ന്യൂസ് അപ്ഡേറ്റ്സ്

നാട്ടുകാര്‍ ഒരുമിച്ച് ചെന്നാല്‍ പേടിച്ചോടുന്നതാണ് ഇക്കൂട്ടരുടെ വീരശൂര പരാക്രമം: സംഘപരിവാറിനെ കടന്നാക്രമിച്ച് പിണറായി

നാട്ടുകാര്‍ ഒരുമിച്ച് ചെന്നാല്‍ പേടിച്ചോടുന്നതാണ് ഇക്കൂട്ടരുടെ വീരശൂര പരാക്രമമെന്ന് പിണറായി പരിഹസിച്ചു.

ശബരിമല യുവതീപ്രവേശനത്തെത്തുടര്‍ന്ന് നടത്തിയ ഹര്‍ത്താലിലും അഴിച്ചുവിട്ട അക്രമങ്ങളിലും ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടുകാര്‍ ഒരുമിച്ച് ചെന്നാല്‍ പേടിച്ചോടുന്നതാണ് ഇക്കൂട്ടരുടെ വീരശൂര പരാക്രമമെന്ന് പിണറായി പരിഹസിച്ചു. തിരുവനന്തപുരം കിളിമാനൂരിലെ പൊതുപരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എന്തിന് വേണ്ടിയാണ് ജനങ്ങളെ ആക്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കെഎസ്ആര്‍ടിസിയ്ക്ക് അടക്കം കോടികളുടെ നഷ്ടമുണ്ടായി. പരിശീലനം നല്‍കിയ അക്രമികളെ സംഘ്പരിവാര്‍ രംഗത്തിറക്കുകയാണുണ്ടായത്. പലയിടങ്ങളിലും നാട്ടുകാര്‍ ചെറുത്തതോടെ ഇവര്‍ ഓടുന്ന കാഴ്ചയാണ് കണ്ടത്. സംഘ്പരിവാറിന്റെ വീരശൂരപരാക്രമങ്ങള്‍ ഇത്രയേ ഉള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

”ഭക്തകളായ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പോകുന്നതിന് ഒരു തടസവും ഇല്ല എന്ന് ബിജെപി നേതാവ് (വി മുരളീധരന്‍) തന്നെ ഇവിടെ പരസ്യമായി പറഞ്ഞുകഴിഞ്ഞു. പിന്നെന്തിനാണ് ഈ രണ്ട് ദിവസം കേരളത്തിലാകെ ഇക്കണ്ട അക്രമങ്ങള്‍ അരങ്ങേറിയത്. ഏതെല്ലാം തരത്തിലുള്ള അക്രമങ്ങളാണ് ഉണ്ടായത്. എത്ര പൊതുമുതലാണ് നശിപ്പിച്ചത്. കെഎസ്ആര്‍ടിസി നമ്മുടെ നാട്ടില്‍ വലിയ പ്രയാസം അനുഭവിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനമാണ് എല്ലാവര്‍ക്കും അതിന്റെ സ്ഥിതിയറിയാം. അതിനെ സംരക്ഷിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ സഹായം ചെയ്തുകൊടുക്കുകയാണ്. സര്‍ക്കാരിന്റെ കൈയില്‍ കാശ് അധികം ഇല്ലായെന്നും എല്ലാവര്‍ക്കും അറിയാം. പക്ഷെ കെഎസ്ആര്‍ടിസി പോലുള്ള ഒരു പൊതുമേഖല സ്ഥാപനം നാട്ടില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്നുള്ളതുകൊണ്ടാണ് അതിന് സഹായം നല്‍കുന്നത്. എത്ര കോടി രൂപയുടെ നഷ്ടമാണ് ഇപ്പോള്‍ ആ കെഎസ്ആര്‍ടിസി ബസുകള്‍ അക്രമിച്ചതിലൂടെ വരുത്തിവെച്ചിരിക്കുന്നത്. ഏതെങ്കിലും ഒറ്റപ്പെട്ട സംഭവം അല്ലല്ലോ – മുഖ്യമന്ത്രി ചോദിച്ചു.

സംഘ്പരിവാര്‍ പ്രത്യേക പരിശീലനം ലഭിച്ച അക്രമികളെ ഇതിനായി ഒരുക്കി നിര്‍ത്തുകയാണല്ലോ ചെയ്തത്. അവരെ രംഗത്തിറക്കുകയാണല്ലോ ചെയ്തത്. ഏതെങ്കിലും പ്രദേശത്ത് വല്ല ജനപിന്തുണയും ഉണ്ടായോ? എന്തെല്ലാം അക്രമങ്ങള്‍. ഏതെല്ലാം പാര്‍ട്ടി ഓഫീസുകളാണ് തകര്‍ത്തത്. സിപിഐഎമ്മിന്റേയും സിപിഐയുടേയും ഓഫീസുകള്‍. പൊതുവായ ഓഫീസുകള്‍ ഇവിടെ തകര്‍ക്കുന്ന നിലയുണ്ടായല്ലോ. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നേരെ ആക്രമണം. ആളുകളുടെ നേരെ ആക്രമണം. നമ്മുടെ നാട്ടില്‍ എന്തെങ്കിലും തരത്തിലുള്ളള ചില പ്രശ്നങ്ങള്‍ ഉണ്ടാക്കണം. ഇവിടെ വലിയ പ്രശ്നമാണെന്ന് വരുത്തിത്തീര്‍ക്കണം – ഇതാണ് ഉദ്ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം എടപ്പാളില്‍ ഹര്‍ത്താല്‍ ദിവസം ബൈക്ക് റാലി നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ അടിച്ചോടിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍