ത്രിപുരയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രം അട്ടിമറിച്ച് വിജയിക്കുമെന്ന് ബിജെപി നേതാവിന്റെ വെല്ലുവിളി. പടിഞ്ഞാറന്‍ ത്രിപുരയിലെ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കവേ ബിജെപി ത്രിപുര സംസ്ഥാന പ്രസിഡന്റ് ബിപ്ലബ് കുമാര്‍ ദേബാണ് ഇങ്ങനെ പറഞ്ഞത്. "ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഫലം ത്രിപുരയിലും അലയടിക്കും. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ സിപിഎമ്മിന് വോട്ട് ചെയ്യുകയാണെങ്കില്‍ പോലും അത് താമരയ്ക്ക് അനുകൂലമായേ രേഖപ്പെടുത്തൂ" - ഇങ്ങനെയാണ് ബിപ്ലബ് കുമാര്‍ പറഞ്ഞത്. ധൈര്യമുണ്ടെങ്കില്‍ തനിക്കെതിരെ കേസെടുക്കാന്‍ ബിപ്ളബ്, സംസ്ഥാന സര്‍ക്കാറിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനെതിരെ ആരോപണവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായി രംഗത്ത് വന്നത്. അടുത്തിടെ മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടിങ് മെഷീനില്‍ അട്ടിമറി കണ്ടെത്തുകയും ചെയ്തിരുന്നു. ഏത് പാര്‍ട്ടിക്ക് വോട്ട് രേഖപ്പെടുത്തിയാലും ബിജെപിക്ക് വോട്ട് ലഭിക്കുന്ന രീതിയില്‍ വോട്ടിങ് മെഷീന് ക്രമീകരിച്ചെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് തൃപുരയിലെ ബിജെപി നേതാവിന്റെ
വിവാദ പ്രസ്താവന. ശക്തമായ പ്രതിഷേധവുമായി സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം വോട്ടിംഗ് യന്ത്രങ്ങളില്‍ ഒരിക്കലും കൃത്രിമം നടത്താനാവില്ലന്നാണ് താന്‍ പറഞ്ഞതെന്ന് ബിപ്ലബ് കുമാര്‍ അവകാശപ്പെട്ടു. ഇടതുപാര്‍ട്ടികള്‍ അടക്കമുള്ള വോട്ടിംഗ് യന്ത്രത്തിലെ കൃത്രിമം ആരോപിച്ച് ബാലറ്റിലേയ്ക്ക് തിരിച്ച് പോകണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഇതിനെ എതിര്‍ത്തുകൊണ്ടാണ് സംസാരിച്ചത്. തൃപുരയിലെ ജനങ്ങളില്‍ ഭൂരിഭാഗം പേരും ബിജെപിയെ പിന്തുണയ്ക്കുന്നു എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും ബിപ്ലബ് കുമാര്‍ വാദിക്കുന്നു. മണിക് സര്‍ക്കാരിന് പോലും മനസ് മാറാനിടയുണ്ട്. അദ്ദേഹവും ബിജെപിക്ക് വോട്ട് ചെയ്തേക്കാമെന്നും ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു.
ഏതായാലും ബിജെപി നേതാവിന്റെ പരാമര്‍ശം പുറത്തായതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ പ്രരാതിയുമായി ഇടതുമുന്നണി രംഗത്തെത്തി. ബിജെപി ത്രിപുര പ്രസിഡന്റിനെതിരെ നടപടിയെടുക്കണമെന്നും അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറ്റമറ്റ വോട്ടിംഗ് യന്ത്രങ്ങള്‍ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങളിലെ ക്രമക്കേട് ഒഴിവാക്കാന്‍ ആവശ്യമായത് ചെയ്യണമെന്നും ബിപ്ലബിനെതിരെ നടപടി വേണമെന്നും ഇടതുമുന്നണി കണ്‍വീനര്‍ ഖഗന്‍ ദാസ് അടക്കമുള്ള നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ബിപ്ലബ് കുമാറിന്റെ പ്രസംഗത്തിന്റെ സിഡിയും വീഡിയോ ക്ലിപ്പിംഗും പത്രവാര്‍ത്തയും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.