Top

ബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണക്ക് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം; സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മത്സരിക്കില്ല

ബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണക്ക് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം; സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മത്സരിക്കില്ല
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള ധാരണയ്ക്ക് സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകാരം നല്‍കി. കേന്ദ്ര കമ്മിറ്റിയിലെ ഭൂരിപക്ഷം പേരും കോണ്‍ഗ്രസുമായുള്ള തിരഞ്ഞെടുപ്പ് ധാരണയെ പിന്തുണച്ചതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതേസമയം തീരുമാനം ഏകകണ്ഠമായിരുന്നില്ല എന്നും ഭിന്നതയുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് യെച്ചൂരി പറഞ്ഞു. ബംഗാളില്‍ പരമാവധി ബിജെപി വിരുദ്ധ, തൃണമൂല്‍ വിരുദ്ധ വോട്ടുകള്‍ പോള്‍ ചെയ്യിക്കാന്‍ ശ്രമിക്കുമെന്ന് പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിരുന്നതായി കേന്ദ്ര കമ്മിറ്റി കമ്മ്യൂണിക്കെ പറയുന്നു. ഇത് പ്രകാരം ഇരു പാര്‍ട്ടികള്‍ക്കും കൂടി നിലവിലുള്ള ആറ് സീറ്റുകളില്‍ (സിപിഎം - 2, കോണ്‍ഗ്രസ് - 4) പരസ്പരം മത്സരിക്കില്ല. മറ്റ് സീറ്റുകളുടെ കാര്യം തീരുമാനം മാര്‍ച്ച് എട്ടിന് ചേരുന്ന ഇടതുമുന്നണി യോഗം തീരുമാനിക്കുമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി പറയുന്നു.

ബിജെപി സഖ്യത്തെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് സിപിഎം വ്യക്തമാക്കുന്നു. ഇതിനൊപ്പം സിപിഎമ്മിന്റേയും ഇടതുപക്ഷത്തിന്റേയും പ്രാതിനിധ്യം ലോക്‌സഭയില്‍ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. കേന്ദ്രത്തില്‍ ഒരു ബദല്‍ മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കപ്പെടും എന്ന് ഉറപ്പുവരുത്തും. ഓരോ സംസ്ഥാനത്തേയും സാഹചര്യങ്ങള്‍ക്കനുസരിച്ച് ബിജെപി വിരുദ്ധ വോട്ടുകള്‍ പരമാവധി ഏകീകരിക്കുന്നതിന് ആവശ്യമായ അടവുനയം നടപ്പാക്കും. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ട് പോരാട്ടം നടക്കുന്ന സംസ്ഥാനങ്ങളില്‍ സിപിഎം ഒന്നോ രണ്ടോ സീറ്റില്‍ മാത്രം മത്സരിച്ച് ബാക്കി സീറ്റുകളില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കും.തമിഴ്‌നാട്ടില്‍ ഡിഎംകെയുമായി സീറ്റ് വിഭജന ചര്‍ച്ച പുരോഗമിക്കുകയാണ്. മഹാരാഷ്ട്രയില്‍ ദിന്‍ഡോരിയിലോ പാല്‍ഗഡിലോ മത്സരിക്കുന്നതിനായി എന്‍സിപിയുമായി ചര്‍ച്ച നടത്തിവരുന്നു (ദിന്‍ഡോരിയില്‍ കേന്ദ്ര കമ്മിറ്റി അംഗവും നിലമഹാരാഷ്ട്രയില്‍ പാര്‍ട്ടിയുടെ ഏക എംഎല്‍എയുമായ ജെപി ഗാവിതിനെ മത്സരിപ്പിക്കാന്‍ സിപിഎം ആലോചിക്കുന്നതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു). സിപിഎം ഒറ്റയ്ക്ക് മത്സരിക്കുമ്പോള്‍ തന്നെ ഒരു ലക്ഷത്തിലധികം വോട്ട് ലഭിക്കുന്ന മഹാരാഷ്ട്രയിലെ രണ്ട് ലോക്‌സഭ മണ്ഡലങ്ങളാണിത്. പാല്‍ഗഡില്‍ 2018ലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേക്കാള്‍ വോട്ട് നേടിയ സിപിഎം മൂന്നാം സ്ഥാനത്തെത്തിയിരുന്നു.ബിഹാറില്‍ ഉജിയാര്‍പൂര്‍ സീറ്റുമായി ബന്ധപ്പെട്ട് ആര്‍ജെഡിയുമായി ചര്‍ച്ച നടത്തിവരുകയാണ്. ഒഡീഷയില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ഭുബനേശ്വര്‍ ലോക്‌സഭ സീറ്റിലും സിറ്റിംഗ് സീറ്റായ ബൊന്നായ് അടക്കം ചില നിയമസഭ സീറ്റുകളിലും സിപിഎം ജനവിധി തേടും. ബിജെപിയെ പരാജയപ്പെടുത്തുകയാണ് മുഖ്യ ലക്ഷ്യമെങ്കിലും നവീന്‍ പട്‌നായികിന്റെ ബിജെഡി സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് അയവ് വരുത്തില്ല. സോളാപൂരിലെ പൊതുപരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റേയും സാന്നിധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വിധം സംസാരിച്ച കേന്ദ്ര കമ്മിറ്റി അംഗവും മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയുമായ നരസയ്യ ആദമിനെ മൂന്ന് മാസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ സിപിഎം തീരുമാനിച്ചു.

രൂക്ഷമായ അഭിപ്രായ ഭിന്നതകള്‍ക്കൊടുവില്‍, ബിജെപി പരാജയപ്പെടുത്താന്‍ എല്ലാ മതനിരപേക്ഷ കക്ഷികളുമായും സഹകരിക്കാന്‍ 2018 ഏപ്രിലില്‍ ഹൈദരാബാദില്‍ ചേര്‍ന്ന സിപിഎമ്മിന്റെ 22ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. അതേസമയം കോണ്‍ഗ്രസുമായി യാതൊരു രാഷ്ട്രീയ സഖ്യവും ഉണ്ടാകില്ലെന്നും സിപിഎം വ്യക്തമാക്കിയിരുന്നു.

Next Story

Related Stories