Top

ആറാം ഘട്ടത്തില്‍ ഡല്‍ഹിയും ആറ് സംസ്ഥാനങ്ങളും - 59 മണ്ഡലങ്ങളില്‍ ഇന്ന് ജനവിധി

ആറാം ഘട്ടത്തില്‍ ഡല്‍ഹിയും ആറ് സംസ്ഥാനങ്ങളും - 59 മണ്ഡലങ്ങളില്‍ ഇന്ന് ജനവിധി
ഡല്‍ഹി - എന്‍സിആറിലെ (ദേശീയ തലസ്ഥാന പ്രദേശം) ഏഴ് ലോക്‌സഭ സീറ്റുകള്‍, ആറ് സംസ്ഥാനങ്ങളിലെ മണ്ഡലങ്ങള്‍ - ഇങ്ങനെ 59 ലോക്‌സഭ സീറ്റുകളിലേയ്ക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഹരിയാനയിലെ മുഴുവന്‍ സീറ്റിലും (10) ഇന്ന് വോട്ടെടുപ്പ് നടക്കുന്നു. ഡല്‍ഹി (ഏഴ്) ബിഹാര്‍ (എട്ട്), ഝാര്‍ഖണ്ഡ് (4), മധ്യപ്രദേശ് (8), യുപി (14), പശ്ചിമ
ബംഗാള്‍ (ഒമ്പത്) എന്നിങ്ങനെയാണ് ആറാം ഘട്ട വോട്ടെടുപ്പ്.

കോണ്‍ഗ്രസിനെതിരെ ബിജെപി ഏറ്റവുമൊടുവില്‍ ശക്തമായി നടത്തുന്ന പ്രചാരണം 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ടാണ്. ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷനും രാഹുല്‍ ഗാന്ധിയുടെ ഉപദേശകരിലൊരാളുമായ സാം പിത്രോദ നടത്തിയ പ്രസ്താവനയാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയത്. 1984ല്‍ നടന്നത് നടന്നു, അതിനിപ്പോള്‍ എന്താണ് എന്നാണ് ബിജെപിക്ക് മറുപടിയായി സാം പിത്രോദ പറഞ്ഞത്. പ്രസ്താവന വിവാദമായതോടെ പിത്രോദ മാപ്പ് പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കാള്‍ പിത്രോദയുടെ പ്രസ്താവന വലിയ പ്രചാരണവിഷയമാക്കി. സിഖ് വോട്ടര്‍മാര്‍ പഞ്ചാബിന് പുറമെ ഹരിയാനയിലും ഡല്‍ഹിയിലും നിര്‍ണായകമാണ്. പഞ്ചാബില്‍ മേയ് 19ന്റെ അവസാന ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇത് മുന്നില്‍ കണ്ട് തന്നെയാണ് 1984 സിഖ് കൂട്ടക്കൊല കോണ്‍ഗ്രസിന് മുന്നില്‍ ബിജെപി ഇട്ടുകൊടുത്തത്. പിത്രോദ അതില്‍ കൊളുത്തുകയും ചെയ്തു. പിത്രോദയെ രാഹുല്‍ ഗാന്ധി തള്ളിപ്പറഞ്ഞു.

ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി - കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചകള്‍ മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സാധ്യമാകാതെ പൊളിഞ്ഞു. എഎപി കോണ്‍ഗ്രസിനേയും കോണ്‍ഗ്രസ് എഎപിയേയും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മുന്‍ മുഖ്യമന്ത്രിയും പിസിസി അധ്യക്ഷയുമായ ഷീല ദീക്ഷിത് അടക്കമുള്ള നേതാക്കളുടെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കെത്തന്നെ, ഏഴില്‍ മൂന്ന് സീറ്റ് കോണ്‍ഗ്രസിന് എന്ന എഎപിയുടെ ഓഫര്‍ ഒരു ഘട്ടത്തില്‍ അംഗീകരിക്കപ്പെടുന്ന നിലയുണ്ടായി. എന്നാല്‍ ഡല്‍ഹിയില്‍ മാത്രം പോര ഹരിയാനയിലും പഞ്ചാബിലും സഖ്യം വേണമെന്ന ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ചില്ല. ഇരു പാര്‍ട്ടികളും ഏഴ് സീറ്റുകളിലും ബിജെപിയെ തോല്‍പ്പിക്കാനായി പരസ്പരവും മത്സരിക്കുന്നു. എഎപിയല്ല, ഡല്‍ഹിയില്‍ ബിജെപി തന്നെയാണ് മുഖ്യശത്രു എന്നെല്ലാം പറഞ്ഞിട്ടുണ്ട്. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഷീല ദീക്ഷിത്. ബിജെപി സംസ്ഥാന പ്രസിഡന്റ് മനോജ് തിവാരിയുമായാണ് ഷീല ദീക്ഷിത് ഏറ്റുമുട്ടുന്നത്. എഎപി സഖ്യത്തെ ശക്തമായി എതിര്‍ത്ത മുന്‍ പിസിസി പ്രസിഡന്റ് അജയ് മാക്കന്‍ ന്യൂഡല്‍ഹി മണ്ഡലത്തിലും മത്സര രംഗത്തുണ്ട്. 2014ല്‍ ഏഴ് സീറ്റും ബിജെപി തൂത്തുവാരിയിരുന്നു. ബിജെപി വിരുദ്ധ വോട്ടുകളുടെ ധ്രുവീകരണം അവര്‍ക്ക് എത്രത്തോളം സഹായകമായിരിക്കും എന്ന ചോദ്യമാണുള്ളത്.

ഹരിയാനയിലെ 10 സീറ്റുകളിലും ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം. എഎപി മുന്‍ മുഖ്യമന്ത്രി ഓംപ്രകാശ് ചൗത്താലയുടെ കൊച്ചുമകന്‍ ദുഷ്യന്ത് ചൗത്താലയുടെ ജനനായക് ജനത പാര്‍ട്ടിയുമായി (ജെജെപി) സഖ്യത്തിലാണ് മത്സരിക്കുന്നത്. ജെജെപി ഏഴ് സീറ്റിലും എഎപി മൂന്ന് സീറ്റിലും മത്സരിക്കുന്നു. ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന ഫരീദാബാദ് അടക്കം മൂന്ന് സീറ്റുകളിലാണ് എഎപി മത്സരിക്കുന്നത്. ഓംപ്രകാശ് ചൗത്താലയുടെ കൊച്ചുമക്കളായ ദുഷ്യന്ത് ചൗത്താല (ഹിസാറില്‍ ജെജെപി സ്ഥാനാര്‍ത്ഥി) അര്‍ജ്ജുന്‍ സിംഗ് ചൗത്താല ഐഎന്‍എല്‍ഡി സ്ഥാനാര്‍ത്ഥിയായും (കുരുക്ഷേത്ര, ഹരിയാന), കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ (സോണിപഥ്, ഹരിയാന), മകന്‍ ദീപേന്ദര്‍ സിംഗ് ഹൂഡ റോത്തക്കിലും ജനവധി തേടുന്നു.

സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് അസംഗഡിലും കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മേനക ഗാന്ധി സുല്‍ത്താന്‍പൂരിലും മത്സരിക്കുന്നു. കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സിംഗ് (ബിജെപി, പൂര്‍വി ചംപാരന്‍), അലഹബാദില്‍ മുന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും മുന്‍ മുഖ്യമന്ത്രി എച്ച്എന്‍ ബഹുഗുണയുടെ മകളുമായ റീത്ത ബഹുഗുണ ജോഷി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ഇവര്‍ നേരത്തെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയിരുന്നു.

മധ്യപ്രദേശിലെ ഭോപ്പാലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗും ബിജെപി സ്ഥാനാര്‍ത്ഥിയായി മാലേഗാവ് സ്‌ഫോടന കേസ് പ്രതി പ്രജ്ഞ സിംഗ് ഠാക്കൂറും ഏറ്റുമുട്ടുന്നതാണ് ഏറ്റവും ശ്രദ്ധേയമായ മത്സരം. 1989 മുതലുള്ള കഴിഞ്ഞ എട്ട് തിരഞ്ഞെടുപ്പുകളിലും ബിജെപി മാത്രം ജയിച്ചിട്ടുള്ള സീറ്റാണിത്. താങ്കള്‍ ലോക്‌സഭയിലേയ്ക്ക് മത്സരിക്കുകയാണെങ്കില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കോണ്‍ഗ്രസ് ജയിച്ചിട്ടില്ലാത്ത ഒരു സീറ്റില്‍ മത്സരിക്കണമെന്ന മുഖ്യമന്ത്രി കമല്‍നാഥിന്റെ ആവശ്യം പരിഗണിച്ചും വെല്ലുവിളി ഏറ്റെടുത്തുമാണ് ദിഗ് വിജയ് സിംഗ് ഇവിടെ ജനവിധി തേടുന്നത്.

മുംബയ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട, മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) തലവനായിരുന്ന ഹേമന്ത് കര്‍ക്കറെക്കെതിരെ പ്രജ്ഞ സിംഗും ലോക് സഭ സ്പീക്കര്‍ സുമിത്ര മഹാജനും നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. തന്റെ ശാപം കൊണ്ടാണ് ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടത് എന്ന പ്രജ്ഞയുടെ പ്രസ്താവന വലിയ വിവാദമായി. അവര്‍ പിന്നീട് പ്രസ്താവന പിന്‍വലിച്ചിരുന്നു. അതേസമയം കര്‍ക്കറെ അത്ര നല്ല പൊലീസ് ഉദ്യോഗസ്ഥന്‍ ഒന്നും ആയിരുന്നില്ല എന്നും മാലേഗാവ് കേസും ഹിന്ദു തീവ്രവാദ ബന്ധവുമെല്ലാം കെട്ടിച്ചമച്ചതാണ് എന്നുമാണ് സുമിത്ര മഹാജന്‍ പറഞ്ഞത്. നിയമസഭ തിരഞ്ഞെടുപ്പിലെ നേട്ടം ലോക്‌സഭ തിരഞ്ഞെടുപ്പിലും തുടരാന്‍ കോണ്‍ഗ്രസിന് കഴിയുമോ എന്ന ചോദ്യമുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശക്തമായ പ്രചാരണമാണ് നടത്തിയത്.

സ്‌ഫോടന കേസ് പ്രതിയായ, തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന പ്രജ്ഞ സിംഗിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി പ്രസിഡന്റ് അമിത് ഷാ, ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ തുടങ്ങിയവര്‍ ന്യായീകരിച്ചിരുന്നു. പ്രജ്ഞാ സിംഗിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷ കക്ഷികള്‍ നടത്തിയത്. ദിഗ് വിജയ് സിംഗ് ആകെട്ടി ഹിന്ദു സാമുദായിക പ്രീണനം പരമാവധി നടത്തിക്കൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചാരണമാണ് നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ദിഗ് വിജയ് സിംഗിനെതിരെ മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ ബിജെപി ഇറക്കും എന്ന സൂചനയുണ്ടായിരുന്നെങ്കിലും ഇതുണ്ടായില്ല.

കോണ്‍ഗ്രസ് നേതാവും പശ്ചിമ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുമായ ജ്യോതിരാദിത്യ സിന്ധ്യ ഗുണയിലും കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്ര സിംഗ് തോമര്‍ മധ്യപ്രദേശിലെ മൊറീനയില്‍ നിന്ന് മത്സരിക്കുന്നു. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ കീര്‍ത്തി ആസാദ് ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ജനവിധി തേടുന്നു. മാന്ദ്‌സോറിലേതടക്കമുള്ള കര്‍ഷകപ്രശ്‌നങ്ങള്‍ ലോക്‌സഭ തിരഞ്ഞെടുപ്പിലെ ജനവിധിയിലും മധ്യപ്രദേശില്‍ നിര്‍ണായകമായേക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഗോവധ നിരോധന, കന്നുകാലി വില്‍പ്പന നയങ്ങള്‍ മൂലവും ഹിന്ദുത്വ സംഘടനകളുടെ അക്രമാസക്തമായ ഇടപെടലുകളും മൂലം അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ മധ്യേന്ത്യയിലും ഉത്തരേന്ത്യയിലും കര്‍ഷകര്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 59ല്‍ 45 സീറ്റുകളും 2014ല്‍ ബിജെപി ജയിച്ചവയാണ്.

അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളാകാനുള്ള കുതിപ്പിനിടെ നീലേശ്വരം സ്‌കൂളില്‍ സംഭവിച്ചത്; ഉത്തരക്കടലാസ് തിരുത്തിയ വാര്‍ത്ത വിശ്വസിക്കാന്‍ കഴിയാതെ നാട്ടുകാര്‍

Next Story

Related Stories