Top

ബുലന്ദ്ഷഹര്‍: നന്ദി വേണമെന്ന് യോഗി; മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് മുന്‍ ഉദ്യോഗസ്ഥര്‍; മോദിയുടെ നിശബ്ദതയ്ക്ക് വിമര്‍ശനം

ബുലന്ദ്ഷഹര്‍: നന്ദി വേണമെന്ന് യോഗി; മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് മുന്‍ ഉദ്യോഗസ്ഥര്‍; മോദിയുടെ നിശബ്ദതയ്ക്ക് വിമര്‍ശനം
ബുലന്ദ്ഷഹര്‍ കലാപവുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥത്തില്‍ തന്റെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് പകരം എല്ലാവരും പ്രശംസിക്കുകയും തങ്ങളോട് എല്ലാവരും നന്ദി പറയുകയുമാണ് വേണ്ടത് എന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേസുമായി ബന്ധപ്പെട്ട് എടുത്ത നടപടികള്‍ക്ക് എന്റെ സര്‍ക്കാര്‍ അഭിനന്ദനവും നന്ദിയും അര്‍ഹിക്കുന്നു. ബുലന്ദ്ഷഹര്‍ സംഘര്‍ഷം രാഷ്ട്രീയ ഗൂഢാലോചനയാണെന്നും യോഗി ആരോപിച്ചു. ഈ ഗൂഢാലോചന വെളിപ്പെട്ട് കഴിഞ്ഞു. നേര്‍ക്ക് നേരെ പോരാടാന്‍ ധൈര്യമില്ലാത്തവരാണ് ഇതിന് പിന്നില്‍ - യോഗി പറഞ്ഞു. ലക്‌നൗവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗിന്റെ കൊലപാതകം അപകടമരണമാണ് എന്ന യോഗിയുടെ പ്രസ്താവന വിവാദമായിരുന്നു. കൊലപാതകം നടന്ന 16 ദിവസമാട്ടും തന്റെ ഭര്‍ത്താവിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്തില്ലെന്നും തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത് എന്ന് ആരോപിച്ചും ഭാര്യ രജിനി സിംഗ് ഇന്നലെ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ നേതൃത്വം പ്രതികളെ സംരക്ഷിക്കുകയാണ് എന്ന്് മകനും ആരോപിച്ചിരുന്നു. മുഖ്യപ്രതിയായ ബജ്രംഗ് ദള്‍ നേതാവ് യോഗേഷ് രാജിനെയും മറ്റൊരു പ്രതിയായ പ്രാദേശിക ബിജെപി നേതാവിനേയും പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

സംസ്ഥാനത്ത് ക്രമസമാധാനനില ഭദ്രമാണെന്നും സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. ഇത് തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് കുഴപ്പങ്ങളുണ്ടാക്കുന്നത്. ഇന്‍സ്‌പെക്ടറുടെ കൊലപാതക കേസ് അന്വേഷിക്കുന്നതിനേക്കാള്‍ പശുവധ പരാതി അന്വേഷിക്കുന്നതിനാണ് യോഗി താല്‍പര്യം കാണിച്ചത് എന്നത് വലിയ വിമര്‍ശനമുയര്‍ത്തിയിരുന്നു.

അതേസമയം യോഗി മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കണമെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവ്ശങ്കര്‍ മേനോന്‍, വിദേശകാര്യ സെക്രട്ടറിമാരായ ശ്യാം സരണ്‍, സുജാത സിംഗ് എന്നിവര്‍ അടക്കമുള്ള വിരമിച്ച ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. 80ലധികം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ് യോഗിക്ക് തുറന്ന കത്തെഴുതിയത്. വര്‍ഗീയ പ്രസംഗങ്ങളും വാചകമടികളുമായി നടക്കുകയാണ് യോഗി എന്ന് മുന്‍ ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നു. വെറുപ്പിന്റെ രാഷ്ട്രീയം അതിന്റെ ഏറ്റവും അപകടകരമായി നിലയിലേയ്‌ക്കെത്തിയിരിക്കുന്നതിന്റെ സൂചനയാണ് ബുലന്ദ്ഷഹറിലെ കലാപവും പൊലീസ് ഇന്‍സ്‌പെക്ടറുടെ കൊലപാതകവുമെന്ന് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു.

ഉത്തര്‍പ്രദേശില്‍ ഭരണനിര്‍വഹണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍, ഭരണഘടനപരമായ ധാര്‍മ്മികത, സാമൂഹ്യ ഉത്തരവാദിത്തം തുടങ്ങിയവയെല്ലാം ലംഘിക്കപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി വര്‍ഗീയത അഴിച്ചുവിടുന്നവര്‍ക്ക് അനുഗ്രഹാശിസ്സുകളുമായി നിലകൊള്ളുന്ന മുഖ്യപുരോഹിതനെ പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്. ഗുണ്ടായിസവും തെമ്മാടിത്തരങ്ങളും മുഖ്യധാരയുടേയും ഭരണസംവിധാനത്തിന്റെയും ഭാഗമായിരിക്കുന്നു. സുബോധ്കുമാര്‍ സിംഗിന്റെ കൊലപാതകം, ഭൂരിപക്ഷ മത വര്‍ഗീയതയും മേധാവിത്തം സ്ഥാപിക്കാനും മേഖലയിലെ മുസ്ലീം സമുദായക്കാര്‍ക്ക് ഒരു ഭീഷണി സന്ദേശം നല്‍കാനുമുള്ള നടപടിയാണ്. ഈ സംഭവങ്ങളിലെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി നിശബ്ദത പാലിക്കുകയാണെന്നും മുന്‍ ബ്യൂറോക്രാറ്റുകള്‍ കുറ്റപ്പെടുത്തുന്നു.

വെറുപ്പിന്റെയും ധ്രുവീകരണത്തിന്റേയും രാഷ്ട്രീയം രാജ്യത്തിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഇതുപോലെ ശക്തമായിരുന്നിട്ടില്ല. വിഷലിപ്തമായ പ്രത്യയശാസ്ത്രം രാഷ്ട്രീയത്തില്‍ ഇതുപോലെ മുമ്പൊന്നും ശക്തമായിട്ടില്ല. അധികാരത്തിലുള്ളവരാണ് ഇത് പ്രസരിപ്പിക്കുന്നത്. മുഖ്യമന്ത്രി രാജി വയ്ക്കണം. നിര്‍ഭയമായി നിയമം നടപ്പാക്കുക എന്നത് ചീഫ് സെക്രട്ടറിയുടേയും പൊലീസ് മേധാവിയുടേയും ആഭ്യന്തര സെക്രട്ടറിയുടേയും മറ്റ് ഉദ്യോഗസ്ഥരുടേയുമെല്ലാം ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് എന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

https://www.azhimukham.com/newsupdate-it-has-been-16-days-since-my-husband-killed-culprits-are-roaming-free-evidence-destroyed-allege-bulandshahr-mob-violence-slained-police-inspector-wife-mob-lynching-cow-slaughter-allegation/

Next Story

Related Stories