TopTop
Begin typing your search above and press return to search.

'സംഗീത ലോകത്തിന് നഷ്ടപ്പെട്ടത് പ്രതിഭാധനനായ ഒരു കലാകാരനെ' ; ബാലഭാസ്കറിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ഇന്ന് പുലർച്ചെ അന്തരിച്ച വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറിന്റെ അകാലവിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ചയുണ്ടായ വാഹനാപകടത്തിൽ അദ്ദേഹത്തിന്റെ മകൾ തേജസ്വിനി ബാല നഷ്ടപ്പെട്ടതിന് പിന്നാലെയുണ്ടായ ഈ ദുഃഖ വാർത്ത മലയാളികൾ ഞെട്ടലോടെയാണ് ശ്രവിച്ചതെന്നു മുഖ്യമന്ത്രി തന്റെ ഫെയ്സ്ബൂക് കുറിപ്പിൽ പറഞ്ഞു.

"കാൽനൂറ്റാണ്ടോളം സംഗീത ലോകത്ത് സജീവമായിരുന്നു അദ്ദേഹം. പന്ത്രണ്ടാം വയസ്സിൽ സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ച് തുടങ്ങിയ ബാലഭാസ്കർ ശ്രദ്ധേയമായ ഒട്ടേറെ സംഗീത ആൽബങ്ങൾ പുറത്തിറക്കി. ഉപകരണ സംഗീതത്തിന്റെ വിസ്മയ സാധ്യതകൾ തെളിയിച്ചു." മുഖ്യമന്ത്രി പറഞ്ഞു.

സംഗീത ലോകത്തിന് പ്രതിഭാധനനായ ഒരു കലാകാരനെയാണ് നഷ്ട്ടപ്പെട്ടതെന്നും . തികഞ്ഞ സാമൂഹ്യപ്രതിബദ്ധതയോടെയാണ് ബാലഭാസ്കർ കലാരംഗത്ത് പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്ത് വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാലഭാസ്കർ ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ ആണ് മരണപ്പെട്ടത്. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിന് പോയി മടങ്ങുന്ന വഴി സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍ പെട്ടത്. ഏക മകള്‍ രണ്ട് വയസുകാരി തേജസ്വിനി ബാല അപകടത്തില്‍ മരിച്ചിരുന്നു. ബാലഭാസ്‌കറിന്റെ ആരോഗ്യ നിലയില്‍ ഇന്നലെ നേരിയ പുരോഗതിയുണ്ടായിരുന്നെങ്കിലും പുലര്‍ച്ചെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ബാലഭാസ്‌കറിനൊപ്പം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയും വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അര്‍ജുനും ആശുപത്രിയില്‍ ചികിത്സയിലാണ്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബാലഭാസ്‌കറിന്റെ മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ സംസ്‌കരിക്കും.


Next Story

Related Stories