TopTop
Begin typing your search above and press return to search.

വര്‍ഗീയ കലാപം നടക്കുമ്പോള്‍ മോദി കാഴ്ചക്കാരനായിരുന്നു: പരാമര്‍ശത്തിന്റെ പേരില്‍ കേസെടുത്തു

വര്‍ഗീയ കലാപം നടക്കുമ്പോള്‍ മോദി കാഴ്ചക്കാരനായിരുന്നു: പരാമര്‍ശത്തിന്റെ പേരില്‍ കേസെടുത്തു

2002 ഗുജറാത്ത് വര്‍ഗീയ കലാപത്തില്‍ നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ചുള്ള പരാമര്‍ശത്തിന് അസമീസ് പഠന സഹായിയുടെ രചയിതാക്കൾക്കെതിരെ കേസ് എടുത്തു. കലാപം നടക്കുമ്പോള്‍ മോദിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ബി.ജെ.പി സര്‍ക്കാര്‍ 'നിശബ്ദ കാഴ്ചക്കാര’നായി നോക്കിനിന്നുവെന്നാണ് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്. വരുന്ന തലമുറയെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഈ പരാമര്‍ശമെന്ന് കാണിച്ച് നല്‍കിയ പരാതിയിലാണ് പുസ്തകത്തിന്‍റെ രചയിതാക്കള്‍ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഗുവാഹത്തി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അസം ബുക്ക് ഡിപ്പോയാണ് 390 പേജുള്ള പഠന സഹായിയുടെ പ്രസാധകര്‍. എന്‍സിഇആര്‍ടിയും അസം ഹയർസെക്കൻഡറി എജുക്കേഷണൽ കൗൺസിലും നിർദ്ദേശിച്ച പാഠ്യപദ്ധതി അനുസരിച്ച് തയ്യാറാക്കിയിട്ടുള്ള പുസ്തകം 2011 മുതൽ തന്നെ പ്രചാരത്തിലുണ്ട്. പുസ്തകത്തിന്‍റെ രചയിതാക്കളില്‍ ഒരാളായ ദുർഗകാന്ത ശർമ്മ ഗുവാഹത്തിയിലെ ആര്യ വിദ്യാപീഠ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് വകുപ്പ് തലവനായി വിരമിച്ചയാളാണ്. ഏതാനും വർഷങ്ങൾക്ക് മുൻപ് അദ്ദേഹം മരിച്ചു. ഗോൾപാരയിലുള്ള ഗോൾപാര കോളേജിലെ പൊളിറ്റിക്കൽ സയൻസ് വകുപ്പ് തലവനായി വിരമിച്ച റഫീഖ് സമാനും, ഗുവാഹത്തിയുടെ പ്രാന്തപ്രദേശത്തുള്ള മിർസയിലെ ഡി.കെ കോളേജിലെ പൊളിറ്റിക്കൽ സയൻസ് വകുപ്പ് മേധാവിയായി തുടരുന്ന മനാഷ് പ്രതിം ബറുവയുമാണ്‌ സഹരചയിതാക്കള്‍.

ഐ.പി.സി. സെക്ഷൻ 153 എ (മതത്തിന്‍റെയോ വര്‍ഗ്ഗത്തിന്‍റെയോ പേരില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുക), സെക്ഷൻ 505 (ഏതെങ്കിലും സമുദായത്തെ തെറ്റായ രീതിയില്‍ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള പ്രസിദ്ധീകരണം നടത്തുക), സെക്ഷൻ 34 (ഒരു പൊതു ഉദ്ദേശത്തോടുകൂടി നിരവധി വ്യക്തികൾ ചേര്‍‌ന്ന് കുറ്റകൃത്യം നടത്തുക) തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പ്രസാധകർക്കും രചയിതാക്കൾക്കും എതിരെ എഫ്ഐആർ ഫയല്‍ ചെയ്തിരിക്കുന്നത്.

'അടുത്തിടെയുണ്ടായ പ്രശ്നങ്ങളും വെല്ലുവിളികളും' എന്ന തലക്കെട്ടോടുകൂടി 2006ൽ ആദ്യം പ്രസിദ്ധീകരിച്ച, ‘ഗോധ്ര സംഭവവും മുസ്ലീം വിരുദ്ധ കലാപവും’ എന്ന, 376ആം പേജിലെ അധ്യായത്തിലാണ് വിവാദ പരാമര്‍ശം ഉള്ളത്. "ഈ സംഭവത്തിൽ [ട്രെയിന്‍ കോച്ച് കത്തിച്ച സംഭവം] സ്ത്രീകളും കുട്ടികളുമടക്കം 57 പേരാണ് മരിച്ചത്. സംഭവത്തിന് പിന്നില്‍ മുസ്‍ലീങ്ങളാണെന്ന സംശയം മൂലം അടുത്ത ദിവസം ഗുജറാത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മുസ്‍ലീങ്ങള്‍ നിഷ്കരുണം ആക്രമിക്കപ്പെട്ടു. ഒരു മാസത്തിലധികം ഈ സംഘർഷം തുടർന്നു. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും മുസ്‍ലീങ്ങളായിരുന്നു. ശ്രദ്ധേയമായ കാര്യം, അക്രമസമയത്ത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍‌ക്കാര്‍ ഒരു നിശ്‍ശബ്ദ കാഴ്ചക്കാരനായിരുന്നു എന്നതാണ്. കൂടാതെ, ഭരണകൂടം ഹിന്ദുക്കളെ സഹായിച്ചിരുന്നുവെന്നും ആരോപണങ്ങൾ ഉയര്‍ന്നിരുന്നു.'' - ഇതാണ് വിവാദത്തിനു കാരണമായ പരാമര്‍ശം.

സെപ്തംബർ 15ന് ഗോലാഘാട്ട് പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സോമിത്ര ഗോസ്വാമി, മനബ് ജ്യോതി ബോറ എന്നിവരാണ് പരാതിക്കാര്‍. വരുന്ന തലമുറയില്‍പെട്ട വിദ്യാർത്ഥികളില്‍ പ്രധാനമന്ത്രിയെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ് പഠന സഹായിയിലെ ഉള്ളടക്കം എന്നതാണ് പ്രധാന പരാതി. സുപ്രിം കോടതിയുടെ മേൽനോട്ടത്തിൽ നടത്തിയ എസ്.ഐ.ടി റിപ്പോർട്ടിനെ അവഹേളിക്കുന്ന തരത്തിലുള്ള തെറ്റായ വിവരങ്ങളാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. അതുകൊണ്ട് പുസ്തകം മാര്‍ക്കറ്റില്‍ നിന്ന് നീക്കം ചെയ്യുകയോ നിരോധിക്കുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം.


Next Story

Related Stories