതുവരെ ചെയ്തതെന്നും എന്താണ് ചെയ്യാന്‍ പോകുന്നത് എന്നും അറിയാന്‍ താല്‍പര്യമുണ്ട്. അക്രമങ്ങളേയും അസഹിഷ്ണുതയേയും പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ദലിതരും ആദിവാസികളും മുസ്ലീങ്ങളും ആക്രമിക്കപ്പെടുന്നു. ഇവര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് പ്രധാനമന്ത്രിയുടെ പാര്‍ട്ടിയില്‍ നിന്ന് ഇത്തരത്തില്‍ പിന്തുണ കിട്ടുന്നതെങ്ങനെയാണ് എന്നറിയാന്‍ താല്‍പര്യപ്പെടുന്നു. മനുഷ്യന്മാരെ കൊല്ലാന്‍ മാത്രം പശുവും ബീഫും എങ്ങനെയാണ് ഇത്ര വലിയ പ്രശ്‌നമായി മാറുന്നതെന്നും അറിയണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ വിഷയങ്ങളിലെല്ലാമുള്ള മൗനം ഗൗരവമുള്ള പ്രശ്‌നമാണെന്നും വിദ്യാര്‍ത്ഥികള്‍ ചൂട്ടിക്കാട്ടുന്നു.

Next Story

Related Stories