TopTop
Begin typing your search above and press return to search.

പുല്‍വാമ ഭീകരാക്രമണം: സൈന്യത്തെ വിമര്‍ശിച്ച കോളേജ് അധ്യാപികയെ സസ്പന്‍ഡ് ചെയ്തു

പുല്‍വാമ ഭീകരാക്രമണം: സൈന്യത്തെ വിമര്‍ശിച്ച കോളേജ് അധ്യാപികയെ സസ്പന്‍ഡ് ചെയ്തു
പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപികയെ
കോളേജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. ഗുവാഹത്തിയിലെ ഐക്കണ്‍ അക്കാഡമി ജൂനിയര്‍ കോളേജില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസറായ പാപ്രി ബാനര്‍ജിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വ്യാഴാഴ്ച ഇട്ട പോസ്റ്റില്‍ പാപ്രി ബാനര്‍ജി ഭീകരാക്രണത്തെ അപലപിച്ചതിനൊപ്പം ഇന്ത്യന്‍ ആര്‍മി അടക്കമുള്ള സുരക്ഷാസേനകളേയും കുറ്റപ്പെടുത്തിയിരുന്നു.

കാശ്മീരില്‍ സൈന്യവും മറ്റ് സേനകളും നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അക്രമങ്ങള്‍ക്ക് കാരണമാകുന്നത് എന്ന് പാപ്രി ബാനര്‍ജി അഭിപ്രായപ്പെട്ടിരുന്നു. "45 ധീരന്മാര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇത് യുദ്ധമല്ല. അവര്‍ക്ക് തിരിച്ചടിക്കാനുള്ള അവസരം കിട്ടിയില്ല. ഇത് അങ്ങേയറ്റത്തെ ഭീരുത്വമാണ്. ഇത് ഓരോ ഇന്ത്യക്കാരന്റേയും ഹൃദയത്തെ നോവിക്കുന്നതാണ്. അതേസമയം കാശ്മീര്‍ താഴ്‌വരയില്‍ സുരക്ഷാസേനകള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. നിങ്ങള്‍ അവരുടെ കുട്ടികള്‍ക്ക് അംഗവൈകല്യമുണ്ടാക്കുകയും അവരെ കൊല്ലുകയും ചെയ്യുന്നു" - ഇതാണ് പോസ്റ്റില്‍ പറയുന്നത്.

ഈ പോസ്റ്റ് ഇട്ടതിന് ശേഷം തനിക്ക് നിരന്തരം ബലാത്സംഗ, വധ ഭീഷണികള്‍ ഇന്‍ബോക്‌സില്‍ വന്നുകൊണ്ടിരിക്കുകയാണ് എന്ന് പാപ്രി ബാനര്‍ജി പറയുന്നു. പാപ്രി ബാനര്‍ജിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍ പെടുത്തിയയാള്‍ക്ക് അസം പൊലീസ് ട്വീറ്ററില്‍ നന്ദി പറഞ്ഞിട്ടുണ്ട്.പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ കാശ്മീരിന് പുറത്തുള്ള വിദ്യാര്‍ത്ഥികളും വ്യാപാരികളുമടക്കമുള്ളവര്‍ക്കെതിരെ വലിയ തോതില്‍ അക്രമം. പലയിടങ്ങളിലും വിഎച്ച്പി അടക്കമുള്ള സംഘപരിവാര്‍ സംഘടനകളാണ് അക്രമമഴിച്ചുവിട്ടത്. ഹരിയാനയിലും ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ പോലുള്ള പ്രദേശങ്ങളിലും കാശ്മീരി വിദ്യാര്‍ത്ഥികളും വ്യാപാരികളും ഭീഷണികള്‍ നേരിടുകയാണെന്നാണ് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡെറാഡൂണിലെ കോളേജുകളില്‍ പഠിക്കുന്ന 12 കാശ്മീരി വിദ്യാര്‍ത്ഥികളെ ബജ്രംഗ് ദള്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതിയുണ്ട്. ഇക്കാര്യം ഇരു സംഘടനകളുടേയും നേതാക്കള്‍ നിഷേധിച്ചിട്ടില്ല. മറിച്ച് ന്യായീകരിക്കുകയാണ് ഉണ്ടായത്. ഒരു കാശ്മീരി മുസ്ലീമും ഇവിടെ പഠിക്കുകയോ താമസിക്കുകയോ ചെയ്യില്ലെന്ന് ഉറപ്പുവരുത്തുമെന്ന് ബജ്രംഗ് ദള്‍ കണ്‍വീനര്‍ വികാസ് ശര്‍മ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പുല്‍വാമയിലെ പോലൊരു അക്രമം ഇനി ഉണ്ടാകാതിരിക്കാനായി കാശ്മീരി വിദ്യാര്‍ത്ഥികളെ ഒരു പാഠം പഠിപ്പിക്കാനാണ് തങ്ങള്‍ ലക്ഷ്യമിട്ടത് എന്ന് വിഎച്ച്പിയുടെ ശ്യാം ശര്‍മ പറഞ്ഞു. നമസ്‌കാരത്തിന് ശേഷം മടങ്ങുമ്പോളായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായത്.

ഉത്തരാഖണ്ഡിലെ വിവിധ കോളേജുകളിലായി ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. പല സ്ഥാപനങ്ങളോടും കാശ്മീരി വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ ഭീഷണി മുഴക്കുന്നുണ്ട്. ശുഭാര്‍തി യൂണിവേഴ്‌സിറ്റിയിലെ കാശ്മീരി വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് സംഘപരിവാര്‍ സംഘടനകള്‍ കല്ലേറ് നടത്തി. കെട്ടിടത്തിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. വിഎച്ച്പി, ബജ്രംഗ് ദള്‍ പ്രവര്‍ത്തകള്‍ കാമ്പസിലേയ്ക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചതായി ബിഎഫ്‌ഐടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് രജിസ്ട്രാര്‍ ഭൂപേന്ദ്ര സിംഗ് പറഞ്ഞു.

പലയിടങ്ങളിലും കാശ്മീരി വിദ്യാര്‍ത്ഥികളോട് വീടൊഴിഞ്ഞു പോകാന്‍ ഉടമസ്ഥര്‍ ആവശ്യപ്പെടുന്നുണ്ട്. ഡെറാഡൂണില്‍ പഠിക്കുന്ന കാശ്മീരി വിദ്യാര്‍ത്ഥി തന്റെ ബന്ധുക്കളെ അറിയിച്ചത്, തന്നോടും മറ്റ് കാശ്മീരി വിദ്യര്‍ത്ഥികളോടും വീട് ഒഴിയണമെന്ന് ഉടമസ്ഥന്‍ ആവിശ്യപ്പെട്ടുവെന്നാണ്. കുപ് വാരയില്‍ നിന്നും ഷോപിയാനില്‍ നിന്നുമുള്ള കാശ്മീരി വിദ്യാര്‍ഥികള്‍ക്കും വ്യാപാരികള്‍ക്കും ഹരിയാനയിലെ വിവിധയിടങ്ങളില്‍ അപമാനകരമായ കാര്യങ്ങള്‍ അനുഭവിക്കേണ്ടിയും വന്നിരുന്നു.

Next Story

Related Stories