ന്യൂസ് അപ്ഡേറ്റ്സ്

‘അവള്‍’ ഒരു മോശം വാക്കാണോ? സബ് കളക്ടര്‍ക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എസ് രാജേന്ദ്രന്‍

കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് എംഎല്‍എയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള സബ് കളക്ടറുടെ തീരുമാനത്തിന് പിന്നാലെയാണ് ഖേദപ്രകടനം നടത്തിയിരിക്കുന്നത്.

ദേവീകുളം സബ് കളക്ടര്‍ രേണു രാജിനെ മോശം പരാമര്‍ശങ്ങളുമായി അധിക്ഷേപിച്ച സംഭവത്തില്‍ ഖേദപ്രകടനവുമായി സ്ഥലം എംഎല്‍എയും സിപിഎം നേതാവുമായ എസ് രാജേന്ദ്രന്‍. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് എംഎല്‍എയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള സബ് കളക്ടറുടെ തീരുമാനത്തിന് പിന്നാലെയാണ് ഖേദപ്രകടനം നടത്തിയിരിക്കുന്നത്. അതേസമയം ‘അവള്‍’ എന്ന് പറയുന്നത് ഒരു മോശം വാക്കല്ലെന്നും മനോരമ ന്യൂസിനോട് രാജേന്ദ്രന്‍ പ്രതികരിച്ചു. താന്‍ പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് രാജേന്ദ്രന്‍ പറഞ്ഞത്.

സിപിഎം, സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിമാരടക്കമുള്ള നേതാക്കള്‍ രാജേന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷം സിപിഎമ്മിനും സര്‍ക്കാരിനുമെതിരെ രാജേന്ദ്ര പ്രസ്താവന ആയുധമാക്കുകയും ചെയ്തിരുന്നു. മൂന്നാറിലെ അനധികൃത നിര്‍മ്മാണം തടഞ്ഞതിനെ തുടര്‍ന്നാണ് രാജേന്ദ്ര സബ് കളക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ചുകൊണ്ട് രംഗത്തെത്തിയത്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിട നിര്‍മ്മാണത്തിന് കളക്ടറുടെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാണം തടഞ്ഞത്.

അവള്‍ ബുദ്ധിയില്ലാത്തവളാണ് എന്നടക്കം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ കളക്ടര്‍ തന്നെ താനെന്ന് വിളിച്ചെന്നും ആ രീതിയില്‍ തന്നെ അഭിസംബോധന ചെയ്യുകയായിരുന്നെന്നുമാണ് എംഎല്‍എ പറഞ്ഞത്. പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന് സമീപം എന്‍ഒസി വാങ്ങാതെ പഞ്ചായത്ത് നടത്തിവന്ന കെട്ടിട നിര്‍മ്മാണമാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്. കെഡിഎച്ച് കമ്പനി വാഹന പാര്‍ക്കിംഗ് ഗ്രൗണ്ടിനായി വിട്ടുകൊടുത്ത സ്ഥലത്തെ നിര്‍മ്മാണം സംബന്ധിച്ച പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് സബ് കളക്ടര്‍ രേണു രാജിന്റെ നടപടി. എന്നാല്‍ പഞ്ചായത്തിന്റെ നിര്‍മ്മാണങ്ങള്‍ക്ക് ആരുടെയും സമ്മതം ആവശ്യമില്ലെന്ന് പറഞ്ഞാണ് എംഎല്‍എ സബ്കളക്ടറെ ബോധമില്ലാത്തവളെന്ന് വിളിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍