TopTop

"സർക്കാർ ജിയോയെ പിന്തുണക്കുന്നു"; ബി എസ് എൻ എൽ ജീവനക്കാർ സമരത്തിലേക്ക്

"സർക്കാർ ജിയോയെ പിന്തുണക്കുന്നു"; ബി എസ് എൻ എൽ ജീവനക്കാർ സമരത്തിലേക്ക്
ടെലികോം മേഖലയിലെ കുഴപ്പങ്ങൾക്ക് റിലയൻസ് ജിയോയെ പഴിക്കുന്ന ബി എസ് എൻ എൽ തൊഴിലാളി സംഘടനകൾ, മറ്റു സ്ഥാപനങ്ങളെക്കാൾ ഈ പുതിയ കമ്പനിയെ സർക്കാർ പിന്തുണയ്ക്കുകയാണെന്ന് ആരോപിച്ചുകൊണ്ട് ഡിസംബർ 10 മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. റിലയൻസ് ജിയോക്ക് മത്സരം ഒഴിവാക്കിക്കൊടുക്കാനായി സർക്കാർ 4ജി സേവനങ്ങൾക്കുള്ള സ്പെക്ട്രം ബി എസ് എൻ എല്ലിന് നൽകിയില്ല എന്ന് തൊഴിലാളി സംഘടനകൾ ആരോപിക്കുന്നതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോപണങ്ങളെക്കുറിച്ച് റിലയൻസ് ജിയോ പ്രതികരിച്ചില്ല.

“ഇപ്പോൾ ടെലികോം വ്യവസായം മുഴുവനും പ്രതിസന്ധിയുടെ പിടിയിലാണ്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ നടത്തിയ ഇരപിടിയൻ വിലനിർണ്ണയമാണ് ഇതിനെല്ലാം കാരണം. പൊതുമേഖലയിലുള്ള ബി എസ് എൻ എൽ അടക്കമുള്ള എല്ലാ എതിരാളികളെയും തുടച്ചുമാറ്റലാണ് റിലയൻസ് ജിയോയുടെ ലക്‌ഷ്യം,” ബി എസ് എൻ എൽ സംഘടനകൾ ഒരു സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

തങ്ങളുടെ വമ്പൻ സാമ്പത്തിക ബലത്തിൽ റിലയൻസ് ജിയോ ചെലവിനേക്കാളും കുറഞ്ഞ നിരക്കിലാണ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്ന് ബി എസ് എൻ എല്ലിലെ സംഘടനകൾ- All Unions and Associations of BSNL (AUAB)- ആരോപിച്ചു. സ്വകാര്യ ടെലികോം കമ്പനികളായ Aircel, Tata Teleservices, അനിൽ അംബാനിയുടെ Reliance Communications, Telenor എന്നിവ ഇതിനക തന്നെ തങ്ങളുടെ മൊബൈൽ സേവന വ്യാപാരം അവസാനിപ്പിച്ചെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എതിരാളികൾ ഇല്ലാതായാൽ റിലയൻസ് ജിയോ കോളുകൾ, ഡാറ്റ നിരക്കുകൾ കുത്തനെ കൂട്ടുമെന്നും അവർ ആരോപിച്ചു.

"കോളുകൾ, ഡാറ്റ നിരക്കുകൾ കുത്തനെ ഉയർത്തിക്കൊണ്ട് അവർ ജനങ്ങളെ കൊള്ളയടിക്കും. റിലയൻസ് ജിയോയെ നരേന്ദ്ര മോദി സർക്കാർ പരസ്യമായി പിന്തുണയ്ക്കുന്നു എന്നത് കടുത്ത ആശങ്കയുണ്ടാക്കുന്ന സംഗതിയാണ്." പ്രസ്താവനയിൽ പറയുന്നു.

ഈ വിഷയത്തിൽ പ്രധാനമന്ത്രിയുടെ കാര്യാലയത്തിൽ നിന്നും പ്രതികരണമൊന്നും വന്നിട്ടില്ല.

4 ജി സ്പെക്ട്രം അനുവദിച്ചുകിട്ടാൻ ബി എസ് എൻ എൽ ആവശ്യപ്പെടുന്നുണ്ടെങ്കിലും “റിലയൻസ് ജിയോക്ക് കടുത്ത മത്സരമുണ്ടാക്കുന്നതിൽ നിന്നും പൊതുമേഖലാ സ്ഥാപനത്തെ തടയുക എന്ന ദുഷ്ടലാക്കോടെ സർക്കാർ ഈ ആവശ്യത്തിന് നേരെ മുഖം തിരിക്കുകയാണ്,” എന്ന് AUAB പറഞ്ഞു. “4 ജി സേവനങ്ങൾ നൽകാനായി അടിയന്തരമായി ബി എസ് എൻ എല്ലിന് 4 ജി സ്പെക്ട്രം അനുവദിക്കുക, ബി എസ് എൻ എൽ പെൻഷൻ തുകയടവിൽ സർക്കാർ ചട്ടം നടപ്പാക്കുക, 2017 ജനുവരി 1 മുതൽ ശമ്പളം, പെൻഷൻ എന്നിവ പുതുക്കി നിശ്ചയിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.”

റിലയൻസ് ജിയൊക്കെതിരെ നീങ്ങിയ എല്ലാവർക്കും, മുൻ ടെലികോം സെക്രട്ടറി ജെ എസ് ദീപക് അടക്കം, അതിന്റെ വില നൽകേണ്ടി വന്നിട്ടുണ്ട് എന്നും പ്രസ്താവന പറയുന്നു. “ഇരപിടിയൻ വിലനിർണ യത്തിന്റെ പേരിൽ റിലയൻസ് ജിയൊക്കെതിരെ നടപടിയെടുക്കണെമെന്ന് ആവശ്യപ്പെട്ട് ജെ എസ് ദീപക് ട്രായിക്ക്‌ എഴുതി. ഉടനടി ദീപക്കിനെ ടെലികോം വകുപ്പിൽ നിന്നും മാറ്റുകയായിരുന്നു സംഭവിച്ചത്. റിലയൻസ് ജിയോക്കെതിരെ സംസാരിച്ചാൽ എന്ത് സംഭവിക്കും എന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു നരേന്ദ്ര മോദി സർക്കാർ നൽകിയത്.” 2017-ൽ സ്‌പെയിനിലെ ആഗോള മൊബൈൽ കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെയാണ് മോദി സർക്കാർ ദീപക്കിനെ ലോക വ്യാപാര സംഘടനയിലെ ഇന്ത്യയുടെ പ്രതിനിധിയായി നിയമിച്ചത്.

2011-12-ൽ 8800 കോടി രൂപയുടെ നഷ്ടം നേരിട്ട ബി എസ് എൻ എൽ, ജീവനക്കാരുടെയും അധികൃതരുടെയും സംയുക്ത ശ്രമങ്ങളുടെ ഫലമായി 2014-15-ൽ 672.57 കോടി രൂപയുടെ പ്രവർത്തനലാഭം ഉണ്ടാക്കിയെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി.

“ബി എസ് എൻ എൽ അതിന്റെ പ്രകടനം മെച്ചപ്പെടുത്തിയെന്നതിനു അതിന്റെ ഉപഭോക്താക്കളുടെ അടിത്തറ വിപുലമായതു തന്നെ തെളിവാണ്. എല്ലാ സ്വകാര്യ കമ്പനികൾക്കും 4ജി ഉള്ളപ്പോൾ 2ജിയും 3ജിയും മാത്രം വെച്ചാണ് ബി എസ് എൻ എൽ ഈ നേട്ടമുണ്ടാക്കിയതെന്നും ഓർക്കണം.”

പെൻഷൻ തുകയടവു കാര്യത്തിൽ സർക്കാർ ചട്ടം നടപ്പാക്കണം എന്ന ആവശ്യവും AUAB ഉന്നയിക്കുന്നുണ്ട്. “നരേന്ദ്ര മോദി സർക്കാർ സ്വന്തം ചട്ടങ്ങൾപ്പോലും ലംഘിച്ചുകൊണ്ട്, പെൻഷൻ തുകയടവ് എന്ന പേരിൽ വൻതുകയാണ് ബി എസ് എൻ എല്ലിൽ നിന്നും കൊണ്ടുപോകുന്നത് എന്നത് തീർത്തും പ്രതിഷേധാർഹമാണ്. ഇത് കമ്പനിയുടെ സാമ്പത്തികാരോഗ്യത്തെ ഗുരുതരമായ രീതിയിൽ പ്രതികൂലമായി ബാധിക്കുന്നു,” തൊഴിലാളി സംഘടനകൾ പറഞ്ഞു.

https://www.azhimukham.com/india-trai-is-helping-reliance-jio-to-get-monopoly-in-telecom-sector/

https://www.azhimukham.com/trending-reliance-jio-offer-and-the-loot/

https://www.azhimukham.com/edit-when-india-is-becoming-a-banana-republic-where-ambani-rule-education-sector/

Next Story

Related Stories