ഇത് ജുഡീഷ്യറിയിലുള്ള വിശ്വാസം നശിപ്പിക്കുന്ന നടപടികള്‍: ചീഫ് ജസ്റ്റിസിനെതിരായ പരാതി തള്ളിയ ആഭ്യന്തര സമിതിക്കെതിരെ പരാതിക്കാരി

എനിക്ക് റിപ്പോര്‍ട്ടിന്റെ കോപ്പി തരില്ല എന്നാണ് പറയുന്നത്. ജുഡീഷ്യറിയില്‍ വിശ്വാസം നഷ്ടപ്പെടുത്തുന്ന കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ താന്‍ നല്‍കിയ പരാതിയില്‍ ആഭ്യന്തര അന്വേഷണസമിതിയുടെ കണ്ടെത്തലില്‍ നിരാശയെന്ന് പരാതിക്കാരിയായ മുന്‍ സുപ്രീം കോടതി ജീവനക്കാരി. ഇത് ഈ രാജ്യത്തെ പൗരയായ ഒരു സ്ത്രീയോട് കാണിക്കുന്ന വലിയ അനീതിയാണ്. താനും തന്റെ കുടുംബവും അനുഭവിച്ച പീഡനത്തിനും അപമാനത്തിനും യാതൊരു പരിഹാരവുമില്ല. ഏല്ലാ തെളിവുകളും രേഖകളും നല്‍കിയിട്ടും ഇത്തരത്തിലാണ് ഇന്‍ ഹൗസ് കമ്മിറ്റിയുടെ പ്രതികരണം എന്നത് ഭയമുളവാക്കുന്നു.

ഏപ്രില്‍ 26ന് ആഭ്യന്തര കമ്മിറ്റിയുടെ അന്വേഷണ നടപടികളുമായി സഹകരിച്ചെങ്കിലും കമ്മിറ്റിയുടെ ഘടനയിലും നടപടികളിലും ആശങ്ക പ്രകടിപ്പിച്ചിരുന്നു. അഭിഭാഷക സേവനം വേണമെന്നും നടപടികള്‍ റെക്കോഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ പറഞ്ഞതൊന്നും നടന്നില്ല. മൊഴിപ്പകര്‍പ്പ് പോലും തന്നില്ല. ഈ സാഹചര്യത്തിലാണ് നാല് ദിവസത്തിന് ശേഷം ഏപ്രില്‍ 30ന് ഞാന്‍ കമ്മിറ്റി നടപടികളുമായി സഹകരിക്കുന്നില്ലെന്ന തീരുമാനമെടുത്തത്.

എനിക്ക് റിപ്പോര്‍ട്ടിന്റെ കോപ്പി തരില്ല എന്നാണ് പറയുന്നത്. ജുഡീഷ്യറിയില്‍ വിശ്വാസം നഷ്ടപ്പെടുത്തുന്ന കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഏപ്രില്‍ 20 നടത്തിയ ഏകപക്ഷീയമായ സിറ്റിംഗില്‍ ചീഫ് ജസ്്റ്റിസും അദ്ദേഹത്തിന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകനും എന്റെ അഭാവത്തില്‍ വ്യക്തിഹത്യ നടത്തുന്നവിധം എനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

ചീഫ് ജസ്റ്റിസിന്റേയും സെക്രട്ടറി ജനറലിന്റേയും കോള്‍ രേഖകള്‍ കമ്മിറ്റി പരിശോധിച്ചോ എന്ന് എനിക്കറിയില്ല. എന്നെ ചീഫ് ജസ്റ്റിസിന്റെ വീട്ടില്‍ കൊണ്ടുപോയി അദ്ദേഹത്തിന്റെ ഭാര്യയോട് മാപ്പ് പറയിച്ച് അപമാനിച്ച സ്റ്റേഷന്‍ ഹൗസ് ഓഫീസറെ കമ്മിറ്റി വിളിപ്പിച്ചോ എന്നും എനിക്കറിയില്ല. എസ്എച്ച്ഒയുമായുള്ള ഏന്റെ സംഭാഷണത്തിന്റെ വീഡിയോ റെക്കോഡിംഗ് ഞാന്‍ കമ്മിറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പരാതിക്കാരി പറയുന്നു

അഭിഭാഷകനുമായി ആലോചിച്ച് അടുത്ത നടപടികള്‍ തീരുമാനിക്കുമെന്നും പരാതിക്കാരി പ്രസ്താവനയില്‍ പറയുന്നു. പരാതിയില്‍ കഴമ്പനില്ലെന്നും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ സാധ്യമല്ലെന്നുമാണ് ആഭ്യന്തര അന്വേഷണ കമ്മിറ്റിയുടെ നിലപാട്. ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, ഇന്ദിര ബാനര്‍ജി, ഇന്ദു മല്‍ഹോത്ര എന്നിവര്‍ ഉള്‍പ്പെട്ട ആഭ്യന്തര അന്വേഷണ കമ്മിറ്റിയാണ് സുപ്രീം കോടതിയിലെ മുന്‍ ജൂനിയര്‍ അക്കൗണ്ടന്റ് ആയ യുവതി ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിച്ച ലൈംഗിക പീഡന പരാതി തള്ളിയത്. അഭിഭാഷകയായി വൃന്ദ ഗ്രോവറെ അനുവദിക്കണമെന്നും റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍