TopTop

അശാന്തന്റെ മൃതദേഹത്തെ അപമാനിച്ച നഗരസഭ കൌണ്‍സിലറെ പുറത്താക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം

അശാന്തന്റെ മൃതദേഹത്തെ അപമാനിച്ച നഗരസഭ കൌണ്‍സിലറെ പുറത്താക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം
എറണാകുളം ദര്‍ബാര്‍ ഹാളില്‍ ദളിത് ചിത്രകാരന്‍ അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിനുവെക്കുന്നത് തടഞ്ഞ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കൗണ്‍സിലര്‍ കെ.വി.പി കൃഷ്ണകുമാറിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക നായകന്മാരുടെയും കാലകാരന്മാരുടെയും കൂട്ടായ്മ കൊച്ചി മേയര്‍ സൌമിനി ജെയിന് പരാതി നല്‍കിയിരുന്നു. സംഭവത്തെ കുറിച്ചു ലളിതകലാ അക്കാദമി അധികൃതരുമായും എറണാകുളത്തപ്പന്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുമായി ചര്‍ച്ച നടത്തി തിങ്കഴാഴ്ച മറുപടി നല്കാമെന്നാണ് മേയര്‍ മറുപടി നല്‍കിയിരിക്കുന്നത്.

അതേസമയം കൗണ്‍സിലര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ കലാകാരന്‍മാരുടെ കൂട്ടായ്മ സംഘടിപ്പിച്ച് പ്രതിഷേധിക്കുമെന്നും സാംസ്‌കാരിക കൂട്ടായ്മക്ക് നേതൃത്വം നല്കുന്ന വിനീത വിജയന്‍ പറഞ്ഞു. കൊച്ചി നഗരസഭ ഭരിക്കുന്ന കോണ്‍ഗ്രസിന്റെ കൗണ്‍സിലറുടെ നേതൃത്വത്തില്‍ നടന്ന ഈ നിയമലംഘനത്തിനെതിരെ പ്രതിപക്ഷമായ എല്‍ഡിഎഫും മൗനം പാലിക്കുന്നുവെന്നാണ് മറ്റൊരു ആരോപണം. ഈ വിഷയം സിപിഎം ജില്ലാസെക്രട്ടറി പി.രാജീവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അദ്ദേഹം മൗനം പാലിക്കുകയാണെന്ന് വിനീത വിജയന്‍ പറഞ്ഞു.

സംഭവത്തില്‍ കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലറടക്കം 20 പേര്‍ക്കെതിരെ എറണാകളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. നഗരസഭ സൗത്ത് ഡിവിഷന്‍ കൗണ്‍സിലര്‍ കെ.വി.പി കൃഷ്ണകുമാര്‍, ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് തുടങ്ങിയവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അന്യായമായി സംഘം ചേര്‍ന്നതിനും ആര്‍ട്ട് ഗാലറി അധികൃതരടക്കമുള്ളവരെ അസഭ്യം വിളിച്ചതിനും പോസ്റ്ററുകളടക്കം ചീന്തിയെറിഞ്ഞതിനുമാണ് കേസ്.

https://www.azhimukham.com/trending-protest-against-caste-discrimination-on-dalith-painter-asanthans-deadbody/

ഫോര്‍ട്ട്‌കൊച്ചി ആര്‍ട്ട് ഗാലറി, ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല എന്നിവിടങ്ങളിലെ ചിത്രകല-വാസ്തുകല അധ്യാപകനായ അശാന്തന്‍ (50) ബുധനാഴ്ചയാണ് നിര്യാതനായത്. ദര്‍ബാര്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ക്ഷേത്രം ഭാരവാഹികളും ഒരുവിഭാഗം വിശ്വാസികളും ശിവക്ഷേത്രത്തിനു മുന്നിലൂടെ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് രംഗത്തെത്തിയത്. തുടര്‍ന്ന് അക്കാദമി ഭാരവാഹികളും ക്ഷേത്രകമ്മിറ്റി അംഗങ്ങളും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയായിരുന്നു. അശാന്തന് ആദരാഞ്ജലി അര്‍പ്പിച്ച് ദര്‍ബാര്‍ഹാള്‍ പരിസരത്ത് സ്ഥാപിച്ചിരുന്ന ഫ്ലക്‌സ് ബോര്‍ഡ് വിശ്വാസികള്‍ കീറിയെറിഞ്ഞു. പ്രതിഷേധം കനത്തതിനെത്തുടര്‍ന്ന് ഹാളിന്റെ പിറകിലൂടെയാണ് മൃതദേഹം ഗാലറി വളപ്പിലെത്തിച്ചത്. പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ ഒത്തുതീര്‍പ്പ് ശ്രമങ്ങളുടെ ഭാഗമായായിരുന്നു ഈ തീരുമാനം. സര്‍ക്കാര്‍ സ്ഥാപനമായ അക്കാദമിയില്‍ കലാകാരന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നതിനെ എതിര്‍ത്തവരെ അനുകൂലിക്കുന്ന നിലപാടാണ് പോലീസും കൗണ്‍സിലറും സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്.

http://www.azhimukham.com/trending-defaming-asanthans-deadbody-responses-from-kaladharan-and-ponnyamchandran/

ഒരു ജനപ്രതിനിധി അമ്പലക്കമ്മറ്റിക്കുവേണ്ടി സര്‍ക്കാര്‍ സ്ഥാപനത്തില്‍ കലാകാരന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നത് തടഞ്ഞത് ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തിയാണന്ന് കൂട്ടായ്മയുടെ കണ്‍വീനര്‍ വിനീത വിജയന്‍ പറഞ്ഞു. വിഷയത്തില്‍ ലളിതകലാ അക്കാദമിയുടെ നിലപാടും പ്രതിഷേധാര്‍ഹമാണ്. ദര്‍ബാര്‍ ഹാളില്‍ ഇതിന് മുമ്പും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചിട്ടുണ്ടെന്നും അപ്പോളൊന്നും ഇത്തരം പ്രതിഷേധം ഉയര്‍ന്നുവന്നിട്ടില്ലെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. 2014 ല്‍ സംവിധായകന്‍ ശശികുമാറിന്റെ മൃതദേഹം ഇവിടെ രാവിലെ പത്തുമണിമുതല്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. തൃപ്പൂണിത്തുറ രാജവംശത്തിലൊരാളുടെ മൃതദേഹവും ഇവിടെ പൊതുദര്‍ശനത്തിന് വച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.

http://www.azhimukham.com/trending-voices-against-uppercaste-hindutwa-defaming-asanthans-deadbody/

Next Story

Related Stories